Nov 18, 2009

താജ് മഹലോളം
“ഏതാണ്ട് പത്തുവര്‍ഷം മുമ്പ് ഞാന്‍ നടത്തിയ താജ് മഹലിലേക്കുള്ള യാത്രയാണ് ഈ രചനയ്ക്കാ ധാരം…‘താജ് മഹല്‍‘ ഇന്നും എന്റെ മനസ്സു തുളുമ്പുന്നൊരോര്‍മ്മയാണ്. എങ്കിലും ‘താജി‘നെയും അതിന്റെ നിര്‍മ്മാണ സാഹചര്യങ്ങളെയും കുറിച്ച് ഞാന്‍ പ്രതിപാദിക്കുന്ന വസ്തുതകളില്‍ മാന്യ വായനക്കാര്‍ക്ക് എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍, എന്നെ തിരുത്താനുള്ള സന്മനസ്സ് കാണിക്കും എന്ന പ്രതീക്ഷയോടെ..”.

“ഹേയ് പാഗല്‍…കിദര്‍ ബഖ്തായെ തൂ..!!”
അങ്ങനെയെന്തോ ആണ് ഞാന്‍ കേട്ടത് . പെട്ടെന്നുള്ള ഡ്രൈവറുടെ ബ്രേക്ക്…പാതിയുറക്കത്തിലായിരുന്ന ഞാന്‍ പെട്ടെന്നുണര്‍ന്നു… ഡ്രൈവര്‍ പിന്നെയും എന്തൊക്കെയൊ ദേഷ്യത്തോടെ പറയുന്നുണ്ട്… മുന്‍സീറ്റിലിരിക്കുന്ന എന്‍റെ അങ്കിള്‍ അയാളോട് എന്തൊക്കെയൊ ആശ്വാസവാക്കുകള്‍ പറയുന്നെങ്കിലും അയാള്‍ വിടുന്ന ലക്ഷണമില്ല…ഞാന്‍ അടുത്തിരുന്ന ആന്ടിയോടു കാര്യം തിരക്കി…ഒരു വഴി പോക്കന്‍ കാറിനു കുറുകെ ചാടിയത്രേ.. അയാളോടായിരുന്നു നമ്മുടെ ഡ്രൈവറുടെ പ്രകടനം..!
‘ഹിതീഷ് ’- അതാണയാളുടെ പേര്. ഗുജറാത്തിയാണ്. ‘പട്ടേല്‍‘ എന്നാണ് മാമനടക്കം എല്ലാവരും വിളിക്കുന്നത്..സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മാമനു കമ്പനി നല്‍കിയതാണ് ആ കാറും പിന്നെ പട്ടേലിനെയും. പുള്ളിക്കാരന്ടെ പ്രധാന പണി എന്നേം ആന്ടിയേം കൊണ്ട് മഥുരാപുരി മുഴുവന്‍ കറങ്ങലായിരുന്നു. എല്ലാ ദിവസവും ഞങ്ങള്‍ക്ക് ചുറ്റിനടക്കാന്‍ ആന്ടി ഓരോ സ്ഥലം കണ്ടു പിടിക്കും….
പ്രീഡിഗ്രി ആദ്യവര്‍ഷം ഒരു പരുവത്തിന് പൂര്‍ത്തിയാക്കി വീട്ടിലിരുന്ന് ഒരു മാസം ബോറടിക്കാന്‍ തീരുമാനിച്ചിരുന്ന എനിക്ക് അപ്രതീക്ഷിതമായി വീണു കിട്ടിയ ഭാഗ്യമായിരുന്നു ആ ഉത്തര്‍പ്രദേശ് യാത്ര… ഉണ്ണിക്കണ്ണന്ടെ നാട്ടില്‍ കുറച്ചു ദിവസം.. അതായിരുന്നു കേരളത്തില്‍ നിന്നു പുറപ്പെടുമ്പോള്‍ മനസ്സു നിറയെ…
‘ജന്മഭൂമി‘-കൃഷ്ണന്‍ ജനിച്ച സ്ഥലം. അവിടുന്നൊരു പത്തു പന്ത്രണ്ടു കിലോമീറ്റര്‍ അകലെ ‘മഥുരാ റിഫൈനറിയുടെ ഠൌണ്‍ഷിപ്പ് ‘. അവിടെയായിരുന്നു ഞങ്ങളുടെ താമസം. എതാണ്ട് ഒരാഴച കൊണ്ട് ആ ചുറ്റുവട്ടത്ത് കാണാന്‍ പറ്റിയ സ്ഥലങ്ങളൊക്കെ ഞങ്ങള്‍ കണ്ടു തീര്‍ത്തൂ.. എനിക്കാകെ ബോറടിച്ചു തുടങ്ങിയിരുന്നു…അപ്പഴാണ്, അങ്കിളിനൊപ്പം ജോലി ചെയ്യുന്ന ഉണ്ണിയങ്കിളിന്ടെ അനിയനും ഭാര്യയും അവരുടെ ഹണിമൂണാഘോഷത്തിന്ടെ ഭാഗമായി കുറച്ചു ദിവസം ഞങ്ങളുടെ കൂടെയാക്കാന്‍ തീരുമാനിച്ച് അങ്ങോട്ട് വന്നത്.
