Dec 28, 2009

ഏയ്യ് ഇല്ലാ അമ്മുക്കുട്ടി അതു പറയില്ലാ

“ഏയ്യ് ഇല്ലാ അമ്മുക്കുട്ടി അതു പറയില്ലാ............” അയാൾക്കുറപ്പായിരുന്നു.
“പിന്നെ ആരാവും......? “
“ഈശ്വരാ...... നീണ്ട പതിനഞ്ചുവർഷം എന്നെ അച്ഛാ എന്നു വിളിച്ച എന്റെ മകൾ ഇനി എന്നെ അംഗീകരിക്കുമോ.........!! എന്തു മുഖം വച്ച് ഇനി ഞാനെന്റെ മകളെ നോക്കും..... ഇത്രകാലം എന്റെ സ്വപ്നങ്ങളിൽ അമ്മുക്കുട്ടിയും മകളും മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. ശിഷ്ടകാലവും അവർക്കു വേണ്ടിയല്ലെ ഞാൻ.......“
ഒരിക്കൽ എല്ലാമുപേക്ഷിച്ച് അമ്മുക്കുട്ടിയുടെ കയ്യും‌പിടിച്ചിറങ്ങിയ ആ നാട്ടിലേക്ക് വീണ്ടും തിരിച്ചു പോകാൻ തോന്നിച്ച ആ നിമിഷത്തെ അയാൾ മനസ്സാ ശപിച്ചു. മനസ്സിൽ നൂറു നൂറൂ തെയ്യക്കോലങ്ങൾ അലറി വിളിച്ചു തുള്ളി. ചിന്തകൾ കാടുകയറിയ ആ സന്ധ്യയിൽ വരാന്തയിലെ തിരിവിളക്കിന്റെ വെളിച്ചത്തിലും അയാളുടെ കണ്ണിലെ ഇരുട്ട് കടുത്ത് കിടന്നു.

