Oct 17, 2011

‘അള്ളാഹുവിന്റെ’ മകൻ അബു.


ഏറെ ചർച്ച ചെയ്തു കഴിഞ്ഞ ചിത്രമായതിനാൽ ഒരു റിവ്യുവിന് ഇനി സ്കോപ്പില്ലാ എന്നറിയാം എങ്കിലും കണ്ടപ്പോ എഴുതണം എന്നു തോന്നി.

‘അള്ളാഹുവിന്റെ’ മകൻ അബു.

“മക്കാ മദീനത്തിൽ എത്തുവാനല്ലാതെ

തുശ്ചമീ ജന്മത്തിൻ അർത്ഥമെന്തോ....”

സലീം അഹമ്മദ് രചനയും സംവിധാനവും ചെയ്ത “ആദാ‍മിന്റെ മകൻ അബു” പറയുന്നത് ഒരു സിനിമാക്കഥയല്ല. മാറിയ സാഹചര്യങ്ങളിൽ എവിടെയൊ വച്ച് നമ്മൾ നഷ്ടപ്പെടുത്തിയ ജീവിത മൂല്യങ്ങളെക്കുറിച്ചുള്ള ചില ഓർമ്മപ്പെടുത്തലുകളാണ്. വളരെ സ്വാഭാവികമായ ഒരു കഥയിലൂടെ കഥാപാത്രങ്ങളിലൂടെ അവരുടെ സംഭാഷണങ്ങളിലൂടെ അതൊക്കെ ഇവിടെ സമർദ്ദമായി പങ്കുവയ്ക്കപ്പെടുന്നു. മുസ്ലിം മതത്തേയും അതിന്റെ വിശ്വാസങ്ങളെയും ചുറ്റിപ്പറ്റിയാണ് കഥ പറച്ചിലെങ്കിലും ഒടുവിലത് മതാതീതമായി, നമുക്കോരോരുത്തർക്കുമുള്ള സന്ദേശമായി മാറുന്നു.

അനർഹമായ കാരുണ്യവും ദയയും സ്നേഹത്തോടെ തിരസ്ക്കരിച്ച് കഥാനായകൻ അബു ദാരിദ്രത്തിലും, തന്റെ ജീവിത മൂല്യങ്ങൾകൊണ്ട് സമ്പന്നനാകുന്നു. നമ്മുടെ ഭക്തിയും വിശ്വാസവുമൊക്കെ ലാഭകണ്ണുകളാൽ ദുർഗന്ധപൂരിതമാകുമ്പോൾ അബുവിന്റെ വഴികളിൽ കളങ്കരഹിത വിശ്വാസത്തിന്റെ അത്തർ മണം!. പരമ കാരുണികവാനായ അള്ളാഹുവിന്റെ നിശ്ചയങ്ങളെ കുറ്റം പറയാൻ നമുക്കവകാശമില്ലായെന്ന് ഭാര്യയെ സമാധാനിപ്പിച്ച്, കറകളഞ്ഞ വിശ്വാസത്തിന്റെ നേർ‌രേഖയായി മാറുന്ന അബു.

ഏക ജീവിത ലക്ഷ്യമായ “ഹജ്ജ് കർമ്മം” നിറവേറ്റാൻ ഏറെ അലച്ചിലുകൾക്ക് ശേഷവും പണം തികയാതെ വരുമ്പോൾ വീട്ടു മുറ്റത്തെ ‘പ്ലാവിന്റെ‘ ജീവനെടുക്കാൻ കൂട്ടുനിന്ന തന്റെ സ്വാർത്ഥയോട് നീതിമാനായ അള്ളാഹു പൊരുത്തപ്പെട്ടുകാണില്ല എന്ന തിരിച്ചറിവ് അബുവിനെ അസ്വസ്ഥനാക്കുന്നു. പ്രതീക്ഷയുടെ ചെറു തൈയൊന്ന് നട്ടു നനച്ച് തുടങ്ങുന്ന പുതിയ നടത്തത്തിന് വാർദ്ധക്യം തളർത്താത്ത നിശ്ചയദാർഡ്യത്തിന്റെ കരുത്തുണ്ട്.