‘താജ് മഹല്‍‘ കാണണം - അതാണവരുടെ ആവശ്യം…അതറിഞ്ഞതോടെ, എനിക്കാകെ ത്രില്ലായി…തികച്ചും അപ്രതീക്ഷിതമായി ലഭിച്ച അവസരം….മഥുരയില്‍ നിന്ന് ആഗ്രയ്ക്ക് കുറച്ചു ദുരമുണ്ട്. എതാണ്ടൊരു 50-60 കിലോമിറ്റര്‍. തൊട്ടടുത്ത് കിട്ടിയ ഒരു അവധിദിവസം ഞങ്ങള്‍ തിരഞ്ഞെടുത്തു. രാവിലെ 6 മുതല്‍ വൈകിട്ട് 7 വരെയാണ് താജിലെ സന്ദര്‍ശന സമയം. രാവിലെ പ്രാതല്‍ കഴിഞ്ഞ് ഞങ്ങള്‍ ആഗ്രക്ക് പുറപ്പെട്ടൂ, ഞാനും അങ്കിളും ആന്ടിയും പിന്നെ നമ്മുടെ ഹണിമുണ് പാര്‍ട്ടീസ്സും. അവരും ആകെ ത്രില്ലിലാണ്. അതാ കണ്ണുകളില്‍ മറയ്ക്കാനാവാത്ത വിധം പ്രകടമായിരുന്നു.
ഈ യാത്രാമധ്യേയായിരുന്നു നമ്മുടെ പട്ടേലിന്ടെ സാഹസിക പ്രകടനം. അതൊരു ചെറിയ മാനസികസംഘര്‍ഷം സൃഷ്ടിച്ചെങ്കിലും അതൊന്നും പിന്നീടുള്ള ഞങ്ങളുടെ യാത്രയിലെ രസച്ചരടു മുറിച്ചില്ല. എല്ലാവരുടെയും മനസ്സിലിപ്പോള്‍ ആ പ്രണയസ്മാരകം മാത്രം.! ഉച്ചയൂണിനു ശേഷം താജ് മഹല്‍..പിന്നെ റെഡ് ഫോര്‍ട്ട്.. അതായിരുന്നൂ ഞങ്ങളുടെ പദ്ധതി.
ആഗ്രാ നഗരത്തിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ത്തന്നെ അവിടമാകെ താജ് മഹല്‍ മയമായിരുന്നു.! സഞ്ചാരികളെ കാത്ത്, മിക്കകടകളിലും ചെറുതും വലുതുമായ താജ് മഹലിന്ടെ രൂപങ്ങള്‍.! പിന്നെ, മനസ്സിനുള്ളിലൊരു തിരയിളക്കം തന്നെയായിരുന്നു.!
ഒടുവില്‍ ഞങ്ങളും ആ പ്രണയത്തിന്ടെ പറുദീസയിലെത്തിച്ചേര്‍ന്നു. മുംതാസിന്ടെയും ഷാജഹാന്ടെയും അവരുടെ ദിവ്യപ്രണയത്തിന്ടെയും മാത്രമായ ആ ലോകത്തേക്ക് ഞങ്ങളെ സ്വാഗതം ചെയ്തത് ‘ദി ഗെയിറ്റ് വേ ഓഫ് താജ് മഹല്‍” എന്നറിയപ്പെടുന്ന ഒരു ഭീമന്‍ കവാടമാണ്. അതു കടന്നാല്‍ പിന്നെ ഏതാണ്ട് 43 ഏക്കറിലായി പരന്നു കിടക്കുന്ന ആ ലോകാത്ഭുതത്തിന്ടെ കാഴ്ചകളായി.