“ദേ അത്താഴം എടുത്ത് വച്ചു.... കഴിക്കുന്നില്ലേ.....?”
പതിഞ്ഞ ശബ്ദത്തിൽ അമ്മുക്കുട്ടിയുടെ ചോദ്യം........ രാഘവൻ ചിന്തകളുടെ ലോകത്ത് നിന്ന് തിരികെയിറങ്ങിയെങ്കിലും ദയനീയമായ ഒരു നോട്ടം മാത്രമായിരുന്നു അയാളുടെ മറുപടി.
“ഇങ്ങനെ വിഷമിച്ചിട്ടെന്താ........എനിക്കറിയില്ലെ എന്റെ രാഘവേട്ടനെ...... അവൾക്കും അവളുടെ ഈ അച്ഛനെ മനസ്സിലാവും............”
അവർ അടുത്തിരുന്ന് അയാളെ സമാധാനിപ്പിച്ചു. രാഘവന്റെ കണ്ണുകളിൽ ആശ്വാസത്തിന്റെ ഒരു നേരിയ മിന്നലാട്ടം.
“എന്നാലും........“ ഒരു ഗദ്ഗദത്തിന്റെ മുന്നോടിയായി അയാളെന്തോ പറഞ്ഞൊപ്പിക്കാൻ ശ്രമിച്ചു.
“ഒരു എന്നാലും ഇല്ല......... ഈ അമ്മുക്കുട്ടിക്ക് എല്ലാം നഷ്ടപെട്ടിടത്തു നിന്ന് ഒരു പാട് പ്രതീക്ഷകളും സ്വപ്നങ്ങളും തന്നിങ്ങോട്ട് കൂട്ടിവന്നത് രാഘവേട്ടനല്ലേ...... അത് മറന്നിട്ട് ഞാൻ.......“
തുളുമ്പിത്തുടങ്ങിയ അവളുടെ കണ്ണുകൾ തുടച്ച് കൊണ്ട് രാഘവൻ ഒന്നേ പറഞ്ഞിട്ടുണ്ടാവൂ “നിന്നെയെനിക്ക് വിശ്വാസമാ‍ണ്.......”
അത്താഴത്തിനിരിക്കുമ്പോള്‍ രാഘവന്റെ കണ്ണുകൾ, എന്നും സ്നേഹത്തിന്റെ ഒരു പിടി നീട്ടാറുള്ള തന്റെ മകളുടെ മുഖത്തേക്ക് പോകാതിരിക്കാൻ ആയാസപ്പെടുന്നുണ്ടായിരുന്നു. ഒരു വിധത്തില്‍, കഴിച്ചെഴുന്നേറ്റ് കിടക്കയിലേക്ക് ചായുമ്പോൾ അടുത്തമുറിയിൽ അമ്മയും മകളും എന്തോ പിറുപിറുക്കുന്നത് കേൾക്കാമായിരുന്നു.
“എഴുന്നേറ്റ് ഒന്നങ്ങോട്ട് ചെന്നാലോ.......”
താൻ ചെയ്തതൊക്കെയും മകൾക്കു മുന്നിൽ ഒന്നു ന്യായീകരിക്കണമെന്നയാൾക്ക് തോന്നി. പക്ഷെ ഒന്നെഴുന്നേൽക്കാൻ പോലും ആവാത്തവിധം വല്ലാത്തൊരു തളർച്ച...
അവരുടെ സംഭാഷണത്തിലെ അവ്യക്തത രാഘവന്റെ കണ്ണുകളിൽ വീണ്ടും ഇരുട്ടിനെ കുത്തിത്തിരുകി. ആ ഒരങ്കലാപ്പിൽ നിന്നു പിന്നെ പതിയെ തന്റെ കരിമ്പടത്തിനുള്ളിലേക്കയാൾ ഒളിച്ചു.
രാത്രിയിലെപ്പൊഴോ ഒരു വിങ്ങലോടെ തന്റെ നെഞ്ചിലേക്കു പതിയെ കയറി വന്ന കൈപ്പടം അമ്മുക്കുട്ടിയുടേതാണെന്ന സമാധാനത്തിൽ അയാൾ കിടന്നു.
“ഇല്ലാ ഇതെന്റെ.......!!”
പുതപ്പൊന്നു മാറ്റി നോക്കിയാലോ........
“വേണ്ടാ......!!” ഒരു ഉൾവിളി.........
പക്ഷെ ആ കൈകൾ തന്നെ ഗാഢം പുണരുമ്പോൾ അയാളറിയാതെ ഉയർന്ന് നോക്കിപ്പോയി.............
“അച്ഛാ.........!!” ആ ഇരുട്ടിലും കണ്ണീരിൽ കുതിർന്ന് തിളങ്ങുന്ന കണ്ണുകളുമായി തന്റെ മകളുടെ പതിഞ്ഞ ശബ്ദം.
ഒന്നു തലോടികൊണ്ട് അയാൾ അവളേ മാറോട് ചേർത്തൂ
“മോളേ........എന്നോട് ക്ഷമിക്കടീ.........”, “നിന്റമ്മയില്ലാതെ എനിക്കൊരു ജീവിതം ഇല്ലായിരുന്നൂ അതാ ഞാൻ.............” വർഷങ്ങൾക്ക് മുമ്പ് താൻ ചെയ്യ്‌ത തെറ്റിന് അന്നയാൾ അവളോട് മാപ്പിരന്നൂ
“വേണ്ട അച്ഛാ......അങ്ങനെയൊന്നും പറയണ്ടാ..........എനിക്കീയച്ഛനെ മാത്രം മതി.........“
അവൾ അയാളെ തടഞ്ഞൂ........
അത്രനേരം അവിടെമാകെ തിങ്ങി നിന്നൊരു വീർപ്പുമുട്ടൽ ഒരു മഞ്ഞുതുള്ളി കണക്കെ ഉരുകിയില്ലാതാവുന്നത് കണ്ട് അമ്മുകുട്ടിയും അവരോട് ചേർന്നിരുന്നൂ.......

Dec 21, 2009

ഓട്ടം

“എടാ നിക്കടാ അവിടെ…….“

അവന്റെ പുറകെ ഓടുന്നതിനിടയിൽ ഒരു വിസിലടിയുടെ തുടർച്ചയായി ആ പോലീസ്സുകാരൻ അലറൂന്നുണ്ടായിരുന്നൂ.

