Nov 18, 2009

ഞാനും എന്റെ പ്രവാസവും

പ്രവാസം എനിക്ക് പ്രതീക്ഷയായിരുന്നു,
ഏട്ടന്റെ ഫോൺവിളി വന്നപ്പോൾ.

പ്രവാസം എനിക്കാകാംക്ഷയായിരുന്നു,
പുതിയ ജീവിതം കൊണ്ടുവന്നപ്പോൾ.

പ്രവാസം എനിക്ക് ആനന്ദമായിരുന്നു,
ആദ്യത്തെ ഡി.ഡി. നാട്ടിലെത്തിയപ്പോൾ.

പ്രവാസം എനിക്ക് പൊള്ളലായിരുന്നു,
ആദ്യത്തെ ചൂടുകാറ്റ് എന്നെ പൊതിഞ്ഞപ്പോള്‍.

പ്രവാസം എനിക്ക് പകലുറക്കമായിരുന്നു,
എന്റെ കാമുകി കിനാവില്‍ നിറഞ്ഞു നിന്നപ്പോൾ.

പ്രവാസം എനിക്ക് വേദനയായിരുന്നു,
കാണാനാവാതെ പ്രിയപ്പെട്ടവര്‍ മറഞ്ഞപ്പോൾ.

പ്രവാസം എനിക്ക് തടവറയായിരുന്നു,
ചിന്താശക്തിയെ ചോർത്തിക്കളഞ്ഞപ്പോൾ.

പ്രവാസം എനിക്ക് അറുബോറായിരുന്നു,
ദിനങ്ങള്‍ തനിയാവര്‍ത്തനമായപ്പോള്‍.

പ്രവാസം ഞാൻ മടുത്തു തുടങ്ങിയിരുന്നു,
നാട്ടില്‍ തുലാമഴപെയ്യുന്നതോര്‍ത്തപ്പോള്‍.

ഇന്ന്, എല്ലാ പിണക്കങ്ങള്‍ക്കുമിടയിലും
ഞാന്‍ പ്രവാസത്തെ സ്നേഹിച്ചു തുടങ്ങുന്നു,
എന്റെ നഷ്ടപ്രണയത്തെയെന്ന പോലെ..
മൃദുവായി, സൌമ്യമായി...!

മൂഡ് ഓഫ്....!!




“ക്യഷ്ണാ നീ ബേഗനെ ബാരോ.......”

അതിരാവിലെ മൊബൈല്‍ അതിന്റെ പതിവ് പരിപാടിയിൽ..... ആരെയോ പ്രാകി കൊണ്ട് ചാടി എഴുന്നേറ്റു.

ഹൊ! രാവിലെ ഒരു മൂഡില്ലാ........!!

റിമോട്ടിലലക്ഷ്യമായി കൈവച്ചൂ.... പെങ്കൊച്ചവൾ ഒരുമ്പെട്ടവള്‍, രാവിലെ വന്നിട്ടുണ്ട് പതിവുപോലെ...... “എക്സ്പോസിംഗ് ബ്യൂട്ടി“ ഒപ്പമെന്റെ “ഉഷാറും“ ഓടിവന്നൂ...
“പാട്ടായി....“ ഇനിയവളുടെ കിളിമൊഴി കേൾക്കാൻ.......ഒരു അഞ്ചു മിനിറ്റ്, എന്നാ പിന്നെ പല്ലൊരച്ചിട്ടു തന്നെ.... ഒരപ്പിന്നിത്തിരി വേഗത്തിൽ വേണം കുളിയും മറ്റും തക്യതിയാക്കി. കളസമിട്ടു ഷൂസും വലിച്ചു കേറ്റീ......
ഇടയ്ക്കൊന്നു ടി. വി. നോക്കിയപ്പോ ‘എക്സ്പോ‘ പോയി..... ശ്ശൊ നാശം.......... മൂഡ് ഓഫ്....!!

നാസ്ത കഴിക്കല്‍ കാന്റീനില്‍ ആക്കാമിന്നു........! സഹമുറിയന്റെ സ്നേഹം പുരട്ടിയ ബ്രഡിനോടു ടാറ്റാ പറഞ്ഞു പുറത്തിറങ്ങുമ്പോൾ അവനോട് പറഞ്ഞു “ഇന്നിത്തിരി വൈകിയേക്കും .......!”

വൈകിട്ട് കത്തി വയ്ക്കാനാളില്ലെന്നോർത്തപ്പോൾ അവനും ചെറിയ മൂഡ് ഓഫ്.........!

"പായും പുലി" കിതച്ചു നില്പുണ്ട് താഴെ റോഡിൽ ... കളസമിട്ട കുറേ ടിപ്പ് ടോപ്പ് ചേട്ടന്മാർ ഉള്ളിലും .... താമസിച്ചാൽ ടിപ്പ് ടോപ്പുകൾ തെറിപറയും...വേണ്ട രാവിലെ വെറുതെ മൂഡ്, ഓഫ് ആക്കണ്ടാ....

എടിപിടീന്നു കേറി പതിവ് സീറ്റില്‍ അമര്‍ന്നിരുന്നു ഇനിയെന്താ ഒന്നു ധ്യാനിച്ചാലോ....!! കോൺസന്‍ട്രേഷൻ ലേശം കൂടൂതൽ വേണമിന്ന്......!! ബോസ്സിന്റെ കൂടെ മിറ്റിംഗിനു പോകണം..........സായിപ്പ് വളുവളെ താളം വിടുന്നതൊക്കെ കുറിച്ചു വയ്ക്കണം.........എങ്ങാനും താളം തെറ്റിയാൽ പീന്നെ ബോസ്സിന്റെ കണ്ണുരുളും.......അപ്പോഴും ഞാൻ മൂഡോഫ്.....!!

ഒക്കെ കഴിഞ്ഞു ലഞ്ചടിക്കാൻ നട്ടുച്ചക്ക് ക്യാന്റീലേക്ക് ഓടടാ ഓട്ടം …….. ചെന്നപ്പോ പച്ചരി, സോസേജ്…..പിന്നെ വളിച്ച ഡാൽ.... ഹും ! നാശം ഇതെങ്ങനെ തിന്നും….!! കൈ കുടഞ്ഞെണീറ്റു….. കൊളീഗ് .......ചോദിക്കാതെ ചോദിച്ചപ്പോ ഞാനും മൌനം കൊണ്ട് മറുപടി പറഞ്ഞൂ….
“ഹോ ഒരു മൂഡില്ലാ……“

ഡ്യൂട്ടി ടൈം കഴിഞ്ഞ് ഒരു പാട് ലേറ്റായി പണി പിന്നെയും കുറേ ബാക്കി….. ഇന്നിനി വയ്യ….നാളെയാവട്ടെ ഒരു മൂഡില്ല .........!!

കിട്ടിയ വണ്ടിക്ക് റൂമിലേയ്ക്ക് വെച്ചു പിടിച്ചു ഇട്ടിരുന്നതൊക്കെ വലിച്ചെറിഞ്ഞു.......,
പാവം.......!! മെലിഞ്ഞു തുടങ്ങിയ എന്‍റെ പേഴ്സ് അവിടെവിടയോ ഒരു ഞരക്കത്തോടെ വീഴുന്നത് ഞാന്‍ കണ്ടതേയില്ല........ കട്ടിലിലേക്കൊന്നു കുത്തി മറിഞ്ഞൂ കുറച്ചു നേരം അങ്ങനെ കിടന്നൂ…. ഇനി കുളിക്കണം.....തുണികഴുകണം........ ചോറ് വെയ്ക്കണം..... വയ്യ ഇന്നൊന്നിനും വയ്യാ…..മൂഡോഫ്….!!

അല്ല ഇന്നെന്താ പറ്റിയേ രാവിലെ മുതല്‍ വല്ലാത്ത മൂഡോഫ്…!!

ഓരോന്നാലോചിച്ചുള്ള ആ കിടപ്പൊരു ഉറക്കത്തിലേക്കു മെല്ലെ............!! ഏറെ നേരം കഴിഞ്ഞെന്നെ ഉണർത്തിയത് നീട്ടിയുള്ളൊരു മിസ്ഡ്കോൾ…… ഛെ!........ ആരിത് മനുഷ്യന്റെ മൂഡ് കളയാൻ….??
പെട്ടന്നു പിടഞ്ഞെണീച്ചു കുത്തിപിടിച്ചു നോക്കുമ്പോ വീട്ടീന്നാ……….അയ്യോ……. മറന്നൂ.............

"ഡി.ഡി." അതിതുവരെ അയച്ചില്ലാ....…!!!

വീട്ടു ചിലവിനും ലോണിനും പിന്നെ ആറേഴു കല്യാണം വിളിച്ചിട്ടുണ്ട് അതിനും കൂടീ വേണം ഇത്തവണ….. ഇന്നലെ അമ്മ വിളിച്ചു പറഞ്ഞതാ കണക്കൊക്കെ വിശദമായി………!!!!

ഇത്തവണയെങ്കിലും ഒരു പത്തു കാശ് സമ്പാദ്യപ്പെട്ടീലിടാം എന്ന് വെറുതെയാശിച്ചു......

ചുമ്മാതല്ലാ…….!!!!

വന്നാലുടനെ എന്നെ കെട്ടുമോ……!!



എത്രയും പ്രീയപ്പെട്ട ഇയാൾക്ക്……..

ഇന്നലെ അതെന്നോടൂ വന്നു പറഞ്ഞപ്പോൾ. ഞാൻ അധികം ഞെട്ടിയില്ലാ കാരണം എനിക്കറിയാമായിരുന്നു ഇയാൾക്ക് അതു പറയാനും എനിക്കതു കേൾക്കാനും ഒരുപാടൂ ഇഷ്ടമുണ്ടെന്ന്. പക്ഷെ ഇന്നലെ എനിക്കൊട്ടും ഉറങ്ങാൻ കഴിഞ്ഞില്ല… എന്തൊക്കെയൊ കുറേ ആലോചിച്ചു കിടന്നൂ…... ആകെ ഒരു വല്ലാത്ത അവസ്ഥ…..അതാ പിന്നെ രാവിലെ എണീറ്റിരുന്നിത് എഴുതുന്നേ…

ആ ഡെയ്റ്റ് ഓഫ് ബെർത്ത് എത്രയാന്നാ പറഞ്ഞെ….. ഓഹ് എനിക്കോർമ്മയുണ്ട് എന്നേക്കാൾ പത്തുമാസം ഇളയതാണല്ലേ……… നാള് പറഞ്ഞതും ഞാനപ്പോ ശ്രദ്ധിച്ചില്ലെങ്കിലും വീട്ടിൽ വന്ന് കലണ്ടർ നോക്കിയപ്പഴാ മനസ്സിലായെ മുന്നാളാണല്ലോ…….. എനിക്കാകെ പേടിയാവുന്നു കേട്ടോ…… ഇയാളൂടെ വീട്ടുകാരു ഇതിനൊക്കെ സമ്മതിക്കുമോ…… എന്റെ വീട്ടിലും പ്രശ്നമാണ്……… എന്തിനും ജാതകം നോക്കുന്ന കൂട്ടത്തിലാ എന്റെ അച്ഛനെന്നറിയാമല്ലോ……… വേണ്ടായിരുന്നൂ…. ഞാൻ ഇന്നലെ അതു വഴി വരണ്ടാരുന്നൂന്ന് വിചാരിച്ചിറങ്ങിയതാ പിന്നെ തോന്നി എന്തു പറയുമെന്ന് നോക്കാമെന്ന്……

ഇന്നലെ ക്ലാസ്സിൽ ചെന്നപ്പോ തന്നെ സിനിയോടും സീമയോടും ഒക്കെ പറഞ്ഞൂ നമ്മുടെ കാര്യം… സിനിയെ അറിയാമല്ലോ അവൾക്കിതൊന്നും ഇഷ്ടമല്ലാ….. അവളു പറയുവാ ഈ ആണുങ്ങളൊക്കെ ചുമ്മാ പിറകെ നടന്നു പഞ്ചാര വാക്കു പറഞ്ഞു മയക്കിയിട്ട് പറ്റിക്കുമെന്ന്….. എന്നെ അതുപോലെ പറ്റിക്കുമോ ഇയാൾ….. എന്നാ ദേ ഞാൻ ചത്തുകളയും പറഞ്ഞേക്കാം……

പിന്നെ ചേട്ടൻ വിളിക്കാറൂണ്ടോ……….. വിസ എന്നത്തേക്കു റെഡിയാവും…. അവിടെ നല്ല വെളുത്ത പെമ്പിള്ളാരെ കാണുമ്പോ എന്നെ മറക്കുമോ………. പോയാൽ പിന്നെ എന്നാ വരിക………. വന്നാലുടനെ എന്നെ കെട്ടുമോ…… അവിടെ ചെന്നാലുടൻ വീട്ടിൽ നമ്മുടെ കാര്യം പറയില്ലേ………
സീമ പറഞ്ഞു ഇവിടെ ഏതെങ്കിലും ജോലി കിട്ടീല്ലേന്ന് ചോദിക്കാൻ. അവൾക്ക് സജിറിനെ പിരിഞ്ഞിരിക്കുന്ന കാര്യം ചിന്തിക്കാനെ പറ്റില്ലത്രെ…….. എനിക്കും അങ്ങനെയാണെന്നു തോന്നുന്നൂ…… ഇവിടെ പി. എസ്സ്. സി എഴുതാൻ നോക്കരുതോ…