സ്വാർത്ഥ ലാഭങ്ങൾകൊണ്ട് കെട്ടിപ്പൊക്കിയ നമ്മുടെയീ ലോകത്ത് ഏറെക്കാലം മായാതെ നിൽക്കും, നിൽക്കണം അബുവിന്റെ ജീവിതക്കാഴ്ചകൾ.

ചിത്രത്തിൽ സലീം കുമാർ തന്റെ പ്രതിഭയെ രാകിമിനുക്കുമ്പോൾ സറീനാ വഹാബ് ഉറവ വറ്റാത്ത തന്റെ അഭിനയ മികവ് ഒരിക്കൽ കൂടീ നമുക്ക് മുന്നിലെത്തിച്ചു. നമ്മുടെ നാട്ടിടവഴികളിൽ നടന്നൊരു കഥയിലെ ഓരോ കാഴ്ചയും മധു അമ്പാട്ടിന്റെ കരവിരുതിൽ മനോഹരമായ ഫ്രെയിമുകളിലൂടെ കടന്നു വന്നപ്പോൾ ഒരു ലോകോത്തര ക്ലാസ്സിക്‌ കണ്ട പ്രതീതി.

മലയാള സിനിമയിലെ ‘പുത്തൻ ഇടപെടലുകൾ‘, അതിന്റെ കെട്ടും മട്ടും ഏറെ മാറ്റിയിരിക്കുന്നു. അബുവിന്റെ ഓസ്കാർ സ്വപ്നങ്ങൾ യാഥാർത്ഥ്യമായാലും ഇല്ലെങ്കിലും ഒരു നല്ല സിനിമയെന്ന മലായാളിയുടെ സ്വപ്നങ്ങൾക്ക് യാഥാർത്ഥ്യത്തിന്റെ നിറം വീണു തുടങ്ങിയിരിക്കുന്നു എന്നാശ്വസിക്കാം. വീണ്ടുമൊരു വസന്തകാലം കൂടി മലയാ‍ള സിനിമയിലേക്കെത്തുന്നതിന്റെ സൂചനകൾ.

10 comments:

 1. ഒരു ആദ്ധ്യാത്മിക വിഷയം ചർച്ച ചെയ്യുന്ന ഈ ചിത്രത്തിൽ, പ്ലാവിന്റെ ‘ജീവൻ’ എന്ന് ഉദ്ദേശിച്ചിട്ടുള്ളത് എന്തിനെയാണ്. ഇതിനെക്കുറിച്ച് ഒരു ഇസ്ലാമിക വീക്ഷണം എന്തായിരുന്നു എന്ന് അറിയാൻ താല്പര്യമുണ്ട്. ഇതിനുമുമ്പ് വേറൊരിടത്തും ഈ ചോദ്യം ചോദിച്ചിരുന്നു. അവിടെയും ആരും വിശദീകരണം തന്നില്ല.

  ഹൈന്ദവ ദർശങ്ങൾ ഹൈജാക്ക് ചെയ്യപ്പെടുന്നതിന്റെ പ്രത്യക്ഷ ഉദാഹരണം.

  ReplyDelete
 2. ഈ ബ്ലോഗിന് ഉള്ള തലക്കെട്ട്‌ മാറ്റണം... അല്ലാഹുവിനു മകനില്ല .... അത് ഖുര്‍ ആനില്‍ വളരെ ഖണ്ഡിതമായി പറഞ്ഞിട്ടുള്ളതാണ്. നൂറ്റി പന്ത്രണ്ടാം സൂറത്തില്‍ അത് വിശദീകരിചിടുള്ളതാണ്...