പ്രധാന കവാടം കടന്നുള്ളില്‍ ചെന്ന എന്ടെ കണ്ണുകള്‍ എവിടെയ്ക്കാണു നോക്കേണ്ടതെന്നറിയാതെ അമ്പരന്നു പോയി. ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള താജ് മഹല്‍ അതാ മുന്നില്‍..! ഒരു പക്ഷെ, ആ സ്നേഹകുടീരത്തിലെത്തുന്ന ഏതൊരാളിന്ടെയും അവസ്ഥ മറ്റൊന്നാവില്ല…
കവാടം മുതല്‍ താജ് മഹല്‍ വരെ നീണ്ടുകിടക്കുന്ന ജലാശയവും അതിലൂടെ കാണുന്ന താജിന്ടെ പ്രതിബിംബവും..! ആ ദ്രുശ്യം കൂടുതല്‍ മനോഹരമാക്കാനെന്നോണം ജലപ്പരപ്പില്‍ നിരനിരയായി രൂപകല്പന ചെയ്തിട്ടുള്ള ഫൌണ്ടനുകളും…! ഇരുവശവും ശാസ്ത്രീയമായി സംരക്ഷിക്കപ്പെടുന്ന ചെറുമരങ്ങളും ക്രമമായി അടുക്കി വളര്‍ത്തുന്ന പൂച്ചെടികളും.. സ്വപ്ന സുന്ദരമായ ഒരുദ്യാനം.! മുഗള്‍ ഗാര്‍ഡന്ടെ വശ്യസൌന്ദര്യം വിളിച്ചോതുന്ന അത്ഭുത പ്രപഞ്ചം.!!
ജലാശയത്തിന്ടെ ഇരുവശങ്ങളിലുമായി വെണ്ണക്കല്ലുകള്‍ പാകി മനോഹരമാക്കിയ നടവഴികളിലൊന്നിലൂടെ ഞങ്ങള്‍ മുന്നോട്ടു നടന്നു. എഞ്ചിനീയര്‍ കൂടിയായ എന്ടെ അങ്കിള്‍ തന്നെയാണ് ഞങ്ങളുടെ ഗൈഡ്. മറ്റു പലരേയും പോലെ, എന്നെയും അത്ഭുതപ്പെടുത്തിയ ഒരു കാര്യം, മുന്നു ഭാര്യമാരുണ്ടായിരുന്ന ഷാജഹാന്‍ തന്ടെ രണ്ടാം ഭാര്യയായ മുംതാസിനു വേണ്ടി മാത്രം ഇത്ര വിപുലമായ ശവകുടീരം നിര്‍മിച്ചതെന്തുകൊണ്ട് എന്നതായിരുന്നു.! (മൂന്നിലൊരാള് ഹിന്ദുമതക്കാരിയായിരുന്നു എന്നും പറയപ്പെടുന്നു.!)
അങ്കിളിന്ടെ വാക്കുകള്‍ ഷാജഹാനെന്ന മഹാഭാഗ്യവാനോട് തെല്ലൊരസൂയ ഉണര്‍ത്തുന്നതായിരുന്നു.! “മുംതാസ്..അവര്‍ ഒരു സ്ത്രീരത്നം തന്നെയായിരുന്നു.! അവരുടെ സൌന്ദര്യം ഷാജഹാന്ടെ ദര്‍ബാറിലെ കവികള്‍ക്കും കലാകാരന്മാര്‍ക്കും എന്നും പ്രചോദനമായിരുന്നു.! ഭര്‍ത്താവിനെ സ്നേഹിക്കുകയും ശുശ്രുഷിക്കുകയും മാത്രമല്ല; രാജ്യഭരണത്തിന്ടെ കാര്യത്തില്‍ പോലും ഷാജഹാന്ടെ തീരുമാനങ്ങളില്‍ ശ്ലാഘനീയവും നിര്‍ണ്ണായകവുമായ പങ്കു വഹിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. അത്രമേല്‍, ഷാജഹാന്ടെ സന്തതസഹചാരിയും വിശ്വസ്തയുമായിരുന്നു മുംതാസ് ..”.
