Aug 17, 2011

ഒരു ലേഖനം, ഒരു സിനിമ ഇടയിൽ കുറച്ചോർമ്മകളും!!


സെക്കന്റ് ഷോ സിനിമാകണ്ട് വരുന്ന വഴിക്കോ ഉത്സവപ്പറമ്പിലെ രണ്ടാം നാടകം കണ്ടു മടങ്ങുമ്പഴോ കരിഞ്ഞ വാഴയിലകളോ പഴന്തുണിയോ പുകമഞ്ഞോ വല്ലതും പ്രേതങ്ങളായി വന്ന് നിങ്ങളെ പേടിപ്പിച്ചിട്ടുണ്ടോ? കൌമാരപ്രായത്തിലെ രാത്രി യാത്രകളിൽ ഇത്തരമൊരു കഥയെങ്കിലുമുണ്ടാകും നമുക്കെല്ലാം ഓർത്തു പറയാൻ. പക്ഷെ ഇന്നത്തെക്കാലത്ത് പ്രേതങ്ങൾ ടി.വി സീരിയലുകളിലൂടെയും മറ്റും നമുക്കിടയിലെ സ്ഥിരം സന്ദർശകരായപ്പോൾ ആ പേടി ലേശം കുറഞ്ഞു എന്ന് തീർത്തുപറയുന്നില്ലെങ്കിലും അറ്റ്ലീസ്റ്റ്, “ആരാ.. അത്!?” എന്ന് അല്പം ശബ്ദം താഴ്ത്തി വിറയില്ലാതെ ചോദിക്കാൻ നമ്മൾ ശീലിച്ചിട്ടുണ്ടാവും എന്നുറപ്പിക്കാം.

എനിക്കുമുണ്ട് പറയാൻ, കണ്ടതും കേട്ടതും അനുഭവിച്ചതുമൊക്കെയായി ചില്ലഅപസർപ്പക കഥകൾ!!’. പക്ഷെ ഈ പ്രവാസലോകത്തെ രാത്രികളിൽ, നമ്മുടെ നാട്ടിൻപുറങ്ങളിലെ പോലെ ഇടവഴികളും പൊന്തക്കാടുകളും കുറ്റൻ മരങ്ങൾ വളർന്നു നിറഞ്ഞ ശ്മശാനങ്ങളും റെയിൽ‌വേ ട്രാക്കുകളും ഒന്നുമൊന്നും മഷിയിട്ടു നോക്കിയാൽ കൂടി കാണാനാവാത്തതു കൊണ്ടാവണം പ്രേതം എന്ന സങ്കല്പം (ഹൊ യാഥാർത്ഥ്യം!!) അടുത്തെങ്ങും ഉറക്കത്തിൽ‌പോലും ചുണ്ണാമ്പു ചോദിച്ചു വന്നിട്ടില്ല..! അതങ്ങനെ മനസ്സിന്റെ അടിത്തട്ടിലെവിടെയോ ആണി തറയ്ക്കപ്പെട്ട് സുഖനിദ്രയിലായിരുന്നു.

കഴിഞ്ഞ ദിവസം മാതൃഭൂമിയുടെ പുസ്തക പരിചയം പംക്തിയിലൂടെ മനസ്സോടിക്കുമ്പോഴാണ് ‘ലവറ്റകൾ‘ കണ്ടുരുട്ടി, മുടി പറത്തി, കൂർത്ത ദംഷ്ട്രകൾ പുറത്തുകാട്ടി ചോരയുണങ്ങിയ കൈകളും നിലംതൊടാത്ത കാലുകളുമായി എന്റെ മനസ്സിലേക്ക് വീ‍ണ്ടും ഒരു കറുത്തവാ‍വിന്റെ പേടിപ്പെടുത്തുന്ന നിശബ്ദതയോടെ കടന്നുവന്നത്.

ശ്രീ പി. വി. രവീന്ദ്രൻ എഴുതിയ “ഡ്രാക്കുള: ചെകുത്താന്റെ പുത്രൻ” എന്ന സുദീർഘമായ ആ ലേഖനം വായിച്ചു തീർക്കുമ്പോഴേക്കും മനസ്സുവീണ്ടും കുട്ടികാലത്തെ ഭയപ്പെടുത്തുന്ന ഓർമ്മകളിലേക്ക് പാഞ്ഞുപോയി. സമയം രാത്രി 12 കഴിഞ്ഞിരുന്നു. സഹമുറിയന്റെ കൂർക്കംവലിക്കുപോലും ഒരു യക്ഷിയുടെ മുരൾച്ചയുമായി സാദൃശ്യം കൽ‌പ്പിക്കാൻ ഏറെ നാളിനു ശേഷം എനിക്ക് കഴിഞ്ഞ നിമിഷങ്ങൾ. ചിന്തകൾ വല്ലാതെ കാടുകയറി. ലേഖനത്തിലെ ചിത്രങ്ങളിൽ നിറഞ്ഞു നിന്ന, കുട്ടിക്കാലത്ത് എന്നെ ഏറേ പേടിപ്പെടുത്തിയിട്ടുള്ള ഡ്രാക്കുളാ പ്രഭുവിന്റെ രൂപം മാത്രം മനസ്സിൽ. അത് ഒരു സുന്ദരിയുടെ കഴുത്തിലേക്ക് മന്ദം ഇഴുകിച്ചേരുന്നത് ഞാൻ ഊഹിച്ചുനോക്കി. കാമാർദ്രമായ അവളുടെ കണ്ണുകൾ പെട്ടന്ന് തുറിച്ച് പുറത്തേക്കു തള്ളുന്നതും അവളാകെയൊന്നു പിടച്ച് പിറകിലേക്ക് മറിയുന്നതും ഞാൻ അടുത്തു കണ്ടു. പ്രഭു ഇനി എന്റെ നേർക്ക് തിരിയുമോ!? ഇല്ല എനിക്കു നേരെയല്ല...!! തനിക്ക് വശപ്പെട്ട അവളെ വെളുത്തു തടിച്ചൊരു മാർബിൾ പെട്ടിയിൽ പതിയെ കിടത്തുകയാ‍ണയാൾ. വിറയാർന്ന കൈകളിൽ ഒരു മരയാണിയും ചുറ്റികയും കരുതിവച്ച് പ്രഭു തിരിഞ്ഞു നടക്കുന്നതും നോക്കി ഞാൻ നിന്നു.....!