പക്ഷെ മുന്നേ ഓടുന്നവന്റെ വേഗതയേ കുറയ്ക്കാൻ അതൊന്നും പോരായിരുന്നൂ. ഇറുക്കി പിടിച്ച പൊതികെട്ടുമായി അവൻ ഓട്ടം തുടർന്നൂ. പോലീസ്സുകാരന് വിടാൻ ഉദ്ദേശമില്ലാ അയാളൂടെ ടോർച്ചിന്റെ പ്രകാശം ആ രാത്രിയിൽ അവന്റെ വിയർത്തൊലിച്ച മുതുകിൽ തലങ്ങും വിലങ്ങും എന്തോ വരഞ്ഞുകൊണ്ടേയിരുന്നൂ. ആ പ്രകാശത്തിന്റെ ഔദാര്യം അവന്റെ വഴികളെയും കുറെയേറെ ഭദ്രമാക്കി. അക്ഷമനായ പോലിസ്സുകാരൻ വീണ്ടൂം വിളിച്ചു പറഞ്ഞൂ…..
“എടാ……… നിന്നോടാ പറഞ്ഞേ നിക്കാൻ……” അതു പറയുമ്പോൾ അയാളുടെ കാലുകൾക്കെന്തോ പിഴച്ചൂ ഒന്നു വീഴാനാഞ്ഞൂ. കൈയ്യിലിരുന്ന ടോർച്ച് നിലപതിക്കുമ്പോഴും ദൂരെ ഓടി മറയുന്ന അവനിലേക്കു തന്നെയായിരുന്നൂ അയാളുടെ നോട്ടം. നിലത്തു നിന്നും ടോർച്ച് കുനിഞ്ഞെടൂക്കുമ്പോഴേക്കും അവൻ അയാളൂടെ കണ്ണുകളിൽ നിന്നും അപ്രത്യക്ഷമായിരുന്നൂ.

ദേഷ്യം കൊണ്ട് വിറച്ചു വിയർത്ത ആ പോലീസ്സുകാരനിൽ പക്ഷെ നിശ്ചയ ദാർഡ്യം അപ്പോഴും പ്രകടമായിരുന്നൂ. അയാൾ അവിടുന്നെഴുന്നേറ്റ് അവൻ ഓടിമറഞ്ഞ ഇടവഴികളെ ലക്ഷ്യമാക്കി പാഞ്ഞൂ. പേടിപെടുത്തുന്ന ആ ഇരുട്ട് അയാളെ തെല്ലും കുലുക്കിയില്ല.

കുറുച്ചു ദൂരം പിന്നെയും മുന്നോട്ടൂ പോയപ്പോൾ ഇനി ആ ഇരുട്ടിൽ ഒരു അന്വേഷണത്തിന് പ്രസക്തിയില്ലായെന്നു തോന്നിയിട്ടെന്നവണ്ണം നിരാശയോടേ കഴുത്തിലിട്ടിരുന്ന തോർത്തുമുണ്ടുകൊണ്ട് വിയർപ്പുതുടച്ച് അയാൾ പിൻവാങ്ങാനാഞ്ഞൂ.
അവിടെ നിന്നൊന്നു വട്ടം കറങ്ങി നാലു പോലീസ്സ് തെറിയും പറഞ്ഞ് മടങ്ങാനൊരുങ്ങുമ്പോഴാണ് സമീപത്തെ മരത്തിനു പിറകിൽ ആരോ പതുങ്ങുന്ന പോലെ അയാൾക്ക് തോന്നിയത്. അയാൾ അലറി…

”എടാ പന്ന റാസ്ക്കൽ……. മറഞ്ഞു നിന്നാ കണ്ടുപിടിക്കില്ലാന്നു വിചാരിച്ചോടാ….?”
അയാളുടെ ഊഹം ശരിവയ്ക്കുമാറ് ആ രൂപം മരത്തിന്റെ മറവിൽ നിന്നും കുതറിയോടാനൊരുങ്ങി. അപ്പൊഴേക്കും പോലീസ്സുകാരന്റെ കൈകൾ അവന്റെ ചുമലിൽ പതിഞ്ഞിരുന്നൂ. പക്ഷെ അവന്റെ ലക്ഷ്യ ബോധം ആ പിടുത്തത്തിന്റെ ആയുസ്സിനെ കുറച്ചൂ.