  ReplyDelete
 3. ശ്രീ പാർഥൻ,
  ഞാൻ ഇവിടെ സൂചിപ്പിച്ചതുപോലെ ഒരുപാട് ചർച്ച ചെയ്തു കഴിഞ്ഞതാണീ ചിത്രം. ചോദ്യത്തിൽ നിന്നു ഒഴിഞ്ഞു മാറാൻ താല്പര്യമില്ലാത്തത് കൊണ്ട് മാത്രമാണീ ഉത്തരം.
  “പ്ലാവിന്റെ ജീവൻ ” അതിനു ഒരുത്തരമേയുള്ളൂ സിനിമ ഒന്നു കൂടികാണുക. അറ്റലീസ്റ്റ് അതിന്റെ അവസാന ഭാഗം.
  പിന്നെ ഇതിന്റെ ഇസ്ലാമിക വീക്ഷണം പറയാൻ ഞാൻ അത്രയ്ക്കു വലിയൊരു ബുജിയല്ല!! ഇസ്ലാമുമല്ല. ഇസ്ലാം മതത്തേക്കുറിച്ച് ഗഹനമായ അറിവുമില്ല (ഹിന്ദുമതത്തെക്കുറിച്ചും!!)
  ഇതിൽ മുസ്ലീം മതത്തിന്റെ “ആദ്ധ്യാത്മിക തലം” മാത്രം കൈകാര്യം ചെയ്യുന്നു എന്നു പറയുന്നതിനോടും എനിക്കു യോജിക്കാൻ കഴിയുന്നില്ല. സിനിമ ഒന്നു കൂടീ “കാണുക.”
  “അബു“ കണ്ടപ്പോൾ എനിക്കു തോന്നിയത് അതൊരു ശരിയായ മുസൽമാന്റെ കഥയായിട്ടാണ്. മുസ്ലീം നാമധാരിയുടേതല്ല.!! അതുകൊണ്ട് തന്നെ അത് ചില സൂചനകളും സന്ദേശങ്ങളും മുന്നോട്ട് വയ്ക്കുന്നുമുണ്ട്. (നമ്മൾ രണ്ടുപേരും ചിത്രം “കണ്ടതിനാൽ” കൂടുതൽ വിശദീകരണത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.) പക്ഷെ സിനിമ അവസാനിക്കുമ്പോഴേക്കും അത് എല്ലാ മതത്തിലുള്ള കപട വിശ്വാസികൾക്കുമുള്ളൊരു സന്ദേശം കൂടി നല്കുന്നതായി ഞാൻ മനസ്സിലാക്കുന്നു. അല്ലാതെ മുസ്ലീം മതവും മതക്കാരും മാത്രം ശരി എന്നൊരു സന്ദേശവും ആ ചിത്രം നൽകുന്നില്ല. രാഷ്ട്രീയക്കാരെ കൊത്തിനുറുക്കിയ ശ്രീനിവാസന്റെ “സന്ദേശം” സിനിമ വച്ചു നോക്കുമ്പോൾ പാവം സംവിധായകൻ വളരെ സെയിഫായിട്ടാണ് ഇതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് (മറ്റു മതക്കാരെയൊക്കെ നല്ല കഥാ‍പാത്രങ്ങളാക്കി ഒരു സുഖിപ്പിക്കലും രചവിതാവുകൂടിയായ സംവിധായകൻ നടത്തി എന്നു നേരമ്പോക്കും പറയാം.!!). ഇതൊരു പക്ഷേ എന്റെ കാഴ്ചപാടാകാം.
  ഒരേ മതത്തിലെ തന്നെ എല്ലാത്തരം വിശ്വാസികളെയും ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ചതും ഏറെ ശ്രദ്ധേയമാ‍ണ്.
  അത്യാവശ്യമെങ്കിൽ നമുക്ക്, ഇന്ത്യമുഴുവനുമുള്ള ഹൈന്ദവ ക്ഷേത്രങ്ങളിലേക്ക് തീർത്ഥയാത്ര പുറപ്പെടാനാഗ്രഹിക്കുന്ന സാദുവായ ഹിന്ദുവിന്റെ കഥയോ റോമിലേക്ക് വിമാനം കയറാൻ കഷ്ടപ്പെടുന്ന ക്രിസ്ത്യാനിയുടെ കഥയോ സിനിമയാക്കാവുന്നതേയുള്ളൂ. അപ്പഴും ഇപ്പറഞ്ഞ കഥാപാത്രങ്ങളെയൊക്കെ മതം മാറ്റി ഇതുപോലൊരു പ്ലോട്ടുണ്ടാക്കി നമുക്കൊരു നല്ല സിനിമയുണ്ടാക്കാവുന്നതാണ്. അല്പം വിപ്ലവം വേണമെങ്കിൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്ന നേപ്പാളി ബുദ്ധിസ്റ്റിന്റെ കഥയും സിനിമയ്ക്കുള്ള വകയാണ്.
  മുജീബിക്കാ ലതവിടെ കിടന്നോട്ടേ. ഞാൻ ഒരു പേരിട്ടാലുടനെ തകർന്നു പോകുന്നതാണോ വിശുദ്ധ ഖുറാൻ ലിഖിതങ്ങൾ. ഞാൻ എന്തിനാപേരിട്ടു എന്നുള്ളത് മുകളിലെ വരികൾക്കിടയിൽ വായിക്കാം!!