ഒരു നിമിഷം ഓർമ്മകളിൽ നിന്നുണർന്നപ്പോൾ സത്യത്തിൽ എനിക്ക് ചിരിവന്നു. ഒപ്പം ആ പഴയ ‘കുട്ടി മനസ്സ്‘ കുറച്ചു നേരത്തേക്കെങ്കിലും തിരികെ കിട്ടിയതിൽ ഗൂഡമായ ഒരു സന്തോഷവും.! പിന്നെ ഒന്നേ ചിന്തിച്ചുള്ളൂ. എങ്ങനെയെങ്കിലും ആ വിഖ്യാത ചിത്രം ഒന്നു കാണണം. സത്യം പറഞ്ഞാൽ ആദ്യമായി കാണണം..!!! അപ്പോൾ ഇത്രനേരം കണ്ട കാഴ്ചകൾ!?? സ്വാഭാവികമായ സംശയം..!

അതെ, ഞാനിതുവരെ ആ ചിത്രം കണ്ടിട്ടില്ലായിരുന്നു. പണ്ട് സന്ധ്യകഴിഞ്ഞ് വീടിന്റെ ഉമ്മറത്ത് ഞങ്ങൾ കുട്ടികൾ വട്ടം കൂടിയിരിക്കുമ്പോഴാണ് വല്ല്യേട്ടൻ ഡ്രാക്കുള കഥകളുടെ കെട്ടഴിക്കുക. കണ്ണുമ്മിഴിച്ചിരുന്ന് കഥ കേട്ടു തുടങ്ങുമെങ്കിലും ഏട്ടന്റെ ഭാവാഭിനയവും ചില്ലറ സൌണ്ട് ഇഫക്ടുകളും കൂടിചേർന്ന് രംഗം ചൂടുപിടിക്കുമ്പോൾ ഞങ്ങൾക്കെല്ലാം അടിമുടി വിറച്ചു തുടങ്ങും. അതുകൊണ്ട് തന്നെ ആ സിനിമകൾ പിന്നീടൊരിക്കലും നേരിൽ കാണണമെന്ന് തോന്നിയിട്ടുമില്ല. ഇപ്പോഴെന്തോ പെട്ടന്നൊരാഗ്രഹം...!

രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിൽ ഡിവിഡി കിട്ടി!! സഹമുറിയനോട് ഞാൻ ചോദിച്ചു: “നീ കാണുന്നോ.....!?“, “ഞാനില്ലേ...! പണ്ട് ആ നോവൽ വായിച്ച് പനിച്ചു കിടന്നതിന്റെ ഹാങ്ങോവർ ഇപ്പഴും മാറിയിട്ടില്ലാ“ എന്ന് ടീയാൻ. എന്നാൽ പിന്നെ ഒറ്റയ്ക്ക് കണ്ടേക്കാം എന്നു കരുതി. രാത്രി തന്നെ ബെസ്റ്റ് ടൈം. മുറിയിൽ പതിവ് കൂർക്കംവലി കേട്ട് തുടങ്ങിയപ്പോൾ പതിയെ ഞാൻ ലാപ് ടോപ്പിലേക്ക് ഡ്രാക്കുളയെ തള്ളിവിട്ടു.

“ഹൊറർ ഓഫ് ഡ്രാക്കുള”, ടൈറ്റിൽ സ്ക്രീനിൽ തെളിഞ്ഞപ്പോഴേ ഞാൻ പരിസരം മറന്നു തുടങ്ങിയിരുന്നു. പുതിയ സ്റ്റീരിയോ ഹെഡ് സെറ്റിന്റെ സ്വകാര്യതയിൽ ഒരു കുളമ്പടി ശബ്ദത്തിനൊടുവിലായി ഡ്രാക്കുളാ ഹൌസിലെ കഴുകൻ എന്നെ കാര്യമായി ഒന്ന് നോക്കി. പ്രഭുവിന്റെ പുതിയ ലൈബ്രേറിയൻ മിസ്റ്റർ ഹാര്‍ക്കർ ഡ്രാക്കുളയുടെ കൊട്ടാരത്തിലേക്ക് കടന്നു വരികയാണ്. വളരെ കൂളായി അയാൾ ഏറെക്കുറെ അനാഥമായ ആ കൊട്ടാരത്തിലേക്ക് നടന്നു കയറുന്നു. അയാൾക്കടുത്തേക്ക് ഓടിയെത്തേണ്ട ഡ്രാക്കുളയെ സ്ക്രീനിന്റെ ഓരോ മുക്കിലും മൂലയിലും ഞാനും തിരഞ്ഞു. ഒടുവിൽ കണ്ണുടക്കിയത് ഒരു കത്തിലാണ്. വളരെ ഭവ്യതയോടെ തന്റെ അതിഥിക്ക് ഡ്രാക്കുള പ്രഭു എഴുതിയ കത്ത്...! അത് വായിക്കുമ്പോൾ ഹാര്‍ക്കറിനൊപ്പം ഞാനുമോർത്തു “എന്തു നല്ല മനുഷ്യൻ!“. പക്ഷെ!! “രക്ഷിക്കൂ” എന്ന് നിലവിളിച്ചുകൊണ്ട് അവിടേക്കു കടന്നു വന്ന സുന്ദരിയെ കണ്ട നിമിഷം മുതൽ ഡ്രാക്കുളയുടെ ക്രൂര മുഖം എനിക്ക് മുന്നിൽ തെളിഞ്ഞു തുടങ്ങി.....!