എന്തായാലും എന്നെ തന്നെ കെട്ടണം……. അല്ലെങ്കിൽ പിന്നെ എന്നോടെന്തിനാ അങ്ങനെ പറയാൻ പോയെ……
ഞാനിതൊക്കെ പറയുന്നതുകൊണ്ട് എനിക്ക് വട്ടാണെന്ന് തോന്നുന്നുണ്ടോ എന്റെ ടെൻഷൻ കൊണ്ട് പറയുന്നതാ……. ഞാൻ വീട്ടീൽ പറയട്ടോ………. ആരേലും പറഞ്ഞറിയുന്നതിനേക്കാൾ നല്ലതല്ലേ……
പിന്നെ ഇന്നലെ എന്നോട് എവിടെ വരണമെന്നാ പറഞ്ഞേ……. ഞാനാ വെപ്രാളത്തിൽ അതു കേട്ടില്ലാ………. അധികം ദൂരേക്കൊന്നും ഞാനില്ല കേട്ടൊ ആരേലും കണ്ടാൽ….. ഓർക്കാ‍നേ വയ്യ…… സിനിയോട് ഞാനത് പറഞ്ഞില്ലാ…..പക്ഷെ സീമയോട് പറഞ്ഞു അവളാ അപ്പോ ആ ബൈപ്പാസ്സിലെ ആളുകളധികം വരാത്ത കോഫീ ഹൌസ്സിന്റെ കാര്യം പറഞ്ഞേ അവളെപ്പഴും പോകാറുണ്ടത്രേ……. വേണമെങ്കിൽ ഒരു പ്രാവശ്യം ഞാൻ വരാം പിന്നെ വിളിക്കല്ലേ…….എനിക്കു ഒക്കെ പേടീയാ…….. നമ്മുടെ കല്യാണം കഴിഞ്ഞോട്ടേ എവിടെ വേണേ വരാം ഞാൻ…… അതിനു മുമ്പു അധികം കാണണ്ടാ……. ഗൾഫിൽ പോകുമ്പോഴും പിന്നെ കാണാനൊക്കില്ലല്ലോ……..
എല്ലാ ദിവസവും ഒന്നമ്പലത്തിൽ വന്നാലെന്താ…….അപ്പഴും കാണാല്ലോ…….അതൊക്കെ മതിയെന്നെ…. എനിക്കു പേടി തന്നെയാ….

പിന്നെ ഇന്നലെ വൈകിട്ട് ഇയാളുടെ അച്ഛനെ ഞാൻ കണ്ടിരുന്നൂ സാധാരണപോലെ എന്നെ കണ്ടൊന്നു ചിരിച്ചൂ പക്ഷെ എനിക്കാ മുഖത്ത് നോക്കാൻ തന്നെ പേടീയായിരുന്നൂ….. ദൈവമേ ഇതൊക്കെ അറിയുമ്പോ ഈ ചിരിയൊക്കെ മാറുമോ….. ഒന്നും വേണ്ടായിരുന്നൂ എന്നു തോന്നുവാ…….. പക്ഷെ എനിക്ക് വേണ്ടാന്നു വയ്ക്കാ‍നും പറ്റുന്നില്ലല്ലോ…..

ഹൊ എന്തൊക്കെയൊ എഴുതി ഇനി ഇതെങ്ങനെയാ തരിക എന്നുള്ളതാ മറ്റൊരു ടെൻഷൻ ഇന്നലത്തെ പോലെ ഇന്നും ശ്രീജചേച്ചീടെ എസ്സ്. ടി. ഡി. ബൂത്തിൽ കാണുമെങ്കിൽ തരാം എന്നു കരുതുന്നൂ. പിന്നെ അവിടെ അധികം കിടന്നു കറങ്ങണ്ട കേട്ടോ…. ഒക്കെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്…….

