Nov 29, 2010

അമ്മയറിയാതെ അച്ഛനൊരു കത്ത്

പാലക്കാട്ടെ ഒരു ഉൾനാടൻ ഗ്രാമം, പഴങ്കഥകൾക്കും നാട്ടാചാരങ്ങൾക്കുമപരി സത്യമുണ്ടാ‍യിരുന്ന ഗ്രാമം അവിടെ പനകൾ ചെത്തുകാരന് മുന്നിൽ തലകുനിച്ചു കൊടുക്കുമായിരുന്നത്രേ. അവന്റെ പെണ്ണ് പിഴച്ചതിൽ പിന്നെ പനകൾ തലകുനിക്കാതെയായി, അത് പഴങ്കഥ. ഗ്രാമത്തിന്റെ നിഷ്കളങ്കതകൾക്ക് മുകളിൽ നാഗരികതയുടെ കപടതകൾ ആധിപത്യം സ്ഥാപിച്ചപ്പോൾ ആ ഗ്രാമം അതിന്റെ സത്യത്തെ എവിടെയൊ വച്ചു മറന്നതാവണം. വിപ്ളവകാരികൾ പലരും നാടുവിട്ടു. ചിലർ നാഗരികതയുടെ ഭ്രമിപ്പിക്കലുകൾക്കടിമകളായി. മറ്റു ചിലർ വിഫലമാവുന്ന പ്രതികരണങ്ങളുമായി ഇപ്പഴും അവിടവിടെ. മനസ്സിലപ്പോഴും നന്മ ബാക്കിയുണ്ടായിരുന്നത് ആ ഗ്രാമത്തിലെ കുട്ടികളിൽ മാത്രം. ഒരിറ്റു സ്നേഹത്തിന്റെ സത്യത്തെ അവർ നാട്ടുവഴികളിൽ തേടി നടന്നു. അതിലൊരുവനായിരുന്നു ദാസപ്പനും.

നിസ്സാര പ്രശ്നങ്ങളുടെയും വാശിയുടേയുമൊക്കെ പേരിൽ വലിയവർ തമ്മിലകലുമ്പോൾ കുട്ടികളുടെ ദുഃഖം അവരുടെ മനസ്സ് ആതാരും കണ്ടെന്നു നടിക്കാറില്ലല്ലോ. അത്തരമൊരു മാനസികാവസ്ഥയിലായിരുന്നു ദാസപ്പനും. എങ്കിലും അമ്മയറിയാതെ അവനച്ഛനെ സ്നേഹിച്ചു. ഒരു പനയോളം സ്നേഹം നിറച്ച കത്തുകളിലൂടെ ഓർമ്മയടയാളങ്ങൾ വീണു തുടങ്ങും മുമ്പേ തനിക്കു നഷ്ടമായ അച്ഛനെ തിരികെകിട്ടാൻ ആ സാന്നിദ്യം യാഥാർത്ഥ്യമാക്കാൻ ദാസപ്പൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ആ കത്തുകളിലെ ദാസന്റെ മനസ്സിനേയും അത് പിന്നീട് അവന്റെ ജീവിതത്തിലുണ്ടാക്കിയ അപ്രതീക്ഷിത പരിണാമങ്ങളുടെയും കഥ പറയുകയാണ് T D ദാസൻ Std VI B എന്ന തന്റെ കന്നി ചിത്രത്തിലൂടെ സംവിധായകൻ മോഹൻ രാഘവൻ.

യഥാർത്ഥ മേൽവിലാസക്കാരന്റെ പക്കലെത്താതെ പോകുന്ന ആ കത്തുകളിലാദ്യത്തേത് പരസ്യചിത്ര സംവിധായകനായ നന്ദകുമാറിന്റെയും മകൾ അമ്മുവിന്റെയും കൈകളിലേക്കാണ് വന്നുചേരുന്നത്. നന്ദൻ ആ സംഭവത്തെ / കത്തിനെ നല്ലൊരു ത്രെഡായിക്കണ്ട് അതിന്റെ കച്ചവട സാധ്യതകളെ മുൻ‌നിർത്തി ഒരു സിനിമ നിർമ്മിക്കാനൊരുങ്ങുമ്പോൾ അമ്മു ചിന്തിക്കുന്നത് തികച്ചും വ്യത്യസ്ഥമായാണ്. അവന്റെ മാനസികാവസ്ഥ ചിലപ്പോഴെങ്കിലും തന്റേതാണെന്നുള്ള തിരിച്ചറിവ് വരികളിലൂടെ ദാസൻ അവന്റെ അച്ഛനിൽ നിന്ന് കൊതിച്ച സ്നേഹത്തിന്റെ വാത്സല്യത്തിന്റെ സാന്നിധ്യമാകാൻ അവളെ പ്രേരിപ്പിക്കുന്നു. അവളുടെ കത്തുകളും സമ്മാനങ്ങളും ദാസന്റെ ജീവിതത്തിന് പുതുവെളിച്ചമാകുന്നു. ആ പിഞ്ചുമനസ്സിൽ അവ സമ്മാനിക്കുന്ന പ്രതീക്ഷകൾ വാനോളമാകുമ്പോൾ സ്വാഭാവികമായും പ്രതിസന്ധികളും വളരുന്നു.

വർത്തമാനകാല ജീവിതങ്ങളിൽ വിശ്വാസങ്ങൾ വെറും ജാഡയാവുകയും മനുഷ്യത്വം പടിയടക്കപ്പെടുകയും ചെയ്യുമ്പോൾ പിഞ്ചുമനസ്സുകൾ അതിനെയൊക്കെ ആവുന്ന രീതിയിൽ വെല്ലുവിളിക്കുന്നത് ചിത്രത്തിൽ അവിടവിടെ കാണാം. കഥാഗതിയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ലെങ്കിലും മെട്രോ നഗരത്തിന്റെ കോലാഹലങ്ങൾക്കു നേരെ ഗോഷ്ടികാട്ടി ഒരു ഭ്രാന്തൻ ചിത്രത്തിൽ വന്നുപോകുന്നത് ചില ഓർമ്മപ്പെടുത്തലുകൾ സമ്മാനിച്ചുകൊണ്ടാണ്.

“അയാളെ നിങ്ങൾക്കറിയില്ല, ഇനിയും അയാളുടെ മുന്നിൽ തോൽക്കാൻ എനിക്കാവില്ല” എന്ന ഭാര്യയുടെ പ്രതികരണത്തിൽ മാത്രം സംവിധായകൻ എല്ലാമൊതുക്കി വയ്ക്കുമ്പോൾ ദാസപ്പന്റെ അച്ഛനും ഗ്രാമത്തിലെ പഴയ വിപ്ളവകാരിയുമായ രാഘവൻ വീടും നാടുമുപേക്ഷിച്ച് പലായനം ചെയ്യ്തത് എന്തുകൊണ്ട് എന്നത് ഒരു സമസ്യയാവുന്നു. ഒരു പക്ഷെ കാ‍ലഹരണപ്പെട്ട വിപ്ളവ സമവാക്യങ്ങളും ആ തിരോധാനത്തിനു പിന്നിലുണ്ടാവാം. മടയിലൊതുങ്ങിയ ഒരു പഴയ നരിയായി രാഘവന്റെ സുഹൃത്ത് രാമൻ‌കുട്ടി ഈ സാധ്യതകളെ സാധൂകരിക്കുന്നു. ഒരു വൈരുദ്ധ്യമെന്നോണം ചന്ദ്രിക ഭർത്താവിന്റെ സമരവീര്യത്തോടെ ഗ്രാമത്തിൽ പോരാട്ടത്തിന്റെ ചങ്ങലകൾ തീർക്കുന്നുമുണ്ട്.

സംവിധായകന്റെ ടച്ചസ്സ് കാര്യമായി കാണാൻ കഴിഞ്ഞില്ലെങ്കിലും നല്ലൊരു കഥ അതിനോട് നീതിപുലർത്തിയ തിരക്കഥയും സംഭാഷണ ശകലങ്ങളും എല്ലാം ചേർന്ന് ചിത്രം അതിന്റെ പൂർണ്ണതയിലേക്ക് വരുമ്പോൾ ഒരു നല്ല ടീം വർക്കിന്റെ സുഖം. ഗൃഹാതുരത്വമുണർത്തുന്ന പാലക്കാടൻ ഗ്രാമ പശ്ചാത്തലം ചില നഷ്ട സ്വപ്നങ്ങളുടെ കണക്കെടുക്കൽ കൂടിയായി. കച്ചവട സിനിമകയുടെ ഫ്ളേവറുകൾ കുത്തിക്കയറ്റാൻ മടികാണിച്ചതിനാലാവണം ബോക്സോഫീസിൽ ചലനമുണ്ടാക്കാൻ ചിത്രത്തിനു കഴിയാതെ പോയത്. എങ്കിലും നല്ല സിനിമയെ സ്നേഹിക്കുന്നവരുടെ മനസ്സിൽ കുറച്ചധികം കാലം ഈ ചിത്രവും ഇതിലെ കഥാപാത്രങ്ങളും ഉണ്ടാവും.

Nov 20, 2010

അന്തിക്കാട്ടെ കഥകള്‍ തുടരുന്നു...

ഏറെ പ്രതീക്ഷയോടെ എന്നാല്‍ ഏറെ വൈകി കണ്ട ഒരു ചിത്രം..."കഥ തുടരുന്നു", കണ്ടപ്പോള്‍ ഒന്ന് നിരൂപിചാലോ എന്ന് തോന്നിപോയി.


അമ്പതു ചിത്രങ്ങള്‍ അല്ല അമ്പതു ചലച്ചിത്രാനുഭവങ്ങള്‍ മലയാളത്തിനു സമ്മാനിച്ച സത്യന്‍ അന്തിക്കാട്...! ആ പേര് വെള്ളിത്തിരയില്‍ തെളിയുമ്പോഴൊക്കെയും ഓരോ സിനിമാപ്രേമിയുടെയും മനസ്സില്‍ പ്രതീക്ഷയുടെ ഒരു വേലിയേറ്റം തന്നെയാവും ഉണ്ടാവുക. അത് ഇക്കഴിഞ്ഞ രണ്ട് ദശാംബ്ദകാലം കൊണ്ട് ആ സിനിമാ പ്രതിഭ സ്വന്തമാക്കിയ ഒരു വലിയ അവാർഡ് തന്നെയാണ്. അദ്ദേഹത്തിന്റെ അന്‍പതാമതു ചിത്രമായ "കഥതുടരുന്നു" കാണാനിരുന്നപ്പോള്‍ എന്റെ മനസ്സിലും പ്രതീക്ഷകള്‍ ചിറകു മുളച്ചു തുടങ്ങിയിരുന്നു. അച്ഛുവിന്റെ അമ്മയ്ക്ക് ശേഷം സ്ത്രീകഥാപാത്രത്തിനു പ്രാധാന്യം നൽകിക്കൊണ്ട് ഒരു ചിത്രമൊരുങ്ങുമ്പോള്‍ പ്രത്യേകിച്ചും. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് കോടതി വിധിയുടെ പിന്തുണയോടെ മുസ്ലീമായ കാമുകനൊപ്പം ഇറങ്ങിത്തിരിക്കുന്ന വിദ്യാലക്ഷ്മിയുടെ ജീവിത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാവുന്ന സംഭവവികാസങ്ങളാണ് സത്യന്‍ അന്തിക്കാട് തന്നെ രചനയും സംവിധാനവും നിര്‍‌വ്വഹിച്ച ഈ ചിത്രം പറഞ്ഞു വയ്ക്കുന്നത്.

ഒരു ക്വൊട്ടേഷന്‍ സംഘത്തിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഭര്‍ത്താവായ ഷാനവാസ് കൊല്ലപ്പെടുന്നതോടെ വിദ്യാലക്ഷ്മിയുടെയും മകള്‍ ലയയുടെയും സ്നേഹ സമ്പന്നമായ ജീവിതത്തിലേക്ക് പ്രതിസന്ധികള്‍ ഒന്നൊന്നായി കടന്നു വരുന്നു. സ്വന്തം കിടപ്പാടം കൂടി നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങുന്ന അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഓട്ടോ ഡ്രൈവര്‍ പ്രേമന്റെ സാന്നിദ്ദ്യം കഥയ്ക്ക് പുതിയ വഴിത്തിരുവ് നല്‍കുന്നു. അനാഥനായ പ്രേമന്റെ ലോകമായ ചേരിയിലേക്ക് നായികയും മകളും എത്തുമ്പോള്‍ അവരെയും ഒപ്പം പ്രേക്ഷകനെയും കാത്തിരിക്കുന്നത് നിരവധി വ്യത്യസ്ഥ കഥാപാത്രങ്ങളാണ്. ലാസറും ഓമന കുഞ്ഞമ്മയും ജാഥകള്‍ക്കും സമരങ്ങള്‍ക്കും ആളെ സപ്ളേ ചെയ്യുന്ന മാമൂക്കോയയുടെ കഥാപാത്രവും റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുടെ പങ്കപ്പാടുകളും. എക്സ് കള്ളനായ മാമച്ചനും ഉപകഥയിലെ പ്രണയജോടികളായ മല്ലികയും സതീഷും എല്ലാം ഇതിനുദാഹരണങ്ങളാണ്. പ്രണയകോലാഹലങ്ങൾക്കിടയിൽ ഉപേക്ഷിക്കേണ്ടി വന്ന മെഡിസിൻ പഠനം പൂർത്തിയാക്കാൻ നായികയ്ക്ക് തങ്ങളുടെ തുച്ഛമായ സമ്പാദ്യത്തിലൊരു ഭാഗം മാറ്റിവയ്ക്കുന്ന ചേരി നിവാസികൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹിക മൂല്യങ്ങൾക്ക് ഒരു അപവാദമാകുന്നു. സത്യൻ സിനിമകളുടെ പതിവ് കെട്ടുവട്ടങ്ങളിൽ നിന്നാണെങ്കിലും സമർദ്ധമായി രൂപപ്പെട്ട കഥാപാത്രങ്ങൾ. ഇവർ ഉൾപ്പെടുന്ന രംഗങ്ങളിൽ ആക്ഷേപ ഹാസ്യത്തിന്റെ സാധ്യതകൾ ഭംഗിയായി ഉപയോഗപ്പെടുത്താനും സംവിധായകനു കഴിഞ്ഞു.

മാറ്റങ്ങൾ എല്ലാ മേഖലയേയും കീഴടക്കുമ്പോഴും മതത്തെ കൂട്ടുപിടിച്ച് അനാവശ്യമായ ന്യായങ്ങൾ നിരത്തി ഏതൊരു നിസ്സഹായന്റെയും ദൌർബല്യങ്ങളെ മുതലെടുക്കാൻ തക്കം പാർത്തിരിക്കുന്ന നമ്മുടെ സാക്ഷര സമൂഹത്തെ ഒട്ടനവധി കാര്യങ്ങൾ ഓർമ്മപ്പെടുത്താൻ കഴിയുമായിരുന്ന ഒരു കഥാ തന്തുവായിരുന്നു “കഥ തുടരുന്നു” എന്ന ചിത്രത്തിന്റേത്. പക്ഷെ “സന്ദേശം” പോലുള്ള ധീരമായ ചലച്ചിത്രങ്ങളൊരുക്കിയ ഒരു സംവിധായകന് ഇത്തവണ എന്തു സംഭവിച്ചു എന്ന് മനസ്സിലാകുന്നില്ല. ഒരു പക്ഷെ ശ്രീനിവാസൻ എന്ന കൌശലക്കാരന്റെ അഭാവമാകുമൊ!!? ഒരു “സെയിഫ് ലാന്റിംഗ്” അങ്ങനയെ ഈ ചിത്രത്തിന്റെ പര്യവസാനത്തെ വിശേഷിപ്പിക്കാനാവൂ. ഒരു ഹിന്ദു മുസ്ലിം ലഹളയൊ അതു വരുത്തിവയ്ക്കുന്ന ദുരന്തങ്ങളോ ഉൾപ്പെടുത്തണമായിരുന്നു എന്നല്ല ഉദ്ദേശിച്ചത്. സമൂഹത്തിന് എന്തെങ്കിലും ഒരു സന്ദേശം നൽകാൻ കഴിയുന്ന, സ്വാധീനം ചെലുത്തുന്ന ഒരു തലത്തിലേക്ക് ചിത്രം ഉയർന്നില്ല എന്ന നിരാശയാണ് പങ്ക് വെയ്ക്കുന്നത്.