ഡ്രാക്കുളയുടെ ചെയ്‌തികളും അതിനിരയായവരുടെ പ്രതികരണങ്ങളുമൊക്കെയായി ചിത്രം പുരോഗമിക്കുമ്പോൾ ഒരു കാര്യം ഞാൻ മനസ്സിലാക്കി. അന്‍പതുകളുടെ ഒടുവിൽ പ്രേക്ഷകന്റെ ഏകാന്ത നിമിഷങ്ങളെ ഭീതിയുടെ കറുത്ത കോട്ടുകൊണ്ട് മൂടിയിട്ട ഈ ചിത്രത്തിന് ഇന്നത്തെ അൾട്രാ മോഡേൺ പ്രേക്ഷകന്റെ പ്രേതചിത്ര സങ്കല്പങ്ങളോട് മത്സരിക്കാൻ ബുദ്ധിമുട്ടുണ്ട്. പക്ഷെ ഒരു ‘സിനിമാ പഠിത്തക്കാരന്റെ’ ചിന്തകൾ അങ്ങനെ ഒന്നിനെയും എഴുതി തള്ളാൻ പാ‍ടില്ലല്ലോ. ഞാനെന്ന കാഴ്ചക്കാരൻ അന്നത്തെ ആസ്വാദകന്റെ പ്രതീക്ഷകളുടെ ലവലിലേക്ക് എത്തിപ്പെടാൻ ലേശം ബുദ്ധിമുട്ടി. പണ്ടേ കാണേണ്ട ചിത്രമായിരുന്നു എന്ന നഷ്ടബോധം ഉണ്ടായെങ്കിലും ചിത്രം ഇന്നും ആസ്വാദ്യകരം.

ഗ്രാഫിക്സും അനിമേഷനും പിച്ചവച്ചു നടക്കുന്നതിനും മുന്നേ ഇറങ്ങിയ സിനിമ ആയതുകൊണ്ടാവണം എല്ലാം കൺമുന്നിൽ സ്വാഭാവികമായി സംഭവിക്കുന്നതുപോലെ ഈ ചിത്രത്തെ ഉൾക്കൊള്ളാൻ സാധിക്കുന്നത്. ഒട്ടും അതിഭാവുകത്വമില്ലാത്ത അഭിനയ മികവോടെ ട്രാക്കുളയും ‘എതിരാളികളും’ സ്ക്രീനിൽ അവരവരുടെ റോളുകൾ ഭംഗിയാക്കുമ്പോൾ പശ്ചാത്തലവും അതിനുതകുന്ന ശബ്ദസംവിധാനവും കാഴ്ചകൾക്ക് ഉചിതമായ ഫീൽ നൽകുന്നു. നാടകീയ രംഗങ്ങൾക്കൊന്നും വഴികൊടുക്കാത്ത കഥാവസാനത്തിൽ ഡോക്ടർ വാന്റെ ഇടപെടലുകളാൽ തന്റെ പുതിയ ഇരയെ കീഴ്‌പെടുത്താനാവാതെ കുഴയുന്ന ഡ്രാക്കുള നശിക്കപ്പെടുന്നു. അക്കാലത്തെ പരിമിധമായ സങ്കേതങ്ങൾ ഉപയോഗിച്ച് മനോഹരമാക്കിയ ആ രംഗത്തിൽ കറുത്തു നീണ്ട കുപ്പായത്തിനുള്ളിലെ ആ വലിയ ശരീരം ദ്രവിച്ചില്ലാതാകുന്നു. ഒടുവിൽ വസ്ത്രങ്ങൾക്കൊപ്പം ഡ്രാക്കുളയുടെ മോതിരം മാത്രം അവശേഷിക്കുന്നു. ജനാലയിലൂടെ ഡ്രാക്കുളയുടെ മരണഹേതുവായി ആ കോട്ടമുറിയിലേക്ക് കടന്നു വന്ന വെളിച്ചത്തിൽ ആ മോതിരം മറ്റൊരു ഡ്രാക്കുള ചിത്രത്തിന്റെ സാധ്യത വിളിച്ചറിയിച്ചുകൊണ്ട് തിളങ്ങി നിന്നു.

ആദ്യ ചിത്രത്തിന്റെ ചുവടുപിടിച്ച് പിന്നീടും നിരവധി ഡ്രാക്കുള സിനിമകൾ സിനിമാ പ്രേമികളുടെ ഹൃദയമിടിപ്പിന്റെ താളംനിശ്ചയിച്ചുകൊണ്ട് കടന്നു വന്നിട്ടുണ്ടെങ്കിലും എല്ലാറ്റിനും കാരണഹേതുവായി വെള്ളിത്തിരയിൽ ഡ്രാക്കുളപ്രഭുവിന്റെ ശക്തമായ സാന്നിദ്ദ്യമറിയിച്ച ഈ ചിത്രം ചരിത്രപുസ്തകത്തിലെന്നും തെളിമയോടെ നിൽക്കും.