എന്ന്,
ഇയാളൂടെ മാത്രം……

ഞാൻ

എന്‍റെ കടിഞ്ഞൂല്‍ കൂട്ടുകാരി



പണ്ട് വളരെ പണ്ട് നടന്ന കഥയാണ്ട്ടോ.....
എനീക്ക് ആദ്യത്തെ കൂട്ടുകാരിയെ കിട്ടിയ കഥ..... ഇതു കേള്‍ക്കുമ്പോ നിങ്ങള്‍ ചിലപ്പൊ നെറ്റിചുളിക്കും……… അല്ലെങ്കില്‍ പറയും അയ്യെ ഇതാണൊ കഥയെന്ന്..... പക്ഷെ എന്നെ സംബദ്ധിച്ചടുത്തോളം എന്‍റെ ജീവിതത്തെ മാറ്റി മറിച്ച കഥയാണ്
ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലം..... എന്‍റെ ക്ലാസ്സില്‍ ഇങ്ങനെ ഒരാള്‍ ഉണ്ടെന്ന് പലര്‍ക്കും അഞ്ജാതമായ ഒരു വസ്തുതയായിരുന്നു....സ്കൂളില്‍ ആനുവേഴ്സറി വരും..എല്ലാരും നാടകവും പാട്ടും ഡാന്‍സുമൊക്കെയായ്യ് തിരക്കിലാവും ഞാനൊ 2 ദിവസം അവധി അല്ലെന്ന് കരുതി വീട്ടില്‍ ഇരിക്കും...ഇത്രെം ആള്‍ക്കാരുടെ മുമ്പില്‍ ഇതൊക്കെ അവതരിപ്പിച്ചു കൈ അടി മേടിക്കുന്ന എന്‍റെ കൂട്ടുകാരോട് പക്ഷെ എനിക്കു ഭയങ്കര ബഹുമാനം ആയിരുന്നു...
അന്നു ഞാന്‍ ആകെ മറ്റുള്ളവരുടെ മുന്‍പില്‍ നിന്ന് എന്തെങ്കിലും പറഞ്ഞിരുന്നത് എന്‍റെ ഹിസ്റ്ററി ടീച്ചറുടെ ക്ലാസ്സില്‍ മാത്രമായിരുന്നു അതുകൊണ്ടു തന്നെ ഹിസ്റ്ററി ടീച്ചര്‍ എനിക്കന്നു വെറുക്കപ്പെട്ടവള്‍ ആയിരുന്നു...അവരെ ഞാന്‍ സ്ഥിരമായി ടൈം ടേബിള്‍ വച്ചു പ്രാവി കൊണ്‍ടുമിരുന്നു....
ഞാന്‍ അക്കാലത്തു എത്ര തവണ പെണ്‍കുട്ടികളുടെ മുഖത്തു നോക്കിയിട്ടുണ്ടെന്ന് കൃത്യമായ കണക്കു തന്നെ ഉണ്ടായിരുന്നു... ആയിടക്കാണ് ഒരു മഹാ സംഭവം നടന്നത്.... എന്നെ ആകെ തകര്‍ത്തു കളഞ്ഞു ആ സംഭവം....പക്ഷെ എന്‍ടെ കൂട്ടുകാര്‍ പറഞ്ഞത് നീ ഭാഗ്യവാന്‍ ആണെന്നാ‍യിരുന്നു... പക്ഷെ എന്‍റെ മനസ്സിനെ നൊമ്പര കടലാക്കിയ അവരെ ഒക്കെ ഞാന്‍ എന്‍റെ മനസ്സിലീട്ട് വെട്ടി നുറുക്കി...
സംഭവം ഇങ്ങനെ....
കൊറെ നാളായി എനിക്ക് ഐസ്ക്രീം തിന്നാന്‍ ഒരു ആഗ്രഹം... അച്ചന്‍ വാങ്ങി തരില്ലായിരുന്നു....... അതിന്‍ടെ ക്വാളിറ്റി ആയിരുന്നു പുള്ളിക്കാരന്‍ടെ പ്രശനം ........... സ്കൂളിന്‍ടെ പുറത്ത് അതു കിട്ടും...... രാവിലത്തെ 10 മി. ഇടവേളയില്‍ ഞാനും മറ്റുള്ളവര്‍ക്കൊപ്പം ഓടി പുറത്തേക്ക്... എന്‍റെ ഓട്ടത്തിന്‍ടെ വേഗത കൊണ്ട് ഞാന്‍ അവിടെ എത്തിയപ്പഴുത്തേക്കും അവിടെ നല്ല തിരക്കായി; അതു കൊണ്ട് എല്ലാവരും വാങ്ങി പോകുന്നതു വരെ മാന്യനായ ഞാന്‍ വെയ്‌റ്റ് ചെയ്തൂ............ഫലമൊ എനിക്കു ഐസ്ക്രീം കിട്ടിയപ്പോഴേക്കും ബെല്ല് അടിച്ചു കഴിഞ്ഞിരുന്നു... അത് കേട്ടതോടെ ഐസ്ക്രീം തിന്നണോ വേണ്ടയൊ എന്നെനിക്കു സംശയമായി......... അല്ല ആ ഐസ്ക്രീം തിന്നോ ഇല്ലയൊ എന്നു എനിക്കിന്നും ഓര്‍മ്മയില്ല....അവിടവിടെ തളം കെട്ടി കിടന്ന മഴ വെള്ളത്തെപ്പോലും വക വയ്യ്ക്കാതെ ആണു എന്‍റെ ഓട്ടം....... പക്ഷേ ഞാന്‍ എത്തുമ്പഴേക്കും എത്തേണ്ടയാള്‍ എത്തി കഴിഞ്ഞിരുന്നു.......... എന്‍റെ ക്ലാസ്സ് ടീച്ചര്‍..
ആകെ മഴവെള്ളം അല്ല ചെളി വെള്ളം തെറിച്ച് ഓടി കിതച്ചെത്തിയ എന്നോട് ടീച്ചര്‍ ചോദിച്ചു ........... നീ എവിടെ ആയിരുന്നു ഇത്രെം നേരം..??
എനിക്ക് എന്തൊക്കെയൊ പറയണമെന്നുണ്ടായിരുന്നു; കിതപ്പു കൊണ്ടാണോ....പേടി കൊണ്ടാണോ... എന്നറിയില്ല പക്ഷെ ഒന്നും പുറത്തേക്ക് വന്നില്ലാ....
ഞാന്‍ ചെയ്തതൊക്കെയും കൊടും അപരാധം ആയി എനിക്കു തോന്നി...ഞാന്‍ തലകുനിച്ചു നിന്നൂ............ ടീച്ചറുടെ കലി തീരുന്നവരെ അടി അതാണു ഞാന്‍ അടക്കം എല്ലാവരും പ്രതിക്ഷിച്ചത്....... പക്ഷെ.....!!!
ടീച്ചറുടെ ശിക്ഷ വിചിത്രമായിരുന്നു..ഒരു പക്ഷെ അന്നുവരെ ചിലപ്പോ ഇന്നും (എതിരഭിപ്രായം ഉള്ളവര്‍ ക്ഷമിക്കുക) ആര്‍ക്കും കിട്ടാന്‍ ഇടയില്ലാത്ത ശിക്ഷ...!!
നീ ഇന്നു മുഴുവന്‍ ഇനി പെണ്ണുങ്ങളുടെ കൂട്ടത്തില്‍ ഇരുന്നു പഠിച്ചാ മതി.......!!!!
ഇതു കേട്ട എന്‍റെ മാനസ്സികാവസ്ഥ...ദുശ്ശാസനനാല്‍ രാജസഭയിലേക്ക് വലിച്ചിഴക്കപെട്ട പാഞ്ചാലിയെക്കാള്‍ ഭീകരമായിരുന്നു.....
പക്ഷെ എന്‍റെ കൂട്ടുകാര്‍ എന്നെ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാനായി വാഴ്ത്തി....ഞാനോ അവരെ എല്ലാം മനസ്സുകൊണ്ട് എന്‍റെ ടീച്ചറോടൊപ്പം കടിച്ചു കീറി...
മടിച്ചു നിന്ന എന്നെ ടീച്ചര്‍ വലിച്ചു കൊണ്ടു പോയി ആ പെണ്‍കുട്ടികളുടെ ഇടയില്‍ ഇരുത്തി...
എണ്ണ വീഴുമ്പോ ഓടി മാറുന്ന ഈര്‍പ്പം പോലേ....ആ ബഞ്ചിലെ പെണ്‍കുട്ടികളൊക്കെ 2 വശത്തേക്കും തെന്നി മാറി...
പലരും പല കമന്‍സ്സും പറഞ്ഞു.... ചില പെണ്‍കുട്ടികള്‍ സഹതപിച്ചു...ചിലര്‍ പറഞ്ഞു "കണക്കായി പോയി....."
ആമ്പിള്ളാരുടെ കമന്‍സ്സ് പറയണ്‍ടല്ലോ......
പക്ഷെ ആ കലുപിലക്കിടയില്‍ ഒരു വ്യത്യസ്ഥ ശബ്ദം ഞാന്‍ കേട്ടു.....ഒരു പെണ്‍കുട്ടിയുടെ ശബ്ദം........ പെണ്‍കുട്ടി ആയതു കൊണ്ട് പുറകില്‍ നിന്നു വന്ന ആ ശബ്ദം ആരുടേതാണെന്നു നോക്കാനുള്ള ധൈര്യം എനിക്കു വന്നില്ല........
പക്ഷെ ആ ശബ്ദം ഒരു വാളു പോലെ എന്‍റെ ശത്രുക്കളെ ഒക്കെ വെട്ടി വീഴ്ത്തുന്നുണ്ടായിരുന്നു....ഞാന്‍ വല്ലാതെ ആശ്വസിച്ചു പക്ഷെ ആ ശബ്ദം ആരുടേതാണെന്നു നോക്കാനുള്ള ധൈര്യം അപ്പഴും എനിക്കു വന്നില്ല……....
ഒടുക്കം ആ ശബ്ദം എന്‍റെ ചെവികളോടു മാത്രമായി പറഞ്ഞൂ....."സാരമില്ലടോ.."
അത് എനിക്കു തന്ന ആശ്വാസം പറഞ്ഞറിയിക്കാന്‍ പറ്റുന്നതിനും അപ്പുറം ആയിരുന്നു....അന്നത്തെ ദിവസം അങ്ങനെ എങ്ങനെയൊ പോയി.....
പക്ഷെ അന്നു മുതല്‍ ഞാന്‍ ആ ശബ്ദത്തിന്‍ടെ രൂപം തേടാന്‍ തുടങ്ങി.....
ക്ലാസ്സില്‍ ചോദ്യം ചോദിക്കുന്ന സമയം ആണു ആതിനു പറ്റിയതെന്നു ഞാന്‍ മനസ്സിലാക്കി......പക്ഷെ ഓരോ തവണ ആ ശബ്ദം ക്ലാസ്സില്‍ ഉയര്‍ന്നപ്പോഴും ഒരു ആയിരം വെട്ടം ആ മുഖമൊന്നു കാണാന്‍ ഞാന്‍ കൊതിച്ചു...പക്ഷെ ആരൊ എന്‍റെ കഴുത്തില്‍ ശക്തിയായി പിടിച്ച പോലെ.......... എനിക്കു തല ഒന്നു തിരിക്കാന്‍ പോലും പറ്റിയില്ല പലപ്പോഴും........
ദിവസങ്ങള്‍ മാസങ്ങളായി കടന്നു പോയി.......... എന്‍റെ ആഗ്രഹം അപ്പഴും ഒരു സ്വപ്നമായി അവശേഷിച്ചു.........
അങ്ങനെ ഒടുവില്‍ എന്‍റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി എന്തൊക്കെയൊ ആയെന്നു തോന്നിയ ആ ദിവസം വന്നു......
ഞാന്‍ ആ മുഖം കണ്ടു........ എന്‍റെ കടിഞ്ഞൂല്‍ കൂട്ടുകാരിയുടെ മുഖം....ഞാന്‍ അവളോടു സംസാരിച്ചു...... പക്ഷെ എങ്ങനെ.... ജീവിതത്തില്‍ ഇന്നു വരെ ഒരു പെണ്‍കുട്ടിയുടെയും മുഖം പോലും നേര്‍ക്കുനേര്‍ കണ്ടിട്ടില്ലാത്ത എനിക്കിതെങ്ങനെ സാധിച്ചു എനിക്കു തന്നെ സംശയമായിരുന്നു..... അപ്പോ പിന്നെ അതു നിസ്സാരമായി സംഭവിച്ചതാവാന്‍ തരമില്ലാ...എന്തൊ ഒരു കഥ അവിടെം ഉണ്ടാകും അല്ലെ........ ഉണ്ട് തീര്‍ച്ചയായും ഉണ്ട്......
ഞാന്‍ ക്ലാസ്സില്‍ ഇങ്ങനെ ഒരു മിണ്ടാപ്പൂച്ച ആണെങ്കിലും കൂട്ടുകാര്‍ക്കിടയില്‍ വളരെ ഉദാരമതിയും ദയാശീലനും സ്നേഹ സമ്പന്നനും ആയിരുന്നു..... കൂട്ടുകാര്‍ക്കാവശ്യമായ പേന, പെന്‍സില്‍, പുസ്ഥകങ്ങള്‍, ക്ലാസ്സ് ടെസ്റ്റിനാവശ്യമായ പേപ്പറുകള്‍, എന്തിനു മൊട്ടു പിന്‍ വരെ ഞാന്‍ സൗജന്യമായി വിതരണം ചെയ്യതിരുന്നു……….
പതിവുപോലെ ക്ലാസ്സ് ടെസ്റ്റായ അന്നും എന്‍ടെ അടുത്തേക്ക് ആവശ്യക്കാരുടെ കുത്തൊഴുക്ക് തന്നെ ആയിരുന്നു...... ഞാന്‍ ഉദാരമായിതന്നെ വിതരണം നടത്തി കൊണ്ടുമിരുന്നു.... ഉണ്ടായിരുന്ന സ്റ്റോക്ക് ഒക്കെ തീര്‍ന്നു ഇനി എനീക്ക് ആവശ്യമുള്ളവ മാത്രമേയുള്ളൂ......... അങ്ങനെ അന്നത്തെ സഹായ പരിപാടികളൊക്കെ ഒഴിവാക്കി ഞാന്‍ പുസ്തകമെടുത്ത് അവസാന തയ്യാറെടുപ്പ് നടത്തുകയാണ്.... വിഷയം ഭൂമിശാസ്ത്രം ആണ്..........ഭൂമി ഉരുണ്ടതാണെന്നല്ലാതെ പ്രത്യേകിച്ചൊന്നും എനിക്ക് ആ വിഷയത്തിനെക്കുറിച്ചു അറിയില്ലായിരുന്നു എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തി വേണ്ടാ കേട്ടോ....!!! ഭൂമിശാസ്ത്രവും രസതന്ത്രവും ഇന്നും എനിക്കു പിടിതരാത്ത വിഷയങ്ങളാണ്....!!
അങ്ങനെ എങ്ങനെയെങ്കിലും ഇതൊന്നെഴുതി തീര്‍ക്കണം, സാറിന്‍റെ അടി വാങ്ങാതെ കഴിക്കണം എന്നൊക്കെയുള്ള ചിന്തയില്‍ മറ്റെല്ലാം മറന്ന് ബുക്കില്‍ കണ്ണെറിഞ്ഞിരുന്ന എന്‍റെ ചെവിയിലേക്ക് ചുറ്റുപാടുമുള്ള കലപിലകളെയൊക്കെ വകഞ്ഞുമാറ്റി ഒരു ശബ്ദം കടന്നു വന്നു, ഞാന്‍ കേള്‍ക്കാന്‍ ഇഷ്ടപെടുന്ന അതെ ശബ്ദം....ഞാന്‍ ഒന്നു കാണാന്‍ കൊതിച്ചിരുന്ന ആ‍ രൂപത്തിന്‍ടെ ശബ്ദം.... ഇപ്രാവശ്യം പക്ഷേ ഞാന്‍ ആ മുഖം കണ്ടു.... അല്ല ആ വിളിയുടെ ഞെട്ടലില്‍ ‍ഞാന്‍ അറിയാതെ കണ്ടു പോയി....
ഒരു നിമിഷം ഞാന്‍ എന്നെ തന്നെ മറന്നു പോയി..... സ്വബോധം തിരിച്ചു കിട്ടിയ ഞാന്‍ കാണുന്നത് ബഞ്ചിന്‍റെ അങ്ങേ തലക്കല്‍ നിന്നു കൊണ്ട് ഇങ്ങേ തലക്കലക്കലിരിക്കുന്ന എന്‍റെ നേരെ കൈയ്യും നീട്ടി നില്‍ക്കുന്ന ആ സുന്ദരിയെയാണ്... ഞാന്‍ സങ്കല്‍പിച്ചു കൂട്ടിയതിനേക്കാള്‍ സുന്ദരിയായി അവളെ എനിക്ക് തോന്നി.... മുന്‍പ് എപ്പഴൊക്കെയൊ ഞാന്‍ ഒരു മിന്നായം പോലെ ആ രൂപം കണ്ടിട്ടുണ്ടെന്നാണ് എന്‍റെ തോന്നല്‍.... 2 വര്‍ഷമായി കൂടെ പഠിക്കുന്ന കുട്ടിയെക്കുറിച്ചാണ് ഞാന്‍ ഇതു പറയുന്നതെന്നുകൂടി അറിഞ്ഞാല്‍ ചിലപ്പോ ഇതാരും വിശ്വസിച്ചെന്നു വരില്ല എനിക്കറിയാം..... പക്ഷെ അതാണു സത്യം….