തുടക്കത്തിൽ കണ്ട ഒരു ആവേശം കഥയുടെ പുരോഗതിയിൽ കാണാഞ്ഞതും ഈ സെയിഫ് ലാന്റിംഗിനായുള്ള പരിശ്രമത്തിനിടയിൽ നഷ്ടമായതാവാം. അപ്രതീക്ഷിതമായുള്ള ബാഗ് മോഷ്ടാവിന്റെ രംഗപ്രവേശം നായകനെ കണ്ടെത്താനുള്ള വഴിയായി ന്യായികരിക്കാമെങ്കിലും തെരുവിലേക്കിറങ്ങുന്ന വിദ്യാസമ്പന്നയായ ഒരു ചെറുപ്പക്കാരിയുടെ പാർക്കിലേയും റെയിൽ‌വേസ്റ്റേഷനിലേയും ചുറ്റിക്കറങ്ങലും അന്തിയുറക്കവും അല്പം കുടിപ്പോയില്ലേ എന്നൊരു സംശയം അതുപോലെ തന്നെ നായികയുടെ പഠനച്ചിലവിനായി പണം സ്വരൂപിക്കുന്ന ചേരി നിവാസികളുടെ രംഗങ്ങളും തുടർന്നുള്ളവയും പല തമിഴ് സിനിമകളിലും കണ്ടു കളഞ്ഞ പതിവ് സെന്റിമെൻസ്സ് സെറ്റപ്പുകളായി തോന്നി. ഒടുവിൽ തനിക്ക് മകൾ കൂടി നഷ്ടെപെടുമെന്ന സാഹചര്യത്തിൽ നായിക കാര്യങ്ങളെ ഇനിയെങ്ങനെ നേരിടും എന്ന ആകാംഷയിലിരിക്കുന്ന കാണിയുടെ മുന്നിലേക്ക് സുഹൃത്തായ ലേഡിഡോക്ടറുടെ വുഡ്ബിയെ ഒരു രക്ഷകന്റെ രൂപത്തിലിറക്കി സംഗതി ശുഭമാക്കിയപ്പോൾ നായിക യാത്രയാവുന്ന വിമാനത്തോടൊപ്പം പ്രേക്ഷകന്റെ പ്രതീക്ഷയും കടലുകടന്നു.

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും മമ്ത മോഹൻ‌ദാസിന് ചില നല്ല അഭിനയ മുഹൂർത്തങ്ങൾ ചിത്രം നൽകുന്നു. ഇളയരാജ ഈണമിട്ട ചിത്രത്തിലെ ഒരു ഗാനം പോലും മോശമായില്ല എന്നതും ചിത്രത്തിന്റെ ചേരുവകളിൽ ഒരു പ്ളസ് പോയിന്റാണ്. എന്തിനും ഏതിനും ജാതകം നോക്കുന്ന പ്രേംനസീർ എന്ന പ്രേമൻ ജയറാമിന്റെ കയ്യിൽ അനായാസമായി. ആസിഫ് അലി അവതരിപ്പിച്ച ഷാനവാസ് എന്ന കഥാപാത്രം മോശമല്ലാത്ത പ്രകടനത്തോടെ തന്റെ ഭാഗം ഭംഗിയാക്കി. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സഹസംവിധായകന്റെ കുപ്പായമണിഞ്ഞു എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. ഭാവിയിൽ അച്ഛനെ വെല്ലുന്ന ഒരു മകനായി അഖിലും മലയാളിക്കു മുന്നിലെത്തുമെന്ന് പ്രതീക്ഷിക്കാം.

ഇത്തിരി നിരാശ സമ്മാനിച്ച് ഈ ചിത്രം അവസാനിക്കുമ്പോൾ എന്റെ മനസ്സിലേക്ക് ഓടി വന്നത് പലവുരു ടിവിയിലും മറ്റുമായി കണ്ട അന്തിക്കാട്ടെ വയലോരങ്ങളും ഇടവഴികളും താണ്ടി വരുന്ന ഒരു സൈക്കിളാണ്. അതും ചവിട്ടി പുതിയ കഥാബീജങ്ങൾ തേടിയാത്രയാവുന്ന സത്യൻ അന്തിക്കാട് എന്ന തനി നാടൻ സിനിമാക്കാരനേയും. ഒപ്പം കഴിഞ്ഞ കുറേക്കാലമായി തകരാതെ സൂക്ഷിച്ച സത്യൻ സിനിമകളെക്കുറിച്ചുള്ള പ്രതീക്ഷകളും.

Sep 14, 2010

“വെട്ടങ്കണ്ടനാശാൻ”

പഴങ്കഥയിലെ ഒരു വീരപുരുഷന്റെ കഥ...! ചെറുപ്പത്തിൽ അച്ഛമ്മ പറഞ്ഞുകേട്ട കഥയാണ് ഇതിനാധാരം. സത്യമെത്രയെന്നറിയില്ല. എങ്കിലും...


സദ്യ കഴിഞ്ഞ് മുതിർന്നവരൊക്കെ സൊറപറച്ചിലുമായി ഓരോയിടത്ത് വിശ്രമിക്കാനൊരുങ്ങുമ്പോൾ ഉണ്ണി അച്ഛമ്മയ്ക്കടുത്തേക്കോടിച്ചെന്നു തന്റെ ആവശ്യം ഉന്നയിച്ചു. “അച്ഛമ്മേ ഒരു കഥ പറഞ്ഞു താ...!“


“ഉണ്ണിക്കുട്ടനിപ്പോ ഏത് കഥയാ കേൾക്കണ്ടേ...?” ആ വലിയ മഞ്ഞക്കട്ടിലിൽ കാല് നിവർത്തി ചാരിയിരുന്ന് അച്ഛമ്മ വാത്സല്യത്തോടെ ചോദിച്ചു.


“ഞങ്ങൾക്കും കേൾക്കണം അമ്മുമ്മേ കഥ...!“ അമ്മൂമ്മ കഥപറയാനൊരുങ്ങുന്നൂ എന്നറിഞ്ഞപ്പോൾ മായയും മുരളിയും ചിന്നുവും എല്ലാം ഉണ്ണിക്കൊപ്പം കൂടി.


“ആ വാ വാ എല്ലാരും വാ... ഞാൻ തിത്തെയ്യ് അപ്പൂപ്പന്റെ കഥ പറഞ്ഞു തരാം....“


“അത് വേണ്ടമ്മൂമ്മേ... എനിക്ക് വെട്ടങ്കണ്ടനാശാന്റെ കഥ കേട്ടാ മതി.” ഉണ്ണി.


“അതാരാ ഉണ്ണിക്കുട്ടാ ആ ആശാൻ!!?“ മായയ്ക്ക് ഒരു സംശയം.


“അയ്യേ ഈ മായേച്ചിക്ക് ഒന്നും അറിയില്ലാ...!!“ മായ ഉണ്ണിയെ കൊഞ്ഞനം കുത്തിക്കാട്ടി അവനും വിട്ടുകൊടുത്തില്ല.


“മ്മ്... വേണ്ട വേണ്ട വഴക്കു വേണ്ട ആ കഥ തന്നെ പറയാം.“ അമ്മുമ്മ അവളെ വിലക്കി.


“പണ്ട് പണ്ട് പത്തിരുന്നൂറു വർഷം മുമ്പുള്ള കഥയാ. ആയിരപ്പറക്കണ്ടവും പറമ്പും തോപ്പുമൊക്കെ നമുക്ക് സ്വന്തമായി ഉണ്ടായിരുന്ന കാലം. ഈ ഉണ്ണിക്കുട്ടന്റെ അച്ഛനെപ്പോലെ അന്നത്തെ കുടുംബമൂപ്പനായിരുന്നു ഈ വെട്ടങ്കണ്ടനാശാൻ. മഹാദാനശീലനും ദയാലുവും ദേശക്കാർക്കൊക്കെ പ്രിയനുമായിരുന്നു മൂപ്പൻ..” അവർ കഥ പറഞ്ഞു തുടങ്ങി.


ഉണ്ണിക്കുട്ടൻ ചന്ദനക്കാലും പൂട്ടിവച്ച് ഗമയിൽ ചുറ്റുപാടുമൊന്നു നോക്കി താടിക്ക് കൈകൊടുത്ത് ഇരുന്നു. അച്ഛമ്മ കഥ തുടർന്നു.


“അന്ന് നമ്മുടെ കാവും കളരിയുമൊക്കെ ഇതുപോലെ ആയിരുന്നില്ല. വടക്കനും തെക്കനും തുളുനാടനുമൊക്കെ പഠിച്ചറിഞ്ഞ തികഞ്ഞ അഭ്യാസിയായിരുന്ന മൂപ്പന്റെ നേതൃത്വത്തിൽ കളരി സജീവമായിരുന്നു. നിറയെ ശിഷ്യന്മാരും വാൾക്കാരും ഒക്കെ എന്തിനും തയ്യാറായി എപ്പഴും ഉണ്ടായിരുന്നു.


അത് രാജഭരണകാലമായിരുന്നു. ഒരിക്കൽ മൂപ്പന് തന്റെ അഭ്യാസമുറകളൊക്കെ രാജാവിന്റെ മുന്നിൽ പ്രദർശിപ്പിക്കാൻ ഒരു അവസരം കിട്ടി. ആ അഭ്യാസ പ്രകടനങ്ങളൊക്കെക്കണ്ട് സന്തുഷ്ട്നായ രാജാവ് “മൂപ്പാ നീ കളരിപ്പയറ്റിൽ ഒരു ആശാൻ തന്നെ“, “ഇന്നുമുതൽ നീയും നിന്റെ തലമുറക്കാരും ‘ആശാന്മാർ‘ എന്നറിയപ്പെടട്ടെ“ എന്നാശിർവദിച്ച് കൈനിറയെ സമ്മാനങ്ങളും കൊടുത്ത് സന്തോഷത്തോടെ മടക്കി. അങ്ങനെ ആ മൂപ്പനാശാനും പിന്തലമുറക്കാരുമൊക്കെ ആ‍ശാന്മാരായി അറിയപ്പെടാൻ തുടങ്ങി. കുടുംബത്തിലെ സ്ത്രീകളൊക്കെ ആശാട്ടിമാരുമായി.


“അപ്പോ ഈ ഉണ്ണിക്കുട്ടനും ആശാനാണോ അമ്മുമ്മേ...!!? മായയ്ക്ക് സംശയം.


“അല്ല മോളെ, ആശാട്ടിമാരുടെ മക്കൾ മാത്രെ ആശാന്മാരാവൂ അതാ നടപ്പ്.” “മരുമക്കത്തായ കുട്ടി.”


“അമ്മുമ്മെ ബാക്കികൂടി പറ...” ഉണ്ണിക്കുട്ടൻ ആവേശത്തിലാണ്.


“മുപ്പനാശാൻ ദേശത്തെ പ്രമാണിയായി അങ്ങനെ കഴിയവേ ഒരു ദിവസം ആശാൻ നമ്മുടെ കൊല്ലം കമ്പോളത്തിലൂടെ നടക്കുമ്പോൾ വടക്കൂന്ന് കച്ചോടത്തിനു വന്ന ഒരു മാപ്പിള മറ്റ് കച്ചോടക്കാരെയൊക്കെ ഉപദ്രവിക്കുന്നൂന്നൊരു വാർത്തകേട്ടു. കലികൊണ്ട ആശാൻ അങ്ങോട്ട് ചെന്നപ്പോൾ കാണുന്ന കാഴ്ചയെന്താ..!? ആ വടക്കൻ ഒരു അരയത്തിപ്പെണ്ണിന്റെ ഉടുമുണ്ടിൽ കയറിപ്പിടിക്കുന്നു. പിടഞ്ഞോടിയ അരയത്തി ആശാന്റെ കാൽക്കൽ വീണ് രക്ഷിക്കണേ എന്നപേക്ഷിച്ചു.”


“അപ്പോ ആശാൻ എന്തു ചെയ്യ്‌തമ്മുമ്മേ...!!‘ ചിന്നൂന്ന് ഉത്കണ്ഠ് അടക്കാനായില്ല.


“എന്തു ചെയ്യ്‌തെന്നോ!“ മുത്തശ്ശിയുടെ കണ്ണുകളിൽ ആവേശത്തിന്റെ തിരയിളക്കം.


‘ആശാൻ വാളുമെടുത്ത് ഒറ്റച്ചാട്ടം മാപ്പിളയുടെ നേർക്ക്. ശിം...ശും..!! എന്ന് തലങ്ങും വിലങ്ങും രണ്ട് വെട്ട്, ദേ കിടക്കുന്ന മാപ്പിള മൂന്ന് കണ്ടമായി.“


“അയ്യോ ആളുകളെ കൊന്നാ ആശാനേ പോലിസ്സ് പിടിക്കില്ലേ അമ്മുമ്മേ..??“ സംശയം മുരളിയുടേതാണ്.


“അന്ന് എവിടാമോനേ പോലീസ്” അമ്മുമ്മ തിരുത്തി. രാജാവല്ലേ എല്ലാം. അന്ന് കൊലപാതകം ചെയ്യ്‌താ കടുത്ത ശിക്ഷയാ. ചിലപ്പോ തലവെട്ടിക്കളയും അല്ലെങ്കിൽ 7 ദിവസം കടലിൽ പോയി കിടക്കണം അതാ രാജശാസന...!! ആശാൻ നേരെ പടിഞ്ഞാട്ടോടി കടലിലേക്കെടുത്തൊരു ചാട്ടം ചാടീന്നാ പറയുന്നേ. പിന്നെ 7 ദിവസം കഴിഞ്ഞു തിരിച്ചൊരു വരവു വന്നൂ. അതീപ്പിന്നെ മൂപ്പൻ ആശാനേ എല്ലാവരും “വെട്ടങ്കണ്ടനാശാൻ” എന്ന് വിളിക്കാൻ തുടങ്ങീന്നാ കഥ.


“അമ്മുമ്മേ..എനിക്കും പഠിക്കണം കളരി!!“ മുരളിക്ക് ആവേശം.


“എനിക്കും പഠിക്കണം” ഉണ്ണിയും ഉണ്ട് പിറകേ.


“നീ അതിന് ആശാനല്ലല്ലോ...പിന്നെങ്ങനാ പഠിക്ക്യാ..” മുരളി വിട്ടുകൊടുത്തില്ല. അവൻ ഉണ്ണിയെ ചക്കകാട്ടി.


“ആ ഇനി അതും പറഞ്ഞ് തുടങ്ങിക്കോ രണ്ടും കൂടീ.” മുരളിയുടെ അമ്മ സരള അങ്ങോട്ട് വന്നു. “എല്ലാരും അപ്പുറത്തുപോയി കളിച്ചേ. ഇനി അമ്മുമ്മ ഇത്തിരി വിശ്രമിക്കട്ടെ. മ്മ്.. ചെല്ല് ചെല്ല്...!


ഉണ്ണി വേഗം ഓടി പുറത്തേക്ക്. ഉണക്കാനിട്ടിരുന്ന മടപ്പൊളി കൈയ്യിലെടുത്ത് ആവുന്ന ശബ്ദത്തിലവൻ ആർത്തു. “ഹ ഹ ഹ... വെട്ടങ്കണ്ടാശാനെ തൊടാൻ ആരുണ്ടടാ..!“


“ഞാനുണ്ടടാ...“ മുരളിയും കൂടെ ചാടി പുറത്തേക്ക്. പിന്നാലെ മായയും ചിന്നുവും.


ഉണ്ണിയുടെ ശബ്ദം പുറത്തുകേട്ടപ്പഴേ അവന്റെ അമ്മ കയർത്തു. “ടാ ഉണ്ണീ.....കണ്ണു തെറ്റിയാ വെയിലത്തിറങ്ങിക്കോണം വിയർപ്പുതാന്ന് പനിയായിട്ടിങ്ങ് വാ ശരിയാക്കും നിന്നെ ഞാൻ.”