അവന്റെ ലക്ഷ്യം അടുത്തുള്ള പൊന്തക്കാട് തന്നെയായിരുന്നൂ… പക്ഷെ ഞെട്ടി തെറിച്ചുള്ള ആ ഓട്ടം ഇരുട്ടിൽ പതുങ്ങി കിടന്ന കരിങ്കല്ലിൽ തട്ടി തെറിച്ച അടുത്ത മരകുറ്റിയിലിടിച്ച് പിന്നാക്കം തെറിച്ചു വീണവസാനിച്ചൂ.

പിറകേ പാഞ്ഞെത്തിയ പോലീസ്സുകാരൻ ഒരു വേട്ടപട്ടിയുടെ ക്രൌരത്തോടേ നിലത്തുകിടന്ന അവനെ കടന്നു പിടിക്കാനാഞ്ഞൂ….
“കഴുവേറീട മോനെ……… രക്ഷപെടാൻ നോക്കുന്നോടാ…..”
കൈയ്യിലുരുന്ന ടോർച്ചിന് അവനിട്ടൊന്നു കൊടൂക്കാനാണയാൾക്ക് തോന്നിയത്

“എന്നെ ഒന്നു ചെയ്യല്ലേ സാറേ………” എന്ന തളർന്ന ശബ്ദത്തിലുള്ള അവന്റെ നിലവിളി അയാളെ തെല്ലൊന്നു പിന്തിരിപ്പിച്ചൂ.
ടോർച്ച് ലൈറ്റിന്റെ വെട്ടത്തിൽ അവന്റെ നെറ്റിപിളർന്നൊഴുകിയ ചോരയാൽ കുതിർന്ന ചുണ്ടിൽ നിന്ന് പിന്നെയും എന്തൊക്കെയോ ശബ്ദങ്ങൾ പുറത്തുവരാൻ പ്രായസപെടുന്നത് അയാൾ കണ്ടു.

“അവന്….അവന്….. തീരെ വയ്യ സാർ……….ഇത് ………പൈസ്സാ… തികഞ്ഞില്ല സാർ……” വേദന കൊണ്ട് പുളഞ്ഞു പുളഞ്ഞു ഒടുക്കം നിശ്ചലമാകുന്നതിനിടയിൽ അവനെങ്ങനെയോ അതൊക്കെ പറഞ്ഞൊപ്പിച്ചൂ. അപ്പോഴും അവന്റെ കൈപ്പിടിയിൽ ആ പൊതികെട്ടിന്റെ കുറച്ചുഭാഗം ഭദ്രമായിരുന്നൂ.

സമീപത്ത് വീണുപൊട്ടിയ കുപ്പിയിൽ നിന്ന് ഏതോ മരുന്നിന്റെ ഗന്ധം അവിടമാകെ പരക്കുന്നുണ്ടായിരുന്നൂ.

ആ രാത്രിയെ അയാൾ വല്ലാതെ ഭയപെട്ടൂ തുടങ്ങിയിരുന്നൂ. എന്തോ തലചുറ്റുന്നതു പോലെ…. ചേതനയറ്റ ആ ശരീരത്തിനരികിൽ നിന്നും ആ കുപ്പി കഷ്ണങ്ങളിൽ ചിലത് പെറുക്കി എടുക്കുന്നതിനിടയിൽ അയാൾ തന്റെ ചുറ്റുപാടും ഒന്നു നോക്കി. ഇരുട്ട് ഒരു കനത്ത മതിൽ തീർത്തപോലെ……….

നിലത്തുകിടന്നു കത്തുന്ന ടോർച്ച് അപ്പോഴും ആ മരക്കുറ്റിയെ തന്നെ നോക്കിയിരിന്നു. ചോരയൊലിക്കുന്ന വായിൽ നിന്നും വിക്യതമായി ഉന്തി നിൽക്കുന്ന ദംഷ്ട്രകളുമായി തന്നെ നോക്കി പൊട്ടിച്ചിരിക്കുന്ന ഒരു രാക്ഷസനെ പോലെ അയാളിലത് കാണപെട്ടു…….