May 25, 2009

കിനാമഴ"എന്താ അച്ചനും മോളും കൂടി തൃസന്ധ്യക്കൊരടിപിടി..."
അതും ചോദിച്ചോണ്ടാണ് ചിന്നൂന്‍ടമ്മ ഉമ്മറത്തേക്ക് വന്നത്...."
"ദേ ഇവിളെ അകത്തോട്ടു വിളിച്ചോണ്ട് പോണൊണ്ടൊ നീയ്യ്....ഇല്ലേ ഇവളെന്‍റെ കൈയ്യീന്ന് വല്ലോം മേടിക്കും....."
"ചിന്നൂന്‍റെച്ചന്‍ ആകെ ചൂടിലാണ്..."
അയ്യൊ ഇതെന്താ ചിന്നൂട്ടിയെ ആകെ നനഞ്ഞിട്ടുണ്ടല്ലോ...നീ ഇപ്പോ എന്തിനാ പുറത്തേക്കിറങ്ങിയെ...അതല്ലെ അച്ഛന്‍ വഴക്കു പറയണേ..."
"അമ്മെ അപ്പറത്തെ കുട്ടിയോളെല്ലാം മഴയത്ത് കളിക്കുന്നുണ്ടല്ലോ..........എന്നെം വിളിച്ചമ്മേ
ഞാന്‍ മുറ്റത്തോട്ടിറങ്ങിയതേ ഉള്ളൂ..അതിനാ ഈ അച്ഛന്‍....
"അവള്‍ മുഴുമിച്ചില്ലാ...അവള്‍ക്കത്ര വിഷമമായിപ്പോയീ
"പുതുമഴ നനഞ്ഞാ പനി പിടിക്കില്ലേ... ന്‍റെ കുട്ടിക്ക്..... അതല്ലേ അച്ഛന്‍ വഴക്കു പറേണേ...
"അപ്പൊ അവരൊക്കെ കളിക്കുന്നതൊ...അവര്‍ക്കു പനി പിടിക്കില്ലേ.....
അതു മോളെ അവരു നമ്മളെ പോലെ ആണൊഈ അറബിനാട്ടില്‍ വല്ലപ്പോഴുമല്ലെ ഒരു മഴപെയ്യണെ അതാ അവരങ്ങനെ...അമ്മ ചിന്നൂനെ സമാധാനിപ്പിച്ചൂ...
"മോളു വാ അമ്മ തല തോര്‍ത്തി തരാം എന്നിട്ട് നമുക്ക് ബെഡ്റൂമിന്‍റെ ഗ്ലാസ്സിക്കുടെ മഴകാണാം....എന്താ………."
"നമ്മുടെ അമ്മുമ്മേടെ വീടാരുന്നു നല്ലത്..... അല്ലെ അമ്മേ..."
"ഇങ്ങോട്ടു വരണ്ടാരുന്നൂ.... ഈ അച്ഛനെന്താ നാട്ടില് ജോലി കിട്ടാത്തെ...എന്താമ്മേ..."അവള്‍ ചോദിച്ചൂ....
"മിണ്ടാതിങ്ങോട്ടു വാ കൊച്ചേ......" അമ്മ അവളെ വിളിച്ചു കൊണ്ടു പോയി തല തോര്‍ത്തികൊടുത്തൂ....
"ഇനി എന്‍റെ കുട്ടി ഇവിടെ നിന്ന് മഴ കണ്ടൊ കേട്ടോ.... അമ്മക്ക് ലേശം പണീണ്ടൂട്ടോ…..
"ചിന്നൂട്ടി ആ ജനാലയിലുടെ താഴേക്ക് നോക്കി നിന്നു..............അവിടെ അവളുടെ കൂട്ടുകാരികളൊക്കെ മഴയത്ത് ഓടിനടക്കുകയാണ്........ആകെ ചാട്ടൊം ബഹളൊം... അവള്‍ക്ക് സങ്കടം സഹിക്കാനായില്ലാ...പക്ഷെ എന്താ ചെയ്യാ... ഈ അച്ഛന്‍...!
നാട്ടില്‍ അമ്മൂമ്മേടേ അടുത്താരുന്നപ്പോ എന്തു രസായിരുന്നൂ....... അവള്‍ കഴിഞ്ഞ കുറച്ചു മാസം മുമ്പു വരെം അവിടെ ആയിരുന്നു ഇപ്പഴാ അച്ഛന്‍ ചിന്നൂനെം അമ്മെം ഇങ്ങോട്ട് കൂട്ടി വന്നത്...ഒത്തിരി ഉല്‍സാഹത്തോടെ ആയിരുന്നു അവള്‍ അച്ഛനോടൊപ്പം ഇങ്ങൊട്ടു പോന്നത്...വല്ലപ്പഴും ഒരു സ്വപ്നം പോലെ വന്നു പോകാറുള്ള അച്ഛനെ ഇനി എന്നും കാണാമെന്നുള്ള സന്തോഷം....പക്ഷെ ഇവിടെ എത്തിയപ്പഴൊ രാത്രി ഏറെ വൈകി വരുന്ന അച്ഛന്‍...പലപ്പോഴും ചിന്നുനൊന്ന് വര്‍ത്താനം പറയാന്‍ കൂടി കിട്ടില്ലായിരുന്നു...പക്ഷെ എന്നാലും വെള്ളിയാഴ്ച അച്ഛനും അമ്മയ്ക്കും ഒപ്പം ഒരു കറക്കം അത് അവള്‍ എങ്ങനെം പറഞ്ഞു സമ്മതിപ്പിക്കും...അതായിരുന്നു അവള്‍ക്ക് ആകെ ഒരു സന്തോഷം...അല്ലാത്ത ദിവസങ്ങളൊക്കെ... സ്കൂള്...വീട്..വീട്..സ്കൂള്..