“ഓ പോട്ടെ നാത്തുനേ... പിള്ളാരല്ലെ അവരിത്തിരി കളിച്ചോട്ടെ. തിരിച്ചാ ഫ്ലാറ്റ് ലൈഫിലോട്ട് ചെന്നാപ്പിന്നെ അവർക്കിതുവല്ലോം പറ്റുവോ” സരളയുടെ സപ്പോർട്ട് കുട്ട്യോൾക്ക്.


“നാത്തൂൻ വാ നമുക്കപ്പുറത്തോട്ടിരിക്കാം. വല്യക്ക അവിടെന്തെക്കെയോ ഒരുക്കുന്നുണ്ട് വയ്യിട്ടത്തേക്ക്.” അതും പറഞ്ഞ് അവർ വടക്കേ മുറിയിലേക്ക് പോയി.


പുറത്ത് കുട്ടികളുടെ കലപില മുറുകുമ്പോൾ മുത്തശ്ശി മഞ്ഞക്കട്ടിലിലെ കരിമ്പടത്തിനുള്ളിലേക്ക് പതിയെ ഒതുങ്ങി... “ന്റെ ദേവീ....!”


Jul 25, 2010

ഗോപൂന്റെ പ്രണയാന്വേഷണപരീക്ഷണങ്ങൾ


"വാക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കിലെ "ഒരു പ്രമേയം, പല കഥകൾ..!!" എന്ന കഥാരചന കളരിയിലേക്കായി എഴുതിയത്.

ഗോപുവിന് അത് പരീക്ഷണങ്ങളുടെ നാളുകളായിരുന്നു. തെറിവിളികളും മുഖം തിരിക്കലുകളും തല്ലുകൊള്ളലും തുടർക്കഥയായപ്പോൾ തന്റെ പ്രണയ പ്രയത്നങ്ങൾ ചാറ്റ് റൂമുകളുടെ സ്വകാര്യതയിലേക്ക് തിരിച്ചു വിടാൻ തന്നെ അവൻ തീരുമാനിച്ചു. അതാവുമ്പോൾ പെമ്പിള്ളാരുടെ രൂക്ഷമായ നോട്ടത്തെ പേടിക്കണ്ട. അടിയിൽ ലാടവുമായി പതുങ്ങിയിരിക്കുന്ന അവരുടെ ചെരുപ്പുകളെ ഭയക്കണ്ട. ആങ്ങളമാരും അമ്മാവന്മാരുമില്ല. മഫ്ടി പോലീസ്സിന്റെ അപ്രതീക്ഷിത ഇടി ഇല്ലേയില്ല.

പക്ഷെ ഒരു പ്രശ്നം. ഇത്തിരി ഇംഗ്ലീഷ് അറിയണം. നേരേ വീട്ടിലെത്തി കാര്യം അവതരിപ്പിച്ചു. “അച്ഛാ.... അമ്മേ.... എനിക്ക് സ്പോക്കൺ ഇംഗ്ലീഷ് പഠിക്കണം.”

ഈശ്വരാ ഇവനു വകതിരിവു വന്നോ......” അവർ ആശ്വസിച്ചു. “നല്ലതാ മോനേ നീ നാളെത്തന്നെ ചേർന്നോ മോനേ....!!“ മൂന്നു മാസത്തെ കഠിന പരിശീലനം “ഈസ്സും വാസ്സും“ തിരിച്ചറിയുന്ന പരുവമായപ്പോൾ അവൻ ചാറ്റ് റൂമിൽ കയറി ആദ്യ ഡയലോഗിട്ടു....!!

“ഹായ് ഡൂഡ്.... എ. എസ്. എൽ പ്ലീസ്സ്!!”

പെൺ വേഷം കെട്ടി ആളെ പറ്റിക്കുന്ന കേരളാ ചാറ്റ് റൂം ആയിരുന്നില്ല അവന്റെ ലക്ഷ്യം. “ലെസ്ബിയൻ വിമൻസ്സ് കോർണറും“ “ഗേ മെൻസ്സ് ഏരിയയും“ കടന്ന് അവൻ യൂകെയുടെയും യൂഎസ്സിന്റെയും സായഹ്ന ചാറ്റ്കാരികളെ ഉറക്കമൊഴിച്ചിരുന്ന് കണ്ടുപിടിച്ചു. എമിലിയും ഹെന്നയും മാരയുമൊക്കെ അവനോട് കിന്നാരം പറഞ്ഞു. സെമികോളനും ക്ലോസ്സ് ബ്രാക്കറ്റും കൊണ്ട് അവനെ ഇക്കിളിയാക്കി.

“ഹോ ഈ ‘പ്രിഥ്വിരാജിന്റെ മുഖത്തിന്‘ അമേരിക്കയിൽ ഇത്രയും ഡിമാന്റോ..!!?”

“ഫിലിപ്പിനികൾ തന്നെ ചാറ്റ് റൂം കാമുകിമാരിൽ മുമ്പന്തിയിൽ നീ അവരെ ഒന്നു നോക്കടാ.....!!“ കൂട്ടുകാരന്റെ ആ വിദഗദ്ദോപദേശം തക്കസമയത്തായിരുന്നു. ആദ്യ ദിവസം തന്നെ തരപ്പെട്ടത് 4 കിടിലൻ പീ..........!! ച്ഛീ......പെമ്പിള്ളാരെ; ഒന്നിന്റെ ഫോൺ നമ്പറും കിട്ടി.

ബട്ട് സോറി ഡൂഡ്. മണിക്കൂറിന് ഇരുപത് രൂപാകൊടുത്ത് ഈ കഫേയിൽ ഇരിക്കുന്ന പാട് എനിക്കുമാത്രം അറിയാം: ഗോപുവിന്റെ പിറുപിറുപ്പ്. അപ്പഴാ ഇനി ഐ.എസ്.ഡി. വിളിക്കുന്നെ !! വെറുതെ ഒരു മിസ്സ്ഡ് കോളടിക്കാം. എന്നിട്ടൊരു ഡയലോഗും. “സോറി ഡിയർ.. കാൾ ഈസ് നോട്ട് കണക്ടിംഗ്.” “ഐ വിൽ കാൾ യൂ ലേറ്റർ....!!“. ഇവിടെ വെറുതെ വായിനോക്കി നടക്കുകയാണെങ്കിലും ചാറ്റ് റൂമിൽ ഞാൻ മാസം മുപ്പതിനായിരത്തിനുമേൽ ശബളം വാങ്ങുന്ന സിവിൽ എഞ്ചിനീയർ അല്ലേ.!! വെയിറ്റ് കളയാനൊക്കുമോ...! ഗോപൂന് അഭിമാന പ്രശ്നം.

ദേ വരുന്നു പിറ്റേന്നൊരുത്തി!! “എലിസബത്ത് @#$^%....(എന്തരൊ ഒരു കുന്ത്രാണ്ടം.)“ വന്ന് കയറിയപ്പഴേ നല്ല ഒലിപ്പീര്. കെട്ടിയോൻ പിണങ്ങി പോയത്രേ. എന്നാലെന്താ ഫോട്ടൊ കാണാൻ തന്നെ നല്ല ചേല്. “ഹോ അടുത്ത ഫ്ലൈറ്റിൽ തന്നെ ഫിലിപ്പീൻസ്സിലേക്ക് പറന്നാലോ എന്ന് അവന് തോന്നി. “ഓ മൈ സ്വീറ്റ് ഡാർലിംഗ്..... യൂ ആർ സോ ക്യൂട്ട് അന്റ് സെക്സി....” ഗോപൂന്റെ ഡയലോഗ് വായിച്ച് അവള് സന്തോഷം കൊണ്ട് നാലിഞ്ചങ്ങ് പൊങ്ങിയെന്ന് തോന്നുന്നു.

“യു ഹാവ് ക്യാം..!“ “ഐ വാണ്ട് ടു സീയൂ....!“ ആ വെള്ള കൊക്കിന് ആഗ്രഹം (അത്യാഗ്രഹം) അടക്കാനാവുന്നില്ല. ഗോപൂന് പക്ഷെ ഒരു വെപ്രാള പനി. ഭഗവാനേ പ്രിഥ്വിരാജിന് പകരം എന്റെ അലൂമിനിയം പാത്രത്തിന് അടികൊണ്ട കണക്കുള്ള മോന്ത കണ്ടാൽ അവള് ഇട്ടേച്ചോടുമല്ലോ!!

മ്മ്.....ആ...... വഴിയുണ്ട്. ഗോപുന്റെ ബുദ്ധി പണ്ട് ആപ്പിള് തലയിൽ വീണ ന്യൂട്ടനെപ്പോലെ ഉണർന്ന് പ്രവർത്തിച്ചു. മനസ്സുകൊണ്ട് ആർക്കമഡീസ്സിന്റെ “യൂറീക്കയും“ രണ്ട് പ്രാവശ്യം ഏറ്റു പറഞ്ഞു. ശേഷം കർച്ചീഫെടുത്ത് രണ്ടായി മടക്കി വെബ്ക്യാമിന്റെ പുറത്തിട്ടു. എന്നിട്ടൊരു അക്സപ്റ്റ് ഇൻ‌വിറ്റേഷനും കൊടുത്തു. കൂടെ ഒതുക്കത്തിൽ ഡയലോഗും “ക്യാൻ ഐ സീ യൂ ടൂ....!!??“

“ഓ ഷുവർ.... വൈ നോട്ട്” അവൾക്ക് എന്താ ഒരു ഉത്സാഹം. ഗോപുവിന് സന്തോഷം കൊണ്ട് ഇരിക്കാനും നിക്കാനും പറ്റാത്ത അവസ്ഥ.

അല്പം കഴിഞ്ഞില്ല അവളുടെ ദീനരോദനം അങ്ങ് ഫിലിപ്പിൻസ്സിൽ നിന്നും വരികളായി ഒഴുകിവരുന്നു. “ഓ ഡിയർ... ഐ കാണ്ട് സീ യൂ പ്രോപ്പർലീ”

“ക്യാമറയുടെ പുറത്ത് തുണിയിട്ടാൽ പിന്നെ ഇതിൽ കൂടുതൽ ഭംഗിയായി എന്തോന്ന് കാണാനാടീ മണ്ടി പെണ്ണേ......!“ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു അവന് പക്ഷെ അവനതുഭാവിച്ചില്ല.

“ഡിയർ വാട്ട് ഹാപ്പന്റ്.. ഐ ക്യാൻ സീ യൂ വെൽ” “മെ ബി യുവർ നെറ്റ് വർക്ക് പ്രോബ്...” “ട്രൈ എഗെയിൻ..!!“. എന്തു നല്ല തങ്കപെട്ട മനുഷ്യൻ അവൾ വിചാരിച്ചു കാണും. “ഇപ്പോ കിട്ടും ഉണ്ട“ അവൻ പിറുപിറുത്തു. അത്യാവശ്യത്തിനുള്ളതെല്ലാം കാണാവുന്ന തരത്തിൽ ക്യാമറയ്ക്ക് മുന്നിൽ ഒരു 6 പാക്ക് മസിൽ ബോഡി പ്രതീക്ഷിച്ചിരിക്കുന്ന അവളുടെ മേനി കണ്ട് ആസ്വദിക്കുന്നതിനിടയിൽ ഗോപുവിന്റെ റിപ്ലേ.

കുറേ നേരം അവൾ തന്റെ ഇല്ലാത്ത മസിൽ ബോഡി കാണാൻ കിണഞ്ഞു പരിശ്രമിക്കുന്നതു കണ്ട് അവൻ ആസ്വദിച്ച് അന്തംവിട്ട് അങ്ങനെയിരുന്നു.

ഇതിനിടയിൽ എന്തെല്ലാം തരത്തിലുള്ള അവളുടെ പോസ്സുകൾ. ഗോപു ഇംഗ്ലീഷ് സാഹിത്യത്തിൽ പുതിയ മാനങ്ങൾ കണ്ടെത്തി. പുതിയ പദങ്ങൾ സംഭാവന ചെയ്യ്തു. കഴിയാവുന്നതിന്റെ പരമാവധി പെർഫോമെൻസ്സുമായി അവൾ. “നന്ദിയുണ്ട് പ്രിഥ്വി..... നന്ദിയുണ്ട്.... നിന്റെ പകുതി ഗ്ലാമർ എനിക്കുണ്ടായിരുന്നെങ്കിൽ ഞാൻ ഈ ലോകത്തുള്ള സകലയെണ്ണത്തിനേം വളച്ചേനേ...!! ഗോപുവിന്റെ അത്യാഗ്രഹം.

ആഹാ എന്താ ഒരു സുഖം. ഈ വെബ് ക്യാം കണ്ടു പിടിച്ചവനെ എന്റെ കൈയ്യിൽ കിട്ടിയിരുന്നെങ്കിൽ ഇത്തിരി പൊറോട്ടേം കോഴിക്കറീം മേടിച്ച് കൊടുക്കാരുന്നു. അവൻ സന്തോഷം കൊണ്ട് ഞെരിപിരികൊണ്ടു... “ഇവളെന്റെ ശരീരം ഇനിയും മെലിയിപ്പിക്കും!!“ ആത്മഗതം. “ഡാർലിംഗ് യൂ ആർ സോ ലൌലീ.... ഐ കാണ്ട് മിസ്സ് യൂ എനി മോർ...!!“ അർത്ഥമൊന്നും മനസ്സിലാക്കിയിട്ടല്ലെങ്കിലും അങ്ങട് വെച്ച് കാച്ചി.... ചിക്കൻ മസാലയ്ക്ക് അല്പം ചില്ലി പൌഡർ കൂടി.

കൈയ്യിലുള്ള ഡയലോഗിന്റെ സ്റ്റോക്കൊക്കെ തീർന്നു. ഇനി വല്ല ഫീമെയിൽ പ്രൊഫൈലുമുണ്ടാക്കി ആമ്പിള്ളാരോട് ചാറ്റ് ചെയ്യണം എങ്കിലെ പുതിയ ഡയലോഗ്സ്സ് പഠിക്കാൻ പറ്റൂ. നമ്മൾ അപ്ഡേറ്റായില്ലെങ്കിൽ ഇവിടെ പിടിച്ചു നിൽക്കാൻ വലിയ പാടാ....!!“ ഗോപു ഓർത്തു.

മണിക്കൂർ രണ്ട് ഈസ്സിയായിട്ടങ്ങ് പോയി. പ്രിഥ്വിരാജിന്റെ മോന്തായാം കടമെടുത്ത ഗോപുവിനെ ഒരു നോക്ക് കാണാനുള്ള ആ‍ക്രാന്തം അവസാനിപ്പിച്ച് അവൾ യാത്ര പറയാനൊരുങ്ങി. “ഡിയർ ഇറ്റ്സ്സ് ഗെറ്റിംഗ് ലേറ്റ്..” ഷാൽ ഐ ലീവ് ഫോർ ടുഡേ...!!“

“ഓഹ്...........നോ......... !!“ ഏരിയൽ ബോൾഡ് ഫോണ്ട്, 31 സൈസ്സിൽ ഗോപുവിന്റെ റിയാക്ഷൻ.

അതു കണ്ടിട്ട് സഹിക്കാൻ വയ്യാഞ്ഞിട്ടാണെന്നു തോന്നുന്നു എവിടുന്നോ ഒരു ഈച്ച പറന്ന് അവന്റെ മൂക്കിലേക്ക് ഒരൊറ്റ “എന്റർ !!“

“ഹാ....ഹാ....ഛീ.........!!“ മൂക്കീന്ന് എന്തൊക്കെയോ ചാടി തെറിച്ച് പുറത്ത് വന്നു. അവൻ കർച്ചീഫെടുത്തൊന്ന് മുഖം തുടച്ചു. പെട്ടന്നാണ് ആർക്കമെഡീ‍സ്സും ന്യൂട്ടനും ഒരുമിച്ചവനെ തെറിവിളിച്ചത് “മണ്ടാ.......വെളുക്കുന്നവരെ വെള്ളം കോരിയിട്ട്..........ഹോ...”

മോണിറ്ററിൽ എലിസബത്തിന്റെ മുഖം അറബിക്കടലിൽ അപ്രതീക്ഷിതമായി ഇരുണ്ട് കൂടിയ കാർമേഘം പോലെ. ഇടിവെട്ടി മഴ ഒട്ടും വൈകാതെ എത്തി.

