Aug 3, 2013

ബാല്യകാലസഖി (My Article @ 4PM ആഴ്ചപതിപ്പ്)

'ഞാൻ ഒരിക്കലും തിരിച്ചുവരില്ലെന്നാണ് കരുതിയത് അല്ലേ...!?'
തെല്ല് പരിഭവത്തോടെ മജീദ് ചോദിച്ചു.
'എല്ലാവരും അങ്ങിനെ വിചാരിച്ചു. ഞാൻ.. എനിക്ക് ഉറപ്പുണ്ടായിരുന്നു. തിരിച്ചുവരുമെന്ന്.'
'എന്നിട്ടു പിന്നെ?’
'അവരെല്ലാം നിശ്ച്ചയിച്ചു. എന്റെ സമ്മതം ആരും ചോദിച്ചില്ല.'
സുഹറയും മജീദും വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയപ്പോഴുള്ള വികാര നിർഭരമായ ഈ സംഭാഷണ ശകലം സാഹിത്യ പ്രേമികളുടെ മനസ്സിൽ നിന്ന് ഇനിയും മാഞ്ഞുപോയിട്ടുണ്ടാവില്ല.
പ്രണയം ബഷീറിനെന്നും വിരുന്നായിരുന്നു. ഒരിക്കൽ പോലും സാങ്കേതികയെ തന്റെ എഴുത്തു വഴിയിൽ കൂട്ടിയിട്ടില്ലാത്ത സ്നേഹ സമ്പന്നനായ എഴുത്തുകാരൻ.
നിരന്തരമായ തന്റെ ദേശാന്തര ഗമനങ്ങളിലൂടെ സമൂഹത്തിന്റെ വിവിധ വാതായനങ്ങൾ തുറന്നുകണ്ട അദ്ദേഹത്തിന്റെ ജീവിതം.!  അതിനോട് ഏറ്റവും ചേർന്നു നിൽക്കുന്നതാണ് ബാല്യകാലസഖിയുടെ പ്രമേയ പരിസരം. അതിനാലാണ് നായകൻ മജീദിന് ബഷീറിൽ നിന്നും വ്യത്യസ്തമായൊരു അസ്തിത്വമില്ലാതെയാകുന്നത്.
എന്തും ലളിതമായി പറയാനാണ് ഏറ്റവും ക്ലേശം.! തന്റെ അനുപമമായ ഭാവനാവിലാസവും ലാളിത്യവും കൊണ്ട് വായനക്കാരെ അതിശയിപ്പിച്ച ആ മഹാനായ എഴുത്തുകാരന്റെ, ലോകപ്രശ്സതരായ കഥാപാത്രങ്ങൾ ഒരിക്കൽ കൂടി അഭ്രപാളിയിലെത്തുകയാണ്. !
ഇത്തവണ മജീദ് തന്റെ ബാല്യകാലസഖിയെ തേടിയെത്തുമ്പോൾ ആ ഗ്രാമവഴികളിൽ സമ്മേളിക്കാൻ പോകുന്നത് ഒറ്റക്കണ്ണൻ പോക്കറും പൊൻകുരിശ് തോമയും ആനവാരി രാമൻ നായരും മിസ് ലച്ചിയും സൈനബയും എന്നു തുടങ്ങി ബഷീറിയൻ കഥാപാത്രങ്ങളായി വന്ന് നമ്മെ വിസ്മയിപ്പിച്ചവരുടെ ഒരു നീണ്ട നിരതന്നെയാണ്. അതുകൊണ്ട് തന്നെ 1967ൽ പ്രേംനസീർ - ഷീല ജോഡി അനശ്വരമാക്കിയ ബാല്യകാലസഖിയുടെ റീമേക്കായി ഇതിനെ കണക്കാക്കാനാവില്ല. സുഹറയുടെയും മജീദിന്റെയും ജീവിതങ്ങളിലേക്ക് ഈ കഥാപാത്രങ്ങളെല്ലാം എങ്ങനെ വിളക്കി ചേർക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിൽ ഏറെ കൌതുക മുണർത്താൻ പോകുന്ന വസ്തുത.!