ബ്രാം സ്റ്റോക്കറുടെ നോവലിന്റെ ചുവടുപിടിച്ച് ജിമ്മി സാംഗ്‍‍സ്റ്റർ രചന നിർവ്വഹിച്ച ‘ഹാമ്മർ ഹൊറർ‘ സീരീസിലെ ഈ ആദ്യ ചിത്രം (1958) നിർമ്മിച്ചിരിക്കുന്നത് ആന്റണി ഹിന്‍സാണ്. ക്രിസ്റ്റഫർലീ ഡ്രാക്കുളയായപ്പോൾ പീറ്റർ, മൈക്കിൾ ഗഫ്, ജോൺ വാൻ, മെലിസ്സ, കരോൾ മാര്‍ഷ് എന്നിവർ മറ്റുപ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നല്കി. ഈ ചിത്രം നൽകിയ ആസ്വാദന രസം ഇതുവരെ കാണാതിരുന്ന മറ്റ് ഡ്രാക്കുള ചിത്രങ്ങൾ കൂടി കാണാൻ എനിക്ക് പ്രേരണയായിരിക്കുകയാണ്. പിന്നീട് വന്നവയിൽ പലതും അതിരുവിട്ട മാദക പൊലിമയിൽ പഴികേൾക്കേണ്ടി വന്നവയാണെങ്കിലും ലോകമെങ്ങുമുള്ള ഹൊറർ സിനിമാസ്വാദകരുടെ ഇടയിലെ എക്കാലത്തെയും ഫേവറൈറ്റുകളായ ആ ചലച്ചിത്രങ്ങളിലൂടെയും സഞ്ചരിക്കാൻ ഒരു മോഹം!.

എഴുതി നിർത്തുന്നതിനു മുൻപ് മറ്റൊരു ചിത്രം കൂടി ഈ വരികൾക്കിടയിലേക്ക് കടന്നു വരികയാണ്. ചിലങ്കയുടെ താളത്തിൽ അഴിഞ്ഞുലഞ്ഞ കാർകൂന്തലും കരിമഷി പടർന്ന് ക്രോധപൂർണ്ണമായ മുഖവുമായി!!. അതെ, മലയാളി പ്രേക്ഷകന്റെ മനസിന്റെ തെക്കിനികളിൽ ഇനിയെത്രനാൾ കഴിഞ്ഞാലും, നമ്മുടെ പ്രേതചിത്ര സങ്കല്പങ്ങൾക്ക് എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചാലും നാഗവല്ലിയുടെ ആ നോട്ടം, ആക്രോഷം അതിനെന്നും ആ പഴയ ശക്തി ക്ഷയിക്കാതെയുണ്ടാകും. അല്പം ഭയചകിതരായല്ലാതെ ആ സിനിമയിലൂടെ സഞ്ചരിക്കാൻ നമുക്ക് ഇനിയൊരു നൂറ്റാണ്ടു കഴിഞ്ഞാലും സാധിച്ചെന്നുവരില്ല. ഡ്രാക്കുള കഥകളുടെ മേനി പറച്ചിലിനിടയിൽ അത് നമ്മൾ മലയാളിയുടെ സ്വകാര്യ അഹങ്കാരമായി ഇരിക്കട്ടെ!

റൊമാൻസും കോമഡിയും ആക്ഷനും അനിമേഷനും അരങ്ങു തകർക്കുന്ന സിനിമാസ്ക്രീനിൽ ഹൊറർ ത്രില്ലറുകളും മുറതെറ്റാതെ തങ്ങളുടെ സാന്നിദ്ദ്യം അറിയിക്കുന്നുണ്ട്. കല്പിത കഥകൾ അങ്ങനെ ഇനിയെന്തെല്ലാം വരാനിരിക്കുന്നു. ശ്വാസമടക്കി കണ്ടിരിക്കാൻ നമ്മൾ പ്രേക്ഷകർ പണ്ടേ റെഡിയാണല്ലോ.!!

Jul 9, 2011

യാത്ര

ദേ മമ്മി വിളിച്ചു ചോദിക്കുന്നു. “പാതിരാത്രി എന്തിനാ കിടന്നു ചിരിക്കുന്നതെന്ന്”

“ഇവിടെ ഒരു കള്ളൻ ഓരോന്നു പറഞ്ഞെന്നെ ചിരിപ്പിക്കുകയാണെന്ന് പറഞ്ഞു കൊടുക്കട്ടെ ഞാൻ?”

മൊബൈലിലൂടെയുള്ള ആ കിളിമൊഴി രമേഷ് വല്ലാതെ ആസ്വദിക്കുകയായിരുന്നു. ഒരു കള്ളച്ചിരിയോടെ അവന്‍ പതിയെ ബാൽക്കണിയിലെ അരമതിലിൽ കയറിയിരുന്നു.

“അയ്യോ ചതിക്കല്ലെ പെണ്ണെ. നീ ഇപ്പഴെ സസ്പെൻസ്സ് പൊളിക്കല്ലേ.”

“ഹ്മ്മ്….. സസ്പെൻസ്സ്..” അവൾ ചിണുങ്ങി. “ദാ വരുന്നെന്നും പറഞ്ഞ് പോയിട്ട് ഇന്ന് ആഴ്ച ഒന്നായി അറിയാമോ. എന്താ ഇങ്ങോട്ട് വരുന്നില്ലെ ഇനി?”

