Oct 17, 2011

‘അള്ളാഹുവിന്റെ’ മകൻ അബു.


ഏറെ ചർച്ച ചെയ്തു കഴിഞ്ഞ ചിത്രമായതിനാൽ ഒരു റിവ്യുവിന് ഇനി സ്കോപ്പില്ലാ എന്നറിയാം എങ്കിലും കണ്ടപ്പോ എഴുതണം എന്നു തോന്നി.

‘അള്ളാഹുവിന്റെ’ മകൻ അബു.

“മക്കാ മദീനത്തിൽ എത്തുവാനല്ലാതെ

തുശ്ചമീ ജന്മത്തിൻ അർത്ഥമെന്തോ....”

സലീം അഹമ്മദ് രചനയും സംവിധാനവും ചെയ്ത “ആദാ‍മിന്റെ മകൻ അബു” പറയുന്നത് ഒരു സിനിമാക്കഥയല്ല. മാറിയ സാഹചര്യങ്ങളിൽ എവിടെയൊ വച്ച് നമ്മൾ നഷ്ടപ്പെടുത്തിയ ജീവിത മൂല്യങ്ങളെക്കുറിച്ചുള്ള ചില ഓർമ്മപ്പെടുത്തലുകളാണ്. വളരെ സ്വാഭാവികമായ ഒരു കഥയിലൂടെ കഥാപാത്രങ്ങളിലൂടെ അവരുടെ സംഭാഷണങ്ങളിലൂടെ അതൊക്കെ ഇവിടെ സമർദ്ദമായി പങ്കുവയ്ക്കപ്പെടുന്നു. മുസ്ലിം മതത്തേയും അതിന്റെ വിശ്വാസങ്ങളെയും ചുറ്റിപ്പറ്റിയാണ് കഥ പറച്ചിലെങ്കിലും ഒടുവിലത് മതാതീതമായി, നമുക്കോരോരുത്തർക്കുമുള്ള സന്ദേശമായി മാറുന്നു.

അനർഹമായ കാരുണ്യവും ദയയും സ്നേഹത്തോടെ തിരസ്ക്കരിച്ച് കഥാനായകൻ അബു ദാരിദ്രത്തിലും, തന്റെ ജീവിത മൂല്യങ്ങൾകൊണ്ട് സമ്പന്നനാകുന്നു. നമ്മുടെ ഭക്തിയും വിശ്വാസവുമൊക്കെ ലാഭകണ്ണുകളാൽ ദുർഗന്ധപൂരിതമാകുമ്പോൾ അബുവിന്റെ വഴികളിൽ കളങ്കരഹിത വിശ്വാസത്തിന്റെ അത്തർ മണം!. പരമ കാരുണികവാനായ അള്ളാഹുവിന്റെ നിശ്ചയങ്ങളെ കുറ്റം പറയാൻ നമുക്കവകാശമില്ലായെന്ന് ഭാര്യയെ സമാധാനിപ്പിച്ച്, കറകളഞ്ഞ വിശ്വാസത്തിന്റെ നേർ‌രേഖയായി മാറുന്ന അബു.

ഏക ജീവിത ലക്ഷ്യമായ “ഹജ്ജ് കർമ്മം” നിറവേറ്റാൻ ഏറെ അലച്ചിലുകൾക്ക് ശേഷവും പണം തികയാതെ വരുമ്പോൾ വീട്ടു മുറ്റത്തെ ‘പ്ലാവിന്റെ‘ ജീവനെടുക്കാൻ കൂട്ടുനിന്ന തന്റെ സ്വാർത്ഥയോട് നീതിമാനായ അള്ളാഹു പൊരുത്തപ്പെട്ടുകാണില്ല എന്ന തിരിച്ചറിവ് അബുവിനെ അസ്വസ്ഥനാക്കുന്നു. പ്രതീക്ഷയുടെ ചെറു തൈയൊന്ന് നട്ടു നനച്ച് തുടങ്ങുന്ന പുതിയ നടത്തത്തിന് വാർദ്ധക്യം തളർത്താത്ത നിശ്ചയദാർഡ്യത്തിന്റെ കരുത്തുണ്ട്.

സ്വാർത്ഥ ലാഭങ്ങൾകൊണ്ട് കെട്ടിപ്പൊക്കിയ നമ്മുടെയീ ലോകത്ത് ഏറെക്കാലം മായാതെ നിൽക്കും, നിൽക്കണം അബുവിന്റെ ജീവിതക്കാഴ്ചകൾ.

ചിത്രത്തിൽ സലീം കുമാർ തന്റെ പ്രതിഭയെ രാകിമിനുക്കുമ്പോൾ സറീനാ വഹാബ് ഉറവ വറ്റാത്ത തന്റെ അഭിനയ മികവ് ഒരിക്കൽ കൂടീ നമുക്ക് മുന്നിലെത്തിച്ചു. നമ്മുടെ നാട്ടിടവഴികളിൽ നടന്നൊരു കഥയിലെ ഓരോ കാഴ്ചയും മധു അമ്പാട്ടിന്റെ കരവിരുതിൽ മനോഹരമായ ഫ്രെയിമുകളിലൂടെ കടന്നു വന്നപ്പോൾ ഒരു ലോകോത്തര ക്ലാസ്സിക്‌ കണ്ട പ്രതീതി.

മലയാള സിനിമയിലെ ‘പുത്തൻ ഇടപെടലുകൾ‘, അതിന്റെ കെട്ടും മട്ടും ഏറെ മാറ്റിയിരിക്കുന്നു. അബുവിന്റെ ഓസ്കാർ സ്വപ്നങ്ങൾ യാഥാർത്ഥ്യമായാലും ഇല്ലെങ്കിലും ഒരു നല്ല സിനിമയെന്ന മലായാളിയുടെ സ്വപ്നങ്ങൾക്ക് യാഥാർത്ഥ്യത്തിന്റെ നിറം വീണു തുടങ്ങിയിരിക്കുന്നു എന്നാശ്വസിക്കാം. വീണ്ടുമൊരു വസന്തകാലം കൂടി മലയാ‍ള സിനിമയിലേക്കെത്തുന്നതിന്റെ സൂചനകൾ.