ഈ ചിന്തകള്‍ക്കിടയിലെപ്പഴോ അവള്‍ തന്‍റെ ആവശ്യം എന്നോടു പറഞ്ഞു കഴിഞ്ഞിരുന്നു.... പക്ഷെ അതു കേള്‍ക്കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ലാ.... ഒരു പ്രതികരണവും ഇല്ലാത്ത എന്‍റെ മുഖത്തു നോക്കി നീട്ടിയ കൈയ്യുമായി അവള്‍ വീണ്ടും എന്നോടു പറഞ്ഞു... "എടൊ ഒരു മൊട്ടു പിന്‍ എനിക്കും താടോ..." " എന്‍റെ കൈയ്യിലുണ്ടായിരുന്നത് നിലത്തു വീണു പോയി.........."
ഞാന്‍ പെട്ടന്നു തന്നെ ആക്ടീവ് ആയി എന്‍റെ ബോകിസില്‍ മുഴുവന്‍ പരതി ഇനി ആകെ 2 എണ്ണമേ ഉള്ളൂ ബാക്കിയെല്ലാം ദാനശീലനായ ഞാന്‍ വിതരണം ചെയ്യ്ത് കഴിഞ്ഞിരുന്നു.... അതില്‍ ഒന്നെടുത്ത്, "വടക്കു നോക്കിയന്ത്രം" സിനിമയിലെ ശ്രീനിവാസന്‍ടെ താലി കെട്ടിനെ അനുസ്മരിപ്പിക്കുമാറ് വിറയാര്‍ന്ന കൈ കളോടെ അവള്‍ക്കു നേരെ നീട്ടി......... ആ മുഖം ഒരിക്കല്‍ കൂടി കാണാന്‍ എനിക്കു ആഗ്രഹം തോന്നി........ പക്ഷെ... ആ ചിന്തയില്‍ നിന്ന് എന്നെ ഉണര്‍ത്തിയത്........."അയ്യോ..." എന്ന അവളുടെ വിളി ആയിരുന്നു....!!
എനിക്കു കാര്യം മനസ്സിലായില്ല.... അടുത്തിരുന്ന കൂട്ടുകാരൊക്കെ ആര്‍ത്തു ചിരിക്കുന്നു... പെട്ടന്നാണ് ഞെട്ടിക്കുന്ന ആ കാഴ്ച്ച ഞാന്‍ കണ്ടത്...... എന്‍റെ മൊട്ടു സുചി അവളുടെ കൈയ്യില്‍ തറഞ്ഞു നില്‍ക്കുന്നു.... ഞാന്‍ ആകെ തകര്‍ന്നു പോയി അതിന്‍ടെ ആക്കം കൂട്ടുമാറായിരുന്നു അവളുടെ അടുത്ത ചോദ്യം..... "തനിക്കെന്താടൊ കണ്ണില്ലേ...." " എന്‍റെ കൈയ്യും പോയി ഹൊ...!!"
ഞാന്‍ നിന്ന നില്‍പ്പില്‍ നിന്ന് വിയര്‍ത്തു....!!
ആ ശബ്ദത്തിന്‍ടെ ഉടമയെ കാണാന്‍ കൊതിച്ചു കൊതിച്ചിരുന്നു കണ്ടപ്പോ അതിങ്ങനെ ആയി..... എന്‍റെ വിഷമം ഞാന്‍ ആരോടു പറയും....
ഒന്നു പോയി സോറി പറഞ്ഞാലോ.... അയ്യോ വേണ്ട ചിലപ്പോ ഇനിം വഴക്കു പറഞ്ഞാലൊ... അല്ല ഇനി പറയാമെന്നു വെച്ചാ തന്നെ എങ്ങനെ, എപ്പോ, എവിടെ വച്ച്.... പക്ഷെ എന്തായാലും പറയണം..... അങ്ങനെ ചിന്തകള്‍ ഒരു തിരമാല പോലെ എന്‍റെ മനസ്സിലേക്ക് അടിച്ചു കയറി കൊണ്ടിരുന്നു... ഒടുവിലെങ്ങനെയൊ അതിനുള്ള ശക്തി ഞാന്‍ സമ്പാദിച്ചു...
പിന്നെ ദിവസങ്ങള്‍ നീണ്ട പരിശീലനം ആയിരുന്നു; എങ്ങനെ സോറി പറയണം എന്നതിനായി... പല സിനിമകളിലേയും സീനുകള്‍ ഓര്‍ത്തു നോക്കി ഒന്നും എനിക്കു ത്രിപ്തി തന്നില്ല.......... അവസാനം ഞാന്‍ തന്നെ എന്‍റെതായ ഒരു ശൈലിയില്‍ അത് അവതരിപ്പിക്കാന്‍ തീരുമാനിച്ചു…….
ഇനി വേണ്ടത് ഒരു അവസരമാണ്...... ഞാന്‍ അതിനായി കാത്തിരുന്നു.... അപ്പഴേക്കും ആഴ്ച്ച ഒന്നു കഴിഞ്ഞിരുന്നു.... പക്ഷെ ഞാന്‍ അതൊന്നും ഓര്‍ത്തിരുന്നില്ല.... എങ്ങനെയും ഒരു സോറി പറയണം. ഓരൊ ദിവസവും ഞാന്‍ ക്ലാസ്സില്‍ എത്തുന്നത് അതിനുവേണ്ടി മാത്രമാണെന്നു തോന്നി.... പക്ഷെ പലപ്പോഴും എന്‍റെ നാണം കുണുങ്ങി സ്വഭാവം പെണ്‍കുട്ടികളുടെ സൈഡിലേക്ക് നോക്കാന്‍ തന്നെ എന്നെ അനുവധിച്ചില്ല....
അവസാനം വിധി അതിനും അവസരം എനിക്കുണ്ടാക്കി തന്നു......
അതു ഒരു വെള്ളിയാഴ്ച്ചയായിരുന്നു..... പതിവു പോലെ ക്ലാസ്സു കഴിഞ്ഞു മറ്റുള്ളവരോടൊപ്പം ഞാനും പോകാന്‍ പുറത്തേക്കിറങ്ങി..... പെട്ടന്ന് എന്‍റെ പുറത്തൊരു തട്ട്.... ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അതാ നില്ക്കുന്നു നമ്മുടെ കഥാനായിക....
എന്‍റെ നോട്ടം കിട്ടിയപ്പഴേ അവിടുന്നു ചോദ്യവും വന്നു.... ഇത്തവണ ഒരു ഭയങ്കര അപേക്ഷാഭാവമായിരുന്നു..... "എടൊ തന്‍റെ ബയോളജി നോട്ട് ഒന്നു താടൊ...",
പക്ഷെ "സോറി..." എന്ന എന്‍റെ മറുപടി അവളെ ഞെട്ടിച്ചു എന്നു തോന്നുന്നു.....
അവളുടെ മുഖത്തൊരു വല്ലാത്ത നിരാശാബോധം ഞാന്‍ കണ്ടു..... അതു കണ്ടിട്ടൊ എന്തൊ...
എവിടുന്നോ കിട്ടിയ ധൈര്യമുപയോഗിച്ച്..... ഞാന്‍ പറഞ്ഞു...
"അയ്യോ ഞാന്‍ ഉദ്ദേശിച്ചത്, "അന്നു തന്‍റെ കൈയ്യില്‍ മൊട്ടു സൂചി വച്ചു കുത്തിയതിന്‍ടെ സോറിയാ...."
ഒരു വലിയ ചിരിയായിരുന്നു എനിക്കു കിട്ടിയ മറുപടി... എന്നിട്ടവള്‍ തുടര്‍ന്നു……..
"താനിപ്പഴും അതും ഓര്‍ത്തോണ്ടു നടക്കുവാണൊ..." "അതെ എന്തേലും ആര്‍ക്കെങ്കിലും കൊടുക്കുമ്പോ അറ്റ്ലീസ്റ്റ് അവരെ ഒന്നു നോക്കുകയെങ്കിലും വേണ്ടെ..........ഇല്ലേല്‍ അങ്ങനെയൊക്കെ സംഭവിക്കും..." "അന്നു തന്നെ എനിക്കു കൊല്ലാനുള്ള ദേഷ്യമാ വന്നെ......പക്ഷേ സാരമില്ലാട്ടൊ.....ഞാന്‍ അതു അപ്പഴെ മറന്നൂ........"
പക്ഷേ ഇപ്പോ തന്‍റെ ബയോളജി നോട്ട് എനിക്കൊന്നു വേണം.........ഇന്നലത്തെ നോട്ട് ഒന്നു എഴുതിയെടുക്കാനാ...
"എനിക്കല്ഭുതമായി ഞാന്‍ ചോദിച്ചു അതെന്താ ഇന്നലെ വന്നില്ലേ...?"
"ഇല്ല.... എന്‍റെ വാപ്പാ ഗള്‍ഫീന്നു വന്നു.... ഞങ്ങള്‍ വിളിക്കാന്‍ പോയതാ.....!
ഞാന്‍ തിങ്കളാഴ്ച മടക്കി തരാം..... ആരും ചോദിച്ചിട്ടു തരുന്നില്ല അതാ...."
ശ്ശൊ നോക്കിക്കെ അവള്‍ വരാതിരുന്ന ദിവസവും ഞാന്‍ അവളോടു സോറി പറയാന്‍ അവസരം കാത്തു നടന്നു...ഹും എന്‍ടെ ഒരു കാര്യം......
പെട്ടന്നു തന്നെ ഞാന്‍ ബുക്ക് എടുത്തു കൊടുത്തു.... അതും വാങ്ങി ചിരിച്ചു കൊണ്ട് വിജയീ ഭാവത്തില്‍ അവള്‍ കൂട്ടുകാരികളുടെ നടുവിലേക്കോടി..........
ഞാന്‍ അതു നോക്കി നിന്നു പോയി...... അന്നുമുഴുവന്‍ എന്നെ അത്ഭുദപെടുത്തിയ കാര്യം ഞാന്‍ എങ്ങനെ ഇത്രെം വര്‍ത്തമാനം ഒരു പെണ്‍കുട്ടിയോട് പറഞ്ഞു എന്നതിലായിരുന്നു.........എനിക്ക് എന്നെ കുറിച്ച് വല്ലാത്ത അഭിമാനം തോന്നി.......എതോ ഭയങ്കര കാര്യം സാധിച്ച പോലെ......!
പിന്നെ ഒന്നു തിങ്കളാഴ്ച്ച ആയ മതിയെന്നായി...... ഇനി ബുക്ക് തിരിച്ചു തരാന്‍ വരുമ്പോഴും എനിക്ക് ഒന്നു മിണ്ടാമല്ലോ അവളോട്.... ആ സന്തോഷമായിരുന്നു മനസ്സു മുഴുവന്‍......
അങ്ങനെ തിങ്കളാഴ്ച്ചയായി.... അവള്‍ ബുക്കുമായി വന്നു ഒരു നല്ല ചിരിയുമായി.... ആദ്യം ബുക്ക് പിന്നെ ഒരു താങ്സ്സ് പിന്നെയൊ നിങ്ങള്‍ വിചാരിച്ചതു തന്നെ, പക്ഷെ ഞാന്‍ ഒട്ടും വിചാരിക്കാത്തതും....... ഒരു ചോക്ലേറ്റ്..
"ദേ അച്ഛന്‍ കൊണ്ടു വന്നതാ......"
അപ്പൊ നമ്മുടെ ഫ്രണ്‍സ്സിനൊക്കെ ആകെ ഒരു നിരാശ.... അപ്പോ ഞങ്ങള്‍ക്കൊന്നും ഇല്ലേ....അവരെല്ലാം കൂടി ബഹളം വയ്യ്ക്കാന്‍ തുടങ്ങി......... അതിനുള്ള മറുപടി പെണ്‍കുട്ടികളുടെ സൈഡില്‍ നിന്നാരൊ ഉയര്‍ത്തി കാട്ടിയ മുട്ടായി പ്യാക്കറ്റ് പറഞ്ഞു........ എല്ലാവരും അതിന്‍ടെ പുറക്കെ ആയി പിന്നെ........
പിന്നെ എപ്പഴെങ്കിലും ഒക്കെ അവള്‍ ഓരൊന്നിനു എന്‍റെ അടുത്ത് ഓടി വരും...... എന്തു സഹായവും ചെയ്യാന്‍ ഞാന്‍ റെഡിയാണെന്നു പിന്നെ പറയണ്ടല്ലൊ......
എനിക്കു പതിയെ പതിയെ കുറച്ചു ധൈര്യമൊക്കെ വന്നു തുടങ്ങി...(അവളോടു സംസ്സാരിക്കാന്‍ മാത്രമാണു കേട്ടൊ..)
അതോടെ എനിക്ക് സംസ്സാരിക്കാനും ഓരൊ കാരണങ്ങള്‍ കിട്ടി തുടങ്ങിയിരുന്നു........
പതിയെ പതിയെ ഞങ്ങള്‍ നാലാളറിയുന്ന വലിയ ഫ്രണ്‍സ്സ് ആയി..... ഇന്നെനിക്ക് അവളോട് എന്തും പറയാം....(ഹരികൃഷ്ണസില്‍ മമ്മൂക്കാ പറഞ്ഞപോലെ "ഒരു ഫ്രണ്ട് എന്ന നിലയില്‍..ഒരു ഫ്രണ്ട് എന്ന നിലയില്‍...")
പക്ഷെ അപ്പഴും ഞാന്‍ പെണ്‍കുട്ടികളുടെ സൈഡിലേക്ക് നോക്കും എന്നല്ലാതെ......... മറ്റൊരു പെണ്ണിനോടും മിണ്ടുകയില്ലായിരുന്നു അത് പലരിലും പരാതിയൊ....... പരിഭവമൊ ഒക്കെ ഉണ്ടാക്കി..... എന്നോടു സംസാരിച്ചിട്ട് അവര്‍ക്കൊന്നും നേടാനല്ല.... എങ്കിലും എന്തൊ അവര്‍ അവരുടെ പ്രതിഷേധം അറിയിച്ചു....
അതിന്‍ടെ റിയാക്ഷന്‍ എന്നോണം അവള്‍ എന്നോടു അവളുടെ അഭിപ്രായം തുറന്നു പറഞ്ഞൂ.......
"എടൊ താനിങ്ങനെ നടന്നാ പോര.... ആംപിള്ളേരായ കുറച്ചു തന്‍ടേടം ഒക്കെ വേണം.....!"
പിന്നെപ്പിന്നെ പുള്ളിക്കാരീടെ സ്ഥിരം പരിപാടി ഏതേലും കൂട്ടുകാരികളെയൊക്കെ ചുമ്മാ എന്‍റെ അടുത്തേക്ക് പറഞ്ഞു വിടും എന്തെങ്കിലും ചോദിക്കാനോ, വാങ്ങാനൊ ഒക്കെയായി.... ഒക്കെ പുള്ളിക്കാരിയുടെ ആശയങ്ങള്‍ ആയിരുന്നു എന്നു വളരെ വൈകിയാണ് ഞാന്‍ അറിഞ്ഞത്.... ആ അവസരങ്ങള്‍ അറിഞ്ഞോ അറിയാതെയൊ എന്നെ മാറ്റി കോണ്ടിരുന്നു...
വര്‍ഷം ഒന്നു കഴിഞ്ഞിരിക്കുന്നു ഇപ്പോ ഞാന്‍ പഴയ ആളെ അല്ല... എന്‍ടെ ശബ്ദവും ക്ലാസ്സില്‍ ഇടക്കിടെ മുഴങ്ങാന്‍ തുടങ്ങി.....
അങ്ങനെ മറ്റൊരു അത്ഭുതം കൂടി സംഭവിക്കുന്നു.....ഞാന്‍ അതാ ഒരു നാടകത്തില്‍ അഭിനയിക്കാന്‍ പോകുന്നു...
തകൃതിയായ പരിശീലനം... എന്‍റെ കഥയും കഥാപാത്രങ്ങളും ഒക്കെ ഞാന്‍ അവള്‍ക്കും വിവരിച്ചു കൊടുത്തു....
"നീ ആകെ മാറിപോയടാ...." എന്നായിരുന്നു അവളുടെ മറുപടി...
എനിക്ക് എന്നെ കുറിച്ച് വല്ലാത്ത അഭിമാനം തോന്നി.....