  ReplyDelete
 4. @Renjishcs,

  എന്റെ ചോദ്യം താങ്കളോടായിരുന്നില്ല. ഇസ്ലാമിക ഗ്രന്ഥപരിചയം ഉള്ള ആരെങ്കിലും മറുപടി തരും എന്നു കരുതിയുള്ള ഒരു പൊതു ചോദ്യമായിരുന്നു.

  ചിത്രത്തിനെക്കുറിച്ചാണെങ്കില്‍, പൊതുവെ ഒരു നല്ല സിനിമ എന്നു പറയാം. സലിം കുമാറിന്റെ അഭിനയം സൂപ്പര്‍ തന്നെ.

  അബു ചെയ്ത തെറ്റുകള്‍ എന്തൊക്കെയെന്നതാണ്‌ ആ ചിത്രത്തിലെ അവസാനത്തെ ചോദ്യം. അതിന്‌ നിരവധി കാരണങ്ങല്‍ ആ ചിത്രത്തില്‍ തന്നെയുണ്ട്. ഇസ്ലാമിക വീക്ഷണത്തില്‍ ആ ചിത്രം കാണണം. ഭാരതീയ വീക്ഷണത്തില്‍ ആയാല്‍ മതിയാവില്ല.

  ReplyDelete
 5. എഞ്ജൂ നോം പടം കണ്ടില്ല.
  കാണട്ടേട്ടോ.
  പിന്നെ അള്ളാക്ക് പുള്ളയില്ലെങ്കില്‍ പിന്നാര്‍ക്കാണുള്ളത്.

  ReplyDelete
 6. ദൈവത്തിനു പുള്ള ഉണ്ടാകുമോ ഇഗ്ഗോയ്? ദൈവം പ്രത്യുല്പാദനം നടത്തിയാല്‍ ദൈവങ്ങളെ തടഞ്ഞിട്ടു മനുഷ്യര്‍ക്ക്‌ ജീവിക്കാന്‍ കഴിയുമോ?
  പാര്‍ഥന്‍ പറഞ്ഞ കാര്യത്തോട് ഞാന്‍ യോജിക്കുന്നു.. സൂഫി ചിന്താ ധാരയിലാണ് ആ ചിത്രത്തിന്റെ പോക്ക്. സൂഫിസം ഞാന്‍ തന്നെയാണ് സത്യം എന്ന അനല്‍ ഹഖിലും ഹൈന്ദവത അഹം ബ്രഹ്മാസ്മി എന്നതിലും വിശ്വസിക്കുന്നു. അതായത് ഞാന്‍ തന്നെയാണ് ദൈവം.... ഇത് ഇസ്ലാമികമല്ല. പ്ലാവ് വെട്ടിയത് കൊണ്ടാണ് ഇത് സംഭവിച്ചത് എന്ന് അബുവിന്റെ തോന്നലാണ്. അത് ദൈവിക വെളിപാട് അല്ല. ദൈവിക വെളിപാട് ഉണ്ടാകാതെ സുനാമി ഉണ്ടായാലും ദൈവത്തിന്റെ ശിക്ഷയാനെന്നു പറയാന്‍ കഴിയുകയില്ല... അത് ശിക്ഷയാവാം അല്ലെങ്കില്‍ ഒരു പ്രധിഭാസമാകാം. ദൈവിക വെളിപാടുകലുമായി ഇനി പ്രവാചകന്മാര്‍ വരുകയില്ല എന്നാണ് മുസ്ലിം വിശ്വസിക്കുന്നത്... പിന്നെ ആ സിനിമയില്‍ ഉസ്താദ് നാളെ എന്ത് സംഭവിക്കും എന്ന് പറയുന്ന ഒരു ആള്‍ ദൈവമായി അവതരിപ്പിക്കപ്പെടുന്നു... ഇത് തീര്‍ത്തും ഇസ്ലാമികമല്ല... സൂഫിസം വേറെ ഇസ്ലാം വേറെ. സൂഫിസവും ഹൈന്ദവതയും ഒരുമിച്ചു പോയേക്കാം..