“..തന്ടെ പത്തൊന്പതാം വയസ്സില്‍ ഷാജഹാന്ടെ പത്നിയായിത്തീര്‍ന്ന മുംതാസ് അദ്ദേഹത്തോടൊപ്പം ജീവിച്ചുതീര്‍ത്ത സ്വപ്നതുല്യമായ 19 വര്‍ഷങ്ങള്‍…! അതിലെ ഓരോ നിമിഷവും ഷാജഹാന്ടെ സുഖങ്ങളും ദുഃഖങ്ങളും അവരുടേതു കൂടിയായിരുന്നു. ഒടുവില്‍ തങ്ങളുടെ സ്നേഹവല്ലരിയില്‍ വിരിഞ്ഞ പതിനാലാമത്തെ കുഞ്ഞിനെയും പ്രിയതമനു സമ്മാനിച്ച് ഈ ലോകത്തോടു വിടപറയുമ്പോള്‍ ചരിത്രമായത് അതുല്യസ്നേഹത്തിന്ടെ അനുപമമായ ഒരു ജീവിതമാത്രുക..! ആ നിറസ്നേഹത്തിനു മുന്നില്‍ ഷാജഹാന്‍ തന്ടെ രാജ്യത്തെയും പ്രജകളെയും കുറെയൊക്കെ മറന്നു പോയെങ്കില്‍ നമുക്കാ ഹതഭാഗ്യവാനോടു ക്ഷമിക്കാം..!”
“…നീണ്ട രണ്ടു വര്‍ഷക്കാലമെടുത്തു, ഷാജഹാന് തന്ടെ പ്രിയതമയുടെ വിയോഗത്തിന്ടെ തീവ്രദുഃഖത്തില്‍ നിന്ന് കുറച്ചെങ്കിലും മുക്തനാകുവാന്‍. അപ്പോഴെക്കും ജരാനരകള്‍ ബാധിച്ച് അദ്ദേഹം ഒരു വ്യദ്ധനായിക്കഴിഞ്ഞിരുന്നുവത്രേ.! തന്ടെ പ്രാണപ്രേയസിയുടെ അന്ത്യാഭിലാഷം നിറവേറ്റുക എന്നതു മാത്രമായിരുന്നു അടുത്ത ലക്ഷ്യം..! കാലത്തിനു മുന്നില്‍ ഒരു നിത്യവിസ്മയമായി നിലകൊള്ളുന്ന ആ വെണ്ണക്കല്‍ശില്പത്തിന് തറക്കല്ലിടാന്‍ പിന്നെ ഒട്ടും താമസമുണ്ടായില്ല..!”
“…ഇരുപത്തൊന്നു വര്‍ഷങ്ങള്‍, ആയിരത്തിയഞ്ഞൂറോളം ശില്പികള്‍, ഇരുപതിനായിരം തൊഴിലാളികള്‍, ആയിരത്തോളം ആനകള്‍, ഏതാണ്ട് മൂന്നേകാല്‍ കോടിയോളം ഉറുപ്പിക… ഇവയെല്ലാം ചേര്‍ന്നു ഷാജഹാന്ടെ സ്വപ്നത്തിനു കുടപിടിച്ചപ്പോള്‍ താജ് മഹല്‍ എന്ന മഹാത്ഭുതം യാഥാര്‍ത്ഥ്യമാക്കപെട്ടു.! തന്ടെ പ്രണയസ്വരൂപമായിരുന്ന ‘മുംതാസ്’ എന്ന മഹതി തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും പകരം അവയുടെ നിത്യസ്മാരകമായി, വെണ്ണക്കല്ലുകളും രത്നങ്ങളും കൊണ്ട് ഷാജഹാന്ടെ ഒരു ചെറിയ ഉപഹാരം…അതാണ് “താജ് മഹല്‍…”
അങ്കിള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
ഞങ്ങള്‍ നടപ്പാതയുടെ പാതിവഴിയെത്തി. നീണ്ട ജലാശയത്തിനു ഒരു ചെറിയ ഇടവേള... ഇവിടെയാണ് ‘റിഫ്ളെക്ഷന്‍ പൂള്‍’ ക്രമീകരിച്ചിരിക്കുന്നത്. താജിന്ടേതായി നാം കാണുന്ന മിക്ക നിശ്ചലചിത്രങ്ങളും എടുത്തിട്ടുണ്ടാവുക ഈ പൂളിനു സമീപത്തു നിന്നുമാവും. അവിടെ മാര്‍ബിള്‍‍ പാകിയ ബഞ്ചിനു മുന്നില്‍ വല്ലാത്ത തിരക്ക്..