“യൂ ചീറ്റ്..........സൺ ഓഫ് എ ബിച്ച്...... ഡേർട്ടി ഡെവിൾ........... ഫക്ക് ഓഫ്...!!“ ഹോ ഇവൾ ആംഗലേയ സാഹിത്യത്തിൽ ഡബിൾ എം. എ. ആരുന്നോ..!!!

സിക്സ്സ് പാക്ക് പോയിട്ട് ഒരു അര പാക്ക് പോലുമില്ലാത്ത തന്റെ ‘ബാഡി‘ കണ്ട് അവൾ ഇത്രയല്ലെ പറഞ്ഞുള്ളൂ. എന്നവൻ ആശ്വസിക്കാൻ ശ്രമിച്ചു. ഒരു വളിച്ച മോന്തയുമായി വീണ്ടും ഒന്നു നൂർന്ന് നോക്കി അവൻ ടൈപ്പ് ചെയ്യാൻ തുടങ്ങി “ഡി....യ....ർ...” മുഴുമിക്കുന്നതിനു മുമ്പേ അവളുടെ അടുത്ത ഡയലോഗെത്തി.

“യൂ ഇന്ത്യൻ മങ്കി... ഗോ റ്റു ഹെൽ.”

ഗോപൂ പിന്നെ ഒന്നും ആലോചിച്ചില്ല ഒറ്റ ക്ലിക്കിന് സൈൻ ഔട്ടായി (അല്ലാതെ എന്തു ചെയ്യാൻ). പക്ഷെ അന്നു രാത്രി തന്നെ അവൻ വീട്ടിൽ തന്റെ പുതിയ ആവശ്യം അവതരിപ്പിച്ചു.

“അച്ഛാ... അമ്മേ.... എനിക്ക് ജിമ്മിൽ പോണം.!!“

Jul 23, 2010

“ഔട്ട്‌ .. ഹൌസ്"


സീൻ 1
രാത്രി സമയം. ഇരുട്ടത്ത് കണ്ണ് തെളിഞ്ഞു വരുന്നത് പോലെ കാഴ്ചകൾ വ്യക്തമായി വരുന്നു. ചിത്രത്തിന്റെ പശ്ചാത്തലസംഗീതമായി വയലിനും കീബോർഡും ചേർന്നൊരുക്കുന്ന മൃദു സംഗീംതം. ദൃശ്യ ഭാവങ്ങളെ സംവേദനം ചെയ്യിപ്പിക്കത്തക്കവിധത്തിൽ അതിന്റെ ഏറ്റക്കുറച്ചിലുകൾ ചിത്രത്തിലുടനീളം.

തടിയും ഷീറ്റും കൊണ്ടുണ്ടാക്കിയ ഒരു ചെറിയ വീടിന്റെ ഉൾവശമാണ് തെളിഞ്ഞു വരുന്നത്. ഒറ്റ ബൾബിന്റെ വോൾട്ടേജ് കുറഞ്ഞ വെട്ടം. അവിടെ തറയിൽ വിരിച്ച തഴപ്പായിൽ ഒരു കീറിയ കരിമ്പടത്തിനുള്ളിൽ കൂനിപ്പിടിച്ചിരിക്കുന്ന വൃദ്ധ. പുറത്ത് നല്ല കാറ്റും മഴയും കൊണ്ട് പ്രക്ഷുബ്ദ്ധമായ അന്തരീക്ഷം. ഏന്താണ്ട് ഇരുണ്ടതായ മുറിയിൽ മിന്നൽ പിണറുകളുണ്ടാക്കുന്ന വെളിച്ചത്തിൽ ആ വൃദ്ധയെ അവ്യക്തമായികാണാം.
ക്യാമറ വൈഡ് ആകുമ്പോൾ അവിടെ ഇരുന്നു കൊണ്ട് തന്നെ ആ മുറിയുടെ കുഞ്ഞു ജനാലയിലൂടെ അവർ ആയാസപ്പെട്ട് പുറത്തേക്ക് നോക്കുന്നത് കാണാം. മഴത്തുള്ളികൾ ആ വൃദ്ധയുടെ മുഖത്തേക്ക് തെറിച്ചു വീഴുന്നതും മുഖത്തേക്ക് അടിക്കുന്ന മിന്നലും അവരെ കുറച്ച് അസ്വസ്ഥയാക്കുന്നുണ്ട്. മുഖം തിരിച്ച് അതിൽ നിന്ന് രക്ഷപെടാനുള്ള വൃദ്ധയുടെ വിഫല ശ്രമം. എങ്കിലും അവർ ആകാംഷയോടെയുള്ള നോട്ടം പിൻ‌വലിക്കാൻ തയ്യാറല്ല. അരികിൽ വക്ക് പൊട്ടിയ ഒരു പളുപളുത്ത വിലകൂടിയ പാത്രത്തിൽ കുറച്ച് ചോറും എന്തോകറിയും, പിടി ഒടിഞ്ഞു പോയ ഒരു ജഗ്ഗിൽ വെള്ളം.

ഒരു ഇടിമിന്നൽ കൂടി പെട്ടന്ന് കടന്നു വന്ന് ആ മുറിയെ തെല്ലുനേരത്തേക്ക് പ്രകാശമാനമാക്കുന്നു. മെലിഞ്ഞുണങ്ങിയ എന്നാൽ മുന്തിയ ഇനത്തിൽപ്പെട്ട ഒരു നായ് ആ മുറിയുടെ ഒരു മൂലയിൽ നിന്ന് ഞെട്ടി എഴുന്നേറ്റ് അവർക്കരികിലേക്ക് വരുന്നു (ആ മുറിയെ കുടുതൽ ഡീറ്റെയിൽ ആക്കുന്ന ഒരു മീഡിയം വൈഡ് ഷോട്ട്.). ആ വൃദ്ധ അതിനെക്കൂടി തന്റെ പുതപ്പിനുള്ളിലേക്ക് ചേർത്തു വയ്ക്കുന്നു. ഇടയ്ക്കിടയ്ക്കുണ്ടാകുന്ന മിന്നലിന്റെ പ്രകാശത്തിൽ ആ മുറി ഒരു സ്റ്റോർ റൂം പോലെ തോന്നിക്കുന്നു. എന്തൊക്കെയൊ പഴയ സാധനങ്ങൾ അവിടവിടെ വാരിവലിച്ചിട്ടിരിക്കുന്നു. ഒപ്പം ഒരു കട്ടിലും. വൃദ്ധ വീണ്ടും ജനാലയിലൂടെയുള്ള നോട്ടം തുടരുകയാണ്.
ക്യാമറ ആ ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ അത്ര ദൂരത്തല്ലാതെ ഒരു ഇരുനില വീടിന്റെ മുകളിലെ നിലയിലെ വെളിച്ചം കാണാം. പെട്ടന്ന് ആ ലൈറ്റുകൾ ഒന്നൊന്നായി അണയുന്നു. അത് വൃദ്ധയുടെ മുഖത്ത് നിരാശ പടർത്തുന്നു. അവർ നിരാശയോടെ തലകുമ്പിടുന്നു. പതിയെ നിവർന്ന് അവർ അവിടെ ചുവരിൽ തൂക്കിയ ഒരു ഫോട്ടോയിലേക്ക് ദയനീയമായി ഒന്ന് നോക്കുന്നു (അധികം പഴയതല്ലാത്ത തന്റെ മകനോടൊപ്പമുള്ള അവരുടെ ഫോട്ടോ ) വൃദ്ധയുടെ മുഖഭാവത്തിൽ ദുഃഖവും നിരാശയും കലർന്ന് കിടക്കുന്നു. എന്തോ ആലോചിച്ച് ഒരു ദീർഘനിശ്വാ‍സത്തോടെ അവർ നായയെ തലോടുമ്പോൾ നായ തലയുയർത്തി അവരെ നോക്കുന്നു.

സീൻ 2
ഒരു വലിയ വീടിന്റെ ബെഡ് റൂം. ബഡ് ലാമ്പിന്റെ വെളിച്ചത്തിൽ ദൃശ്യങ്ങൾ വ്യക്തം. മിന്നൽ പിണറുകൾ കാഴ്ചയ്ക്ക് സുതാര്യത നൽകുന്നു. ഒരു 35നു മുകളിൽ പ്രായം വരുന്ന ഒരാൾ (നേരുത്തെ വൃദ്ധയുമൊത്തുള്ള ഫോട്ടോയിൽ കണ്ട അതേ വ്യക്തി, കാലത്തിന്റേതായ ചെറിയ മാറ്റങ്ങൾ ദൃശ്യം) അയാളുടെ ഭാര്യയും നടുക്കായി 4-5 വയസ്സ് പ്രായം വരുന്ന അവരുടെ മകനും അവിടെ കട്ടിലിൽ സുഖമായുറങ്ങുന്നു. അല്പ സമയം കഴിയുമ്പോൾ അയാൾ പതിയെ എഴുന്നേൽക്കുന്നു. മകൻ ഉറക്കമായി എന്നുറപ്പ് വരുത്തി അയാൾ അവർക്കിരുവർക്കും മുകളിലൂടെ കടന്ന് ഭാര്യയുടെ പിന്നിൽ ചേർന്ന് കിടക്കുന്നു. അവളെ പുണർന്നുകൊണ്ട് പിൻകഴുത്തിൽ ചുമ്പിക്കുമ്പോൾ ഉറക്കം നടിച്ചു കിടന്ന അവർ പതിയെ കണ്ണൂ തുറന്ന് അയാളുടെ മുഖത്തേക്ക് ഒരു ചെറുചിരിയോടെ നോക്കുന്നു. തെല്ലൊന്നു തിരിഞ്ഞ് അയാളുടെ കവിളിൽ തലോടി ആ രംഗം കൂടുതൽ റൊമാന്റിക്ക് ആക്കാൻ തുടങ്ങുമ്പോൾ പെട്ടന്ന് മകൻ ചാടിയെഴുന്നേറ്റിരുന്ന് കരയുന്നു.!
അയാൾ ദേഷ്യത്തോടെ മകനെയൊന്നു നോക്കി അസ്വസ്ഥനായി കട്ടിലിൽ നിന്നെഴുന്നേറ്റ് പോകുന്നു. ഭാര്യയുടെ മുഖത്ത് ഒരു കള്ളച്ചിരി. അവർ മകനെ സമാധാനിപ്പിച്ച് ഉറക്കാൻ ശ്രമിക്കുന്നതിനിടയിൽ ഭർത്താവ് ഒരു സിഗററ്റ് കത്തിക്കാൻ ശ്രമിച്ചുകൊണ്ട് വാതിക്കലേക്ക് നടക്കുന്നു.
സിറ്റൌട്ടിലേക്ക് കടക്കാനുള്ള വാതിൽ തുറക്കുമ്പോൾ അയാൾ ഭാര്യയേയും മകനേയും തെല്ല് നീരസത്തോടെ ഒന്നുകൂടി നോക്കുന്നു. ഭാര്യയുടെ മുഖത്ത് അർത്ഥം വച്ചുള്ള ഒരു ചിരി. അയാൾ മുഖം തിരിച്ചു കളയുന്നു.
സീൻ 2A
പുറത്ത് കടന്ന് സിറ്റൌട്ടിൽ നിൽക്കുമ്പോൾ മഴ നിർബാധം തുടരുകയാണ്. വീശിയടിക്കുന്ന കാറ്റിൽ മഴത്തുള്ളികൾ അയാളുടെ മുഖത്തേക്ക് പതിക്കുന്നത് അയാൾ കാര്യമാക്കുന്നതേയില്ല. സിഗററ്റിന്റെ പുക മൃദുവായി ഊതി വിട്ട് എന്തോ ആലോചിച്ച് കൊണ്ടുള്ള അയാളുടെ ചലിച്ചുകൊണ്ടേയിരിക്കുന്ന കണ്ണുകൾ. നോട്ടം പെട്ടന്ന് എന്തിലോ ഉടക്കി നിൽക്കുന്നു. ദൂരെകാണുന്ന ആ ചെറിയ ഷീറ്റ് മേഞ്ഞ വീടിന്റെ ജനലിലൂടെ വരുന്ന ഇത്തിരി പോന്ന വെളിച്ചത്തിലാണതെന്ന് അടുത്ത ഷോട്ട് വ്യക്തമാക്കുന്നു. മിന്നലിന്റെ പ്രകാശത്തിൽ ആ ഔട്ട് ഹൌസ്സ് അവ്യക്തമായി കാണാം.
അയാളുടെ കണ്ണുകളുടെ ക്ലോസ്സപ്പ്. അതിൽ നിന്ന് ദൃശ്യം സൂം ബാക്ക് ആകുന്നു. എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ അയാൾ സിഗററ്റ് നിലത്തിട്ട് ചവിട്ടി അരയ്ക്കുന്നു.
ചവിട്ടി അരയ്ക്കലിൽ വികൃതമായ എന്നാൽ പകുതിപോലും കത്തി തീരാത്ത ആ സിഗററ്റിൽ നിന്ന് വളരെ നേർത്ത പുക പൊന്തിവന്ന് അതും ഇല്ലാതാ‍കുന്നതിന്റെ ക്ലോസ്സ് ഷോർട്ട്. പശ്ചാത്തലത്തിൽ മുറിക്കുള്ളിലേക്ക് തിരികെ നടക്കുന്ന അയാളുടെ കാലുകൾ.
വാതിൽ വലിച്ചടയ്ക്കുന്നു.

സീൻ 3
മറ്റൊരു രാത്രി, അന്തരീക്ഷം ശാന്തം. നിശ്ചലമായി ഉറങ്ങുന്ന ആ കുട്ടിയുടെ മുഖം ദൃശ്യത്തിൽ, ക്യാമറ പതിയെ വൈഡാകുമ്പോൾ ആദ്യ സീനിലെ ചെറിയ വീടിനുള്ളിൽ നിലത്ത് തഴപ്പായിൽ ആ വൃദ്ധയോടൊട്ടി കിടന്നുറങ്ങുന്ന കുട്ടിയും സമീപത്ത് ഇരുവർക്കും അഭിമുഖമായി പാതിമയക്കത്തിൽ ആ നായും. പശ്ചാത്തലത്തിൽ ഇരുട്ടിലേക്ക് പാതി തുറന്നിരിക്കുന്ന, ആ വീടിന്റെ വാതിൽ.

സീൻ 4
ബെഡ്‌റൂമിലെ ടേബിൾ ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ ഭർത്താവിന്റെ പിൻഭാഗം കാണാം. ഒരു ഗാഡാലിംഗനത്തിൽ നിന്ന് വേർപെട്ട് അയാൾ കട്ടിലിൽ മലർന്നു കിടക്കുന്നു. അഴിഞ്ഞുലഞ്ഞ മുടിയും വിയർപ്പു പൊടിയുന്ന മുഖവുമായി ഭാര്യ അയാളിലേക്ക് ഒന്നുകൂടീ ചേർന്ന് കിടക്കുന്നു. ബെഡ്‌ലാമ്പിന്റെ വെളിച്ചത്തിൽ അയാളുടെ മുഖത്ത് നിറഞ്ഞ സംതൃപ്തി. ക്യാമറ പതിയെ മേശപ്പുറത്ത് അലക്ഷ്യമായി കിടക്കുന്ന മുൻ‌ചക്രങ്ങളിലൊന്ന് നഷ്ടപ്പെട്ട ഒരു ടോയ്യ് കാറിലേക്ക് പതിയെ ഫോക്കസ്ഡ് ആകുന്നു.