“ഹൊ നീ ഒന്നു ക്ഷമിക്കടി പെണ്ണെ” “എന്റെ ഒരേയൊരമ്മക്ക് സുഖമില്ലാന്ന് കേൾക്കുമ്പോ ഞാനല്ലാതെ പിന്നെ ആരാ ഒന്നോടി ചെല്ലുക” “നിന്റെ ഭാവി അമ്മായിയമ്മയോട് നിനക്കിത്തിരി പോലും സിമ്പതി ഇല്ലേ...!?”

“പിണങ്ങല്ലേ.. ഞാൻ അതല്ലട കുട്ടാ ഉദ്ദേശിച്ചേ… എത്ര ദിവസമായി ഒന്നു കണ്ടിട്ട് അതുകൊണ്ടല്ലേ…. ഐ മിസ്സു യൂ ഡാ…. എന്റെ ചെക്കന് വിഷമമായോ…..” അടക്കിപിടിച്ച അവളുടെ കൊഞ്ചൽ.

“ഐ ടൂ മിസ്സ് യൂ ഡാർളിംഗ്….” “നാളെ രാവിലത്തെ ട്രെയിന് തന്നെ ഞാൻ വരുന്നുണ്ട്, നിന്റെ മിസ്സിംഗ് തീർത്തിട്ടു തന്നെകാര്യം.” അർത്ഥം വെച്ചൊരു ചിരിയോടെ രമേഷ് അത് പറയുമ്പോൾ രേണുവിന്റെ ശബ്ദത്തിൽ ആവേശത്തിന്റെ തിളക്കം.

“വാവ്വു നാളെയോ…. വേഗം വാടാ ചെക്കാ എനിക്കു നിന്നെ കാണാൻ കൊതിയാവുന്നു.”

“ഹോ ഒന്നടങ്ങു പെണ്ണെ ഞാനൊന്നങ്ങു വന്നോട്ടെ.”

ആ പിന്നൊരു കാര്യം “ആ നവീന്റെ നെറ്റ്കഫേയിലേക്ക് ഇനി ഞാനില്ല കേട്ടോ. അവന്റെ അർത്ഥം വെച്ചുള്ള ഒരു നോട്ടവും വർത്തമാനവും ഹും..”

“അയ്യോ അങ്ങനെ കഠിനതരമായ തീരുമാനങ്ങളൊന്നും എടുക്കല്ലെ പൊന്നെ. ജോലികഴിഞ്ഞ് ക്ഷീണിച്ചു വരുമ്പോ നിന്നോടിത്തിരി പേഴ്സണലായിട്ട് വർത്തമാനം പറയാൻ ഞാൻ പിന്നെ എന്തു ചെയ്യും.”

“ഹും വർത്തമാനം. കഴിഞ്ഞാഴ്ച ഒരു മണിക്കൂർ വർത്തമാനം പറഞ്ഞതിന്റെ പാട് ഇപ്പഴും അവിടെയും ഇവിടെയുമൊക്കെ കിടപ്പുണ്ട്. നഖമൊക്കെ വെട്ടിയിട്ടിങ്ങോട്ട് വന്നാ മതി കേട്ടോ”

“ശ്ശെടാ ഇത്തിരി റൊമാന്റിക്ക് ആവാന്നു വെച്ചാ ഈ പെണ്ണു സമ്മതിക്കില്ലല്ലോ…?”

“രമേഷ്…. ബി സീരിയസ്സ്… പപ്പ എന്തോ പ്രൊപ്പോസലൊക്കെ കൊണ്ട് വരുന്നുണ്ട്. എന്റെ ജോലി പെർമനന്റ് ആയതുകൊണ്ട് ഇനി പെട്ടന്ന് കല്യാണം നടത്തണമെന്നാ പപ്പക്ക്.” “ഇനിയും വൈകിയാൽ നമ്മുടെ കാര്യം….! അവൾ പകുതിയിൽ നിര്‍ത്തി.

“നീ അമ്മയോട് ഒന്നു സൂചിപ്പിച്ചിട്ടു വാടാ. ഞാനും വീട്ടിൽ ഒന്നു പറഞ്ഞു വയ്ക്കാം.”

“ഹോ നീ ഇങ്ങനെ വെപ്രാളം പിടിക്കാതെടീ നമുക്കെല്ലാം ശരിയാക്കാമെന്നെ, അമ്മയ്ക്ക് ടെൻഷനുണ്ടാക്കുന്ന ഒന്നും ഇപ്പോ പറയുകയോ ചെയ്യുകയോ ചെയ്യരുതെന്നാ ഡോക്ടർ പ്രത്യേകം പറഞ്ഞിരിക്കുന്നത്.”

“നീ എന്തേലും ചെയ്യ്. എപ്പഴും ഉണ്ടാവുമല്ലോ നിനക്കോരോ ന്യായീകരണങ്ങൾ. അവസാനം എന്നെ ഇഷ്ടമല്ല എന്നു മാത്രം പറയരുത്.” അവളുടെ ശബ്ധം ഒരു ഗദ്ദ്ഗദത്തിലേക്ക് വഴുതുമ്പോള്‍ രമേശ് ഇടപെട്ടു.

“ബിലീവ് മീ ഡിയർ” “നീ എന്റെ പൊന്നല്ലേ“ “ഈ ചുന്തരിയെ ഞാനങ്ങനെ വേണ്ടാന്ന് പറയുമോ.”

“നീയില്ലാതെ എനിക്കു പറ്റില്ല രമേഷ്…”

“അപ്പോ എനിക്കോ…” അവനും പരിഭവം നടിച്ചു.

