കുറച്ചുനാൾമുമ്പ് ഒരു യുവബിസിനസ്കാരനെ കണ്ടുമുട്ടിയപ്പോൾ കക്ഷിയോട് ഞാൻ പറഞ്ഞു, ‘ഒന്നിനും സമയം തികയുന്നില്ല മാഷെ..!’. അപ്പോൾ പുള്ളി പറഞ്ഞത്, “നമുക്ക് സമയം തികയുന്നില്ലാ എങ്കിൽ അതിന്റെ അർത്ഥം നമ്മൾ ഒട്ടും ഓർഗനൈസ്ഡ് അല്ലാ എന്നാണ് ! നമ്മളേക്കാൾ തിരക്കൂള്ളവർ ഇതിലും കൂടുതൽ കാര്യങ്ങൾ ഇവിടെ ചെയ്യുന്നുണ്ട്.”
സംഗതി വളരെ ശരിയാണ്, ജീവിതം ഒന്നേയുള്ളൂ. വ്യക്തമായ കണക്കുകൂട്ടലും കാഴ്ചപാടുകളും ചുറ്റുപാടുകളെക്കുറിച്ചുള്ള ധാരണകളും ഒക്കെ വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും വളരെ പ്രാധാന്യമുള്ള വസ്തുതകൾ തന്നെ. അതൊക്കെ തിരിച്ചറിയാൻ വൈകിപോയവർ ‘കെട്ടുവിട്ട പട്ടം പോലെ’ എന്തൊക്കെയോ കാട്ടി എവിടെയൊക്കെയൊ അലഞ്ഞ് ജീവിതം തീർക്കും. ഞാനിത്രയൊക്കെ ഓർത്തെടുത്തത് ഒരു ആമുഖം എഴുതാനായാണ്.
ഏറെ നാളിനു ശേഷം വീണ്ടും ഒരു ഫിലിം റിവ്യൂ എഴുതാൻ മോഹം തോന്നി. മോഹിപ്പിച്ചത് മറ്റാരുമല്ല 'മജീദി' തന്നെ അദ്ദേഹത്തിന്റെ കരീം എന്ന കഥാപാത്രവും. കരീമിനൊപ്പമുള്ള യാത്രയിൽ മജീദി കാണിച്ചു തന്നതും ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യക്തമായ ചില നിരീക്ഷണങ്ങളാണ്.
ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ “സോങ്ങ് ഓഫ് സ്പാരോസ്” (2008/Iran/Drama/96Min) ‘കരീം’ എന്ന ഗ്രാമീണന്റെ കഥയാണ് പറയുന്നത്. പതിവ് പോലെ ഇറാനിലെ സാമാന്യ ജനത്തെ തന്നെയാണ് ‘സ്പാരോസിലും’ മജീദി കൂട്ടുപിടിച്ചിരിക്കുന്നത്.

ഏറെ നേരത്തെ തിരച്ചിലിനു ശേഷം നിരാശനായി വീട്ടിലേങ്ങ് മടങ്ങേണ്ടി വരുന്ന അയാൾ പുതിയൊരു ജോലി അന്വേഷിച്ച് നഗരത്തിലേക്ക് പോകുന്നു. ആ യാത്രയിൽ അപ്രതീക്ഷിതമായി അയാളുടെ ബൈക്കിനു പിറകിൽ കയറുന്ന നഗരവാസി അയാൾക്ക് ടാക്സി ഫെയറായി ഒരു തുക നൽകുന്നതോടെ “ബൈക്ക് ടാക്സി” എന്ന പുതിയ ജോലിയിലേക്ക് അയാൾ സ്വയം നയിക്കപ്പെടുന്നു. നഗരത്തിന്റെ തിരക്കുകളിൽ അയാൾ ആവോളം സമ്പാദിക്കുന്നു. സന്തോഷവാനായി തന്റെ ഗ്രാമത്തിലേക്ക് മടങ്ങുന്ന കരീം ഓരോ മടക്കത്തിലും നഗര മാലിന്യങ്ങൾക്കിടയിൽ നിന്നും വിലപ്പെട്ടതെന്ന് കരുതി പലതും കൂടെ കൊണ്ടു പോരുന്നു. അപ്രതീക്ഷിതമായി അളവിലധികം പണം കൈവരുമ്പോൾ അയാളുടെ സ്വഭാവത്തിലും കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നു. നഗരത്തിന്റെ സ്വാർത്ഥകൾ ആ ഗ്രാമിണനെയും വല്ലാതെ സ്വാധീനിക്കുന്നു . അതിന്റെ തെളിവായി അയാൾ തന്നെ നഗരത്തിൽ നിന്നും പലപ്പോഴായി കൊണ്ടു വന്ന ‘സ്ക്രാപ്പുകൾ’ വീടിനു മുന്നിൽ കുമിഞ്ഞ് കൂടുന്നു.