അയലത്തെ അറബികുട്ടിയൊളോടൊപ്പം കളിക്കാമെന്നു വച്ചാ...അച്ചനറിഞ്ഞാപ്പിന്നെ ആകെ വഴക്കും അടിയും ആണ്...അച്ഛനതൊന്നും ഇഷ്ടാല്ലാ...!
കുറച്ചു നാളുകള്‍ കൊണ്ടു തന്നെ ചിന്നൂ ഈ മരുഭൂമിയെ എന്തൊ വെറുത്തുപ്പോയിരുന്നൂ........
തനിച്ചിരിക്കുമ്പോള്‍ അവളെപ്പഴും ആലോചിക്കും ചിലപ്പൊ അമ്മയൊടും പറയും……….
“നാട്ടിലാരുന്നപ്പൊ എന്തു രസായിരുന്നൂ....“
അവിടെ അവള്‍ക്ക് പ്രീയപ്പെട്ട ഒരുപാടു പേരുണ്ടായിരുന്നൂ.....
ചിന്നു ആ ഗ്രാമത്തിന്‍റെ എല്ലാമായിരുന്നൂ...കൂട്ടൂകാര്‍ക്ക് പ്രായമില്ലായിരുന്നൂ... നിഷ്കളങ്കരായ ആ ഗ്രാമിണരുടെ മനസ്സുമുഴുവന്‍ ചിന്നു ഓടി നടന്നു...
ജന്നാലയിലൂടെ മഴ നോക്കി നില്ക്കേ അവള്‍ മന്‍സ്സുകൊണ്ട് തന്‍റെ ഗ്രാമത്തിന്‍റെ ഓര്‍മ്മകളിലേക്ക് ഒഴുകിപ്പോയീ...
വനജേച്ചി ആയിരുന്നു ചിന്നൂന്‍ടെ അടുത്തകൂട്ടുകാരീ..അയലത്തെ നാണിയമ്മയുടെ മകള്‍...നാണിയമ്മ...എന്ന പേരുകേള്‍ക്കുംമ്പം ചിന്നുനോര്‍മ്മവരിക നല്ല മുരിഞ്ഞ അണ്ടിപരിപ്പായിരുന്നൂ...
അമ്മുമയുടെ പറമ്പിലെ കശുമാവിലൊക്കെ എല്ലാവര്‍ഷോം നിറച്ച് പറങ്ങാണ്ടി പിടിക്കും അതൊക്കെ പെറുക്കി കൂട്ടാ‍ന്‍ അമ്മാമക്കൊപ്പം ചിന്നൂം പോവും...
ഒക്കെ കൂട്ടി ഒണക്കി വയ്ക്കും അമ്മമ്മാ പിന്നെ ഒരു ദിവസം നാണിയമ്മവരും..
ഒക്കെ ഒരു ഓട്ടകലത്തിലിട്ട് വറുക്കും...അത് ശ്ശീ..ശ്ശീ...കടും...കുടും...എന്നൊക്കെ ശബ്ദം ഉണ്ടാക്കി അങ്ങനെ വെന്തു വരുമ്പൊഴെ ചിന്നുന്‍റെ വായില്‍ ഒരു കൊടം വെള്ളം നിറയും...
ആദ്യത്തേത് അത് ചിന്നൂനുള്ളതാ...ചുറ്റുവട്ടകാര്‍ക്കൊക്കെ പിന്നെയുള്ളൂ...
അത് ഈ കാര്യത്തില്‍ മാത്രമല്ല ആ ചുറ്റുവട്ടത്ത് എന്തു വച്ചാലും തിന്നാലും അത് ചിന്നൂനെ തേടിയെത്തും...എല്ലാര്‍ക്കും അത്രക്ക് ഇഷ്ടായിരുന്നു അവളേ...
ഇതിനേക്കാളൊക്കെ അവള്‍ക്ക് നഷ്ടപ്പെട്ടത് ആ കായലോരത്തൂടെ ഉള്ള നടത്തയായിരുന്നൂ....ചിന്നും വനജേച്ചിയും പിന്നെ നാണിയമ്മയുടെ ആടും; പാറൂ ഒരു വഴക്കാളിയാണേന്നാ വനജേച്ചി പറയാറ്......
പക്ഷെ ചിന്നുനവളെ ജീവന്നായിരുന്നൂ ചിലപ്പൊ വനജേച്ചിടെ കൈയ്യീന്ന് കയറും പൊട്ടിച്ചൊരോട്ടണ്ട് അവള്‍…!!