ദൃശ്യം പതിയെ ഔട്ട് ഓഫ് ഫോക്കസ്സ് ആകുമ്പോൾ സ്ക്രീനിന്റെ ഇടത്ത് മുകളിലായി തെളിയുന്നു....
‘The ENDless’

Jun 18, 2010

കല്ലറാന്‍





തള്ളക്കോഴിക്കൊപ്പം കുഞ്ഞന്‍ കോഴിക്ക് തീറ്റ കൊടുക്കുമ്പോഴൊക്കെ ബിന്ദുവിനോട് അമ്മ പറയും, “മോളെ, ദേ ഇതുപോലെ കാക്കയ്ക്കും കല്ലറാനും കൊടുക്കാതെയാ ഞാന്‍ നിന്നെ വളര്‍ത്തി ഇത്രയാക്കിയത്.”
ബിന്ദു അപ്പോള്‍ വലിയ മരങ്ങളുടെ ചില്ലകളില്‍ തക്കം പാര്‍ത്തിരിക്കുന്ന കല്ലറാനെ തിരയും. തിരഞ്ഞു മടുക്കുമ്പോള്‍ അവള്‍ അമര്‍ത്തി ചിരിക്കും.
ഒരിക്കലൊരു കല്ലറാന്‍ ആ കോഴിക്കുഞ്ഞിനേം കൊത്തി പറന്നുപോയി. പിറകെ കാറിക്കൊണ്ട് പറന്ന തള്ളക്കോഴി ഒരു പുളി മരത്തില്‍ തലയിടിച്ച് നിലത്ത് വീണു പിടഞ്ഞു.
അതിനെ മഞ്ഞള്‍ പുരട്ടി സമാധാനിപ്പിച്ച് അമ്മ ബിന്ദുവിനെ കാത്തിരുന്നു. പക്ഷെ ആ ദിവസത്തെ അവസാന ബസ്സും ബിന്ദുവിനെക്കൂടാതെയാണ് ഗ്രാമത്തിലേക്ക് വന്നത്.


**കല്ലറാൻ: എന്റെ ഗ്രാമത്തിൽ കാക്കയേയും പരുന്തിനേയും പോലെ കോഴിക്കുഞ്ഞുങ്ങളെ റാഞ്ചികൊണ്ടു പറന്നു പോകാറുണ്ടായിരുന്ന ഒരു പഴയ ഓർമ്മ.

Apr 22, 2010

നീതിബോധം




നിയമത്തിന്റെ പിന്നാമ്പുറങ്ങളിൽ
അനീതിയോട് പടവെട്ടി തളർന്നു വീഴുന്ന നീതി
കൈതാങ്ങാവേണ്ടവർ പണം നിറച്ച
കീശകൾക്കായി മാത്രം കൈനീട്ടുമ്പോൾ
ആവശ്യക്കാരന്റെ ഔചിത്യമില്ലായ്മയോർത്ത്
തേഞ്ഞ ചെരിപ്പും കരിവാളിച്ച മുഖവും വലിച്ചെറിഞ്ഞ്
ആളില്ലാത്ത ഒറ്റവാതിലുമ്മറങ്ങളെവിട്ട്
മതിൽ പോലുമില്ലാത്ത പിന്നാമ്പുറങ്ങളിലേക്കോടുന്നു ഞാനും.

പണ്ടെങ്ങോ ഞാൻ നയിച്ച നീതി യാത്ര
അപ്പഴും തുടങ്ങിയിടത്തു തന്നെ
തളർന്ന് കുഴഞ്ഞെന്തിനോ കാത്തിരിക്കുന്നു

മുന്നോട്ട് പോകാനൊരു കുറുക്കുവഴി തേടിയാവാം....!

Apr 13, 2010

പവർ....... ‘കട്ട് ’ !!

പതിവുപോലെ അന്നും ഇന്റർനെറ്റ് കഫേയിലെ ഇടുങ്ങിയ ക്യൂബിക്കിളിൽ നനഞ്ഞൊട്ടാൻ തുടങ്ങുന്ന തന്റെ ചുരിദാറിലെ ചുളുക്കുകൾ കൂടിക്കൂടി വന്നപ്പോൾ ഒരു ഞരക്കത്തോടെ അവൾ പറഞ്ഞു:
“ഹോ നിന്റെ പ്രണയത്തിന്റെ നോവ്, ഇന്നിത്തിരി കൂടുതലാ......!”

“അല്ലെങ്കിലും ഈ സുവോളജി പൊതുവെ ഇത്തിരി ടഫാ മോളൂ“ മുഖമുയർത്താതെ അവൻ.

കീ ബോർഡിലെ “എ“ യും “ബി”യും “സി”യുമൊക്കെ അവളുടെ വിയർപ്പിന്റെ രുചി നൊട്ടി നുണഞ്ഞു രസിച്ചു...ഇടയ്ക്കവന്റെയും... മൌസ്സിന് അതൊരു ആഘോഷമായിരുന്നു. മോണിറ്റർ പക്ഷെ സ്ക്രീൻ സേവറിട്ട് മുഖം പൊത്തിക്കളഞ്ഞു.

ഒക്കെ കണ്ട് കൊതി തീർന്നിട്ടോ വെറുത്തിട്ടോ മടുത്തിട്ടോ എന്തോ യു.പി.എസ്സ്. പോലുമറിയാതെ ആ സിസ്റ്റം ഒരിക്കൽ ഷട്ട്‌ഡൌൺ ആയി. ട്രിപ്പായതാവും എന്നാണ് ആദ്യം കരുതിയത്, പക്ഷെ സത്യത്തിൽ കറണ്ട് അടുത്ത ട്രാ‍ൻസ്സ്‌ഫോർമറിൽ പോലും ഉണ്ടായിരുന്നില്ല.

Mar 17, 2010

"പായുടെ അടിയില്‍ നാ കിടന്നാല്‍"

മണി നാല് കഴിഞ്ഞിട്ടുണ്ടാവും. വല്ലാത്ത ക്ഷീണം.
“ഹൊ പുല്ല്ല് ഉറക്കം വന്നിട്ട് വയ്യ. നിന്റെ നിർബദ്ധം കൊണ്ടാ ഇല്ലെങ്കിൽ ഞാ‍ൻ വരില്ലായിരുന്നു. പാതിരാത്രിക്ക് അവന്റെ ഒരു നൃത്ത ബാ‍ലെ.” നല്ലൊരു കോട്ടുവായും ചേർത്ത് ഞാൻ അത് പറയുമ്പോൾ രാജേഷിന്റെ മുഖത്ത് “ഹൊ കലാ ബോധമില്ലാത്തവൻ“ എന്ന ഭാവം.
വളവിനടുത്തെത്തിയപ്പോൾ അവൻ യാത്ര പറഞ്ഞു “ശരി അളിയാ അപ്പോ നാളെ രാവിലെ കാണാം.”
“ശരീടാ” ഞാൻ തിരിഞ്ഞൊന്ന് നോക്കി ആ നീളൻ വഴിയുടെ അങ്ങേ അറ്റത്ത് തുമ്പറയമ്മയുടെ തിരുനട ദീപാലങ്കാരത്തിൽ കുളിച്ചു നിൽക്കുകയാണ്. കൈവിരലുകൾ ഞാൻ പോലുമറിയാതെ നെഞ്ചിനെ സ്പർശിച്ചു.. “ദേവി....”

ഇത്തിരികൂടി നടക്കണം വീട്ടിലേക്കെത്താൻ. പാതി ഉറക്കവുമായി മുന്നോട്ട്. പെട്ടന്നാണ് പിറകിൽ നിന്ന് ഒരു ഒച്ചയും ബഹളവും “ഓടിക്കോ.... ഓടിക്കോ....”
എനിക്കൊന്നും മനസ്സിലായില്ല തിരിഞ്ഞു നിന്നു നോക്കി അകലെ ആ വെളിച്ചത്തിനുള്ളിൽ നിന്ന് അവ്യക്തമായ കുറെ രൂപങ്ങൾ എന്റടുത്തേക്ക് ഓടി വരുന്നു. ബാലെ കഴിഞ്ഞു വരുന്ന കുറച്ചുപേർ എങ്ങോട്ടൊക്കെയോ ചിതറി ഓടുകയാണ്. കാര്യം മനസ്സിലായി വരുമ്പഴേക്കും തെക്കേലെ ഗോവിന്ദേട്ടന്റെ ആന ശങ്കരൻ‌കുട്ടി എനിക്കടുത്തെത്താറായി കഴിഞ്ഞിരുന്നു. ‘ഇനി ഓടുക തന്നെ’ എന്ന ചിന്ത തലച്ചോറിൽ നിന്ന് കാലുകളിലേക്ക് പ്രവഹിക്കുന്നതേയുള്ളൂ അവന്റെ നീണ്ടു കൂർത്ത കൊമ്പുകൾ എന്റെ കണ്ണുകളിൽ നിറഞ്ഞു. ഒപ്പം ഒരു അലർച്ചയും. പണ്ടെ എന്നോടിത്തിരി കലിപ്പുള്ളതാ അവന്. ഞാൻ കൈയ്യിലുണ്ടായിരുന്ന ക്ഷീണവും ഉറക്കവുമൊക്കെ വലിച്ചെറിഞ്ഞ് ഓട്ടം തുടങ്ങി. തിരിഞ്ഞു നോക്കേണ്ട കാര്യമില്ല ചങ്ങലകിലുക്കം ചിന്നം വിളിയിൽ ചേർന്നലിഞ്ഞ് എന്റെ കാതിൽ തറഞ്ഞു കയറുന്നുണ്ട്. വീടു തന്നെ ലക്ഷ്യം. ഓടിയോടി ഞാൻ തുറന്നു കിടന്ന കുട്ടി-ഗെയിറ്റിലൂടെ അകത്തേക്ക്. വാതിൽക്കലെത്തി തുറക്കാൻ ശ്രമിക്കുമ്പഴേക്കും അവൻ ഞങ്ങളുടെ ഗെയിറ്റ് തകർക്കുന്നതിന്റെ ശബ്ദം ഞാൻ വ്യക്തമായി കേട്ടു. നാശം പിടിക്കാൻ അകത്ത് നിന്ന് ചാവി തിരുകി വച്ചിരിക്കുകയാണ്. ഇനി അത് നോക്കി നിന്നാൽ ആന എന്റെ കഥ കഴിച്ചതു തന്നെ. എങ്ങനെയും മുകളിലത്തെ നിലയിലെത്തണം. അവൻ അടുത്തെത്തുന്നതിനു മുമ്പേ ഞാൻ എങ്ങനെയോ സൺ ഷെയിഡിൽ ചാടി കയറി. അവന് വാശിയായി, തലകുലുക്കി തുമ്പിക്കൈ ഉയർത്തി എന്റെ കാലിൽ ചുറ്റി പിടിക്കാനാഞ്ഞു. “അമ്മേ..” ഞാൻ അറിയാതെ വിളിച്ചു പോയി.
ഭാഗ്യത്തിന് ഒറ്റചാട്ടം കൊണ്ട് മുകളിലത്തെ നിലയിലെ സിറ്റൌട്ട് ഗ്രീല്ലിൽ പിടികിട്ടി. തുമ്പിക്കൈ പിന്നെയും നീണ്ടു. ഞാൻ പറ്റിപ്പിടിച്ച് ആവുന്നത്ര മുകളിലേക്ക് കയറി. തിരിഞ്ഞു നോക്കി ‘അവന്റെ ചുവന്ന തീക്കട്ട കണ്ണുകൾ തുറിച്ചു നിൽക്കുകയാണ്’ അത് എന്റെ ബാക്കിയുള്ള ധൈര്യം കൂടി ചോർത്തിക്കളഞ്ഞു. പേടികൊണ്ട് ഞാൻ ആലിലപോലെ വിറച്ചു. “അയ്യോ ആരെങ്കിലും എന്നെ ഒന്ന് രക്ഷിക്കണേ...”
എന്നെ വിടാൻ ഉദ്ദേശമില്ലാത്തതുപോലെ അലറികൊണ്ട് അടുത്തു നിന്ന പേരമരം ഒടിച്ച് അവനെന്നെ ആഞ്ഞടിച്ചു. ദൂരെ തെറിച്ചു വീണ എന്റെ അടുത്തേക്ക് വിജയീ ഭാവത്തോടെ അവൻ ഓടിയടുത്തു. പിടഞ്ഞെണീറ്റ് പ്രാണ വേദനയോടെ ഞാൻ ഓടി. തിരിഞ്ഞു നോക്കാൻ പോലും മിനക്കെടാതെയുള്ള എന്റെ ഓട്ടം. ഓടിയോടി വെളിച്ചം കണ്ട ഒരിടത്തേക്ക് ഞാൻ ഓടി കയറി. അടുത്തുകണ്ട കസേരയിലിരുന്ന് മേശയിലേക്ക് തല കുമ്പിട്ടു. ഓടിയതിന്റെ അണപ്പ് തീരുന്നത് വരെ അങ്ങനെയിരുന്നു പോയി.

‘‘എത്ര നേരമായെന്നറിയാമോ ഞാനിവിടെയിരിക്കുന്നു. പതിനൊന്നു മണിയെന്നു പറഞ്ഞിട്ട് സമയമിപ്പോ എത്രായി?” “എവിടെയായിരുന്നു ഇത്ര നേരം” പതിയെ മുഖമുയർത്തി നോക്കിമ്പോൾ “സോജയാണ്” ഉണ്ട കണ്ണുരുട്ടി ആകെ ചൂടിലാണ്. “സെക്കന്റ് അവർ പ്രാക്ടിക്കലുള്ളതായിരുന്നു അതും കട്ട് ചെയ്തിട്ടാ ഞാൻ ഇവിടെ വന്ന് കുത്തിപ്പിടിച്ചിരിക്കുന്നത് അറിയാമോ?”
ഹോ ഭാര്യയുടെ കോടതിയിൽ അപ്പീൽ കിട്ടിയാലും കാമുകിയുടെ കോടതിയിൽ അപ്പീൽ കിട്ടാൻ വലിയ പാടാണു ഭഗവാനെ!!! “രാഘവേട്ടാ രണ്ട് സ്പെഷ്യൽ ചായ” അതും പറഞ്ഞ് അവൾ മാത്രം കാണെ ആ വിരലിൽ ഒരു നുള്ളുകൊടുത്തു. “ഹ്മ്മ്!!” കൈ വലിക്കുന്നതിനേക്കാൾ വേഗത്തിൽ അവൾ മുഖം കൂടീ അങ്ങു തിരിച്ചു കളഞ്ഞു. “സോറി മോളെ നിനക്കറിയാലോ ഇലക്ഷൻ ക്യാമ്പെയിൻ നടക്കുകയല്ലേ. എനിക്കത് കളഞ്ഞിട്ട് വരാനൊക്കുമോ?” “ഈ തിരക്കൊന്ന് കഴിയട്ടെ ഒരു ഫുൾ ഡേ എന്റെ സോജാ രാജകുമാരിക്ക് വേണ്ടി മാത്രം..” ഞാൻ പെട്ടന്ന് റൊമാന്റിക്കായി.
“പോ അവിടുന്ന്” അതു പറഞ്ഞ് അവൾ ദേഷ്യത്തിന്റെ അടിയിൽ നിന്ന് നാണം നിറമിട്ട ചിരിയുടെ വിരിയെടുത്ത് എന്റെ മേലേക്കിട്ടു. ഈ ലോകത്ത് ഞങ്ങൾ രണ്ടും മതിയെന്ന് തോന്നിപോയി!

“ചായ........!!” ഹോ ഈ സ്വർഗ്ഗത്തിൽ ആർക്കാടാ ഇത്ര കഠോരമായ ഒരു ശബ്ദം?. ആരത്? നോക്കുമ്പോൾ അതാ വീണ്ടും. “എന്തുവാടാ നീ ഈ ലോകത്തൊന്നുമല്ലേ?” “തൃസന്ധ്യക്കിരുന്നു സ്വപ്നം കാണാതെ ചായ കുടിച്ചട്ട് പോയി കുളിക്കാൻ നോക്കടാ......” അയ്യോ അമ്മ!!
ഞാൻ ശരിക്കും ഒന്നു ചമ്മി.