നിഷ്കളങ്കരും സ്നേഹ സമ്പന്നരുമായ തന്റെ ഗ്രാമവാസികളോട് സ്നേഹത്തിന്റേയും സഹവർത്തിത്വത്തിന്റേതും അല്ലാത്തൊരു ഭാഷ ആയാൾ പങ്കുവയ്ക്കുന്നു. അനുവാദമില്ലാതെ തന്റെ ഭാര്യ അയൽക്കാർക്ക് സമ്മാനിച്ച ഒരു പഴയ വാതിൽ തീരെ ദയയില്ലാതെ അയാൾ അവിടെ നിന്നും മടക്കി കൊണ്ട് വരുന്ന കാഴ്ച ചിത്രത്തിന്റെ കീ ഫ്രെയിമുകളിൽ ഒന്നാണ്.
ഒടുവിൽ അനിവാര്യമായത് സംഭവിക്കുന്നു. തനിക്കുപകരിക്കുമെന്ന് കരുതി കുട്ടി വച്ച ആ സ്ക്രാപുകൾ അയാൾക്ക് മുകളിലേക്ക് തന്നെ പതിക്കുന്നു. ദേഹമാസകലം മുറിവുകളും ഒടിവുകളുമായി അനങ്ങാനാവാതെ കിടക്കുമ്പോൾ അയാൾ താൻ മറന്നുപോയ തന്റെ കുടുംബത്തിന്റെയും അയൽക്കാരുടെയും സ്നേഹം തിരിച്ചറിയുന്നു.
പിന്നീട് സ്വർണ്ണ മത്സ്യങ്ങളെ വളർത്തി ഒരു ധനവാനാകാമെന്ന് മോഹിച്ച മകനും കൂട്ടുകാർക്കും അപ്രതീക്ഷിതമായി തന്റേതുപോലെ തന്നെ ഒരു തിരിച്ചടി നേരിടേണ്ടിവരുമ്പോൾ നിരാശരായ അവരെ അയാൾ സമാധാനിപ്പിക്കുന്നുണ്ട്.
“ഞാൻ എന്റെ കഴിഞ്ഞകാലം ഓർക്കുന്നു…. മനോഹരമായ ആ പഴയകാലം….. ഈ ലോകം ഒരു വലിയ കള്ളമാണ്……. ഒരു സ്വപ്നം പോലെ…. ഇക്കഴിഞ്ഞതൊക്കെ നിങ്ങളുടെ ഓർമ്മകളാണിനി….” എന്നൊക്കെ അയാൾ അവർക്കായി പാടുന്നു.
കുട്ടികളുടെ മുഖത്തെ കണ്ണീർ ഒരു പുഞ്ചിരിയിലേക്ക് വഴിമാറുന്നു. നഷ്ടപ്പെട്ടു പോയ സ്വർണ്ണ മത്സ്യങ്ങളിലൊന്നിനെ തങ്ങളുടെ കുളത്തിൽ നിക്ഷേപിച്ച് കുട്ടികൾ പുതിയൊരു പ്രതീക്ഷ പങ്കുവയ്ക്കുന്നു. രക്ഷപെട്ട ഒട്ടപക്ഷിയുടെ ഫാമിലേക്കുള്ള തിരിച്ചു വരവ് കരീമിനും പുതു ജീവൻ നൽകുന്നു.

വശ്യമായ ഫ്രെയിമുകൾ പലതും ചിത്രത്തിൽ കാണാനാവുന്നുണ്ടെങ്കിലും കഥ പറച്ചിലിനെ ഒരു സന്ദർഭത്തിലും ഹൈജാക് ചെയ്യാത്ത ക്യാമറയുടെ സ്വഭാവിക ചലനങ്ങൾ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത തന്നെയാണ്. ശാന്ത സുന്ദരമായി ഫ്രെയിമുകളോട് പറ്റി ചേർന്ന് കിടക്കുന്ന പശ്ചാത്തല സംഗീതവും കുടിയാകുമ്പോൾ ലാളിത്യത്തിന്റെ പര്യായങ്ങളായി ലോകശ്രദ്ധനേടുന്ന ഇറാനിയൻ ചിത്രങ്ങളുടെ ഗരിമ ഒട്ടും കുറയ്ക്കാതെ ഒരു മജീദി ചിത്രം കൂടി അനുഭവവേദ്യമാകുന്നു.