“എന്തെടുക്കുവാ അവിടെ കിടക്കുന്നില്ലെ” അകത്തു നിന്നൊരു ശബ്ദം.

“മോളൂ ദേ അമ്മ വിളിക്കുന്നുണ്ട്. ഞാൻ കിടക്കട്ടെ. നീ നാളെ ഡ്യൂട്ടിക്ക് പോകില്ലെ.. വൈകിട്ടിത്തിരി നേരുത്തെ ഇറങ്ങ് കേട്ടോ… പറ്റിയാൽ സ്റ്റേഷനിലേക്ക് വാ… എനിക്ക് നിന്നെ കണ്ടോളാൻ വയ്യ…”

“എനിക്കും…… ഇങ്ങു വാ കൊരങ്ങാ വെച്ചിട്ടുണ്ട് ഞാൻ”

“ഏ വെച്ചിട്ടൊണ്ടോ എന്താ എന്താ…….”

“ഉണ്ട….. പോയി കിടന്നുറങ്ങടാ…. കള്ളാ…”

“ഹ ഹ ഹ ഓക്കെടാ…. ബൈ…ഗുഡ് നൈറ്റ്….. സ്വീറ്റ് ഡ്രീംസ്സ്..”

രമേഷ് ഫോൺ കട്ട് ചെയ്യുമ്പഴേക്കും ലത ബാൽക്കണിയിലെത്തി കഴിഞ്ഞിരുന്നു.

“മോനൊറങ്ങിയോടി…”

വളരെ ക്യാഷ്വലായ രമേഷിന്റെ ആ ചോദ്യത്തിന് ഗൌരവം ഒട്ടും കുറക്കാതെയാ‍ണ് ലതയുടെ മറുപടി; “അവൻ കിടന്നു”

“നേരം കുറെയായല്ലോ…. ആരോടാ പാതിരാത്രിക്ക് മൊബൈലിൽ ഒരു അടക്കം പറച്ചിൽ“

“ഓ അതു നമ്മുടെ ഓഫീസ്സിലെ അരശുവാ”.

അവളുടെ തോളിൽ കൈയ്യിട്ട് അകത്തേക്ക് നടക്കുമ്പോൾ രമേഷ് പറഞ്ഞു.

“അവനും അവന്റെ കൊറെ ഫ്രൺസ്സും കൂടി ഗോവയിൽ അടിച്ചു പൊളിക്കാൻ പോയതിന്റെ കഥ പറയുകയായിരുന്നു. അവന്റെ ഒക്കെ ഒരു അടിച്ചുപൊളി കാ‍ണുമ്പോ ഇത്ര നേരുത്തെ പെണ്ണു കെട്ടണ്ടായിരുന്നു എന്നു തോന്നി പോകുവാടി.”

“ദേ ആവശ്യമില്ലാത്ത ഓരോന്ന് പറയാതെ വന്ന് കിടന്നുറങ്ങാൻ നോക്ക്. രാവിലെ പോകേണ്ടതല്ലെ” “കൊണ്ട് പോകാനുള്ളതൊക്കെ എടുത്ത് പെട്ടിയിൽ വച്ചിട്ടുണ്ട്. ഷർട്ട് ഏതാ ഇട്ടോണ്ട് പോകുന്നതെന്ന് പറഞ്ഞാ അതും കൂടെ തേച്ചു വച്ചിട്ട് കിടക്കാം.”

“അതൊക്കെ അവിടെ കിടക്കട്ട് പെണ്ണെ നീ ഇങ്ങോട്ട് വന്നേ.” ബഡ് റൂമിലേക്ക് കയറുമ്പോൾ രമേഷ് അവളെ തന്നോട് ചേർത്തു പിടിച്ചു.

‘ഹോ വിട് രമേഷ്. മോനുറങ്ങീട്ടുണ്ടാവില്ല.” അവൾ വെറുതെയൊന്ന് എതിർത്തു നോക്കി.

“അവനൊറങ്ങിക്കോ‍ളും നീ ഇങ്ങോട്ട് വന്നെ. ഇനി ഒന്നു രണ്ടു മാസം കഴിയണ്ടെ നിന്നെ ഒന്നടുത്ത് കാണാൻ.” ഇരുകൈകളും അവളുടെ തോളുകളിലായി വച്ച് ആ കണ്ണുകളിൽ നോക്കി അവനതു പറയുമ്പോൾ കൊതിപ്പിക്കുന്നൊരു നോട്ടത്തോടെ അവൾ അവനിലേക്ക് ചേർന്ന് നിന്നു. അവർക്കിടയിൽ വല്ലാത്തൊരു വികാരം കത്തി പടർന്നു.

ചുമരിലെ കുക്കു ക്ലോക്കിലെ കിളികളപ്പോൾ പുറത്തേക്ക് വന്ന് നീട്ടിയൊന്നു കൂവി. കുക്കൂ…..കുക്കൂ…..!!!

May 29, 2011

സിംഗിള്‍ സ്നാപ്

“ഹേയ്യ് ഫ്രാങ്കോ... വാട്ട് ഹാപ്പന്റ്......!!“

പെട്ടന്നുള്ള ഫ്രാങ്കോയുടെ ഞെട്ടിയുണരലും കിതപ്പും കേട്ടപ്പോൾ പുതപ്പിനടിയിൽ നിന്ന് മൈക്കിൾ ജിജ്ഞാസയുടെ തലനീട്ടി.