ഞാന്‍ ആന്ടിയെയും വിളിച്ച് അങ്ങോട്ടു ചെന്നു. അവിടെ ഫോട്ടോഗ്രാഫര്‍മാരോടൊപ്പം കുട്ടികളും ചില മുതിര്‍വരും തങ്ങളുടെ ഊഴത്തി നായി കാത്തു നില്ക്കുന്നു. ബഞ്ചില്‍ കയറി നിന്നു കൈ ഉയര്‍ത്തിപിടിച്ചാണ് മിക്കവരും ക്യാമറയ്ക്ക് പോസ്സ് ചെയ്യുന്നത്. ചിത്രത്തിലൂടെയെങ്കിലും താജിനു മുകളിലെ മനോഹരമായ മകുടത്തിലൊന്നു തൊടാന്‍ വേണ്ടിയാണീ കസര്‍ത്ത്..! ഞാനുമെടുത്തു, അത്തരത്തിലൊന്ന്. അവിടെ നിന്നു താജിനെ നോക്കാന്‍ ഒരു പ്രത്യേക സുഖം തന്നെയാണ്…
നിലാവുള്ള രാത്രികളില്‍ ഷാജഹാന്‍ ഇവിടെ വന്നിരിക്കുമായിരുന്നത്രേ. ഇന്നും എല്ലാ പൌര്‍ണ്മിരാവിലും അതിനു മുന്‍പും പിന്‍പുമുള്ള രാത്രികളിലും താജ് മഹലിന്ടെ കവാടം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കാറുണ്ട്. ഇത്തവണ എനിക്കു പക്ഷെ, ആ നിലാവിന്ടെ സംഗീതം ഒന്നാസ്വദിക്കാന്‍ കഴിഞ്ഞില്ല.!
ഇരുവശങ്ങളിലെയും ഹരിതസൌന്ദര്യമൊക്കെ ക്യാമറയില്‍ പകര്‍ത്തിയെടുത്താണ് ഞങ്ങളുടെ നടപ്പ്. അപ്പോഴതാ ഒരു വില്ലന്‍ ബോര്‍ഡ്..! ഇനിയങ്ങോട്ട് ഫോട്ടൊ എടുക്കാന്‍ അനുവാദമില്ലത്രേ.! ഞാനാകെ വിഷമത്തിലായി…സാരമില്ല; പോലീസുകാരനു ‘സംതിംഗ്’ കൊടുത്ത് കാര്യം സാധിക്കാമെന്ന് അങ്കിള്‍‍ സമാധാനിപ്പിച്ചു.
ഒന്നു തിരിഞ്ഞു നോക്കി..നല്ല ദൂരം നടന്നിരിക്കുന്നു.! ആകപ്പാടെ, പച്ചയുടെ ഒരു സാമ്രാജ്യം തന്നെ.! ഇവിടുത്തെ പൂന്തോട്ടത്തിനും അവിടെ പാകിയിട്ടുള്ള കല്ലുകള്‍‍ക്കു പോലുമുണ്ടത്രേ ക്രുത്യമായ കണക്കുകള്‍‍…ഇസ്ലാമിന്ടെ വിശുദ്ധസംഖ്യയായ നാലും അതിന്ടെ ഗുണിതങ്ങളുമായിട്ടാണത്രേ ഓരോന്നും അടുക്കിയിരിക്കുന്നത്.!
അതെ..ഞങ്ങള്‍‍ താജിനടുത്തെത്തിക്കഴിഞ്ഞു.! താജ് മന്ദിരസമുച്ചയം തന്നെ ഏകദേശം രണ്ടേക്കറിലാണ് സ്ഥിതിചെയ്യുന്നത്. വളരെ വിസ്ത്രുതമായ ഒരു അടിത്തറയാണാദ്യം; അതുകയറി ചെല്ലുന്നതാണ് ഖബറിടം. അവിടെ നമ്മെ എതിരേല്‍ക്കുന്നത് മനോഹരമായ ഒരു വലിയ കവാടം.. മുഗള്‍-പേര്‍ഷ്യന്‍-ഇന്‍ഡ്യന്‍ വാസ്തുശില്പരീതികളുടെ സമ്മേളനമാണതില്‍.. ഒപ്പം പേര്‍ഷ്യയില്‍ നിന്നുള്ള കലാകാരന്മാര്‍ രചിച്ച ഖുറാന്‍ സൂക്തങ്ങളും… ഉള്ളിലേക്ക് കടന്നാല്‍ രണ്ട് ശവകുടീരങ്ങള്‍‍ കാണാം. ഇടത്തുവശത്തായി മുംതാസിന്ടെയും വലതുഭാഗത്ത് അതിനേക്കാള്‍ തെല്ലു വലിപ്പത്തിലുള്ള ഷാജഹാന്ടെയും. പുറമേയുള്ള സുന്ദരഡിസൈനുകള്‍ ഇവയുടെ മാറ്റു കൂട്ടുന്നു..! ജീവിതത്തിലെന്നപോലെ മരണശേഷവും അവര്‍ ഒന്നിച്ച് അവിടെ..!