അങ്ങനെ ഓടി നടക്കുമ്പോ ചിലപ്പോ വള്ളത്തേലിരുന്ന് ലാസറുമാമന്‍ കൂക്കി വിളിക്കും......കൂ...യ്യ്...
അതു ചിന്നൂനെ വിളിക്കണതാ.....നല്ല ജീവനുള്ള കരിമീന്‍പള്ളത്തികിട്ടിയാ അതിലൊരു പങ്ക് ചിന്നൂനുള്ളതാന്നാ ലാസറുമാമന്‍റെ കണക്ക്.....
അമ്മ എപ്പഴും വഴക്കാ..... "നീ എന്തിനാ കുട്ടി അതൊക്കെ വാങ്ങണെ....ഇത്തിരി കൂടണൊണ്ട് നിനക്ക്....
"പക്ഷെ വാങ്ങാതിരുന്നാ ലാസറുമാമനു വിഷമാവില്ലേ......?
സന്ധ്യയായ പിന്നെ അമ്മമ്മ വിളിക്കും അമ്പലത്തി പോവാന്‍....അപ്പഴേക്കും അമ്മ മാലയൊക്കെ കെട്ടിവയ്ക്കും......ചിന്നൂന് വലിയ ഇഷ്ടായിരുന്നൂ......അമ്മാമേടെ കൈയ്യും പിടിച്ചുള്ള ആ അമ്പലത്തില്‍ പോക്ക്....
ചിന്നുന് പക്ഷെ ഏറ്റവും തിരക്ക് വേനലവധിക്കാലത്താ......
അങ്ങ് തെക്കുള്ള ആ വലിയ നാട്ടുമാവിന്‍ടെ ചോട്ടിലാണു പിന്നെ ചിന്നൂം കൂട്ടരും......
ഓരൊകാറ്റത്തും വീഴും 2ഉം 3ഉം ഉറിഞ്ചിമാങ്ങാ പിന്നെ അത് കൈക്കലാക്കാനുള്ള ബഹളമാ അവിടെ.....
പിന്നെ പറമ്പു നറേ ആഞ്ഞിലിചക്കേം വരിക്കചക്കേം തമ്പോരിമാവും ബംബ്ലിമാസ്സും ഒക്കെ നിറച്ചു പിടിച്ചു കിടപ്പുണ്ടാവും....
ഒക്കെ ഓടി നടന്നു തിന്നലാണ് ചിന്നൂട്ടീടെം സംഘത്തിന്‍ടെം പ്രധാന പണി......
അമ്മ അതിനും വഴക്കാ.... "ഒക്കെ വാരിവലിച്ചു തിന്ന് വല്ല അസുഖോം പിടിപ്പിക്കും ഈ കുട്ടി.......
"പക്ഷെ അതൊന്നും കേള്‍ക്കാന്‍ ചിന്നൂന് സമയണ്ടാവില്ലാ....ചുറ്റുവട്ടത്തെ വീടുകളൊക്കെ ഒന്നു കറങ്ങി എല്ലാരോടും ഇത്തിരി വര്‍ത്താനം പറയാന്‍ അവള്‍ക്കൊരു ദിവസം തികയില്ലായിരുന്നൂ.....!!!
ഇവിടെ ഇപ്പൊ ആകെ ഒറ്റക്കായപോലെ.....ചിന്നൂട്ടിക്ക് ഇവിടെ കളിക്കൂട്ടുകാരില്ലാ... ഓടിനടക്കാന്‍ പറമ്പില്ലാ...
കുറുമ്പുകാട്ടി മുന്നിലോടാന്‍ പാറുവില്ലാ...!!!
പിന്നെയും എന്തൊക്കെയൊ ഓര്‍ത്തുറങ്ങിപ്പോയാ രാത്രിയില്‍ ചിന്നൂട്ടി മനസ്സുകൊണ്ടൊരുനൂറുവട്ടം തന്‍റെ ഗ്രാമത്തിലൂടെ ഓടി നടന്നൂ.........
അവളുടെ.......മനസ്സിന്‍റെ ആ വിതുമ്പലും...... പിറുപിറുക്കലും ഒന്നും കേള്‍ക്കാന്‍ എന്തൊ താല്‍പര്യമില്ലാത്തതുപോലെ ആ അച്ഛനും അമ്മയും അവിടെ എവിടെയോ തളര്‍ന്നുറങ്ങുന്നുണ്ടായിരുന്നൂ.....

2 comments:

  1. ആരൊടും പറയാതെ ഒറ്റയ്ക്ക് വന്നിരിക്കുവാ ലെ....
    കള്ളന്‍...ഞാന്‍ കണ്ടു പിടിചു ട്ടൊ....

    ReplyDelete
  2. അവിടെ മഴപെയ്തു അല്ലെ.

    ReplyDelete