മൊബൈൽ അടിക്കുന്നുണ്ട്. അബിയാണ് വൈകിട്ട് ചീട്ടുകളിക്കാൻ ചെല്ലാമെന്ന് പറഞ്ഞതാ. ഇനി കുളി കഴിഞ്ഞ് അങ്ങ് ചെല്ലുമ്പഴേക്കും സമയം കുറെയാവും.
എന്റെ ഒരുക്കമല്ലേ അതുപോലെ തന്നെ സംഭവിച്ചു, രാത്രിയായി. അവന്റെ വീട്ടിൽ ചെന്ന് കതവിൽ മുട്ടിയതും കറണ്ട് പോയതും ഒരുമിച്ച്. ഞാൻ നീട്ടി വിളിച്ചു “എടാ അബീ....” എവിടെ ഒരനക്കവുമില്ല. വാതിൽ തുറന്ന് കിടപ്പുണ്ട്. ചെറിയ നിലാവുണ്ടെങ്കിലും പെട്ടന്ന് വെളിച്ചം പോയതു കാരണം ഒന്നും വ്യക്തമല്ല. മൊബൈലിന്റെ വെളിച്ചത്തിൽ വാതിൽ തുറന്ന് ഉള്ളിൽ കയറി വീണ്ടും വിളിച്ചു നോക്കി ഒരനക്കവുമില്ല. അവന്റെ അമ്മയെ വിളിച്ചിട്ട് കാര്യമില്ല, അപ്പുറത്ത് സീരിയൽ കാണാൻ പോയി കാണും. ‘ഇവനു എവിടേലും പോകുമ്പോ കതക് അടച്ചിട്ടു പൊയ്ക്കൂടെ വല്ല കള്ളന്മരും കയറിയാലോ?‘ ഓരോ മുറിയും കയറിയിറങ്ങി നോക്കി. എങ്ങുമില്ല... അടുക്കളയിൽ എന്തോ വീഴുന്ന ശബ്ദം. “ഹോ തീറ്റ പ്രാന്തൻ ഇരുട്ടത്തിരുന്നു വെട്ടി വിഴുങ്ങുകയായിരിക്കും.” ഒന്ന് പേടിപ്പിച്ചു കളയാം.
ഒറ്റച്ചാട്ടത്തിന് അടുക്കളയുടെ വാതിൽ ഞാൻ തള്ളിത്തുറന്ന് അകത്തു കടന്നു. “അയ്യോ....” എന്തിലോ തട്ടി ഞാനും മൊബൈലും രണ്ടുവഴിക്ക് തെറിച്ചു വീണു. ആ വീഴ്ചയിൽ വീണ്ടും എവിടെയൊ ഒന്നുകൂടി തട്ടി മലന്നർടിച്ച് നിലത്തേക്ക്. കിടന്ന കിടപ്പിൽ മുകളിലേക്ക് നോക്കിയ ഞാൻ കിടുങ്ങി പോയി. ഓടിളക്കി മാറ്റിയ വിടവിലൂടെ ഒരു മെല്ലിച്ച ശരീരം ഊർന്ന് താഴേക്ക് വരുന്നു. “അയ്യോ കള്ളൻ....... കള്ളൻ.....” എന്റെ ഒച്ചകേട്ട് ആ രൂപവും ഒന്ന് പരിഭ്രമിച്ചു എന്ന് തോന്നുന്നു. ഒരു വടിയെടുത്ത് അവനൊന്ന് കൊടുക്കാൻ തോന്നി. പക്ഷെ എഴുന്നേൽക്കാൻ പറ്റുന്നില്ല നടുതല്ലി വീണതിന്റെയാവും തലക്കൊരു പെരുപ്പ്.

കിടന്ന കിടപ്പിൽ എന്റെ കൈ അവിടെമാകെ പരതി. പിടികിട്ടിയത് ഒരു ജഗ്ഗിലാണെന്നു തോന്നുന്നു. നിറയെ വെള്ളമുണ്ട് അതാവണം നല്ല ഭാരം. അറിയാതെ പെട്ടന്ന് ചാടിയെണീറ്റുപോയി. ഒന്നുകൂടി മുകളിലേക്ക് നോക്കി.

“അല്ല കള്ളൻ........ആ കള്ളനെവിടെ....” ഞാൻ ചുറ്റുപാടും നോക്കി.

“ഹൊ എന്താ നിങ്ങൾക്കീ പാതിരാത്രിക്ക് മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ?” അഴിഞ്ഞു കിടന്ന മുടി മടക്കി കെട്ടികൊണ്ട് ലതിക എഴുന്നേറ്റിരുന്നു.
അല്പനേരത്തേക്ക് എനിക്ക് ഒന്നും പിടികിട്ടിയില്ല. അപരിചിതമായ ഏതോ സ്ഥലത്തെത്തിപെട്ട അവസ്ഥയായിരുന്നു.

“എന്താ അമ്മേ..... എന്തിനാ അച്ഛൻ നിലവിളിച്ചേ....?”

“നിന്റെ അച്ഛന്റെ ഓരോ വട്ട്. എവിടുന്നേലും കൊറെ കള്ളും കോരി കുടിച്ചോണ്ട് വരും വെറുതെ പാതിരാത്രിക്ക് മനുഷ്യനെ പേടിപ്പിക്കാൻ.” “നീ കെടന്നുറങ്ങ് രാവിലെ സ്കൂളിൽ പോകേണ്ടതല്ലേ.”

ആ ജഗ്ഗിലെ വെള്ളം പകുതിയോളം വയറ്റിലാക്കി തിരിഞ്ഞു നോക്കുമ്പോഴും രാത്രി ഉറക്കം മുടക്കിയതിന്റെ അരിശം അടങ്ങാതെ ലതിക എന്നെ എന്തൊക്കെയോ പിന്നെയും പറയുന്നുണ്ടായിരുന്നു.

Feb 27, 2010

ഒരു അഹങ്കാരിയുടെ കഥ



“സുകു നിനക്കറിയാമോ എന്റെ അടുത്ത കഥ നിന്നെക്കുറിച്ചാണ്.“
അവന്റെ മടിയിൽ തലവെച്ചുകിടന്നുകൊണ്ട് നീലിമഅതുപറയുമ്പോൾ സുകുവിന്റെ കണ്ണുകളിൽ അത്ഭുതമായിരുന്നു. അവളുടെ മുടിയിഴകളിൽ നിന്ന് പെട്ടന്ന് കൈവലിച്ച്തെല്ലൊരാകാംക്ഷയോടെ അവൻ ചോദിച്ചു:

“എന്നെക്കുറിച്ചോ?

“അതെ സുകൂ, നിന്നെക്കുറിച്ചു തന്നെ. ജീവിതസന്ധികളിലെവിരഹത്തിന്റെ കയ്പും ഏകാന്തതയുടെ നഷ്ടങ്ങളും മരണത്തിന്റെശൂന്യതയും ഒക്കെ ഒരുപാടെഴുതി മടുത്തിരിക്കുന്നു.! ഇനിപുതിയതെന്തെങ്കിലും വേണം. ഇതിലൂടെ നീലിമയെന്നഎഴുത്തുകാരിയുടെ ഒരു പുതിയ മുഖം പുറംലോകം കാണട്ടെ. സമൂഹം എന്റെ മേൽ ഒട്ടിച്ചുവെച്ച സദാചാരത്തിന്റെ മുഖംമൂടിഅഴിഞ്ഞുവീഴട്ടെ.“

“കുറെ വിവാദങ്ങൾ ഉണ്ടാക്കാം എന്നല്ലാതെ നിങ്ങൾക്കിതുകൊണ്ട് പ്രത്യേകിച്ചെന്തുനേട്ടമുണ്ടാകാനാണ്?” “അല്ലെങ്കിൽത്തന്നെ ഒരു കഥയുമില്ലാത്ത എന്നെക്കുറിച്ച് എന്തെഴുതാൻ.“
“ഇല്ല സുകു.. കഥയില്ലായ്മകളുടെ ഈ ലോകത്ത് നിന്റെ കഥയ്ക്ക് പ്രസക്തിയേറെയാണ്.“
“ഹും ഒരു പൈങ്കിളിക്കഥക്കപ്പുറമൊന്നും അതിനു പ്രസക്തിയുണ്ടാവുമെന്ന് എനിക്കു തോന്നുന്നില്ല.”
“തീർച്ചയായും ഉണ്ട് സുകു. സ്നേഹിക്കാൻ കൊള്ളരുതാത്തവളെന്ന് മുദ്രകുത്തി, എന്നെയീ നഗരത്തിന്റെതിരക്കുകളിൽ തനിച്ചാക്കി, പറിച്ചെടുത്ത താലിയുമായി അയാൾ നടന്ന കന്നപ്പോൾ, ശൂന്യമായ എന്റെലോകത്തേക്ക് ആശ്വാസത്തിന്റെ പുതിയ കഥകൾ കൊണ്ടുവന്നത് നീയാണ്.“ “ഇന്ന് നമുക്കിടയിൽപിരിയാനാവാത്ത വിധം ഒരടുപ്പം രൂപപ്പെട്ടതായി എനിക്ക് തോന്നുന്നു.”

വാചാലയായ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്ന അവന്റെ കവിളിൽ തലോടികൊണ്ട്അവൾ പറഞ്ഞുകൊണ്ടേയിരുന്നു. പിന്നെയും പല ചോദ്യങ്ങളും ഉത്തരങ്ങളും.

“എന്തായിരുന്നു സുകൂ, ശരിക്കും നമുക്കിടയിലുണ്ടായിരുന്നത്..? പ്രണയമാണോ….അതോമറ്റെന്തെങ്കിലുമോ.?“
“അതെ. ഒരു തരത്തിൽ പ്രണയം തന്നെ അല്ലേ.? മനസ്സിന്റെ ഉള്ളിലേക്കിറങ്ങിച്ചെന്ന് ബാധ്യതകൾസ്യഷ്ടിക്കാത്ത പ്രണയം!!“
“നമ്മൾ ആദ്യമായി കണ്ടതെന്നാണെന്ന് നിനക്കോർമ്മയുണ്ടോ.? അല്ലെങ്കിലും അതിനെന്തു പ്രസക്തിഅല്ലെ.?” “നീ ചോദിക്കാറുള്ളതു പോലെ, അടുത്ത ഫോൺകോൾ എപ്പോഴാവണം…അതുമാത്രമേഞാനും ചിന്തിക്കാറുള്ളു.“
തന്റെ മാറിലെ രോമക്കൂട്ടങ്ങൾക്കിടയിൽ അവളുടെ കൈകൾ എന്തിനോവേണ്ടി പരതുമ്പോഴും ഒരുവിസ്മയം മാത്രം ബാക്കി വച്ച മുഖവുമായി അവൻ അവളെ കേൾക്കുക
മാത്രം ചെയ്തു..

“നിന്നോടൊത്തിരിക്കുമ്പോൾ കിട്ടുന്ന ലഹരി. വേറൊരു പെണ്ണിനും കിട്ടിപ്പോകരുത് എന്ന് ഞാൻ ശഠിച്ചുപോകുന്ന ലഹരി. എന്തൊക്കെയോ വെട്ടിപ്പിടിച്ചെന്ന് സ്വയം അഹങ്കരിക്കാൻ എന്നെ പ്രേരിപ്പിക്കുന്നലഹരി. ഞാനാഗ്രഹിച്ചതും നീ എനിക്ക് ആവോളം തന്നതും അതു മാത്രമായിരുന്നല്ലോ. പകരമായി എന്തുവേണം എന്ന് ചോദിച്ച പ്പോഴൊക്കെ എന്റെ വാനിറ്റിബാഗിൽ നിന്ന് നോട്ടമെടുക്കാതിരുന്ന നിന്നോട്എനി ക്കൊട്ടും വെറുപ്പ് തോന്നിയിരുന്നില്ല.“
കണ്ണീരുപോലെ വെളുത്തും ചുവന്നും നീലിച്ചും നേർത്ത ചില പാടകൾ മാത്രമേ നമുക്കിടയിൽഎന്നുമൊരു തടസ്സമായുണ്ടായിരുന്നുള്ളൂ. ഒരുപക്ഷേ, അവ അകറ്റി നിർത്തി യത് രണ്ടുമനസ്സുകളെയായിരുന്നോ.? ഞാൻ പറഞ്ഞ വഴികളിലൂടെ എന്റെ നീലിമകൾ തേടിയുള്ള നിന്റെയാത്രകൾ…വികാരങ്ങളുടെ ആ വേലിയേറ്റങ്ങൾക്കൊടുവിൽ ഓരോ സുഖാലസ്യത്തിലേക്കും എന്നെ നീഎടുത്തുയർത്തുമ്പോൾ വിശ്വം ജയിച്ച പുരുഷനെ, സ്വയം വരഞ്ഞിട്ട വരയിലൂടെ നടത്തിയഭാവമായിരുന്നോ എനിക്ക്.?“

“എന്റെ കഥാകാരീ, ഇന്ന് നീ നല്ല മൂഡിലാണല്ലോ.?” അവളുടെ വെളുത്തു ചുവന്ന കവിളിനെ ഒരുകുഞ്ഞുനുള്ളുകൊണ്ട് ഒന്നുകൂടി തുടുപ്പിക്കുന്നതിനിടയിൽ ഒരു തമാശ പോലെ അവൻ ചോദിച്ചു.
“എന്താ സുകൂ, നിനക്ക് ബോറടിക്കുന്നുണ്ടോ?”
“ഏയ്, തീരെയില്ല. ഞാനൊരു നല്ല കേൾവിക്കാരൻ കൂടിയാണ്.”
“ഒരുപാടുതവണ ചോദിക്കാനോർത്ത് ഒഴിവാക്കിയ ഒരു ചോദ്യം ഞാനിപ്പോൾ ചോദിക്കട്ടെ സുകൂ.?“
“ഉം .?”
“നീ എപ്പോഴെങ്കിലും എന്നെ സ്നേഹിച്ചിട്ടുണ്ടോ?”
“നിങ്ങളോട് മാത്രമല്ല എനിക്കെല്ലാവരോടും സ്നേഹമാണ്.! പക്ഷേ, ഒന്നു ഞാൻ പറയാംപകൽവെളിച്ചത്തിൽ എന്റെ നേരെ തിരിയ്ക്കാനറയ്ക്കാത്ത ഈ മുഖത്തോട് മാത്രം എനിക്കൊരു പ്രത്യേകമമത തോന്നിയിട്ടുണ്ട്. അത്രമാത്രം. അതിനപ്പുറമൊന്ന്...... ഇല്ല അതു ഞാൻ ആഗ്രഹിക്കാൻ പാടില്ലഎന്ന് തോന്നുന്നു.”
ഇതിൽ നിന്നൊക്കെ ഒരു മാറ്റം നീ ആഗ്രഹിക്കുന്നില്ലേ സുകൂ?
“ഇതു ഞാൻ തിരഞ്ഞെടുത്ത എന്റെ ജീവിതമാർഗ്ഗമാണ്. ഒരു തിരിച്ചു പോക്ക് കാര്യങ്ങൾ ദുഷ്കരമാക്കുംഅതുമല്ല, നിങ്ങളടക്കം പലരും അത് ആഗ്രഹിക്കുന്നുമുണ്ടാവില്ല.”
“നീ ഈ ചെയ്യുന്നതൊക്കെ ശരിയാണെന്നാണോ പറഞ്ഞു വരുന്നത്?”
“ഞാൻ ശരിതെറ്റുകളെ തേടിപ്പോകാറില്ല. എന്നെ തേടിവരുന്നതിനെ നിരാശപ്പെടു ത്താറുമില്ല. നിങ്ങളുടെ സുഖം, ആനന്ദം അതാണെന്റെ നിലനിൽ‌പ്പ്…അത്രമാത്രം.”
“അപ്പോൾ എന്റെ മുന്നിൽ നീ അഭിനയിക്കുകയായിരുന്നു എന്നാണോ?”
“ഉം...നല്ല അഭിനേതാവിനേ, ഈ മേഖലയിൽ മാർക്കറ്റുള്ളൂ.” ചുണ്ടിലൊരു ചെറുചിരി ബാക്കി വച്ച്അവനതു പറയുമ്പോൾ അവൾക്കും വല്ലാത്ത ചിരി വന്നു. അവൾ സ്വയം പിറുപിറുത്തു : “മണ്ടി..! മരമണ്ടി..!! അപ്പോൾ ഇത്രയും കാലം...ഓരോ തവണ ‘ഇനി വേണ്ടാ‘ എന്നു മനസ്സുപറയുമ്പോഴുംഒരിക്കൽ കൂടി‘ എന്നു തോന്നിപ്പിക്കുന്ന അവന്റെ സാമീപ്യം…അതു നൽകുന്നസംത്യപ്തി…അപ്പോഴൊക്കെ ശരിക്കും അവൻ ജയിച്ചു കൊണ്ടേയിരിക്കുകയായിരുന്നു.”
“വീണ്ടും ഒരു പുരുഷനു മുന്നിൽക്കൂടി ഞാൻ......”
“എങ്കിലും നിന്നെ ഞാൻ സ്നേഹിച്ചു പോകുന്നു സുകൂ.”