നാടകം നന്നായി; ഒപ്പം എന്‍റെ കഥാപാത്രവും....
ഞാന്‍ അങ്ങനെ എന്‍റെ ക്ലാസ്സില്‍ മാത്രമല്ല അപ്പുറത്തെ ക്ലാസ്സുകളിലും ഫെയ്മസ്സ് ആയി....
അങ്ങനെയിരിക്കെയാണ് ഒരു പുതിയ കഥാപാത്രം രംഗ പ്രവേശം ചെയ്യുന്നത്.....
ഞങ്ങളുടെ അടുത്ത ക്ലാസ്സിലെ പെണ്‍കുട്ടിയാണു കക്ഷി........ പുള്ളിക്കാരിയുടെ കണ്ണുകള്‍ കുറച്ചു ദിവസമായി എന്നെ വട്ടമിട്ടു പറക്കുന്നുണ്ട്.....
അതു പക്ഷെ ഞാന്‍ അറിഞ്ഞത് എന്‍റെ കൂട്ടുകാരി വഴിയാണ്.... അവള്‍ ദേഷിച്ച് ഒരു ദിവസം എന്‍റെ അടുത്ത് വന്നു ചോദിച്ചു...
"നിനക്കെന്താടാ എന്നോടു പ്രേമമാണോ........?"
ഞാന്‍ ആകെ തരിച്ചു പോയി....."നിനക്കെപ്പഴേലും അങ്ങനെ തോന്നിയിട്ടുണ്ടൊ" എന്നു മാത്രമെ എനിക്കു ചോദിക്കാന്‍ കഴിഞ്ഞിരുന്നുള്ളു....
കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് അറിയുന്നത് അതു നമ്മുടെ അയലത്തുകാരിയുടെ ഭാവനയായിരുന്നു എന്ന്...
ഞാന്‍ എന്‍റെ അയലത്തുകാരിയെ കണ്ടു സംസാരിച്ചിട്ടു തന്നെ കാര്യമെന്നു തീരുമാനിച്ചു.... ഇപ്പോ അതിനൊക്കെ ഉള്ള തന്‍റെടം എനിക്കായി കഴിഞ്ഞിരിക്കുന്നു.... പിറ്റെ ദിവസം ലഞ്ച് ബ്രേക്കിന് ഞാന്‍ അവളെ കാണാന്‍ പോയി...
ഉച്ചക്ക് കൂട്ടുകാരികളോടൊപ്പം സൊറ പറഞ്ഞിരുന്ന അവളോട് ഞാന്‍ എന്തൊക്കെയാ പറഞ്ഞതെന്ന് എനിക്കും അറിയില്ല...
അത്രക്കും ദേഷ്യമായിരുന്നു എനിക്കവളോട്.... അവസാനം അതു എന്‍റെ അയല്‍ക്കാരിയുടെ കരച്ചിലില്‍ വരെ എത്തി.....
അങ്ങനെ വിജയശ്രീലാളിതനായി തിരിച്ചു വന്ന എന്നെ കാത്തിരുന്നത് എന്‍റെ കൂട്ടുകാരിയുടെ വക തെറിയായിരുന്നു ഞാന്‍ ചെയ്തത് ഒട്ടും ശരിയായില്ലാത്രെ....!! പക്ഷെ എനിക്കപ്പഴും അതില്‍ ഒരു കുറ്റബോധവും തോന്നിയില്ലാ...
കാരണം ഞാന്‍ എന്‍റെ ആ കൂട്ടുകാരിയെ അത്രമാത്രം സ്നേഹിച്ചിരുന്നു........ ബഹുമാനിച്ചിരുന്നു...... അവള്‍ക്കു ഞാന്‍ മൂലം ഒരു വിഷമം....അതെനിക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.....!!
പക്ഷെ പിന്നെ എപ്പഴോ എനിക്കെന്‍ടെ അയലത്തുകാരിയോടു ഒരു പ്രണയം തോന്നി....
ഞാന്‍ അതൊന്നു പറയാന്‍ കാത്തിരുന്നത് പോലെയായിരുന്നു അവളുടെ റിയാക്ഷന്‍......
പിന്നെ പറയണ്ടല്ലോ കൊടുമ്പിരിക്കൊണ്ട പ്രണയത്തിന്‍ടെ നാളുകള്‍....
പ്രണയലേഖനങ്ങള്‍...സ്കൂളിന്‍ടെ ഒഴിഞ്ഞമൂലകളിലെ അടക്കം പറച്ചിലുകള്‍...
മൈതാനത്തിന്‍ടെ ഓരത്തു നില്‍ക്കുന്ന തണല്‍ മരചുവട്ടിലെ കംപെയ്ന്‍ സ്റ്റഡി (പോലെ..) അങ്ങനെ പ്രേമം അതിന്‍ടെ കണ്ണും മൂക്കും ഇല്ലാത്ത ഓട്ടപാച്ചില്‍ നടത്തികൊണ്ടിരുന്നു....
ഇതെല്ലാം നിസ്സഹായതയോടെയൊ നോക്കി 2കണ്ണുകളും....
വേറെ ആരുടെ എന്‍ടെ പ്രീയപ്പെട്ട കൂട്ടുകാരിയുടെ...... ഇന്നു ഞങ്ങള്‍ തമ്മിലുള്ള അകലത്തിന്.... എന്‍ടെ അയലത്തുകാരിയുടെ സ്നേഹത്തിന്‍ടെ അത്ര അകലം ഉണ്ട്......
പ്രണയിക്കുന്നത് വിലക്കുന്നവരോട് ഓരൊ യുവരക്തത്തിനും തോന്നുന്ന അതേ വികാരം...ദേഷ്യം...പക....
അതായിരുന്നു എനിക്കവളോട്.... ഒരിക്കല്‍ എപ്പഴോ ഞാന്‍ അവളോട് പറയുകയും ചെയ്തു..
നിനക്ക് അസ്സൂയയാ..!!
അമര്‍ത്തി ഒരു ചിരിയായിരുന്നു അവളുടെ മറുപടി.....
അതിന്‍റെ അര്‍ത്ഥം മനസ്സിലാക്കിയപ്പേഴേക്കും ഞാന്‍ ഒരു പാടു വൈകിപ്പോയിരുന്നു....
എന്‍ടെ അയലത്തുകാരിയുടെ (അല്ല കാമുകിയുടെ) വീട്ടില്‍ കാര്യം അറിഞ്ഞു....
പിന്നെ ആ പ്രണയകഥ അതിന്‍റെ ക്ലൈമാകിസിലേക്ക്.....
ഇത്തിരി പോന്ന ഒരു ചെക്കന്‍ടെ ആത്മാര്‍തഥക്ക് എന്തു വില.......പുല്ലു വില...
അവളുടെ കോളെജില്‍ പഠിക്കുന്ന ചേട്ടനും കൂട്ടുകാരും പാഞ്ഞെത്തി..പുന്നാര പെങ്ങളുടെ കാമുകന്‍ടെ എല്ലു വെള്ളമാക്കാന്‍..
ഇടി കൊണ്ടില്ല എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമല്ലോ അല്ലെ...... ഭാഗ്യത്തിനു ഇടി ഒരു അരികത്തുകൂടി എന്നെ ഓവര്‍ ടേക്ക് ചെയ്തു പോയി.... കാരണം സ്നേഹ നിഥിയായ എന്‍റെ കാമുകി എന്നെ (മനസ്സില്ലാ മനസ്സോടെ) ഉപേക്ഷിക്കാന്‍ തയ്യാറായി...
അവള്‍ പറഞ്ഞു നമുക്ക് പിരിയാം... എന്നെ മറക്കൂ.. ഇല്ലെങ്കില്‍ എന്‍റെ ചേട്ടന്‍...... അവള്‍ മുഴുമിച്ചില്ല...
പിന്നെ ചെമ്മീനിലെ... പരീക്കുട്ടിയെ ഓര്‍മ്മിക്കുമാറ് ഞാന്‍ ആ സ്കൂള്‍ വരാന്തകളില്‍ പാടി പാടി നടന്നു....അല്ല എന്‍ടെ കൂട്ടുകാര്‍ എനിക്കു വേണ്ടി "മന്നാടെ"മാരായി.... അവര്‍ ഉറക്കെ പാടി....ഞാന്‍ അതിലും ഉറക്കെ അവരെ തെറി പറഞ്ഞു....
അപ്പോഴെപ്പഴൊക്കെയൊ എന്‍റെ (പ്രീയപ്പെട്ട) കൂട്ടുകാരി എന്നോടെന്തൊക്കെയൊ പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു....
ഞാന്‍ പറഞ്ഞു എനിക്കു കേള്‍ക്കണ്‍ട നിന്‍ടെ പ്രാക്കാ ഇങ്ങനെ ഒക്കെ കാര്യങ്ങള്‍ ആക്കിയത്....
നീ എന്നോടു മിണ്ടാന്‍ വരണ്ടാ... ഒരിക്കല്‍ പോലും ഒന്നു മുഖം വാടിപ്പോലും കണ്ടട്ടില്ലാത്ത അവളുടെ കണ്ണു നിറയുന്നത് അന്നു ഞാന്‍ ആദ്യമായി കണ്ടു..... പക്ഷെ അത് എന്തിനാണെന്നു തിരക്കാനോ ചിന്തിക്കാനോ ഞാന്‍ ശ്രമിച്ചതെ ഇല്ല... എന്‍റെ ചിന്തകള്‍ ആ നഷടസ്വപ്നത്തിന്‍ടെ പിറകെ കിടന്നു അലയുകയായിരുന്നു......
വെറുതെ.....
ഇനി ഏതാനും മാസങ്ങള്‍ കൂടിയെ ഉള്ളൂ ക്ലാസ്സ്.... പത്താം ക്ലാസ്സ് പരീക്ഷ ചൂടിലാണ് ഞാനും എന്‍റെ കൂട്ടുകാരും.............
അതിലുപരി അപ്പോള്‍ ഓട്ടോഗ്രാഫുകളുടെ സമയം കൂടി ആയിരുന്നു... ചെറുതും വലുതുമായ വര്‍ണ്ണകടലാസുകള്‍ പതിച്ച പുസ്ഥകങ്ങള്‍.....
ഞാന്‍ എന്‍റെ മാമന്‍ കൊണ്ടുതന്ന ഒരു കിടിലന്‍ ഡയറി തന്നെ രംഗത്തിറക്കി……….
എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും തകര്‍ത്ത് എഴുതി കൊണ്ടിരുന്നു...
സ്വന്തം ഓട്ടോഗ്രാഫ് ആരുടെ കൈയിലാണെന്നു പോലും അറിയില്ല..... ആരൊക്കെയൊ ആര്‍ക്കൊക്കെയൊ എന്തൊക്കെയൊ എഴുതുന്നു...
ഞാനും എന്‍റെ കൈയില്‍ കിട്ടിയ പുസ്ഥകങ്ങളില്‍ എന്തൊക്കെയൊ പതിവു ഡയലോഗുകള്‍ എഴുതി വിട്ടുകൊണ്ടിരുന്നു...
അതിനിടയിലാണ് ആ ഓട്ടോഗ്രാഫ് എന്‍റെ കൈയില്‍ വന്നത്..... അവളുടെ....... എന്‍റെ കടിഞ്ഞൂല്‍ കൂട്ടുകാരിയുടെ...
എനിക്കൊന്നും എഴുതാന്‍ തോന്നാഞ്ഞതാണൊ അതൊ ഞാന്‍ മനപൂര്‍വ്വം വേണ്ടാന്നു വെച്ചതാണൊ എന്തോ.....
എനിക്കറിയില്ല എന്തായാലും എന്‍റെ വരികള്‍ അതില്‍ ഉണടായില്ലാ..........
പിന്നെയും കുറെ ദിവസങ്ങള്‍ കഴിഞ്ഞാണ് എന്‍റെ ഓട്ടോഗ്രാഫ് തിരികെ എന്‍റെ കൈയ്യില്‍ വരുന്നത്...
അപ്പോഴേക്കും അത് വാക്കുകളും വര്‍ണ്ണപ്പൊട്ടുകളും കൊണ്ട് സമൃദം ആയി കഴിഞ്ഞിരുന്നു......
ഞാന്‍ ആര്‍ത്തിയോടെ ആവേശത്തോടെ ഓരൊന്നായി വായിച്ചു തുടങ്ങി പലരും സാധാരണ വാചകങ്ങളില്‍ ഒതുങ്ങി നിന്നപ്പോള്‍ ചിലര്‍ കവികളായി, മറ്റു ചിലര്‍ തത്വചിന്തകരായി, അങ്ങനെ അങ്ങനെ ഓരോന്ന്....
പകുതി മുക്കാലും വായിച്ചു കഴിഞ്ഞപ്പോഴാണ് ഞാന്‍ ഓര്‍ത്തത് നമ്മുടെ 2 പ്രധാന കക്ഷികളുടെ വരികള്‍ ഒന്നും കാണാനില്ല....
പീന്നെ അതിനുവേണ്ടിയുള്ള തിരച്ചില്‍ ആയി..... ആദ്യം കിട്ടിയത് എന്‍ടെ അയലത്തുകാരിയുടെ പേജ് ആയിരുന്നു...
(അവളിതെപ്പോ എഴുതി എന്നെനിക്കറിയില്ല...)
അവള്‍ക്കെഴുതാന്‍ ഒരെ ഒരു വരി മാത്രമെ ഉണ്ടായിരുന്നുള്ളു..
"എന്നെ ഓര്‍ക്കാതിരിക്കുക വല്ലപ്പോഴുമെങ്കിലും......"
എനിക്കൊട്ടും അതിശയോക്തി തോന്നിയില്ല കാരണം എനിക്കറിയാമായിരുന്നു അവളെ ഞാന്‍ അഥവാ മറന്നാലും ഇടക്ക് ഓര്‍ക്കാന്‍ വേണ്ടി തന്നെയാണ് അങ്ങനെ എഴുതിയതെന്ന്.....
നെഞ്ചില്‍ ഒരു ചെറിയ നീറ്റല്‍ സമ്മാനിച്ച് ആ പേജും മറിഞ്ഞു പോയീ....
അപ്പോഴും ജിജ്ഞാസ്സ എന്നെ എന്‍റെ കടിഞ്ഞൂല്‍ കൂട്ടുകാരിയുടെ വരികള്‍ തേടാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.....
അതെന്നെ ആ ഡയറിയുടെ അവസാന പേജുകള്‍ വരെ കൊണ്ടെത്തിച്ചൂ...
അവിടെ അവര്‍ എന്നെ പ്രതീക്ഷിച്ചു നില്‍പ്പുണ്‍ടായിരുന്നു.....
മൊത്തം 6 പേജ്....
ഒരു പെണ്‍കുട്ടിക്ക് അവളുടെ മനസ്സ് ഇതില്‍ കൂടുതല്‍ തുറന്ന് കാണിക്കാന്‍ കഴിയില്ല എന്നു തോന്നുന്നു.....
അതില്‍ എല്ലാ മുണ്ടായിരുന്നു....
ആ പഴയ ഞാന്‍.... എന്‍ടെ മാറ്റങ്ങള്‍... അതില്‍ അവള്‍ കണ്ടെത്തിയ ആനന്ദം... അവളുടെ സ്നേഹം....
പിന്നീട് ഞാന്‍ അവളില്‍ നിന്നകന്നകന്നു പോയപ്പോള്‍ അവളുടെ വേദന.....
ഒരു സുഹൃത്തിനോടുള്ള ഇഷ്ടം.......ഒരു കൂടപ്പിറപ്പിനോടെന്നതുപോലുള്ള സ്വാതന്ത്രം......... ഒക്കെ ഞാന്‍ അവളില്‍ നിന്ന് ഇല്ലാതാക്കുകയായിരുന്നോ... എനിക്ക് എന്നോട് തന്നെ വല്ലാത്ത വെറുപ്പ് തോന്നിപ്പോയി.....
അവളൊടൊത്തുള്ള കുറെ നല്ല സൗഹൃദനിമിഷങ്ങള്‍ ഞാന്‍ പാഴാക്കി കളഞ്ഞില്ലേ......
എനിക്ക് വല്ലാത്ത നഷ്ടബോധം തോന്നി....
പക്ഷെ വൈകി പോയിരിക്കുന്നു ഇനി ഏറിയാല്‍ ഒരു മാസം അതു കഴിഞ്ഞാല്‍ പലരും പലവഴി....
എന്നെ അന്ന് രാത്രി മുഴുവന്‍ ഒരുപാട് കരയിച്ച ആ വരികളുടെ ഒടുക്കം അവള്‍ ഇങ്ങനെ എഴുതി.......