  ഈ ലേഖനത്തിന്റെ തലക്കെട്ടിനോടും വിയോചിച്ചുകൊണ്ട്..

  ReplyDelete
 7. സിനിമ കണ്ടിട്ടില്ല. അതിനാല്‍ ഒന്നും പറയാനില്ല. പിന്നെ തലകെട്ട് എന്ത് ഉദ്ദേശിച്ചാണ്‌ ബ്ലോഗര്‍ കൊടുത്തതെന്ന് മനസിലാക്കാം. അല്ലാഹുവിന് മകന്‍ എന്ന നിലക്കല്ല .. എന്ന് മനസിലാക്കുന്നു.

  പിന്നെ സൂഫിസത്തെ കുറിച്ച് ഇവിടെ മേല്‍ കമന്റില്‍ കാണുന്നത് അബദ്ധം . ആത്മീയതയില്ലാതെ മതമില്ല. സൂഫിസം ഇസ്‌ലാമിന്റെ വഴിയാണ്‌ ഇസ്ലാമും സൂഫിസവും എന്ന ലേഖനം സൂഫിസത്തെ കുറിച്ച് അറിയാന്‍ ഉപകരിക്കും

  ReplyDelete
 8. ഇസ്ലാമിന്റെ അടിസ്ഥാനം ഏക ദൈവത്വം, പ്രവാചകത്വം, പരലോകം എന്നിവയാണ്... ഒരു മനുഷ്യന്റെ വികാര വിചാരങ്ങള്‍ പ്രവാചകന്മാര്‍ അനുഭവിച്ചിട്ടുണ്ട്.... സൂഫികളെ പോലെ ജീവിതത്തെ വിരക്തി കൊണ്ടു നിഷേധം കൊണ്ടും നേരിട്ടല്ല പ്രവാചകന്മാര്‍ ജീവിച്ചത്.. പച്ചയായ മനുഷ്യന്‍ ആയിട്ടാണ്.. ഐഹിക വിരക്തി തേടിപ്പോയാല്‍ ബുദ്ധമതത്തിലും ഹൈന്ദവതയിലും എത്തിച്ചേരാം ഇസ്ലാമില്‍ എത്തിച്ചേരാന്‍ പറ്റില്ല. ലേഖനം ആര്‍ക്കും എഴുതാം. അതിന്റെ അടിസ്ഥാനം പ്രമാണങ്ങള്‍ ആയിരിക്കണം.. ഏതെങ്കിലും പുസ്തകമല്ല, ഖുറാനും പ്രവച്ചന്കന്റെ ചര്യയുമാണ് മുസ്ലിംകള്‍ക്ക് അടിസ്ഥാനം... സ്വയം അബദ്ധത്തില്‍ ചാടിയവന്‍ മറ്റുള്ളവരില്‍ അബദ്ധം ആരോപിക്കുമ്പോള്‍ പ്രമാണങ്ങള്‍ കൊണ്ടു മറുപടി പറയുക.

  ReplyDelete
 9. തല്‍ക്കാലം നമുക്കിതിവിടെ നിര്‍ത്താം. ഇപ്പോള്‍ തന്നെ അധികമായി എന്നൊരു തോന്നല്‍ ....

  എല്ലാവര്‍ക്കും അവരവരുടെ സിദ്ധാന്തങ്ങള്‍ വലുതായി തോന്നുന്ന ഈ ലോകത്ത് ഇത്തരം ചര്‍ച്ചകള്‍ക്കുള്ള പ്രസക്തി എന്തെന്ന് എനിക്കറിയില്ല. പക്ഷെ ഒന്നറിയാം ഇതിനുള്ള വേദി എന്തായാലും ഇതല്ല. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇഷ്ടം പോലെ വേദികള്‍ നമ്മുടെ ബൂലോകത്തുള്ളപ്പോള്‍ ഈ പാവം "എഴുത്തുപുര"യെ വെറുതെ വിട്ടേക്ക്.

  ReplyDelete