താജിനുള്ളില്‍ നിന്നുള്ള കാഴ്ച പുറമേ നിന്നുള്ളതുപോലെ തന്നെയോ ഒരു പക്ഷെ അതിനേക്കാളധികമോ ആകര്‍ഷകമായിരുന്നു.! ചിലതിനെക്കുറിച്ച് എത്ര വര്‍ണ്ണിച്ചാലും യഥാര്‍ഥ അനുഭവം പകരാനാവില്ല എന്ന യാഥാര്‍ത്ഥ്യം ഇവിടെ പ്രസക്തമത്രേ..! ഒരു മനുഷ്യായുസ്സില്‍ ഒരിക്കലെങ്കിലും ഉറപ്പായും കണ്ടിരിക്കേണ്ട ഒരു സ്ഥലം തന്നെയാണ് താജ് മഹല്‍ എന്ന കാര്യത്തില്‍ എനിക്കു തെല്ലും സംശയമില്ല.!
കൊതിപ്പിക്കുന്ന ഭംഗിയുള്ള ജാളികള്‍, മാര്‍ബിളിള്‍ തീര്‍ത്ത സ്ക്രീനുകള്‍, മുകളിലെ മകുടത്തിന്ടെ ഉള്‍വശത്തും ഭിത്തികളിലും മറ്റും നീലയിലും ചുവപ്പിലുമായി കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള ഡിസൈനുകള്‍. സെമിട്രിക് ചിത്രരചനാരീതിയുടെ ഉദാത്തമാതൃകകള്‍.! മാര്‍ബിളില്‍ രത്നകല്ലുകള്‍ ചാലിച്ചെഴുതിയ ഒരു കവിതപോലെയാണവിടം..! ഇതിലും മനോഹരമായി, ഷാജഹാനെന്നല്ല ആര്‍ക്കും തന്ടെ പ്രാണപ്രേയസിയോടുള്ള പ്രണയം പ്രകടിപ്പിക്കാനാവില്ല. ഒരു നിമിഷം.. ഷാജഹാന്ടെ ഹൃദയവേദനയുടെ ഓര്‍മ്മ അവിടെയെത്തുന്ന ഏതൊരു സഞ്ചാരിയെയും പോലെ എന്ടെ മനസ്സിനെയും ഈറനണിയിച്ചു.
കുറച്ചു ഫോട്ടോസ് എടുക്കണം..പക്ഷേ, ‘സംതിംഗ്’ കൊടുക്കാന്‍ പറ്റിയ ആരെയും അവിടെ ഞങ്ങള്‍ കണ്ടില്ല. കിട്ടിയ തക്കത്തിന് എന്ടെ ക്യാമറ അവിടമാകെ മിന്നല്‍ മഴ പെയ്യിച്ചു. അതു കണ്ടിട്ടാണോ അതോ കാണാന്‍ കാത്തിരുന്നതാണൊ എന്നറിയില്ല നമ്മുടെ ‘സംതിംഗി’ന്ടെ കൈ എന്ടെ പുറത്തു വീണു. ഹിന്ദിയില്‍ പുള്ളിക്കാരന്ടെ ഉഗ്രന്‍ പ്രകടനം..! തിരിച്ചൊന്നും പറയാന്‍ ശേഷിയില്ലാതെ നിന്ന എന്ടെ സഹായത്തിന് അങ്കിളെത്തി. പിന്നെ, അവര്‍ തമ്മിലായി. ‘സംതിംഗ്’ വിടുന്ന ലക്ഷണമില്ല..ഒടുവില്‍, എന്ടെ ഹൃദയം തകര്‍ത്തുകൊണ്ട് അയാള്‍ ക്യാമറയുമായി പുറത്തേക്ക്… ശ്ശെടാ, അങ്ങനെ വിട്ടാല്‍ പറ്റുമോ..? തിരിച്ചു കോളേജില്‍ ചെല്ലുമ്പോ ഒന്നു ഷൈന്‍ ചെയ്യാനുള്ള മൊതലാ.! ഞങ്ങള്‍ അയാളുടെ പിറകെ കൂടി. ഒടുവില്‍ അമ്പതു രൂപയുടെ ഒരു ഒറ്റനോട്ടില്‍ ‘സംതിംഗ്’ ഫ്ളാറ്റ്!! ഞങ്ങള്‍ കവാടത്തിനു പുറത്തുകൂടി താജിനൊരു പ്രദക്ഷിണം വെയ്ക്കാന്‍ തീരുമാനിച്ചൂ.