പുറത്ത് വെളിച്ചം വീണുതുടങ്ങിയിരിക്കുന്നു. ബെഡ്‌റൂമിലെ മേശമേൽ മിഴി തുറന്നിരി ക്കുന്നടേബിൾലാമ്പ് കമ്പ്യൂട്ടർ മോണിറ്ററിലെ സ്ക്രീൻ-സേവർ മീനുകൾ നിർബാധം നീന്തിത്തുടിക്കുകയാണ്. ആഴ്ന്നിറങ്ങാൻ കൊതിക്കുന്ന പ്രകാശരശ്മികളെ, തടുത്തു നിർത്താൻ കെല്പില്ലാത്ത ഒരു നൈറ്റ്ഗൌണിൽ പൊതിഞ്ഞ നീലിമയുടെ രൂപം. മേശമേൽ കൈവച്ചുള്ള അവളുടെ ഉറക്കം. ഡ്രസ്സ്ചെയിഞ്ച് ചെയ്‌ത് പുറപ്പെടാനൊരുങ്ങുമ്പോൾ സുകു ഒരു നിസ്സംഗ മന്ദഹാസത്തോടെ അതൊക്കെനോക്കിക്കാണുകയായിരുന്നു. റെഡിയായി കഴിഞ്ഞപ്പോഴേക്കും അവൻ അവളെ പതിയെ ഒന്നു കുലുക്കിവിളിച്ചു.

“നീലീ, ഞാൻ പോകുന്നു. വീണ്ടും കാണാം.” തിരിഞ്ഞു നടക്കാനായുമ്പോൾ അവന്റെ കൈകളിൽ അവൾബലമായൊന്നു പിടിച്ചു. “നിനക്ക് ഇന്നുകൂടി എന്നോടൊപ്പം നിൽക്കരുതോ?”
അവനതത്ര കാര്യമാക്കിയില്ല എന്നു തോന്നുന്നു. മേശപ്പുറത്തെ അവളുടെ വാനിറ്റി ബാഗിൽ നിന്ന്അവനു പ്രിയപ്പെട്ട നൂറിന്റെ നോട്ടുകൾ എണ്ണം തെറ്റാതെ കൈപ്പറ്റി മുറിക്കു പുറത്തേക്കിറങ്ങുമ്പോൾഅവനൊന്നെ പറഞ്ഞുള്ളു :

“നീലിമമാർ പലതുള്ള ഈ നഗരത്തിൽ ഇന്നെനിക്കല്പം തിരക്കുണ്ട്. പക്ഷെ ഞാൻ വരും..എന്റെ കഥനീ പൂർത്തിയാക്കുന്നതിനു മുമ്പ്, ചിലപ്പോൾ അനിവാര്യമായ ചില നിർദ്ദേശങ്ങളുമായി.“
മുറിക്കു പുറത്ത് തന്റെ ഫ്ലാറ്റിന്റെ ഡോർ അടയുന്ന മ്യദുശബ്ദം കേൾക്കവേ, അവൾ കീ ബോർഡിൽവിരലമർത്തി പകുതി പോലുമെത്താത്ത, ഇനിയുമൊരുപാടു തിരുത്തുകൾ അവകാശപ്പെട്ടേക്കാവുന്നതന്റെ പുതിയ കഥയ്ക്ക് പേരിട്ടു.
“ഒരു അഹങ്കാരിയുടെ കഥ”. ‘

Jan 20, 2010

ALS പ്ലീസ്സ്.........

എത്രയും പ്രീയപ്പെട്ട കേശവ്,

നേരിൽ കൊണ്ട് തരാൻ വയ്യാത്തത്‌ കൊണ്ടാണ് ഈ കത്ത് ഇവിടെ കാണുന്ന ഏതെങ്കിലും വെയിറ്റർ വശം കൊടുത്ത് വിടുന്നത്.

ഇപ്പോൾ ആ മുഖത്തെ ഭാവം എന്തായിരിക്കും എന്നെനിക്ക് നന്നായി ഊഹിക്കാം. ഇന്നുമെന്നെ കാണാനാവാത്തതിലുള്ള, എന്റെ ശബ്ദമൊന്നു കേൾക്കാനാവാത്തതിലുള്ള നിരാശയും വിഷമവും ദേഷ്യവും ഒക്കെ ചേർന്ന് അകെ കടുത്തിട്ടുണ്ടാവും. ഇങ്ങനെ ഇത് നാലാം തവണയാണ് അല്ലെ.?

പക്ഷെ കേശവ്, സത്യത്തിൽ എനിക്കാവുന്നില്ല നിന്റെ മുന്നിലേക്ക് വരാൻ. ചാറ്റിംഗിന്റെ ലോകത്ത് ഞാൻ നിന്നോട് വാചാലയാകുമ്പോൾ എനിക്കീ ടെൻഷൻ ഉണ്ടാവാറില്ല. പക്ഷെ നേരിട്ട്..! ഇല്ല കേശവ്, എന്റെ ആകാംക്ഷകൾ, അങ്കലാപ്പുകൾ....നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലാ. എന്നെ നേരിൽ കാണുമ്പോൾ.... നിന്റെ പ്രതികരണം.... അതിനെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ എന്റെ ചിന്തകൾക്ക് ചൂടു പിടിക്കുന്നൂ. കഴിഞ്ഞുപോയ ആറുമാസങ്ങളിലും ശബ്ദമായോ ദ്യശ്യമായോ നിന്റെ അരികിലേക്ക് വരാതിരുന്നതും ഈ ഭ്രാന്തമാ‍യ ചിന്തകൾ കൊണ്ട് തന്നെ. അദ്യ വരികളിൽ തന്നെ ഒരുപാട് പഴയ സുഹ്യത്ത്ക്കളെപോലെ അടുത്തറിഞ്ഞവരല്ലേ നമ്മൾ....

നീ പറയാറുള്ളത്‌ പോലെ എന്റെ വരികൾ നിനക്കാശ്വാസമാകുന്നുവെങ്കിൽ എന്റെ ഈ തെറ്റ്... അല്ല.... ഞാൻ ആവർത്തിച്ചു കൊണ്ടേയിരിക്കുന്ന ഈ തെറ്റിന് നീ എന്നോട് പൊറുക്കുക.

താളംതെറ്റിയ നിന്റെ കുടുംബജീവിതത്തിന്റെ വിരസതയിൽ, ഉറക്കം നഷ്ടപെട്ട നിന്റെ രാത്രികളിൽ ഞാൻ നിനക്കാശ്വാസത്തിന്റെ കുളിർകാറ്റാണെന്ന് അന്നൊരിക്കൽ നീ പറഞ്ഞത് ഞാനോർക്കുന്നു. മറുപടിയായി ഒരു “സ്‌മൈൽ“ ഞാൻ ഇട്ടത് അതിലെ തമാശയോർത്തിട്ടല്ല.

ഇന്ന് നിന്റെ സ്നേഹത്തിന്റെ ആത്മാർത്ഥത ഞാൻ മനസ്സിലാക്കുന്നൂ. എത്രയുംവേഗം നിന്റേതുമാത്രമായിത്തീരുകയെന്നത് ഇന്ന് എന്റെ കൂടി ആവശ്യമാണ്. പക്ഷെ ഇന്ന് ഞാൻ നിന്റെ അരികിലേക്ക് വരുന്നതിനേക്കാൾ നീ എന്നെ തേടി വരുന്നതിലാണ് എനിക്കാനന്ദം. നീ വരില്ലേ.....?

“ജീവിതം ദുസ്സഹമായിരിക്കുന്നൂ എന്ന്” നീ തീർത്തുപറഞ്ഞ ആ രാത്രിയിൽ ഒരു കൈകുഞ്ഞിനേയും വാരിയെടുത്ത് എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപ്പുറപ്പെട്ട് എവിടെയൊക്കെയോ അലഞ്ഞ് ഒടുവിൽ ഒരു കൂട്ടുകാരിയുടെ വീ‍ട്ടിലെ കുടുസ്സുമുറിയിൽ, ചുറ്റിലും ചിരിക്കുന്ന ഒരുപാട് മുഖങ്ങൾക്കിടയിൽ തനിക്ക് പ്രീയപെട്ട ആ ഒരു പുഞ്ചിരിക്കായി മാത്രം തിരഞ്ഞു മടുത്ത നിന്റെ പ്രിയതമതമയുടെ മുഖവുമായി ഞാൻ കാത്തിരിക്കും......

മനസ്സു നിറയെ സ്നേഹവുമായി നിന്റെ..നിന്റെ മാത്രം വരവും കാത്ത്...

സ്വന്തം.

സാറ (എന്ന സന്ധ്യാകേശവ്)

Jan 11, 2010

ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്

കമ്പനിയുടെ മിനിബസ്സിൽ നിന്നിറങ്ങി ഫ്ലാറ്റിലേക്കോടുമ്പോൾ അയാൾ വാച്ചു നോക്കി
“ഓഹ്......!! ഇറ്റ്സ്സ് ഗെറ്റിംഗ് ലേറ്റ്…” “മൈ ഗോഡ് ഇനിയെപ്പഴാ, എന്തെല്ല്ലാം സെറ്റ് ചെയ്യാൻ കിടക്കുന്നു.”
ഡോർ തുറന്ന് കൈയ്യിലെ ബാഗ് സോഫയിലേക്ക് വലിച്ചെറിഞ്ഞ് തിടുക്കത്തിൽ ഡ്രസ്സ് ചെയിഞ്ചു ചെയ്യുമ്പോൾ അയാൾ ചുറ്റുമൊന്ന് നോക്കി, മുറിയാകെ അലങ്കോലമായി കിടക്കുകയാണ് ഇന്നലെ കഴിച്ച വിസ്കിയുടെ ബാക്കിയും ഗ്ലാസ്സും സ്നാക്സ്സുമൊക്കെ ടീപ്പോയിൽ ചിതറികിടക്കുന്നൂ. “ഹൊ ഇതൊക്കെ മാറ്റി ഇനി റൂമൊന്ന് ക്ലീൻ ചെയ്യണം അറ്റ്‌ലീസ്റ്റ് കുറച്ചു അലങ്കാരങ്ങളെങ്കിലും വേണ്ടേ, കേക്കിന്റെ കാര്യം ഒന്നൂടെ വിളിച്ചു കൺഫോം ചെയ്യണോ? വേണ്ട, വരട്ടേ എത്താൻ സമയം ആവുന്നതല്ലേ ഉള്ളൂ. ആദ്യം ഒന്നു കുളിക്കാം അല്ലെങ്കിൽ വേണ്ട ഒക്കെ ഒന്നു സെറ്റപ്പ് ചെയ്തിട്ടാവാം കുളി ഇല്ലെങ്കിൽ പിന്നെ ഒന്നും നടക്കില്ല. അയാളൂടെ തലയാകെ സുഖമുള്ള ആ ചിന്തകൾ കൊണ്ട് ചൂടുപിടിച്ചൂ.
വാക്വം ക്ലീനർ ഓൺ ചെയ്തു അവിടെയൊക്കെ ഒന്നോടിച്ചു. കുപ്പിം ഗ്ലാസ്സും ഒക്കെ മാറ്റിയൊതുക്കി എയർ ഫ്രഷ്നർ എടുത്ത് ഹാളിലാകെ ഒന്നടിച്ചു. അവിടെ നിന്നൊന്നു വട്ടം കറങ്ങി....ശ്വാസം ഒന്ന് മേപ്പോട്ടെടുത്തു.. ആഹാ നല്ല മണം, ഇനി ഒന്നു കുളിച്ചേക്കാം. ഇനിയും വൈകിയാൽ ശരിയാവില്ലാ. ടൌവ്വലെടുത്ത് ബാത്ത്‌റൂമിലേക്ക് നടക്കാൻ തുടങ്ങുമ്പോൾ അയാളൊന്ന് തിരിഞ്ഞു നോക്കി... കോളിംഗ് ബെല്ല്…!!
മ്മ്……ഡെലിവറി ബോയ് ആകും. ഓടിപ്പോയി വാതിൽ തുറന്നു; അതെ അവൻ തന്നെ ചിരിച്ചു കൊണ്ട് മുന്നിൽ.
“വാവ്വൂ സൂപ്പർ…“ പറഞ്ഞപോലെ തന്നെ, നല്ല രസമുണ്ട് വൈറ്റ് – ബ്ലൂ ഡിസ്സോൾവിംഗ് ബാക്ക് ഗ്രൌണ്ടിൽ നല്ല ഭംഗിയായി എഴുതിയിട്ടുണ്ട് “ഹാപ്പി ന്യൂ ഇയർ“ എന്ന്. ഒരു മേഘ കഷ്ണം പോലെ തോന്നിച്ച അത് നേരേ കൊണ്ടുപോയി ടീപ്പോയിൽ വച്ചൂ. ടീപ്പോ ഇത്തിരി കൂടി ഉള്ളിലേക്കാക്കിയാലോ.....? എല്ലാ ഭാഗത്തു നിന്നും ഒരു വ്യൂ കിട്ടില്ലേ... ??
ലിക്കർ ബോട്ടിലുകൾ ഡൈനിംഗ് ഹാളിൽ വച്ചാൽ പോരേ..? വേണ്ട ഇവിടെ തന്നെ വയ്ക്കാം.....!! ഷാമ്പെയിൻ കേക്കിനോട് ചേർത്തു വയ്യ്‌ക്കാം കേക്ക് കട്ട് ചെയ്യ്‌താലുടൻ ഷാമ്പെയിൻ ഓപ്പണീംഗ്... കാർപെറ്റ് ഒഴിവാക്കണോ....ഇല്ലെങ്കിൽ അതിലൊക്കെ ആവില്ലേ......വേണ്ട എന്തിനാ ഫ്ലോറിന്റെ മോടി പോകും.....! വീഡിയോ ക്യാം ട്രൈപ്പോഡിൽ വയ്ക്കാം ഇത്തിരി ഹൈറ്റിൽ തന്നെ, എല്ലാം ഒന്നു റെക്കോർഡ് ചെയ്യ്‌തേക്കാം പിന്നീട് കാണുമ്പോ ഒരു രസമല്ലേ......!! മ്യൂസ്സിക്ക് ഏതാ ഇടുക...ഒരു ചെയിഞ്ചിന് ജുഗൽ ബന്ദിയായാലോ.....നോ വേണ്ടാ ബോറാകും.......”ഹോ പുവർ ഓൾഡ് മാൻ” അങ്ങനെ കളിയാക്കില്ലെ ആളുകൾ.... ബ്രിട്ട്നി തന്നെയാവട്ടേ ഇത്തവണയും... മൈ ഫേവ്‌റൈറ്റ്....!!
ഡിവിഡി എടുത്തു വച്ചൂ....ഹോം തീയറ്ററിൽ നിന്നൊഴുകി വന്ന ബ്രിട്ട്നിയുടെ മധുര സംഗീതത്തിനൊപ്പം രണ്ട് ചുവടുകൾവച്ച് അയാളങ്ങനെ ലയിച്ചു നിന്നു...
പെട്ടന്ന് നോട്ടം പിന്നെയും വാച്ചിലേക്ക്. “ഓഹ് മൈ ഗോഡ് ഡ്രസ്സ് അയൺ ചെയ്യ്‌തില്ലാ... വെൽ ഡ്രസ്സ്ഡ് അല്ലെങ്കിൽ മോശമല്ലേ,“
മ്മ്......അയാൾ അകത്തെ മുറിയിലേക്കോടി അലമാരയിൽനിന്ന് ഒരു ഷർട്ടും പാന്റുമെടുത്ത് തേയ്യ്‌ക്കാൻ തുടങ്ങി....
“ഛെ എന്തായിത്......ഈ പോക്കറ്റിൽ...!!“
“ഓ നമ്മുടെ ഹെപ്പറ്റോളജിസ്റ്റ് ബുജിയുടേ ഐഡികാർഡാണല്ലോ........“ നല്ലവനാ.....ഇങ്ങോട്ടുള്ള വഴി താൻ മറക്കുന്നടോ എന്നു പറഞ്ഞു തന്നതാ.......
“ബട്ട് സോറി ഡോക്ടർ ഇന്നത്തേക്ക് ഞാൻ നിങ്ങളെ കുറിച്ചോർക്കാൻ തീരെ ആഗ്രഹിക്കുന്നില്ലാ........”
“അപ്പോ ഇന്നലെയോ......“ ഹ ഹ ഹ...........അയാൾ പൊട്ടിചിരിക്കാൻ തുടങ്ങി........
“പിന്നെ വല്ല ഡോക്ടറും പറയുന്നപോലെ ജീവിച്ചിട്ട് ഇനിയെന്തിനാ.......... ഗോ ടു ഹെൽ....... കല്ലിവല്ലി..........!!“
തുണിയൊക്കെ തേച്ചു തീരുന്നവരെ അയാൾ പിന്നെയും എന്തോ പിറുപിറുത്തു കൊണ്ടിരുന്നു.......
പിന്നെ ഒരു ചെറിയ മേയ്ക്കപ്പിന്റെ അകമ്പടിയോടേ ഡ്രസ്സിംഗ്.. കണ്ണാടിയിൽ തിരിഞ്ഞും പിരിഞ്ഞും നോക്കി ഷർട്ടിൽ പെർഫ്യൂം അടിക്കുമ്പോൽ അയാൾക്ക് താനാണ് ലോകത്തെ ഏറ്റവും സുന്ദരനെന്നു തോന്നി.
“യൂ ആർ സോ ക്യൂട്ട് യങ്ങ് മാൻ..“ “നൌ നോ ബഡി കാൻ കോൾ യൂ അങ്കിൾ:” ഒന്നമർത്തി ചിരിച്ചൂ...“ഹ്മ്മ്.....പുല്ലൻ...കുളിച്ചില്ലാ......!!!“ ബട്ട് നോ പ്രോബ്..” ഈ ന്യൂ ഇയർ ഈവിൽ ശരിക്കും ഒന്നു ഷൈൻ ചെയ്യ്‌തിട്ട് തന്നെകാര്യം.