മലയാള നാടകവേദിയ്ക്ക് തന്റെ തൂലികകൊണ്ടും സംവിധാന മികവുകൊണ്ടും  നിരവധി സംഭാവനകൾ നൽകിയിട്ടുള്ള പ്രമോദ് പയ്യന്നൂർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമകൂടിയാണിത്വർഷങ്ങളായുള്ള അദ്ദേഹത്തിന്റെ അന്വേഷണ ഫലങ്ങളുടെ ആകെ തുകകൂടിയാണ് ഈ മമ്മൂട്ടിചിത്രം.
ഫിക്ഷൻ എന്നതിലുപരി ഒരു പീരിയോഡിക് സിനിമയെന്ന ലേബലിലാവും പുതിയബാല്യകാലസഖിഅറിയപ്പെടാൻ പോകുന്നത്. അണിയറയിലെ ഒരുക്കങ്ങൾ സൂചിപ്പിക്കുന്നത് അതാണ്. ആയിരത്തിതൊള്ളായിരത്തി ഇരുപതുകളിൽ ജീവിച്ച ആ കഥാപാത്രങ്ങളുടെ ജീവീതകാലഘട്ടം മാറ്റങ്ങളില്ലാതെ വെളളിത്തിരയിൽ എത്തിക്കുവാൻ കലാസംവിധായകൻ സന്തോഷ് രാമന്റെ നേതൃത്വത്തിൽ പെരുമ്പളം ദ്വീപിൽ പുനഃസൃഷ്ടിച്ച ബഷീർ ഗ്രാമം’, അതിലുപരി കാക്കനാട് സൈനിക് റെസ്റ്റ് ഹൌസിൽ സംവിധായകൻ രഞ്ജിത്ത് തിരിതെളിയിച്ച് ജൂലൈ പത്തൊന്പതു മുതൽ ഒരാഴ്ച നീണ്ടു നിന്ന അഭിനയ ക്യാമ്പ്.
ആയിരത്തിലധികം പേരിൽ നിന്ന് സസുഷ്മം തിരഞ്ഞെടുത്ത ആദ്യമായി ക്യാമറയ്ക്ക്  മുന്നിലെത്താൻ കാത്തിരിക്കുന്ന നാല്പതോളം മുഖങ്ങൾ. അതിൽ പലരും പ്രൊഫഷണൽ നാടകരംഗത്തെ പ്രഗത്ഭർ! അതുകൊണ്ട് തന്നെ മുരളീമേനോന്റെ നേതൃത്വത്തിൽ നടന്ന കാക്കനാട് ക്യാമ്പിലെ പ്രധാന വിഷയം ബഷീർ കഥാപാത്രങ്ങളെ പുനർവാർക്കുക മാത്രമായിരുന്നില്ല, നാടകാഭിനയവും സിനിമാഭിനയവും തമ്മിലെ വേർതിരിവുകളെ കുറിച്ചുള്ള അന്വേഷണം കൂടിയായി മാറി അത്. രണ്ടു സങ്കേതങ്ങളിലേയും പ്രകടമായ വ്യതിയാനങ്ങളെല്ലാം തന്നെ ക്യാമ്പ് വിശദമായി വിലയിരുത്തി. ചലച്ചിത്ര-നാടക രംഗങ്ങളിലെ നിരവധി പ്രമുഖർ അവിടെ സന്ദർശകരായി.
ന്യൂജനറേഷൻ സിനിമകളുടെ പ്രളയത്തിനിടയിൽ ഒരു പീരിയോഡിക് സിനിമ എന്ന വെല്ലുവിളി  സധൈര്യം ഏറ്റെടുത്ത് വിജയിപ്പിച്ച സംവിധായകൻ കമലിന്റെ സന്ദർശനം ക്യാമ്പംഗങ്ങളുടെ ആവേശത്തിനെ സീമാതീതമാക്കി.
സാമാന്യബോധമുള്ള ഏതൊരാളെവച്ചും അഭിനയിപ്പിക്കാൻ ഒരു നല്ല സംവിധായകന്‌ സാധിയ്‌ക്കും. സ്വാഭാവികത വളർന്ന് വളർന്ന്‌ അഭിനയം തന്നെ ആവശ്യമില്ലായെന്ന രിതിയിലേയ്‌ക്ക്‌ എത്തിയിരിക്കുന്നു ഇന്നത്തെ സിനിമകമൽ നീരീക്ഷിച്ചു. ‘നന്മകൾ നിറഞ്ഞ സിനിമയാണ് നല്ല സിനിമ, അതുകൊണ്ട് തന്നെ പ്രമോദിന്റെയും കൂട്ടരുടെയും സിനിമാ വഴികൾ നന്മകൾ നിറഞ്ഞതാവട്ടെ എന്ന്  അദ്ദേഹം ആശംസിച്ചു.