“നത്തിംഗ്.... നത്തിംഗ്....” കിതപ്പൊടുങ്ങാതെ ഫ്രാങ്കോ.

“നീ അതിപ്പഴും ഓർത്തു കിടന്നിട്ടാവും. ഫൊർഗറ്റ് ഇറ്റ് മാൻ. നമ്മുടെ പ്രൊഫഷനിൽ ഇതു സാധാരണമല്ലേ.”

“നീ സുഖമായുറങ്ങൂ. നാളത്തെ ആ ക്യാമ്പ് വിസിറ്റ് കൂടിക്കഴിഞ്ഞാൽ ഈവിനിംഗ് ഫ്ലൈറ്റിൽ നമുക്ക് മടങ്ങേണ്ടതാണ്.“ “ദേർ ഈസ് സംതിംഗ് സ്പെഷ്യൽ വെയിറ്റിംഗ് ഫോർ യൂ “ “ഇനി വരുന്ന ദിനങ്ങൾ ചർച്ചചെയ്യുക നിന്നെക്കുറിച്ചാവും... ആം ഷുവർ”

“അതെ മൈക്കിൾ അതു തന്നെയാണ് എന്റെ ഉറക്കം കെടുത്തുന്നതും.” ഫ്രാങ്കോയുടെ വാക്കുകളിൽ കുറ്റബോധം നിറഞ്ഞു നിന്നു. “വെറും.... വെറുമൊരു പാപ്പരാസ്സിയായി പോയി ഞാനും......ഛെ!”

ആ കിടപ്പിൽ സമീപത്തെ ലാപ്‌ടോപ്പ് ഓൺ ചെയ്യ്‌ത് ഫ്രാങ്കോ ആ സ്നാപ്പുകളിലേക്ക് ഒരിക്കൽ കൂടി കണ്ണോടിച്ചു. “ഒഹ്... ഹൌ സെൽഫിഷ് ഐ ആം!!” “ഇത്രയും ക്രൂരനാവാൻ എനിക്കെങ്ങിനെ കഴിഞ്ഞു.” ഒഴിഞ്ഞ മദ്യക്കുപ്പികൾ പോലും ആ മുറിക്കുള്ളിൽ നിസ്സഹായരായി. പാതിരാത്രി പതിവു തെറ്റി ഓൺ ലൈനായ കാമുകിയുടെ ഹോട്ട് ചാറ്റ്‌ലൈനുകളോടും അയാളൊന്നെ പ്രതികരിച്ചുള്ളൂ. “ഐ ഹേറ്റ് ദിസ് ബ്ലഡി ലൈഫ്.....ഫക്ക് ഓഫ്!”

പലകുറി മുറിഞ്ഞ ഉറക്കത്തെ ആയാസപ്പെട്ടൊന്നു ഗ്രഹിക്കാൻ തുടങ്ങുമ്പോഴേക്കും കർട്ടൻ ഗ്യാപ്പിലൂടെ വെളിച്ചം വില്ലനായെത്തി. പതിയെ എഴുന്നേറ്റ് ഫ്രാങ്കോ ജനാലക്കടുത്തേക്ക് നടന്നു. ഇരുണ്ട നിറങ്ങളിൽ ആ മുറിയെ പൊതിഞ്ഞു പിടിച്ചിരുന്ന കർട്ടൻ ക്ലോത്ത് മാറ്റുമ്പോൾ അയാൾ അലറി വിളിച്ചു. “ഓഹ്....നോ......!!. തിരിഞ്ഞു നിന്ന് ഇരുട്ടിന്റെ സുരക്ഷ തേടുമ്പോഴേക്കും മൈക്കിൾ അടുത്തെത്തി “ഹേയ്യ് വാട്ട് ഹാപ്പന്റ് ടു യൂ മാൻ.... വാട്ട്സ് ഗോയിംഗ് ഓൺ..!!”

“മൈക്കിൾ അവരെല്ലാം പുറത്തുണ്ട്. അവരുടെ ഫ്ലാഷ് ലൈറ്റുകൾ എന്നെ പൊള്ളിക്കുന്നു. പ്ലീസ്സ് സേവ് മീ, പ്ലീസ്... എനിക്കിവിടുന്നെങ്ങോട്ടെങ്കിലും രക്ഷപെട്ടോടണം.”

“ഫ്രാങ്ക് യൂ ആർ മാഡ്. കോടികൾ വിലപേശാവുന്ന ഒരു ചിത്രം കൈയ്യിൽ വച്ച് വെറുതെയിങ്ങനെ ഓരോന്നു പുലമ്പുന്ന നീ ഭ്രാന്തനാണ്. ഈ സൌഭാഗ്യം എനിക്കായിരുന്നെങ്കിൽ....ഒഹ്..!!”

“ബട്ട് മൈക്കിൾ, എനിക്കില്ലാതെ പോയ ആ മനസ്സാക്ഷിയെ കൊണ്ടുത്തരാൻ നീ പറഞ്ഞ കോടികൾക്കാവുമോ.” “എനിക്കെന്നോടു തന്നെ വെറുപ്പ് തോന്നുന്നു.”

“ഹ്മ്മ്............നിനക്ക് ഭ്രാന്ത് തന്നെ മുഴുഭ്രാന്ത്. എന്തായാലും നാളത്തെ പ്രഭാത പത്രങ്ങൾ പുറത്തിറങ്ങുക. ഫ്രാങ്കോ എന്ന വിഖ്യാത ഫോട്ടോഗ്രാഫറുടെ ക്യാമറക്കാഴ്ചയോടെയാവും. അതുറപ്പ്. എല്ലാം ഫൈനൽ ആയിക്കഴിഞ്ഞു.” “നീ വേഗം തയ്യാറാവൂ. നമ്മുടെയാ റിലീഫ് ക്യാമ്പ് വിസിറ്റ് ബാക്കിയാണ്.”

