Dec 7, 2011

ദി ഡേര്‍ട്ടി ലെസ് പിക്ചര്‍ !!


ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ സമീപകാലത്ത് ഞാന്‍ കാണാന്‍ തിരഞ്ഞെടുത്ത സിനിമകളൊന്നും അത്ര മോശമല്ലായിരുന്നു എന്നു തോന്നുന്നു. ഭാഷ-ദേശ ഭേദമന്യേ പഴതും പുതിയതുമായി കുറെ നല്ല സിനിമകള്‍ കണ്ടതിന്റെ സന്തോഷമുണ്ട് മനസ്സില്‍ . നാലുനാള്‍ മുമ്പു കണ്ട പാകിസ്ഥാനി ചിത്രം ' ബോല്‍ ' അപ്രതീക്ഷിതമായി വീണുകിട്ടിയ വ്യത്യസ്തമായൊരു ചലച്ചിത്രാനുഭവമായിരുന്നു. ഇന്നലെയും അതുപോലൊന്ന് ആവര്‍ത്തിക്കപ്പെട്ടു..!

'തെന്നിന്ത്യന്‍ മാദക റാണിയായിരുന്ന സില്‍ക്ക് സ്മിതയുടെ കഥ സിനിമയാകുന്നു...!', സിനിമ കാണാനുള്ള ആദ്യ പ്രേരണ അതുതന്നെ.! പിറകെ വന്ന വിവാദങ്ങള്‍ , നിരോധനങ്ങള്‍ , ബഹിഷ്‌കരിക്കലുകള്‍ , വിദ്യാബാലന്‍ എന്ന നടിക്കു ലഭിച്ച ഈ പുതിയ 'പരകായ പ്രവേശത്തെക്കുറിച്ചുള്ള' വാര്‍ത്തകള്‍ . മൊത്തത്തില്‍ വിവാദം പുകയുന്ന ഒരു എരിപൊരി സിനിമ കാണാനെന്നപോലെയാണ് ' ഡേര്‍ട്ടി പിക്ച്ചര്‍ ' കാണാന്‍ തീയറ്ററിലെത്തിയത്. പക്ഷെ.........

പക്ഷെ മനസ്സു നിറച്ചു കളഞ്ഞു....! സിനിമയിലെ നായികാ കഥാപാത്രമായ 'സില്‍ക്ക്' വായിച്ചതിനും കേട്ടതിനുമൊക്കെ അപ്പുറമായിരുന്നു. അവര്‍ക്ക് അവരുടേതായൊരു വ്യക്തിത്വമുണ്ടായിരുന്നു, ന്യായീകരണങ്ങളും.! ശബ്ദത്തിലോ ഭാവങ്ങളിലോ ഇത്തരം കഥാപാത്രങ്ങള്‍ പങ്കുവയ്ക്കാറുള്ള പതിവു ചേഷ്ടകളൊന്നും കാണാനേ കഴിയുന്നില്ല. ഒരിക്കപോലും 'കഥാപാത്രത്തെ മറികടക്കാത്ത' വിദ്യാബാലന്റെ ഗ്ലാമര്‍ പ്രദര്‍ശനവും ശ്രദ്ധേയമാണ്! ഇത്തരത്തില്‍ ഈ കഥാപാത്രത്തെയും ചിത്രത്തെയും വാര്‍ത്തെടുത്ത തിരക്കഥയും മികച്ച സംവിധാനവും അഭിനന്ദനീയം. സില്‍ക്കായി വെള്ളിത്തിരയില്‍ ഛടുലപ്രകടനം കാഴ്ചവെച്ച വിദ്യയുടെ മികച്ച കഥാപാത്രങ്ങളിലൊന്നാവും ഇത്. അദ്യാന്തം നായികയുടെ വഴികളിലൂടെ സഞ്ചരിച്ച കഥയോട്, ഒപ്പം നിന്ന സഹപാത്രങ്ങളും നിരാശപ്പെടുത്തിയില്ല. കഥാവാസാനം പ്രവചനീയമാണെങ്കിലും കഥപറച്ചില്‍ അതിനെ ഏറെക്കുറെ മറികടക്കുന്നു. ചിത്രം പുറത്തിറങ്ങിയതെ ഉള്ളൂ എന്നതിനാല്‍ മറ്റ് വിവരണങ്ങള്‍ ഒഴിവാക്കാം എന്നു തോന്നുന്നു.

ചുരുക്കത്തില്‍ സില്‍ക്ക് സ്മിതയുടെ ജീവിതരഹസ്യങ്ങള്‍ തേടി ഇരുട്ടില്‍ കണ്ണുമിഴിച്ചിരുന്ന പ്രേക്ഷകന് അതിനുള്ള ഉത്തരങ്ങളെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് പുതിയൊരു സില്‍ക്കിനെയാണ് ഈ 'ഡേര്‍ട്ടി ലെസ് പിക്ചറിലൂടെ' സംവിധായകന്‍ മിലന്‍ ലുത്രിയയും രചയിതാവ് രജത് അറോറയും കാണിച്ചു തന്നത്....!