""നിന്നെ ഞാന്‍ ഒരു പാടു സ്നേഹിച്ചിരുന്നു, ഇന്നും സ്നേഹിക്കുന്നു........
അതുകൊണ്ട് തന്നെ നീ എന്നെ വേദനിപ്പിച്ചപ്പോ.....
അതിലേറെ എനിക്കു നൊന്തു.... പക്ഷെ എന്നിട്ടും നിന്നെ എനിക്കു വെറുക്കാനാവുന്നില്ലല്ലോ.........!!!""
"ഇനിയും നിനക്ക് ഒരുപാടു സുഹൃത്തുക്കള്‍ ഉണാവുമായിരിക്കും........
അവരെയെങ്കിലും വേദനിപ്പിക്കാതിരിക്കാന്‍ നിനക്കു കഴിയട്ടെ....."

" എന്ന് നിന്‍റെ കടിഞ്ഞൂല്‍കൂട്ടുകാരി.........."

താജ് മഹലോളം




“ഏതാണ്ട് പത്തുവര്‍ഷം മുമ്പ് ഞാന്‍ നടത്തിയ താജ് മഹലിലേക്കുള്ള യാത്രയാണ് ഈ രചനയ്ക്കാ ധാരം…‘താജ് മഹല്‍‘ ഇന്നും എന്റെ മനസ്സു തുളുമ്പുന്നൊരോര്‍മ്മയാണ്. എങ്കിലും ‘താജി‘നെയും അതിന്റെ നിര്‍മ്മാണ സാഹചര്യങ്ങളെയും കുറിച്ച് ഞാന്‍ പ്രതിപാദിക്കുന്ന വസ്തുതകളില്‍ മാന്യ വായനക്കാര്‍ക്ക് എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍, എന്നെ തിരുത്താനുള്ള സന്മനസ്സ് കാണിക്കും എന്ന പ്രതീക്ഷയോടെ..”.