താജ്മഹലിന്ടെ പ്രധാന ആകര്‍ഷണം അതിന്ടെ മകുടം തന്നെയാണ്. ഭീമന്‍ മാര്‍ബിള്‍ കല്ലുകള്‍ ഭംഗിയായി അടുക്കി നിര്‍മിച്ചിട്ടുള്ള ആ മകുടം എക്കാലത്തെയും മികച്ച എഞ്ജിനീയറിംഗ് വൈദഗ്ദ്ധ്യത്തിന് ഉത്തമോദാഹരണമാണ്.! ഒപ്പം നാലു കോണിലും കാവല്‍ ഭടന്‍മാരെപ്പോലെ തലയുയര്‍ത്തി നില്ക്കുന്ന മിനാരങ്ങളും…! താജിന്ടെ ചുവരുകളത്രയും പലവിധത്തിലുള്ള ഡിസൈനുകളും ഖുറാന്‍ സൂക്തങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. ഈ ഭംഗി ആസ്വദിക്കുന്നതിനിടയിലും എന്നെ നൊമ്പരപ്പെടുത്തിയത് അവിടവിടെയായി ആ ചുവരുകളില്‍ കണ്ട ചെറുകുഴികളാണ്. താജിനെ പ്രഭാപൂരമാക്കിയിരുന്ന അമൂല്യമായ രത്നങ്ങള്‍ പതിച്ചിരുന്ന സ്ഥല ങ്ങളാണവ.! ഭാരതത്തിന്ടെ അപൂര്‍വ്വസ്വത്തുക്കള്‍ കൊള്ളയടിക്കാനെത്തിയ വിദേശിയുടെ കഴുകന്‍ കണ്ണൂകള്‍ താജിന്ടെ മേലും പതിച്ചു..!
താജിന്ടെ പിന്നില്‍ ശാന്തസുന്ദരമായൊഴുകുന്ന യമുനാനദിയാണ്. താജിന്ടെ നിര്‍മ്മാണത്തിനായി ഷാജഹാന്‍‍ ഈ സ്ഥലം തന്നെ തിരഞ്ഞെടുത്തതില്‍ യമുനയുടെ സാമീപ്യം ഒരു പ്രധാന പങ്കുവഹിച്ചതായി പറയപ്പെടുന്നൂ.
താജ്മഹല്‍ കണ്ടിറങ്ങുന്നവര്‍ക്കു പീന്നീടു കാണുവാനുള്ളത് സമീപത്തുള്ള മോസ്ക്കും വിശാലമായ പുല്‍ത്തകിടിയും പൂന്തോട്ടവും നടവഴികളും പിന്നെ ആ ‘റിഫ്ളെക്ഷന്‍‍ പൂളി’നു സമീപത്തുള്ള താജ് മ്യൂസിയവും ഒക്കെയാണ്. അവയൊക്കെ ഞങ്ങള്‍ ശരിക്കും ഓടിനടന്നു കണ്ടുതീര്‍ക്കുകയായിരുന്നു. എന്ടെ പ്രധാന പരിപാടി ആ പ്രദേശം മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.? ഒരു പക്ഷേ, ഇനിയൊരിക്കല്‍ ഒരു സന്ദര്‍ശനം നടക്കുമോ എന്നാര്‍ക്കറിയാം..!?