വഴി തെറ്റുന്ന സമൂഹത്തിന്റെ പുറകെയല്ല, അതിന്റെ ചലനങ്ങൾക്ക് മുൻപേ ചലിക്കുന്നവരാകണം കലാകാരന്മാർഎന്ന ആഹ്വാനവുമായാണ് തിരക്കഥാകൃത്ത് ടി. . റസാഖ്‌ ക്യാമ്പിനെ അഭിസംബോദന ചെയ്യ്തത്. “മലയാളിക്ക് ബഷീർ വെറുമൊരു എഴുത്തുകാരൻ മാത്രമല്ല ഒരു അനുഭവം തന്നെയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ മാത്രമല്ല കഥാ പരിസരത്തേക്കൂടി ഉൾക്കൊള്ളാൻ ഒരോ അഭിനേതാവിനും കഴിയണംഅദ്ദേഹം ഓർമ്മിപ്പിച്ചു. ബാല്യകാലസഖി ഒരു പുതിയ ചരിത്രമാകട്ടെ എന്ന ആഗ്രഹത്തോടെയാണ് റസാഖ് മടങ്ങിയത്.
മുന്നിലെ സ്റ്റുഡിയോ മൈക്കിലേക്ക് അച്ഛനും മകനും ഭർത്താവും കാമുകനുമൊക്കെ ആവാഹിക്കപെടുമ്പോൾ തന്റെ ശബ്ദവ്യതിയാനങ്ങൾകൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ച ഭാഗ്യലക്ഷ്മിയായിരുന്നു ക്യാമ്പിലെ മറ്റൊരു അതിഥി.  “നിങ്ങൾ സിനിമയെ പ്രണയിക്കൂ...! പ്രണയിച്ച് പ്രണയിച്ചൊരുന്നാൾ സിനിമ നിങ്ങളെ പ്രണയിച്ചു തുടങ്ങും.” സിനിമയുടെ സ്വന്തം കാമുകിക്ക് പറയാൻ മറ്റൊന്നുണ്ടായിരുന്നില്ല.
ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന നോവലിലെഖദീജയുടെവരവായിരുന്നുമറ്റൊരു വിസ്മയംഅങ്ങനെ ബഷീർ കഥകളും കഥാപാത്രങ്ങളും യാഥാർത്ഥ്യത്തിന്റെ വേരുകൾ തേടിയിറങ്ങിയ എഴു ദിനരാത്രങ്ങൾസിനിമയുടെ ലോകത്തിനു മാത്രമായി നീക്കി വച്ച ആ ദിവസങ്ങൾ അവസാനിച്ചപ്പോൾ അതിഭാവുകത്വങ്ങളിൽ നിന്ന് സ്വാഭാവികതയിലേക്കുള്ള സ്കെയിലിംഗ്നന്നായി ബോധ്യപ്പെട്ടുകൊണ്ടാണ് ഓരോ അഭിനേതാവും തൽക്കാലത്തേക്ക് പിരിഞ്ഞത്.
ഇനി മുഖത്ത് ഛായം തേച്ച് എട്ടുകാലിയും പൊൻകുരിശും ആനവാരിയും ഒസാനും സൈനബയുമൊക്കെയായി അവർ ക്യാമറയുടെ മുന്നിലേക്ക്. ആക്ഷനും കട്ടിനുമിടയിൽ അവരോരുത്തരും ഒന്നുകൂടി ജീവിക്കും എന്നെന്നേക്കുമായുള്ള ഒരു നല്ല അനുഭവമായി മാറാൻ.

അനുവാചകലോകം എന്നും ആരാധനയോടെ മാത്രം കണ്ടിട്ടുള്ള ബഷീറിന്റെ ബാല്യകാലസഖി പ്രമോദ് പയ്യന്നൂരിന്റെ നേതൃത്വത്തിൽ ചലച്ചിത്രമാകുമ്പോൾ, മാസങ്ങളും വർഷങ്ങളും നീണ്ട അവരുടെ അന്വേഷണങ്ങൾ ഫലം കാണട്ടെ എന്ന് പ്രത്യാശിക്കാം


1 comment: