Aug 17, 2011

ഒരു ലേഖനം, ഒരു സിനിമ ഇടയിൽ കുറച്ചോർമ്മകളും!!


സെക്കന്റ് ഷോ സിനിമാകണ്ട് വരുന്ന വഴിക്കോ ഉത്സവപ്പറമ്പിലെ രണ്ടാം നാടകം കണ്ടു മടങ്ങുമ്പഴോ കരിഞ്ഞ വാഴയിലകളോ പഴന്തുണിയോ പുകമഞ്ഞോ വല്ലതും പ്രേതങ്ങളായി വന്ന് നിങ്ങളെ പേടിപ്പിച്ചിട്ടുണ്ടോ? കൌമാരപ്രായത്തിലെ രാത്രി യാത്രകളിൽ ഇത്തരമൊരു കഥയെങ്കിലുമുണ്ടാകും നമുക്കെല്ലാം ഓർത്തു പറയാൻ. പക്ഷെ ഇന്നത്തെക്കാലത്ത് പ്രേതങ്ങൾ ടി.വി സീരിയലുകളിലൂടെയും മറ്റും നമുക്കിടയിലെ സ്ഥിരം സന്ദർശകരായപ്പോൾ ആ പേടി ലേശം കുറഞ്ഞു എന്ന് തീർത്തുപറയുന്നില്ലെങ്കിലും അറ്റ്ലീസ്റ്റ്, “ആരാ.. അത്!?” എന്ന് അല്പം ശബ്ദം താഴ്ത്തി വിറയില്ലാതെ ചോദിക്കാൻ നമ്മൾ ശീലിച്ചിട്ടുണ്ടാവും എന്നുറപ്പിക്കാം.

എനിക്കുമുണ്ട് പറയാൻ, കണ്ടതും കേട്ടതും അനുഭവിച്ചതുമൊക്കെയായി ചില്ലഅപസർപ്പക കഥകൾ!!’. പക്ഷെ ഈ പ്രവാസലോകത്തെ രാത്രികളിൽ, നമ്മുടെ നാട്ടിൻപുറങ്ങളിലെ പോലെ ഇടവഴികളും പൊന്തക്കാടുകളും കുറ്റൻ മരങ്ങൾ വളർന്നു നിറഞ്ഞ ശ്മശാനങ്ങളും റെയിൽ‌വേ ട്രാക്കുകളും ഒന്നുമൊന്നും മഷിയിട്ടു നോക്കിയാൽ കൂടി കാണാനാവാത്തതു കൊണ്ടാവണം പ്രേതം എന്ന സങ്കല്പം (ഹൊ യാഥാർത്ഥ്യം!!) അടുത്തെങ്ങും ഉറക്കത്തിൽ‌പോലും ചുണ്ണാമ്പു ചോദിച്ചു വന്നിട്ടില്ല..! അതങ്ങനെ മനസ്സിന്റെ അടിത്തട്ടിലെവിടെയോ ആണി തറയ്ക്കപ്പെട്ട് സുഖനിദ്രയിലായിരുന്നു.

കഴിഞ്ഞ ദിവസം മാതൃഭൂമിയുടെ പുസ്തക പരിചയം പംക്തിയിലൂടെ മനസ്സോടിക്കുമ്പോഴാണ് ‘ലവറ്റകൾ‘ കണ്ടുരുട്ടി, മുടി പറത്തി, കൂർത്ത ദംഷ്ട്രകൾ പുറത്തുകാട്ടി ചോരയുണങ്ങിയ കൈകളും നിലംതൊടാത്ത കാലുകളുമായി എന്റെ മനസ്സിലേക്ക് വീ‍ണ്ടും ഒരു കറുത്തവാ‍വിന്റെ പേടിപ്പെടുത്തുന്ന നിശബ്ദതയോടെ കടന്നുവന്നത്.

ശ്രീ പി. വി. രവീന്ദ്രൻ എഴുതിയ “ഡ്രാക്കുള: ചെകുത്താന്റെ പുത്രൻ” എന്ന സുദീർഘമായ ആ ലേഖനം വായിച്ചു തീർക്കുമ്പോഴേക്കും മനസ്സുവീണ്ടും കുട്ടികാലത്തെ ഭയപ്പെടുത്തുന്ന ഓർമ്മകളിലേക്ക് പാഞ്ഞുപോയി. സമയം രാത്രി 12 കഴിഞ്ഞിരുന്നു. സഹമുറിയന്റെ കൂർക്കംവലിക്കുപോലും ഒരു യക്ഷിയുടെ മുരൾച്ചയുമായി സാദൃശ്യം കൽ‌പ്പിക്കാൻ ഏറെ നാളിനു ശേഷം എനിക്ക് കഴിഞ്ഞ നിമിഷങ്ങൾ. ചിന്തകൾ വല്ലാതെ കാടുകയറി. ലേഖനത്തിലെ ചിത്രങ്ങളിൽ നിറഞ്ഞു നിന്ന, കുട്ടിക്കാലത്ത് എന്നെ ഏറേ പേടിപ്പെടുത്തിയിട്ടുള്ള ഡ്രാക്കുളാ പ്രഭുവിന്റെ രൂപം മാത്രം മനസ്സിൽ. അത് ഒരു സുന്ദരിയുടെ കഴുത്തിലേക്ക് മന്ദം ഇഴുകിച്ചേരുന്നത് ഞാൻ ഊഹിച്ചുനോക്കി. കാമാർദ്രമായ അവളുടെ കണ്ണുകൾ പെട്ടന്ന് തുറിച്ച് പുറത്തേക്കു തള്ളുന്നതും അവളാകെയൊന്നു പിടച്ച് പിറകിലേക്ക് മറിയുന്നതും ഞാൻ അടുത്തു കണ്ടു. പ്രഭു ഇനി എന്റെ നേർക്ക് തിരിയുമോ!? ഇല്ല എനിക്കു നേരെയല്ല...!! തനിക്ക് വശപ്പെട്ട അവളെ വെളുത്തു തടിച്ചൊരു മാർബിൾ പെട്ടിയിൽ പതിയെ കിടത്തുകയാ‍ണയാൾ. വിറയാർന്ന കൈകളിൽ ഒരു മരയാണിയും ചുറ്റികയും കരുതിവച്ച് പ്രഭു തിരിഞ്ഞു നടക്കുന്നതും നോക്കി ഞാൻ നിന്നു.....!

ഒരു നിമിഷം ഓർമ്മകളിൽ നിന്നുണർന്നപ്പോൾ സത്യത്തിൽ എനിക്ക് ചിരിവന്നു. ഒപ്പം ആ പഴയ ‘കുട്ടി മനസ്സ്‘ കുറച്ചു നേരത്തേക്കെങ്കിലും തിരികെ കിട്ടിയതിൽ ഗൂഡമായ ഒരു സന്തോഷവും.! പിന്നെ ഒന്നേ ചിന്തിച്ചുള്ളൂ. എങ്ങനെയെങ്കിലും ആ വിഖ്യാത ചിത്രം ഒന്നു കാണണം. സത്യം പറഞ്ഞാൽ ആദ്യമായി കാണണം..!!! അപ്പോൾ ഇത്രനേരം കണ്ട കാഴ്ചകൾ!?? സ്വാഭാവികമായ സംശയം..!

അതെ, ഞാനിതുവരെ ആ ചിത്രം കണ്ടിട്ടില്ലായിരുന്നു. പണ്ട് സന്ധ്യകഴിഞ്ഞ് വീടിന്റെ ഉമ്മറത്ത് ഞങ്ങൾ കുട്ടികൾ വട്ടം കൂടിയിരിക്കുമ്പോഴാണ് വല്ല്യേട്ടൻ ഡ്രാക്കുള കഥകളുടെ കെട്ടഴിക്കുക. കണ്ണുമ്മിഴിച്ചിരുന്ന് കഥ കേട്ടു തുടങ്ങുമെങ്കിലും ഏട്ടന്റെ ഭാവാഭിനയവും ചില്ലറ സൌണ്ട് ഇഫക്ടുകളും കൂടിചേർന്ന് രംഗം ചൂടുപിടിക്കുമ്പോൾ ഞങ്ങൾക്കെല്ലാം അടിമുടി വിറച്ചു തുടങ്ങും. അതുകൊണ്ട് തന്നെ ആ സിനിമകൾ പിന്നീടൊരിക്കലും നേരിൽ കാണണമെന്ന് തോന്നിയിട്ടുമില്ല. ഇപ്പോഴെന്തോ പെട്ടന്നൊരാഗ്രഹം...!

രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിൽ ഡിവിഡി കിട്ടി!! സഹമുറിയനോട് ഞാൻ ചോദിച്ചു: “നീ കാണുന്നോ.....!?“, “ഞാനില്ലേ...! പണ്ട് ആ നോവൽ വായിച്ച് പനിച്ചു കിടന്നതിന്റെ ഹാങ്ങോവർ ഇപ്പഴും മാറിയിട്ടില്ലാ“ എന്ന് ടീയാൻ. എന്നാൽ പിന്നെ ഒറ്റയ്ക്ക് കണ്ടേക്കാം എന്നു കരുതി. രാത്രി തന്നെ ബെസ്റ്റ് ടൈം. മുറിയിൽ പതിവ് കൂർക്കംവലി കേട്ട് തുടങ്ങിയപ്പോൾ പതിയെ ഞാൻ ലാപ് ടോപ്പിലേക്ക് ഡ്രാക്കുളയെ തള്ളിവിട്ടു.

“ഹൊറർ ഓഫ് ഡ്രാക്കുള”, ടൈറ്റിൽ സ്ക്രീനിൽ തെളിഞ്ഞപ്പോഴേ ഞാൻ പരിസരം മറന്നു തുടങ്ങിയിരുന്നു. പുതിയ സ്റ്റീരിയോ ഹെഡ് സെറ്റിന്റെ സ്വകാര്യതയിൽ ഒരു കുളമ്പടി ശബ്ദത്തിനൊടുവിലായി ഡ്രാക്കുളാ ഹൌസിലെ കഴുകൻ എന്നെ കാര്യമായി ഒന്ന് നോക്കി. പ്രഭുവിന്റെ പുതിയ ലൈബ്രേറിയൻ മിസ്റ്റർ ഹാര്‍ക്കർ ഡ്രാക്കുളയുടെ കൊട്ടാരത്തിലേക്ക് കടന്നു വരികയാണ്. വളരെ കൂളായി അയാൾ ഏറെക്കുറെ അനാഥമായ ആ കൊട്ടാരത്തിലേക്ക് നടന്നു കയറുന്നു. അയാൾക്കടുത്തേക്ക് ഓടിയെത്തേണ്ട ഡ്രാക്കുളയെ സ്ക്രീനിന്റെ ഓരോ മുക്കിലും മൂലയിലും ഞാനും തിരഞ്ഞു. ഒടുവിൽ കണ്ണുടക്കിയത് ഒരു കത്തിലാണ്. വളരെ ഭവ്യതയോടെ തന്റെ അതിഥിക്ക് ഡ്രാക്കുള പ്രഭു എഴുതിയ കത്ത്...! അത് വായിക്കുമ്പോൾ ഹാര്‍ക്കറിനൊപ്പം ഞാനുമോർത്തു “എന്തു നല്ല മനുഷ്യൻ!“. പക്ഷെ!! “രക്ഷിക്കൂ” എന്ന് നിലവിളിച്ചുകൊണ്ട് അവിടേക്കു കടന്നു വന്ന സുന്ദരിയെ കണ്ട നിമിഷം മുതൽ ഡ്രാക്കുളയുടെ ക്രൂര മുഖം എനിക്ക് മുന്നിൽ തെളിഞ്ഞു തുടങ്ങി.....!

ഡ്രാക്കുളയുടെ ചെയ്‌തികളും അതിനിരയായവരുടെ പ്രതികരണങ്ങളുമൊക്കെയായി ചിത്രം പുരോഗമിക്കുമ്പോൾ ഒരു കാര്യം ഞാൻ മനസ്സിലാക്കി. അന്‍പതുകളുടെ ഒടുവിൽ പ്രേക്ഷകന്റെ ഏകാന്ത നിമിഷങ്ങളെ ഭീതിയുടെ കറുത്ത കോട്ടുകൊണ്ട് മൂടിയിട്ട ഈ ചിത്രത്തിന് ഇന്നത്തെ അൾട്രാ മോഡേൺ പ്രേക്ഷകന്റെ പ്രേതചിത്ര സങ്കല്പങ്ങളോട് മത്സരിക്കാൻ ബുദ്ധിമുട്ടുണ്ട്. പക്ഷെ ഒരു ‘സിനിമാ പഠിത്തക്കാരന്റെ’ ചിന്തകൾ അങ്ങനെ ഒന്നിനെയും എഴുതി തള്ളാൻ പാ‍ടില്ലല്ലോ. ഞാനെന്ന കാഴ്ചക്കാരൻ അന്നത്തെ ആസ്വാദകന്റെ പ്രതീക്ഷകളുടെ ലവലിലേക്ക് എത്തിപ്പെടാൻ ലേശം ബുദ്ധിമുട്ടി. പണ്ടേ കാണേണ്ട ചിത്രമായിരുന്നു എന്ന നഷ്ടബോധം ഉണ്ടായെങ്കിലും ചിത്രം ഇന്നും ആസ്വാദ്യകരം.

ഗ്രാഫിക്സും അനിമേഷനും പിച്ചവച്ചു നടക്കുന്നതിനും മുന്നേ ഇറങ്ങിയ സിനിമ ആയതുകൊണ്ടാവണം എല്ലാം കൺമുന്നിൽ സ്വാഭാവികമായി സംഭവിക്കുന്നതുപോലെ ഈ ചിത്രത്തെ ഉൾക്കൊള്ളാൻ സാധിക്കുന്നത്. ഒട്ടും അതിഭാവുകത്വമില്ലാത്ത അഭിനയ മികവോടെ ട്രാക്കുളയും ‘എതിരാളികളും’ സ്ക്രീനിൽ അവരവരുടെ റോളുകൾ ഭംഗിയാക്കുമ്പോൾ പശ്ചാത്തലവും അതിനുതകുന്ന ശബ്ദസംവിധാനവും കാഴ്ചകൾക്ക് ഉചിതമായ ഫീൽ നൽകുന്നു. നാടകീയ രംഗങ്ങൾക്കൊന്നും വഴികൊടുക്കാത്ത കഥാവസാനത്തിൽ ഡോക്ടർ വാന്റെ ഇടപെടലുകളാൽ തന്റെ പുതിയ ഇരയെ കീഴ്‌പെടുത്താനാവാതെ കുഴയുന്ന ഡ്രാക്കുള നശിക്കപ്പെടുന്നു. അക്കാലത്തെ പരിമിധമായ സങ്കേതങ്ങൾ ഉപയോഗിച്ച് മനോഹരമാക്കിയ ആ രംഗത്തിൽ കറുത്തു നീണ്ട കുപ്പായത്തിനുള്ളിലെ ആ വലിയ ശരീരം ദ്രവിച്ചില്ലാതാകുന്നു. ഒടുവിൽ വസ്ത്രങ്ങൾക്കൊപ്പം ഡ്രാക്കുളയുടെ മോതിരം മാത്രം അവശേഷിക്കുന്നു. ജനാലയിലൂടെ ഡ്രാക്കുളയുടെ മരണഹേതുവായി ആ കോട്ടമുറിയിലേക്ക് കടന്നു വന്ന വെളിച്ചത്തിൽ ആ മോതിരം മറ്റൊരു ഡ്രാക്കുള ചിത്രത്തിന്റെ സാധ്യത വിളിച്ചറിയിച്ചുകൊണ്ട് തിളങ്ങി നിന്നു.

ആദ്യ ചിത്രത്തിന്റെ ചുവടുപിടിച്ച് പിന്നീടും നിരവധി ഡ്രാക്കുള സിനിമകൾ സിനിമാ പ്രേമികളുടെ ഹൃദയമിടിപ്പിന്റെ താളംനിശ്ചയിച്ചുകൊണ്ട് കടന്നു വന്നിട്ടുണ്ടെങ്കിലും എല്ലാറ്റിനും കാരണഹേതുവായി വെള്ളിത്തിരയിൽ ഡ്രാക്കുളപ്രഭുവിന്റെ ശക്തമായ സാന്നിദ്ദ്യമറിയിച്ച ഈ ചിത്രം ചരിത്രപുസ്തകത്തിലെന്നും തെളിമയോടെ നിൽക്കും.

ബ്രാം സ്റ്റോക്കറുടെ നോവലിന്റെ ചുവടുപിടിച്ച് ജിമ്മി സാംഗ്‍‍സ്റ്റർ രചന നിർവ്വഹിച്ച ‘ഹാമ്മർ ഹൊറർ‘ സീരീസിലെ ഈ ആദ്യ ചിത്രം (1958) നിർമ്മിച്ചിരിക്കുന്നത് ആന്റണി ഹിന്‍സാണ്. ക്രിസ്റ്റഫർലീ ഡ്രാക്കുളയായപ്പോൾ പീറ്റർ, മൈക്കിൾ ഗഫ്, ജോൺ വാൻ, മെലിസ്സ, കരോൾ മാര്‍ഷ് എന്നിവർ മറ്റുപ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നല്കി. ഈ ചിത്രം നൽകിയ ആസ്വാദന രസം ഇതുവരെ കാണാതിരുന്ന മറ്റ് ഡ്രാക്കുള ചിത്രങ്ങൾ കൂടി കാണാൻ എനിക്ക് പ്രേരണയായിരിക്കുകയാണ്. പിന്നീട് വന്നവയിൽ പലതും അതിരുവിട്ട മാദക പൊലിമയിൽ പഴികേൾക്കേണ്ടി വന്നവയാണെങ്കിലും ലോകമെങ്ങുമുള്ള ഹൊറർ സിനിമാസ്വാദകരുടെ ഇടയിലെ എക്കാലത്തെയും ഫേവറൈറ്റുകളായ ആ ചലച്ചിത്രങ്ങളിലൂടെയും സഞ്ചരിക്കാൻ ഒരു മോഹം!.

എഴുതി നിർത്തുന്നതിനു മുൻപ് മറ്റൊരു ചിത്രം കൂടി ഈ വരികൾക്കിടയിലേക്ക് കടന്നു വരികയാണ്. ചിലങ്കയുടെ താളത്തിൽ അഴിഞ്ഞുലഞ്ഞ കാർകൂന്തലും കരിമഷി പടർന്ന് ക്രോധപൂർണ്ണമായ മുഖവുമായി!!. അതെ, മലയാളി പ്രേക്ഷകന്റെ മനസിന്റെ തെക്കിനികളിൽ ഇനിയെത്രനാൾ കഴിഞ്ഞാലും, നമ്മുടെ പ്രേതചിത്ര സങ്കല്പങ്ങൾക്ക് എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചാലും നാഗവല്ലിയുടെ ആ നോട്ടം, ആക്രോഷം അതിനെന്നും ആ പഴയ ശക്തി ക്ഷയിക്കാതെയുണ്ടാകും. അല്പം ഭയചകിതരായല്ലാതെ ആ സിനിമയിലൂടെ സഞ്ചരിക്കാൻ നമുക്ക് ഇനിയൊരു നൂറ്റാണ്ടു കഴിഞ്ഞാലും സാധിച്ചെന്നുവരില്ല. ഡ്രാക്കുള കഥകളുടെ മേനി പറച്ചിലിനിടയിൽ അത് നമ്മൾ മലയാളിയുടെ സ്വകാര്യ അഹങ്കാരമായി ഇരിക്കട്ടെ!

റൊമാൻസും കോമഡിയും ആക്ഷനും അനിമേഷനും അരങ്ങു തകർക്കുന്ന സിനിമാസ്ക്രീനിൽ ഹൊറർ ത്രില്ലറുകളും മുറതെറ്റാതെ തങ്ങളുടെ സാന്നിദ്ദ്യം അറിയിക്കുന്നുണ്ട്. കല്പിത കഥകൾ അങ്ങനെ ഇനിയെന്തെല്ലാം വരാനിരിക്കുന്നു. ശ്വാസമടക്കി കണ്ടിരിക്കാൻ നമ്മൾ പ്രേക്ഷകർ പണ്ടേ റെഡിയാണല്ലോ.!!

5 comments:

  1. നാഗവല്ലിയെ മാത്രേ ഞാന്‍ കണ്ടിട്ടുള്ളു.
    ഡ്രാക്കുളപ്രഭുവിനെ വായിച്ചിട്ടേയൊള്ളു.
    മനോഹരമായി എഴുതീട്ടോ. പഹയാ. ഇനി
    ഇന്ത പടം എങ്ങനെ കിറ്റും എനു നോക്കട്ടെ.

    ReplyDelete
  2. രണ്ടു പേരെയും കണ്ടിട്ടുണ്ട്. പണ്ട് ഹോസ്റലില്‍ ആറാം ക്ലാസ്സിലും ഏഴാം ക്ലാസ്സിലും പഠിക്കുമ്പോള്‍ നോവലിലൂടെ പ്രശസ്തന്‍ ആയിരുന്നു ഡ്രാക്കുള പ്രഭു.. രെന്‍ജൂ പറഞ്ഞ പോലെ എന്നും താല്പര്യം ഉള്ള വിഷയം തന്നെ ഈ ഹൊറര്‍...വളരെ നന്നായി അവതരിപ്പിച്ചു.

    ReplyDelete
  3. ഡ്രാക്കുള പ്രഭുവിനെ പുസ്തകത്തിലൂടെ കണ്ടിട്ടുണ്ടെങ്കിലും മേല്‍പ്പറഞ്ഞ ആ ചിത്രം ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല.
    ഇന്ന് മുതല്‍ ഞാനും ആ ഡിവിഡി ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ്. ഗ്രാഫിക്സും , അനിമേഷനും ഇല്ലാത്ത നമ്മുടെ ആ പഴയ പ്രഭുവിനെ
    ഈ മോഡേണ്‍ യുഗത്തില്‍ ഒന്നുള്‍കൊള്ളാന്‍ ശ്രമിച്ചു നോക്കട്ടെ. എന്തായാലും ഡ്രാക്കുളയെ പൊടി തട്ടിയെടുത്ത രെന്ജു കലക്കീട്ടോ..

    ReplyDelete
  4. ഡ്രാക്കുളയും, ജോനഥനും ഒക്കെ വരികളിലൂടെ മാത്രമേ കണ്ടിട്ടുള്ളു എങ്കിലും ഒരു സിനിമ കാണുന്ന പ്രതീതിയിലാണ് വായിച്ചു തീര്‍ത്തത്... സത്യം പറയട്ടെ, സെമിത്തേരിയിലെ കല്ലറകള്ക്കരുകില്‍ ചെല്ലുമ്പോള്‍ ഇപ്പോളും സൂക്ഷിച്ചു നോക്കും , അതിലെ വിടവുകളിലൂടെ ഒരു ധൂമ പടലം പുറത്തേക്കു വരുന്നുണ്ടോ എന്ന്.. ;) .ഡ്രാക്കുളക്കോട്ടയും,ജോനാഥന്‍ അള്ളിപ്പിടിച്ചിറങ്ങുന്ന കീഴ്ക്കാം തൂക്കായ കൊക്കയും ഒക്കെ ഇതില്‍ നന്നായി വരച്ചിട്ടിട്ടുണ്ടാവുമെന്നു വിശ്വസിച്ചു കൊണ്ട് നെറ്റില്‍ തിരയാന്‍ പോവുകയാണെ...ഈ ചിത്രത്തിനായി !

    ReplyDelete
  5. ഡ്രാക്കുള പ്രഭുവിനെ വായിച്ച് അറിഞ്ഞിട്ടുണ്ട് ...സിനിമ കണ്ടില്ല. പക്ഷെ ഈ പോസ്റ്റിലൂടെ അതിന്റെ കുറവ് ഏറെക്കുറെ പരിഹൃതമായി.
    നന്ദി രഞ്ജു.... അഭിനന്ദനങ്ങള്‍....

    ReplyDelete