Apr 22, 2010

നീതിബോധം




നിയമത്തിന്റെ പിന്നാമ്പുറങ്ങളിൽ
അനീതിയോട് പടവെട്ടി തളർന്നു വീഴുന്ന നീതി
കൈതാങ്ങാവേണ്ടവർ പണം നിറച്ച
കീശകൾക്കായി മാത്രം കൈനീട്ടുമ്പോൾ
ആവശ്യക്കാരന്റെ ഔചിത്യമില്ലായ്മയോർത്ത്
തേഞ്ഞ ചെരിപ്പും കരിവാളിച്ച മുഖവും വലിച്ചെറിഞ്ഞ്
ആളില്ലാത്ത ഒറ്റവാതിലുമ്മറങ്ങളെവിട്ട്
മതിൽ പോലുമില്ലാത്ത പിന്നാമ്പുറങ്ങളിലേക്കോടുന്നു ഞാനും.

പണ്ടെങ്ങോ ഞാൻ നയിച്ച നീതി യാത്ര
അപ്പഴും തുടങ്ങിയിടത്തു തന്നെ
തളർന്ന് കുഴഞ്ഞെന്തിനോ കാത്തിരിക്കുന്നു

മുന്നോട്ട് പോകാനൊരു കുറുക്കുവഴി തേടിയാവാം....!

Apr 13, 2010

പവർ....... ‘കട്ട് ’ !!

പതിവുപോലെ അന്നും ഇന്റർനെറ്റ് കഫേയിലെ ഇടുങ്ങിയ ക്യൂബിക്കിളിൽ നനഞ്ഞൊട്ടാൻ തുടങ്ങുന്ന തന്റെ ചുരിദാറിലെ ചുളുക്കുകൾ കൂടിക്കൂടി വന്നപ്പോൾ ഒരു ഞരക്കത്തോടെ അവൾ പറഞ്ഞു:
“ഹോ നിന്റെ പ്രണയത്തിന്റെ നോവ്, ഇന്നിത്തിരി കൂടുതലാ......!”

“അല്ലെങ്കിലും ഈ സുവോളജി പൊതുവെ ഇത്തിരി ടഫാ മോളൂ“ മുഖമുയർത്താതെ അവൻ.

കീ ബോർഡിലെ “എ“ യും “ബി”യും “സി”യുമൊക്കെ അവളുടെ വിയർപ്പിന്റെ രുചി നൊട്ടി നുണഞ്ഞു രസിച്ചു...ഇടയ്ക്കവന്റെയും... മൌസ്സിന് അതൊരു ആഘോഷമായിരുന്നു. മോണിറ്റർ പക്ഷെ സ്ക്രീൻ സേവറിട്ട് മുഖം പൊത്തിക്കളഞ്ഞു.

ഒക്കെ കണ്ട് കൊതി തീർന്നിട്ടോ വെറുത്തിട്ടോ മടുത്തിട്ടോ എന്തോ യു.പി.എസ്സ്. പോലുമറിയാതെ ആ സിസ്റ്റം ഒരിക്കൽ ഷട്ട്‌ഡൌൺ ആയി. ട്രിപ്പായതാവും എന്നാണ് ആദ്യം കരുതിയത്, പക്ഷെ സത്യത്തിൽ കറണ്ട് അടുത്ത ട്രാ‍ൻസ്സ്‌ഫോർമറിൽ പോലും ഉണ്ടായിരുന്നില്ല.