ഇനി ഞങ്ങള്‍ പോകുന്നത് ‘റെഡ് ഫോര്‍ട്ടി’ലേക്കാണ് ഈ സംരക്ഷിത സ്മാരകം കൂടി കണ്ടാലേ ഈ യാത്ര പൂര്‍ണ്ണമാവൂ. പ്രഗല്‍ഭരായ മുഗള്‍ ചക്രവര്‍ത്തിമാരില്‍ പലരും തങ്ങളുടെ ജീവിതത്തിന്ടെ സുപ്രധാനഘട്ടം ചെലവഴിച്ച സ്ഥലമാണത്. താജ് മഹല്‍ വെണ്ണക്കല്ലില്‍ തീര്‍ത്ത ദ്രുശ്യവിസ്മയമാണെങ്കില്‍ ഇതു ചെങ്കലിന്ടെ സൌന്ദര്യമാണ്. ഭീമാകാരമായ കോട്ടയുടെ ഓരോ മുക്കും മൂലയും മുഗള്‍ വാസ്തുശില്പകലയുടെ മഹത്തായ ദ്രുഷ്ടാന്തങ്ങളാണ്. മനോഹരമായി കൊത്തുപണികള്‍‍ ചെയ്ത ആര്‍ച്ചുകളും ഇടനാഴികളും ചുമരുകളും വിശാലമായ ഹാളുകളും ബാല്‍ക്കണികളും ഒക്കെ അടങ്ങിയതാണ് കോട്ട. വിശാലമായ കോട്ടയുടെ മുകളിലത്തെ നിലയിലാണ് ഔറംഗസീബ് പിതാവായ ഷാജഹാനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചത്. ആ മട്ടുപ്പാവിലുള്ള കല്‍മണ്ഡപത്തിലിരുന്നാണത്രേ ഷാജഹാന്‍‍ തന്ടെ പ്രിയതമയുടെ ശവകുടീരം ഒരു അമൂല്യ രത്നം പോലെ പ്രകാശിക്കുന്നതു കണ്ട്, ആ ദീപ്ത സ്മരണകളെ താലോലിച്ച് ശിഷ്ടകാലം തള്ളിനീക്കിയത്.!
റെഡ് ഫോര്‍ട്ടില്‍ നിന്നുള്ള താജ് മഹലിന്ടെ കാഴ്ചയും നയനാന്ദകരമാണ്. ഷാജഹാന്ടെ ആ ഹ്രുദയതാപമുള്‍കൊണ്ട് അവിടെ നിന്നൊരു ചിത്രം എടുക്കാന്‍ ഞാനും മറന്നില്ല. ഇന്നും എന്ടെ താജ് ആല്‍ബത്തിലെ പ്രഥമസ്ഥാനം ഈ ചിത്രത്തിനു തന്നെ.!
…നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു. എല്ലാവരും നന്നേ ക്ഷീണിച്ചിട്ടുണ്ട്…അങ്കിള്‍ ഇന്നത്തെ കാല്‍നടയാത്രയുടെ കണക്കെടുപ്പൊക്കെ നടത്തുന്നുണ്ട്…പുറത്തു വന്നപ്പഴേക്കും പട്ടേലും വണ്ടിയും മടക്കയാത്രക്ക് റെഡി. അല്പമകലെയുള്ള ഒരു ഹോട്ടലില്‍ നിന്ന് ലഘുഭക്ഷണവും കഴിച്ച് ഞങ്ങള്‍ മഥുരാപുരിയിലേക്കുള്ള മടക്കയാത്ര തുടങ്ങി…എന്ടെ മനസ്സ് അപ്പോഴും ആഗ്രാ നഗരം വിട്ടു പോരാന്‍ തയ്യാറായിരുന്നില്ല. മനസ്സു മുഴുവന്‍ താജ് മഹലും മുംതാസും ഷാജഹാനും അവരുടെ പ്രണയവും ഒക്കെയായിരുന്നു.!
അന്നു ഞാന്‍ മനസ്സുകൊണ്ട് ഒത്തിരി ആഗ്രഹിച്ചു പോയി…ഇനിയൊരിക്കല്‍, എന്ടെ പ്രിയസഖിയുടെ കയ്യും പിടിച്ച്, ഈ സ്നേഹ തീരത്തേക്ക് വീണ്ടും വരണം…നിലാവുള്ള ഒരു രാത്രിയില്‍ അവളെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് ഈ താജ് മഹല്‍ ചൂണ്ടികൊണ്ടെനിക്കു പറയണം: “നിന്നെ ഞാന്‍ സ്നേഹിക്കുന്നു...ഈ താജ് മഹലോളം”.

No comments:

Post a Comment