“നോ മൈക്കിൾ. ഞാനീ മുറിവിട്ട് എങ്ങോട്ടുമില്ല.”

“നോ നോ അതൊന്നും പറഞ്ഞാൽ പറ്റില്ല. ഈ ഇരുണ്ട ഭൂഖണ്ടത്തിലെ എന്റെ അവസാന ദിനങ്ങൾക്ക് മഷി പുരളുമ്പോൾ അതിന് വർണ്ണമാകാൻ നിന്റെ സ്നാപ്പുകൾ കൂടിയേ തീരൂ.”

ട്രക്കിംഗ് ജീപ്പിന്റെ കുതിപ്പിന് താളമൊപ്പിക്കുന്ന തിരക്കിലാണ് മൈക്കിൾ. ഇടക്കുവന്നുകേറിയ കയറ്റിറക്കങ്ങളോരോന്നും അയാളുടെ ഡ്രൈവിംഗ് മികവിൽ പരന്നുമാറി. ഫ്രാങ്കോ അപ്പോഴും നിസ്സംഗനായി വശങ്ങളിലെ തരിശുകൾക്കിടയിലേക്ക് ഊളിയിടുകയായിരുന്നു. തന്റെ ഹൃദയമിടിപ്പിന്റെ താളം ആ ജീപ്പിന്റെ കുതിച്ചോട്ടത്തോട് അയാൾ ചേർത്തു വച്ചു.

സൂര്യ രശ്മികൾ പൊള്ളിച്ചുണക്കിയ ഒരു മരുപ്രദേശത്തിലൂടെ ആ സഞ്ചാരം തുടരുമ്പോൾ. ഒരു വെളിപാടിന്റെ ബാക്കിയെന്നപോലെ ഫ്രാങ്കോ പ്രതികരിച്ചു.

“സ്റ്റോപ്പ്.......മൈക്കിൾ.... സ്റ്റോപ്പ്.. സ്റ്റോപ്പ് ഐ സെ...!” തന്റെ രസികൻ ഡ്രൈവിന് അപ്രതീക്ഷിതമായി കിട്ടിയ ബ്രേക്കിംഗ് മൈക്കിളിനെ തെല്ലൊന്നസ്വസ്ഥനാക്കി.

“ഹെയ്യ് വാട്ട് ദ ഹെൽ.......” “വെയർ.. യൂ റഷിംഗ്..” അയാളുടെ അലർച്ചയ്ക്ക് ചെന്നെത്താനാവുന്നതിൽ നിന്നും അകലെയായി കഴിഞ്ഞിരുന്നു അപ്പോൾ ഫ്രാങ്കോ.

ആ മണൽക്കാട്ടിൽ എന്തോ തിരഞ്ഞു കൊണ്ടുള്ള ഫ്രാങ്കോയുടെ ഓട്ടം. അങ്ങിങ്ങായി കാണാവുന്ന കുടുസ്സു വീടുപോലെ തോന്നിച്ചതൊന്നും അയാളുടെ ലക്ഷ്യമായിരുന്നില്ല. അതും കടന്നങ്ങ് ദൂരെ കഴുകന്മാർ ചോരക്കൊക്കുരുമി തേഞ്ഞു തീർന്ന മരക്കഷ്ണങ്ങൾക്കൊന്നിനരികിൽ അയാൾ ചെന്നു വീണു.

ഇഴഞ്ഞിഴഞ്ഞ് ആ മണൽ മുഴുവൻ അയാൾ ഭ്രാന്തമായി ചികഞ്ഞു തീർത്തു. ഇടയ്ക്കിടെ കയ്യിൽ തടഞ്ഞ അസ്ഥിക്കഷണങ്ങളെ അയാൾ തിരിച്ചും മറിച്ചും നോക്കി, പിന്നെ ഈർഷ്യയോടെ ദൂരേക്കെറിഞ്ഞു. ഭ്രാന്തമായ കുറെ നിമിഷങ്ങൾ. മനസ്സും ശരീരവും തളർച്ചയോട് പൊരുതി വീണപ്പോൾ തിളക്കുന്ന സൂര്യനെ നോക്കി ഫ്രാങ്കോ മണ്ണിൽ മലർന്നു കിടന്നു. രണ്ടു കഴുകൻ കണ്ണുകൾ അവനരികിൽ ആർത്തിയോടെ പറന്നിരുന്നു. നിറഞ്ഞൊഴുകിയ കണ്ണുകൾക്കപ്പുറത്തെ ഫ്രാങ്കോയുടെ കാഴ്ച ചോരയുണങ്ങാത്ത ഒരു കുഞ്ഞൻ തലയോട്ടിയുടേതായിരുന്നു. പാതിയടർന്ന പാൽ‌പ്പല്ലുകളെ പൊളിച്ചുകാട്ടി ചെരിഞ്ഞു കിടന്ന ജീവനുള്ളൊരു തലയോട്.


പിൻ‌കുറിപ്പ്: വർഷങ്ങൾക്കു മുമ്പ് ലോകമനസ്സാക്ഷിയെ മുഴുവൻ ഞെട്ടിച്ച “ആ ഫോട്ടോഗ്രാഫ്“ വീണ്ടും കണ്ടപ്പോൾ ഒരു കഥയുടെ സാധ്യത തോന്നി....