“ഹേയ് പാഗല്‍…കിദര്‍ ബഖ്തായെ തൂ..!!”
അങ്ങനെയെന്തോ ആണ് ഞാന്‍ കേട്ടത് . പെട്ടെന്നുള്ള ഡ്രൈവറുടെ ബ്രേക്ക്…പാതിയുറക്കത്തിലായിരുന്ന ഞാന്‍ പെട്ടെന്നുണര്‍ന്നു… ഡ്രൈവര്‍ പിന്നെയും എന്തൊക്കെയൊ ദേഷ്യത്തോടെ പറയുന്നുണ്ട്… മുന്‍സീറ്റിലിരിക്കുന്ന എന്‍റെ അങ്കിള്‍ അയാളോട് എന്തൊക്കെയൊ ആശ്വാസവാക്കുകള്‍ പറയുന്നെങ്കിലും അയാള്‍ വിടുന്ന ലക്ഷണമില്ല…ഞാന്‍ അടുത്തിരുന്ന ആന്ടിയോടു കാര്യം തിരക്കി…ഒരു വഴി പോക്കന്‍ കാറിനു കുറുകെ ചാടിയത്രേ.. അയാളോടായിരുന്നു നമ്മുടെ ഡ്രൈവറുടെ പ്രകടനം..!
‘ഹിതീഷ് ’- അതാണയാളുടെ പേര്. ഗുജറാത്തിയാണ്. ‘പട്ടേല്‍‘ എന്നാണ് മാമനടക്കം എല്ലാവരും വിളിക്കുന്നത്..സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മാമനു കമ്പനി നല്‍കിയതാണ് ആ കാറും പിന്നെ പട്ടേലിനെയും. പുള്ളിക്കാരന്ടെ പ്രധാന പണി എന്നേം ആന്ടിയേം കൊണ്ട് മഥുരാപുരി മുഴുവന്‍ കറങ്ങലായിരുന്നു. എല്ലാ ദിവസവും ഞങ്ങള്‍ക്ക് ചുറ്റിനടക്കാന്‍ ആന്ടി ഓരോ സ്ഥലം കണ്ടു പിടിക്കും….
പ്രീഡിഗ്രി ആദ്യവര്‍ഷം ഒരു പരുവത്തിന് പൂര്‍ത്തിയാക്കി വീട്ടിലിരുന്ന് ഒരു മാസം ബോറടിക്കാന്‍ തീരുമാനിച്ചിരുന്ന എനിക്ക് അപ്രതീക്ഷിതമായി വീണു കിട്ടിയ ഭാഗ്യമായിരുന്നു ആ ഉത്തര്‍പ്രദേശ് യാത്ര… ഉണ്ണിക്കണ്ണന്ടെ നാട്ടില്‍ കുറച്ചു ദിവസം.. അതായിരുന്നു കേരളത്തില്‍ നിന്നു പുറപ്പെടുമ്പോള്‍ മനസ്സു നിറയെ…
‘ജന്മഭൂമി‘-കൃഷ്ണന്‍ ജനിച്ച സ്ഥലം. അവിടുന്നൊരു പത്തു പന്ത്രണ്ടു കിലോമീറ്റര്‍ അകലെ ‘മഥുരാ റിഫൈനറിയുടെ ഠൌണ്‍ഷിപ്പ് ‘. അവിടെയായിരുന്നു ഞങ്ങളുടെ താമസം. എതാണ്ട് ഒരാഴച കൊണ്ട് ആ ചുറ്റുവട്ടത്ത് കാണാന്‍ പറ്റിയ സ്ഥലങ്ങളൊക്കെ ഞങ്ങള്‍ കണ്ടു തീര്‍ത്തൂ.. എനിക്കാകെ ബോറടിച്ചു തുടങ്ങിയിരുന്നു…അപ്പഴാണ്, അങ്കിളിനൊപ്പം ജോലി ചെയ്യുന്ന ഉണ്ണിയങ്കിളിന്ടെ അനിയനും ഭാര്യയും അവരുടെ ഹണിമൂണാഘോഷത്തിന്ടെ ഭാഗമായി കുറച്ചു ദിവസം ഞങ്ങളുടെ കൂടെയാക്കാന്‍ തീരുമാനിച്ച് അങ്ങോട്ട് വന്നത്.
‘താജ് മഹല്‍‘ കാണണം - അതാണവരുടെ ആവശ്യം…അതറിഞ്ഞതോടെ, എനിക്കാകെ ത്രില്ലായി…തികച്ചും അപ്രതീക്ഷിതമായി ലഭിച്ച അവസരം….മഥുരയില്‍ നിന്ന് ആഗ്രയ്ക്ക് കുറച്ചു ദുരമുണ്ട്. എതാണ്ടൊരു 50-60 കിലോമിറ്റര്‍. തൊട്ടടുത്ത് കിട്ടിയ ഒരു അവധിദിവസം ഞങ്ങള്‍ തിരഞ്ഞെടുത്തു. രാവിലെ 6 മുതല്‍ വൈകിട്ട് 7 വരെയാണ് താജിലെ സന്ദര്‍ശന സമയം. രാവിലെ പ്രാതല്‍ കഴിഞ്ഞ് ഞങ്ങള്‍ ആഗ്രക്ക് പുറപ്പെട്ടൂ, ഞാനും അങ്കിളും ആന്ടിയും പിന്നെ നമ്മുടെ ഹണിമുണ് പാര്‍ട്ടീസ്സും. അവരും ആകെ ത്രില്ലിലാണ്. അതാ കണ്ണുകളില്‍ മറയ്ക്കാനാവാത്ത വിധം പ്രകടമായിരുന്നു.
ഈ യാത്രാമധ്യേയായിരുന്നു നമ്മുടെ പട്ടേലിന്ടെ സാഹസിക പ്രകടനം. അതൊരു ചെറിയ മാനസികസംഘര്‍ഷം സൃഷ്ടിച്ചെങ്കിലും അതൊന്നും പിന്നീടുള്ള ഞങ്ങളുടെ യാത്രയിലെ രസച്ചരടു മുറിച്ചില്ല. എല്ലാവരുടെയും മനസ്സിലിപ്പോള്‍ ആ പ്രണയസ്മാരകം മാത്രം.! ഉച്ചയൂണിനു ശേഷം താജ് മഹല്‍..പിന്നെ റെഡ് ഫോര്‍ട്ട്.. അതായിരുന്നൂ ഞങ്ങളുടെ പദ്ധതി.
ആഗ്രാ നഗരത്തിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ത്തന്നെ അവിടമാകെ താജ് മഹല്‍ മയമായിരുന്നു.! സഞ്ചാരികളെ കാത്ത്, മിക്കകടകളിലും ചെറുതും വലുതുമായ താജ് മഹലിന്ടെ രൂപങ്ങള്‍.! പിന്നെ, മനസ്സിനുള്ളിലൊരു തിരയിളക്കം തന്നെയായിരുന്നു.!
ഒടുവില്‍ ഞങ്ങളും ആ പ്രണയത്തിന്ടെ പറുദീസയിലെത്തിച്ചേര്‍ന്നു. മുംതാസിന്ടെയും ഷാജഹാന്ടെയും അവരുടെ ദിവ്യപ്രണയത്തിന്ടെയും മാത്രമായ ആ ലോകത്തേക്ക് ഞങ്ങളെ സ്വാഗതം ചെയ്തത് ‘ദി ഗെയിറ്റ് വേ ഓഫ് താജ് മഹല്‍” എന്നറിയപ്പെടുന്ന ഒരു ഭീമന്‍ കവാടമാണ്. അതു കടന്നാല്‍ പിന്നെ ഏതാണ്ട് 43 ഏക്കറിലായി പരന്നു കിടക്കുന്ന ആ ലോകാത്ഭുതത്തിന്ടെ കാഴ്ചകളായി.
പ്രധാന കവാടം കടന്നുള്ളില്‍ ചെന്ന എന്ടെ കണ്ണുകള്‍ എവിടെയ്ക്കാണു നോക്കേണ്ടതെന്നറിയാതെ അമ്പരന്നു പോയി. ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള താജ് മഹല്‍ അതാ മുന്നില്‍..! ഒരു പക്ഷെ, ആ സ്നേഹകുടീരത്തിലെത്തുന്ന ഏതൊരാളിന്ടെയും അവസ്ഥ മറ്റൊന്നാവില്ല…
കവാടം മുതല്‍ താജ് മഹല്‍ വരെ നീണ്ടുകിടക്കുന്ന ജലാശയവും അതിലൂടെ കാണുന്ന താജിന്ടെ പ്രതിബിംബവും..! ആ ദ്രുശ്യം കൂടുതല്‍ മനോഹരമാക്കാനെന്നോണം ജലപ്പരപ്പില്‍ നിരനിരയായി രൂപകല്പന ചെയ്തിട്ടുള്ള ഫൌണ്ടനുകളും…! ഇരുവശവും ശാസ്ത്രീയമായി സംരക്ഷിക്കപ്പെടുന്ന ചെറുമരങ്ങളും ക്രമമായി അടുക്കി വളര്‍ത്തുന്ന പൂച്ചെടികളും.. സ്വപ്ന സുന്ദരമായ ഒരുദ്യാനം.! മുഗള്‍ ഗാര്‍ഡന്ടെ വശ്യസൌന്ദര്യം വിളിച്ചോതുന്ന അത്ഭുത പ്രപഞ്ചം.!!
ജലാശയത്തിന്ടെ ഇരുവശങ്ങളിലുമായി വെണ്ണക്കല്ലുകള്‍ പാകി മനോഹരമാക്കിയ നടവഴികളിലൊന്നിലൂടെ ഞങ്ങള്‍ മുന്നോട്ടു നടന്നു. എഞ്ചിനീയര്‍ കൂടിയായ എന്ടെ അങ്കിള്‍ തന്നെയാണ് ഞങ്ങളുടെ ഗൈഡ്. മറ്റു പലരേയും പോലെ, എന്നെയും അത്ഭുതപ്പെടുത്തിയ ഒരു കാര്യം, മുന്നു ഭാര്യമാരുണ്ടായിരുന്ന ഷാജഹാന്‍ തന്ടെ രണ്ടാം ഭാര്യയായ മുംതാസിനു വേണ്ടി മാത്രം ഇത്ര വിപുലമായ ശവകുടീരം നിര്‍മിച്ചതെന്തുകൊണ്ട് എന്നതായിരുന്നു.! (മൂന്നിലൊരാള് ഹിന്ദുമതക്കാരിയായിരുന്നു എന്നും പറയപ്പെടുന്നു.!)
അങ്കിളിന്ടെ വാക്കുകള്‍ ഷാജഹാനെന്ന മഹാഭാഗ്യവാനോട് തെല്ലൊരസൂയ ഉണര്‍ത്തുന്നതായിരുന്നു.! “മുംതാസ്..അവര്‍ ഒരു സ്ത്രീരത്നം തന്നെയായിരുന്നു.! അവരുടെ സൌന്ദര്യം ഷാജഹാന്ടെ ദര്‍ബാറിലെ കവികള്‍ക്കും കലാകാരന്മാര്‍ക്കും എന്നും പ്രചോദനമായിരുന്നു.! ഭര്‍ത്താവിനെ സ്നേഹിക്കുകയും ശുശ്രുഷിക്കുകയും മാത്രമല്ല; രാജ്യഭരണത്തിന്ടെ കാര്യത്തില്‍ പോലും ഷാജഹാന്ടെ തീരുമാനങ്ങളില്‍ ശ്ലാഘനീയവും നിര്‍ണ്ണായകവുമായ പങ്കു വഹിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. അത്രമേല്‍, ഷാജഹാന്ടെ സന്തതസഹചാരിയും വിശ്വസ്തയുമായിരുന്നു മുംതാസ് ..”.
“..തന്ടെ പത്തൊന്പതാം വയസ്സില്‍ ഷാജഹാന്ടെ പത്നിയായിത്തീര്‍ന്ന മുംതാസ് അദ്ദേഹത്തോടൊപ്പം ജീവിച്ചുതീര്‍ത്ത സ്വപ്നതുല്യമായ 19 വര്‍ഷങ്ങള്‍…! അതിലെ ഓരോ നിമിഷവും ഷാജഹാന്ടെ സുഖങ്ങളും ദുഃഖങ്ങളും അവരുടേതു കൂടിയായിരുന്നു. ഒടുവില്‍ തങ്ങളുടെ സ്നേഹവല്ലരിയില്‍ വിരിഞ്ഞ പതിനാലാമത്തെ കുഞ്ഞിനെയും പ്രിയതമനു സമ്മാനിച്ച് ഈ ലോകത്തോടു വിടപറയുമ്പോള്‍ ചരിത്രമായത് അതുല്യസ്നേഹത്തിന്ടെ അനുപമമായ ഒരു ജീവിതമാത്രുക..! ആ നിറസ്നേഹത്തിനു മുന്നില്‍ ഷാജഹാന്‍ തന്ടെ രാജ്യത്തെയും പ്രജകളെയും കുറെയൊക്കെ മറന്നു പോയെങ്കില്‍ നമുക്കാ ഹതഭാഗ്യവാനോടു ക്ഷമിക്കാം..!”
“…നീണ്ട രണ്ടു വര്‍ഷക്കാലമെടുത്തു, ഷാജഹാന് തന്ടെ പ്രിയതമയുടെ വിയോഗത്തിന്ടെ തീവ്രദുഃഖത്തില്‍ നിന്ന് കുറച്ചെങ്കിലും മുക്തനാകുവാന്‍. അപ്പോഴെക്കും ജരാനരകള്‍ ബാധിച്ച് അദ്ദേഹം ഒരു വ്യദ്ധനായിക്കഴിഞ്ഞിരുന്നുവത്രേ.! തന്ടെ പ്രാണപ്രേയസിയുടെ അന്ത്യാഭിലാഷം നിറവേറ്റുക എന്നതു മാത്രമായിരുന്നു അടുത്ത ലക്ഷ്യം..! കാലത്തിനു മുന്നില്‍ ഒരു നിത്യവിസ്മയമായി നിലകൊള്ളുന്ന ആ വെണ്ണക്കല്‍ശില്പത്തിന് തറക്കല്ലിടാന്‍ പിന്നെ ഒട്ടും താമസമുണ്ടായില്ല..!”
“…ഇരുപത്തൊന്നു വര്‍ഷങ്ങള്‍, ആയിരത്തിയഞ്ഞൂറോളം ശില്പികള്‍, ഇരുപതിനായിരം തൊഴിലാളികള്‍, ആയിരത്തോളം ആനകള്‍, ഏതാണ്ട് മൂന്നേകാല്‍ കോടിയോളം ഉറുപ്പിക… ഇവയെല്ലാം ചേര്‍ന്നു ഷാജഹാന്ടെ സ്വപ്നത്തിനു കുടപിടിച്ചപ്പോള്‍ താജ് മഹല്‍ എന്ന മഹാത്ഭുതം യാഥാര്‍ത്ഥ്യമാക്കപെട്ടു.! തന്ടെ പ്രണയസ്വരൂപമായിരുന്ന ‘മുംതാസ്’ എന്ന മഹതി തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും പകരം അവയുടെ നിത്യസ്മാരകമായി, വെണ്ണക്കല്ലുകളും രത്നങ്ങളും കൊണ്ട് ഷാജഹാന്ടെ ഒരു ചെറിയ ഉപഹാരം…അതാണ് “താജ് മഹല്‍…”
അങ്കിള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
ഞങ്ങള്‍ നടപ്പാതയുടെ പാതിവഴിയെത്തി. നീണ്ട ജലാശയത്തിനു ഒരു ചെറിയ ഇടവേള... ഇവിടെയാണ് ‘റിഫ്ളെക്ഷന്‍ പൂള്‍’ ക്രമീകരിച്ചിരിക്കുന്നത്. താജിന്ടേതായി നാം കാണുന്ന മിക്ക നിശ്ചലചിത്രങ്ങളും എടുത്തിട്ടുണ്ടാവുക ഈ പൂളിനു സമീപത്തു നിന്നുമാവും. അവിടെ മാര്‍ബിള്‍‍ പാകിയ ബഞ്ചിനു മുന്നില്‍ വല്ലാത്ത തിരക്ക്..ഞാന്‍ ആന്ടിയെയും വിളിച്ച് അങ്ങോട്ടു ചെന്നു. അവിടെ ഫോട്ടോഗ്രാഫര്‍മാരോടൊപ്പം കുട്ടികളും ചില മുതിര്‍വരും തങ്ങളുടെ ഊഴത്തി നായി കാത്തു നില്ക്കുന്നു. ബഞ്ചില്‍ കയറി നിന്നു കൈ ഉയര്‍ത്തിപിടിച്ചാണ് മിക്കവരും ക്യാമറയ്ക്ക് പോസ്സ് ചെയ്യുന്നത്. ചിത്രത്തിലൂടെയെങ്കിലും താജിനു മുകളിലെ മനോഹരമായ മകുടത്തിലൊന്നു തൊടാന്‍ വേണ്ടിയാണീ കസര്‍ത്ത്..! ഞാനുമെടുത്തു, അത്തരത്തിലൊന്ന്. അവിടെ നിന്നു താജിനെ നോക്കാന്‍ ഒരു പ്രത്യേക സുഖം തന്നെയാണ്…