“Every night in my dreams
I see you, I feel you
That is how I know you go on.....” ഹോ ആരായിത് ഈ നേരത്ത് മൊബൈലിൽ...
“ഹലോ....യാ മാൻ.......”
“ഹോ സോറി ഐ ഹാവ് പാർട്ടി ഹിയർ”
“നോ നോ...ഇറ്റ്സ്സ് ജസ്റ്റ് ഇൻ മൈ റൂം ഒൺലി....” “യു ജസ്റ്റ് ക്യാരി ഓൺ.....താങ്ക്യൂ “
വെളുമ്പൻ കൊളീഗാ; സ്നേഹമുള്ളവൻ. അവരൊക്കെ പാർട്ടി തുടങ്ങി എന്നാ പിന്നെ എന്തിനാ ഇനി താമസിപ്പിക്കുന്നേ. അയാൾ റൂമിന് പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ ഒരു തോന്നൽ.
“ഹോ ഒരു പെഗ്ഗ് അകത്താ‍ക്കിയിട്ട് പോയാലോ....ഒരു ധൈര്യത്തിന് എന്നാലെ എല്ലാവരുടേയും മുന്നിൽ രണ്ട് വാക്ക് സംസ്സാരിക്കാൻ പറ്റൂ..........യെസ്സ്..”

മിനിട്ടുകൊണ്ട് ഒന്നല്ല രണ്ട് പെഗ്ഗിന്റെ ധൈര്യം സംഭരിച്ച് അയാൾ ആർത്തുല്ലസിച്ച് ഡ്രായിംഗ് റൂമിലേക്ക് വന്നൂ. ബ്രിട്ട്നി അപ്പഴും അവിടെ നീട്ടി പാടുന്നുണ്ടായിരുന്നൂ. എവിടെ നിന്നോ വന്ന കാറ്റ് ഹാളിലെ വിന്റ് ബല്ലിനെ വല്ലാതെ ഒന്നു കുലുക്കി അതൊരു കരഘോഷമായി അയാൾക്ക് ഫീൽ ചെയ്യ്‌തു.അയാൾ ചുറ്റുപാടൂം ഒന്നു നോക്കി പളുപളുത്ത വസ്ത്രങ്ങളിൽ പൊതിഞ്ഞ് ഒരു പുഞ്ചിരിയുടെ അകമ്പടിയോടെ തന്നെ എതിരേൽക്കുന്ന നിരവധിപേർ. ആഹാ.......!! എന്നെ സ്നേഹിക്കുന്ന ഇത്രപേരുണ്ടോ.......!? അയാൾക്കാശ്ചര്യവും സന്തോഷവും അടക്കാനായില്ലാ. അവിടമാകെ വല്ലാത്തൊരു പ്രകാശം പരക്കുന്നതുപോലെ......അയാൾ കേക്ക് വച്ച ടീപ്പോയ്യ്‌ക്ക് അടുത്തു വന്നു നിന്നൂ. റിമോട്ടെടുത്ത് ബ്രിട്ട്ണിയെ ഒന്നു രണ്ടു പ്രസ്സ് പിന്നിലേക്കാക്കി. എന്നിട്ടിങ്ങനെ വിളിച്ചു പറഞ്ഞു...
“ഫ്രൺസ്സ്.... ദ നൈറ്റ്.... ഷീ ഈസ്സ് സ്റ്റിൽ യങ്ങ്......” “കമോൺ ലെറ്റസ്റ്റ് സെലിബ്രേറ്റ് ദ ലാസ്റ്റ് മൊമൻസ്സ് ഓഫ് ഔവർ ലീവിംഗ് ഇയർ..........!!“
സീ.....ഫ്രൺസ്സ് ഇറ്റ്സ്സ്...... ഇറ്റ്സ്സ് ടൈം..... ദാറ്റ് ഓൾഡ് മാൻ ഈസ്സ് ഗോയിംഗ് ടു ഡൈ..... ലെറ്റസ്സ് വെയിറ്റ് ഫോർ ദ അപ്പ് കമിംഗ് വൺ......”
“ഈ വർഷത്തിന്റെ മരണ സമയത്ത് നമുക്ക് ബോധത്തെ മറയ്ക്കാം.“ “വീ ഡോൺ ഹാവ് എനി മോർ ടിയേഴ്സ്സ് ടു സ്പെയർ ഫോർ ദിസ്സ് ഓശ്ഡ് ഫൂൾ...... ഹ ഹ ഹ.....“
“നാളത്തെ പ്രഭാതത്തിൽ പുതുവർഷത്തോടൊപ്പം നമുക്കും ജനിക്കാം വീണ്ടും......”
“വിത്ത് ഓൾ യുവർ പെർമിഷൻ...... ഷാൽ ഐ കട്ട് ദിസ്സ് നൌ.......“
“ഓ....താങ്ക്യൂ.... താങ്ക്യൂ....!!
ഒരു വലിയ പീസ്സ് കേക്ക് കട്ട് ചെയ്യ്‌ത് കൈയ്യിലെടുത്ത് തന്റെ വശങ്ങളിലേക്ക് നീട്ടികൊണ്ട് അയാൾ പറഞ്ഞൂ.....
“കമോൺ......കമോൺ.... ഹാവ് ദിസ്സ്......” “ഹേയ്യ് കമോൺ യാർ....ദേർ ഈസ്സ് നോ ഫോർമാലിറ്റീസ്സ് പ്ലീസ്സ്.........ലെറ്റസ്സ് എഞ്ചോയ്യ്...........”
“ഓക്കെ.....ഓക്കെ നോ പ്രോബ് ഐ വിൽ ഹാവ് ദ ഫസ്റ്റ്.......” ആ തടിയൻ കഷ്ണത്തിൽ നിന്ന് ഒരു ചെറിയ പങ്ക് അകത്താക്കി അയാൾ പറഞ്ഞൂ.......
“മ്മ്......വാവ്വു.......സോ ഡെലീഷ്യസ്സ്.....“
ആ വലിയ കേക്ക് പിന്നെയും കുറേ ആയി കട്ട് ചെയ്യ്‌ത് ഒരു പാത്രത്തിലേക്ക് വച്ചൂ. “എല്ലാവരും എടുത്ത് കഴിക്കൂ...കഴിക്കൂ...”
പശ്ചാത്തലത്തിലെ ബ്രിട്ടിനിയെ ഒന്നുകൂടീ മുന്നോട്ടാക്കി.........മുറിയിലെ വെളിച്ചം അവിടെ വല്ലാതെ വില്ലനാകുന്നതായി അയാൾക്ക് തോന്നി..... മെയിൻ ലൈറ്റുകളൊക്കെ ഓഫ് ചെയ്യാം....... സ്പീക്കർ ടോപ്പിലെ ഡിസ്കോലൈറ്റ് മാത്രം മതി......
“യെസ്സ് ദാറ്റ്സ്സ് എ ഗുഡ് ഐഡിയ........” ചുറ്റുപാടു നിന്നും ഒരു ആരവം അയാളുടെ ചെവികളിലെത്തി. ഉത്സാഹം ആ മുഖത്ത് തുടിപ്പുകളായി.
“ഹൂയ്യ്.............. വാവ്വ്.......വാട്ട് എ നൈറ്റ്.....വാട്ട് എ മൂഡ്.........അല്ലേ....!!!“
“കമോൺ ഗയ്യ്‌സ്സ്............ലെറ്റസ്സ് ബ്ലാസ്റ്റ് ദി ഷാമ്പെയിൻ..............ഹൂ..... ഹൂ...........”
പ്രായം മറന്നുള്ള ആഘോഷം..... ആ രാത്രി അയാളുടേതാക്കി മാറുകയായിരുന്നൂ അവിടെ.... പൊട്ടിച്ച ഷാമ്പെയിൻ നന്നായി ഒന്നു കുലുക്കി ചുറ്റുപാടും ചീറ്റിച്ചൂ......
“ഹൂ....ഹാ..........!!“
ചുറ്റിലും ആരൊക്കെയോ തങ്ങളുടെ വസ്ത്രങ്ങളിൽ അതു വീഴാതിരിക്കാൻ നന്നായി കഷ്ടപെടുന്നത് പോലെ..... അയാൾക്കതാവേശമായി..... അങ്ങോട്ടൊക്കെ ഇത്തിരി കാര്യമായി തന്നെ ഷാമ്പെയിൻ ചീറ്റി തെറിച്ചൂ. സോഫയുടെ അരികിലെ സ്റ്റാന്റിൽ തലയിൽ ഒരു കൊട്ട ഓർക്കിഡ് പൂക്കളുമായിരുന്ന മാർബ്ബിൾ സുന്ദരി ആ ഷാമ്പെയിനിൽ വല്ലാതെ കുളിച്ചൂ. പാതിയിലതികമൊഴിഞ്ഞ ഷാമ്പെയിൻ ബോട്ടിൽ ചുണ്ടോടു ചേർക്കുന്നതിനിടയിൽ അവളെ ഒന്നു നോക്കി കണ്ണുറിക്കി അയാൾ തന്റെ കുസ്യതിയറിയിച്ചു.......
ടീപ്പോയിലെ കേക്കിൻ കഷ്ണങ്ങൾ മദ്യകുപ്പികൾക്കു വഴിമാറി.....
“ഫ്രൺസ്സ്... കമോൺ.......കമോൺ..... ഹാവേ ഡ്രിംഗ്......... “
തന്റെ ഫേവ്റൈറ്റ് ബ്രാന്റ് വിസ്കിയെടുത്ത് ഒരു ടൈറ്റ് പെഗ് ഒഴിച്ചു വച്ചൂ..... കുടിക്കാനാഞ്ഞു..
“ഓഹ്....സോറി.. ഫ്രൺസ്സ്.....ഞാനോർത്തില്ലാ......“ വീണ്ടും നാലഞ്ച് ഗ്ലാസ്സുകളിൽ വിസ്കി പകരുന്നതിനിടെ അയാൾ തലയുയർത്തി ചോദിക്കുന്നുണ്ടായിരുന്നൂ
“യൂ വാണ്ട് ഐസ്സ്......?” “ഹേയ്യ് വാട്ട് യൂ പ്രിഫർ......സെയിം ആസ് ബിഫോർ നോ..?“
“ഹ ഹ ഹ ഓൾഡ് മാൻ ഐ നോ യുവർ കോമ്പിനേഷൻ വെൽ... “
ഒഴിച്ചു വച്ചതിൽ ഒന്നെടുത്ത് അയാളുറക്കെ പറഞ്ഞൂ “ചിയേഴ്സ്സ്........” അതാ നാലു ചുവരുകളും ഏറ്റു പറഞ്ഞു.
ആ ഡിസ്കോ ലൈറ്റിന്റെ പശ്ചാത്തലത്തിൽ പാശ്ചാത്യ സംഗീതത്തിന്റെ താളം അയാളുടെ ചുവടുകളുടെ വേഗത കൂട്ടുമ്പോൾ ടീപ്പോയിലെ ഗ്ലാസ്സുകൾ ഒഴിയുകയും നിറയുകയും ചെയ്യ്‌തുകൊണ്ടേയിരുന്നൂ.. ധ്രുത ചടുല താളങ്ങൾ ആ സിരകളിൽ പിന്നെയും പടർന്നു കയറി... ഒരു വല്ലാത്ത മൂഡ്....
“യൂ നോ ഫ്രൺസ്സ്.... നൌ ഐ ഫീൽ ദി സെയിം.....” “യെസ്സ് ആം ദ ഹാപ്പിയസ്റ്റ് മാൻ ഇൻ ദ വേശ്ഡ്....”
കയ്യിലിരുന്ന പെഗ്ഗിൽ കുറച്ച് കുടിക്കുന്നതിനിടയിൽ അയാൾ വിളിച്ചൂ പറഞ്ഞൂ
“യെസ്സ് യെസ്സ് യൂ ഡിസേർവിറ്റ്...........”
“ഹ ഹ ഹ.....താങ്ക്യൂ......താങ്ക്യൂ........”

ബ്രിട്ട്നിയുടെ ശബ്ദം പിന്നെയും കൂടി കൂടീ വന്നു. തളർച്ചയില്ലാതെ പാടുന്ന അവളേക്കാൾ ഉത്സാഹത്തിലായിരുന്നു അയാളും. ആ നാലു ചുമരുകൾക്ക് പുറത്തുള്ള ആഘോഷങ്ങളൊന്നും ഇതിനും മീതെയാവില്ല എന്നയാൾക്ക് തോന്നീ. അവിടുത്തെ കർണ്ണ ഘടോര ശബ്ദങ്ങൾ ആ വാതിൽക്കൽ പകച്ചു നിന്നൂ.....
“ഹൂ.........വാട്ട് എ നൈറ്റ്..........ഹ ഹ ഹ.............“
ആ രാത്രിയുടെ ഒടുവിലെപ്പഴോ ബ്രിട്ട്നി പാടിയൊഴിഞ്ഞു അതിനും മുമ്പേ ചുവടുപിഴച്ച ആ വ്യദ്ധൻ അവിടെ വീണൂറങ്ങുന്നുണ്ടായിരുന്നൂ.
രാവിലെ സെക്യൂരിറ്റിയുടെ പതിവ് കോളിംഗ് ബെൽ ഒന്ന് രണ്ടടിച്ചു കുറച്ചു വെയിറ്റ് ചെയ്തു വീണ്ടും ഒന്നു കൂടെ... ന്യൂസ്സ് പേപ്പറുമായി അക്ഷമനായി വാതിൽക്കൽ നിൽക്കുന്ന അയാളെ നോക്കി അടുത്ത ഫ്ലാറ്റിലെ ചേട്ടൻ വിളിച്ചു പറഞ്ഞു.....
“ലീവിറ്റ് ദെയർ മാൻ.....ലെറ്റ് ഹിം വേക്ക് അപ്പ് ഫ്രം ലാസ്റ്റ് നൈറ്റ്........ഹും ഒടുക്കത്തെ നൈറ്റ്.....!“
അകത്ത് ഇതൊന്നു മറിയാതെ അപ്പഴും അയാളതേ കിടപ്പ് കിടക്കുകയായിരുന്നൂ....... ഷാമ്പെയിനിൽ കുളിച്ച മാർബിൾ സുന്ദരിയുടെ മേനി ഈച്ചകൾ നക്കി തുടയ്ക്കുന്നുണ്ടായിരുന്നൂ......അതിന്റെയൊരിക്കിളിയോടെ അവൾ പറയുന്നുണ്ടാവാം........

“ഹോ ലാസ്റ്റ് നൈറ്റ് വാസ്സ് സോ ക്യൂട്ട്.......ബട്ട്.....”