നിലാവുള്ള രാത്രികളില്‍ ഷാജഹാന്‍ ഇവിടെ വന്നിരിക്കുമായിരുന്നത്രേ. ഇന്നും എല്ലാ പൌര്‍ണ്മിരാവിലും അതിനു മുന്‍പും പിന്‍പുമുള്ള രാത്രികളിലും താജ് മഹലിന്ടെ കവാടം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കാറുണ്ട്. ഇത്തവണ എനിക്കു പക്ഷെ, ആ നിലാവിന്ടെ സംഗീതം ഒന്നാസ്വദിക്കാന്‍ കഴിഞ്ഞില്ല.!
ഇരുവശങ്ങളിലെയും ഹരിതസൌന്ദര്യമൊക്കെ ക്യാമറയില്‍ പകര്‍ത്തിയെടുത്താണ് ഞങ്ങളുടെ നടപ്പ്. അപ്പോഴതാ ഒരു വില്ലന്‍ ബോര്‍ഡ്..! ഇനിയങ്ങോട്ട് ഫോട്ടൊ എടുക്കാന്‍ അനുവാദമില്ലത്രേ.! ഞാനാകെ വിഷമത്തിലായി…സാരമില്ല; പോലീസുകാരനു ‘സംതിംഗ്’ കൊടുത്ത് കാര്യം സാധിക്കാമെന്ന് അങ്കിള്‍‍ സമാധാനിപ്പിച്ചു.
ഒന്നു തിരിഞ്ഞു നോക്കി..നല്ല ദൂരം നടന്നിരിക്കുന്നു.! ആകപ്പാടെ, പച്ചയുടെ ഒരു സാമ്രാജ്യം തന്നെ.! ഇവിടുത്തെ പൂന്തോട്ടത്തിനും അവിടെ പാകിയിട്ടുള്ള കല്ലുകള്‍‍ക്കു പോലുമുണ്ടത്രേ ക്രുത്യമായ കണക്കുകള്‍‍…ഇസ്ലാമിന്ടെ വിശുദ്ധസംഖ്യയായ നാലും അതിന്ടെ ഗുണിതങ്ങളുമായിട്ടാണത്രേ ഓരോന്നും അടുക്കിയിരിക്കുന്നത്.!
അതെ..ഞങ്ങള്‍‍ താജിനടുത്തെത്തിക്കഴിഞ്ഞു.! താജ് മന്ദിരസമുച്ചയം തന്നെ ഏകദേശം രണ്ടേക്കറിലാണ് സ്ഥിതിചെയ്യുന്നത്. വളരെ വിസ്ത്രുതമായ ഒരു അടിത്തറയാണാദ്യം; അതുകയറി ചെല്ലുന്നതാണ് ഖബറിടം. അവിടെ നമ്മെ എതിരേല്‍ക്കുന്നത് മനോഹരമായ ഒരു വലിയ കവാടം.. മുഗള്‍-പേര്‍ഷ്യന്‍-ഇന്‍ഡ്യന്‍ വാസ്തുശില്പരീതികളുടെ സമ്മേളനമാണതില്‍.. ഒപ്പം പേര്‍ഷ്യയില്‍ നിന്നുള്ള കലാകാരന്മാര്‍ രചിച്ച ഖുറാന്‍ സൂക്തങ്ങളും… ഉള്ളിലേക്ക് കടന്നാല്‍ രണ്ട് ശവകുടീരങ്ങള്‍‍ കാണാം. ഇടത്തുവശത്തായി മുംതാസിന്ടെയും വലതുഭാഗത്ത് അതിനേക്കാള്‍ തെല്ലു വലിപ്പത്തിലുള്ള ഷാജഹാന്ടെയും. പുറമേയുള്ള സുന്ദരഡിസൈനുകള്‍ ഇവയുടെ മാറ്റു കൂട്ടുന്നു..! ജീവിതത്തിലെന്നപോലെ മരണശേഷവും അവര്‍ ഒന്നിച്ച് അവിടെ..!
താജിനുള്ളില്‍ നിന്നുള്ള കാഴ്ച പുറമേ നിന്നുള്ളതുപോലെ തന്നെയോ ഒരു പക്ഷെ അതിനേക്കാളധികമോ ആകര്‍ഷകമായിരുന്നു.! ചിലതിനെക്കുറിച്ച് എത്ര വര്‍ണ്ണിച്ചാലും യഥാര്‍ഥ അനുഭവം പകരാനാവില്ല എന്ന യാഥാര്‍ത്ഥ്യം ഇവിടെ പ്രസക്തമത്രേ..! ഒരു മനുഷ്യായുസ്സില്‍ ഒരിക്കലെങ്കിലും ഉറപ്പായും കണ്ടിരിക്കേണ്ട ഒരു സ്ഥലം തന്നെയാണ് താജ് മഹല്‍ എന്ന കാര്യത്തില്‍ എനിക്കു തെല്ലും സംശയമില്ല.!
കൊതിപ്പിക്കുന്ന ഭംഗിയുള്ള ജാളികള്‍, മാര്‍ബിളിള്‍ തീര്‍ത്ത സ്ക്രീനുകള്‍, മുകളിലെ മകുടത്തിന്ടെ ഉള്‍വശത്തും ഭിത്തികളിലും മറ്റും നീലയിലും ചുവപ്പിലുമായി കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള ഡിസൈനുകള്‍. സെമിട്രിക് ചിത്രരചനാരീതിയുടെ ഉദാത്തമാതൃകകള്‍.! മാര്‍ബിളില്‍ രത്നകല്ലുകള്‍ ചാലിച്ചെഴുതിയ ഒരു കവിതപോലെയാണവിടം..! ഇതിലും മനോഹരമായി, ഷാജഹാനെന്നല്ല ആര്‍ക്കും തന്ടെ പ്രാണപ്രേയസിയോടുള്ള പ്രണയം പ്രകടിപ്പിക്കാനാവില്ല. ഒരു നിമിഷം.. ഷാജഹാന്ടെ ഹൃദയവേദനയുടെ ഓര്‍മ്മ അവിടെയെത്തുന്ന ഏതൊരു സഞ്ചാരിയെയും പോലെ എന്ടെ മനസ്സിനെയും ഈറനണിയിച്ചു.
കുറച്ചു ഫോട്ടോസ് എടുക്കണം..പക്ഷേ, ‘സംതിംഗ്’ കൊടുക്കാന്‍ പറ്റിയ ആരെയും അവിടെ ഞങ്ങള്‍ കണ്ടില്ല. കിട്ടിയ തക്കത്തിന് എന്ടെ ക്യാമറ അവിടമാകെ മിന്നല്‍ മഴ പെയ്യിച്ചു. അതു കണ്ടിട്ടാണോ അതോ കാണാന്‍ കാത്തിരുന്നതാണൊ എന്നറിയില്ല നമ്മുടെ ‘സംതിംഗി’ന്ടെ കൈ എന്ടെ പുറത്തു വീണു. ഹിന്ദിയില്‍ പുള്ളിക്കാരന്ടെ ഉഗ്രന്‍ പ്രകടനം..! തിരിച്ചൊന്നും പറയാന്‍ ശേഷിയില്ലാതെ നിന്ന എന്ടെ സഹായത്തിന് അങ്കിളെത്തി. പിന്നെ, അവര്‍ തമ്മിലായി. ‘സംതിംഗ്’ വിടുന്ന ലക്ഷണമില്ല..ഒടുവില്‍, എന്ടെ ഹൃദയം തകര്‍ത്തുകൊണ്ട് അയാള്‍ ക്യാമറയുമായി പുറത്തേക്ക്… ശ്ശെടാ, അങ്ങനെ വിട്ടാല്‍ പറ്റുമോ..? തിരിച്ചു കോളേജില്‍ ചെല്ലുമ്പോ ഒന്നു ഷൈന്‍ ചെയ്യാനുള്ള മൊതലാ.! ഞങ്ങള്‍ അയാളുടെ പിറകെ കൂടി. ഒടുവില്‍ അമ്പതു രൂപയുടെ ഒരു ഒറ്റനോട്ടില്‍ ‘സംതിംഗ്’ ഫ്ളാറ്റ്!! ഞങ്ങള്‍ കവാടത്തിനു പുറത്തുകൂടി താജിനൊരു പ്രദക്ഷിണം വെയ്ക്കാന്‍ തീരുമാനിച്ചൂ.
താജ്മഹലിന്ടെ പ്രധാന ആകര്‍ഷണം അതിന്ടെ മകുടം തന്നെയാണ്. ഭീമന്‍ മാര്‍ബിള്‍ കല്ലുകള്‍ ഭംഗിയായി അടുക്കി നിര്‍മിച്ചിട്ടുള്ള ആ മകുടം എക്കാലത്തെയും മികച്ച എഞ്ജിനീയറിംഗ് വൈദഗ്ദ്ധ്യത്തിന് ഉത്തമോദാഹരണമാണ്.! ഒപ്പം നാലു കോണിലും കാവല്‍ ഭടന്‍മാരെപ്പോലെ തലയുയര്‍ത്തി നില്ക്കുന്ന മിനാരങ്ങളും…! താജിന്ടെ ചുവരുകളത്രയും പലവിധത്തിലുള്ള ഡിസൈനുകളും ഖുറാന്‍ സൂക്തങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. ഈ ഭംഗി ആസ്വദിക്കുന്നതിനിടയിലും എന്നെ നൊമ്പരപ്പെടുത്തിയത് അവിടവിടെയായി ആ ചുവരുകളില്‍ കണ്ട ചെറുകുഴികളാണ്. താജിനെ പ്രഭാപൂരമാക്കിയിരുന്ന അമൂല്യമായ രത്നങ്ങള്‍ പതിച്ചിരുന്ന സ്ഥല ങ്ങളാണവ.! ഭാരതത്തിന്ടെ അപൂര്‍വ്വസ്വത്തുക്കള്‍ കൊള്ളയടിക്കാനെത്തിയ വിദേശിയുടെ കഴുകന്‍ കണ്ണൂകള്‍ താജിന്ടെ മേലും പതിച്ചു..!
താജിന്ടെ പിന്നില്‍ ശാന്തസുന്ദരമായൊഴുകുന്ന യമുനാനദിയാണ്. താജിന്ടെ നിര്‍മ്മാണത്തിനായി ഷാജഹാന്‍‍ ഈ സ്ഥലം തന്നെ തിരഞ്ഞെടുത്തതില്‍ യമുനയുടെ സാമീപ്യം ഒരു പ്രധാന പങ്കുവഹിച്ചതായി പറയപ്പെടുന്നൂ.
താജ്മഹല്‍ കണ്ടിറങ്ങുന്നവര്‍ക്കു പീന്നീടു കാണുവാനുള്ളത് സമീപത്തുള്ള മോസ്ക്കും വിശാലമായ പുല്‍ത്തകിടിയും പൂന്തോട്ടവും നടവഴികളും പിന്നെ ആ ‘റിഫ്ളെക്ഷന്‍‍ പൂളി’നു സമീപത്തുള്ള താജ് മ്യൂസിയവും ഒക്കെയാണ്. അവയൊക്കെ ഞങ്ങള്‍ ശരിക്കും ഓടിനടന്നു കണ്ടുതീര്‍ക്കുകയായിരുന്നു. എന്ടെ പ്രധാന പരിപാടി ആ പ്രദേശം മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.? ഒരു പക്ഷേ, ഇനിയൊരിക്കല്‍ ഒരു സന്ദര്‍ശനം നടക്കുമോ എന്നാര്‍ക്കറിയാം..!?
ഇനി ഞങ്ങള്‍ പോകുന്നത് ‘റെഡ് ഫോര്‍ട്ടി’ലേക്കാണ് ഈ സംരക്ഷിത സ്മാരകം കൂടി കണ്ടാലേ ഈ യാത്ര പൂര്‍ണ്ണമാവൂ. പ്രഗല്‍ഭരായ മുഗള്‍ ചക്രവര്‍ത്തിമാരില്‍ പലരും തങ്ങളുടെ ജീവിതത്തിന്ടെ സുപ്രധാനഘട്ടം ചെലവഴിച്ച സ്ഥലമാണത്. താജ് മഹല്‍ വെണ്ണക്കല്ലില്‍ തീര്‍ത്ത ദ്രുശ്യവിസ്മയമാണെങ്കില്‍ ഇതു ചെങ്കലിന്ടെ സൌന്ദര്യമാണ്. ഭീമാകാരമായ കോട്ടയുടെ ഓരോ മുക്കും മൂലയും മുഗള്‍ വാസ്തുശില്പകലയുടെ മഹത്തായ ദ്രുഷ്ടാന്തങ്ങളാണ്. മനോഹരമായി കൊത്തുപണികള്‍‍ ചെയ്ത ആര്‍ച്ചുകളും ഇടനാഴികളും ചുമരുകളും വിശാലമായ ഹാളുകളും ബാല്‍ക്കണികളും ഒക്കെ അടങ്ങിയതാണ് കോട്ട. വിശാലമായ കോട്ടയുടെ മുകളിലത്തെ നിലയിലാണ് ഔറംഗസീബ് പിതാവായ ഷാജഹാനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചത്. ആ മട്ടുപ്പാവിലുള്ള കല്‍മണ്ഡപത്തിലിരുന്നാണത്രേ ഷാജഹാന്‍‍ തന്ടെ പ്രിയതമയുടെ ശവകുടീരം ഒരു അമൂല്യ രത്നം പോലെ പ്രകാശിക്കുന്നതു കണ്ട്, ആ ദീപ്ത സ്മരണകളെ താലോലിച്ച് ശിഷ്ടകാലം തള്ളിനീക്കിയത്.!
റെഡ് ഫോര്‍ട്ടില്‍ നിന്നുള്ള താജ് മഹലിന്ടെ കാഴ്ചയും നയനാന്ദകരമാണ്. ഷാജഹാന്ടെ ആ ഹ്രുദയതാപമുള്‍കൊണ്ട് അവിടെ നിന്നൊരു ചിത്രം എടുക്കാന്‍ ഞാനും മറന്നില്ല. ഇന്നും എന്ടെ താജ് ആല്‍ബത്തിലെ പ്രഥമസ്ഥാനം ഈ ചിത്രത്തിനു തന്നെ.!
…നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു. എല്ലാവരും നന്നേ ക്ഷീണിച്ചിട്ടുണ്ട്…അങ്കിള്‍ ഇന്നത്തെ കാല്‍നടയാത്രയുടെ കണക്കെടുപ്പൊക്കെ നടത്തുന്നുണ്ട്…പുറത്തു വന്നപ്പഴേക്കും പട്ടേലും വണ്ടിയും മടക്കയാത്രക്ക് റെഡി. അല്പമകലെയുള്ള ഒരു ഹോട്ടലില്‍ നിന്ന് ലഘുഭക്ഷണവും കഴിച്ച് ഞങ്ങള്‍ മഥുരാപുരിയിലേക്കുള്ള മടക്കയാത്ര തുടങ്ങി…എന്ടെ മനസ്സ് അപ്പോഴും ആഗ്രാ നഗരം വിട്ടു പോരാന്‍ തയ്യാറായിരുന്നില്ല. മനസ്സു മുഴുവന്‍ താജ് മഹലും മുംതാസും ഷാജഹാനും അവരുടെ പ്രണയവും ഒക്കെയായിരുന്നു.!
അന്നു ഞാന്‍ മനസ്സുകൊണ്ട് ഒത്തിരി ആഗ്രഹിച്ചു പോയി…ഇനിയൊരിക്കല്‍, എന്ടെ പ്രിയസഖിയുടെ കയ്യും പിടിച്ച്, ഈ സ്നേഹ തീരത്തേക്ക് വീണ്ടും വരണം…നിലാവുള്ള ഒരു രാത്രിയില്‍ അവളെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് ഈ താജ് മഹല്‍ ചൂണ്ടികൊണ്ടെനിക്കു പറയണം: “നിന്നെ ഞാന്‍ സ്നേഹിക്കുന്നു...ഈ താജ് മഹലോളം”.