Sep 14, 2010

“വെട്ടങ്കണ്ടനാശാൻ”

പഴങ്കഥയിലെ ഒരു വീരപുരുഷന്റെ കഥ...! ചെറുപ്പത്തിൽ അച്ഛമ്മ പറഞ്ഞുകേട്ട കഥയാണ് ഇതിനാധാരം. സത്യമെത്രയെന്നറിയില്ല. എങ്കിലും...


സദ്യ കഴിഞ്ഞ് മുതിർന്നവരൊക്കെ സൊറപറച്ചിലുമായി ഓരോയിടത്ത് വിശ്രമിക്കാനൊരുങ്ങുമ്പോൾ ഉണ്ണി അച്ഛമ്മയ്ക്കടുത്തേക്കോടിച്ചെന്നു തന്റെ ആവശ്യം ഉന്നയിച്ചു. “അച്ഛമ്മേ ഒരു കഥ പറഞ്ഞു താ...!“


“ഉണ്ണിക്കുട്ടനിപ്പോ ഏത് കഥയാ കേൾക്കണ്ടേ...?” ആ വലിയ മഞ്ഞക്കട്ടിലിൽ കാല് നിവർത്തി ചാരിയിരുന്ന് അച്ഛമ്മ വാത്സല്യത്തോടെ ചോദിച്ചു.


“ഞങ്ങൾക്കും കേൾക്കണം അമ്മുമ്മേ കഥ...!“ അമ്മൂമ്മ കഥപറയാനൊരുങ്ങുന്നൂ എന്നറിഞ്ഞപ്പോൾ മായയും മുരളിയും ചിന്നുവും എല്ലാം ഉണ്ണിക്കൊപ്പം കൂടി.


“ആ വാ വാ എല്ലാരും വാ... ഞാൻ തിത്തെയ്യ് അപ്പൂപ്പന്റെ കഥ പറഞ്ഞു തരാം....“


“അത് വേണ്ടമ്മൂമ്മേ... എനിക്ക് വെട്ടങ്കണ്ടനാശാന്റെ കഥ കേട്ടാ മതി.” ഉണ്ണി.


“അതാരാ ഉണ്ണിക്കുട്ടാ ആ ആശാൻ!!?“ മായയ്ക്ക് ഒരു സംശയം.


“അയ്യേ ഈ മായേച്ചിക്ക് ഒന്നും അറിയില്ലാ...!!“ മായ ഉണ്ണിയെ കൊഞ്ഞനം കുത്തിക്കാട്ടി അവനും വിട്ടുകൊടുത്തില്ല.


“മ്മ്... വേണ്ട വേണ്ട വഴക്കു വേണ്ട ആ കഥ തന്നെ പറയാം.“ അമ്മുമ്മ അവളെ വിലക്കി.


“പണ്ട് പണ്ട് പത്തിരുന്നൂറു വർഷം മുമ്പുള്ള കഥയാ. ആയിരപ്പറക്കണ്ടവും പറമ്പും തോപ്പുമൊക്കെ നമുക്ക് സ്വന്തമായി ഉണ്ടായിരുന്ന കാലം. ഈ ഉണ്ണിക്കുട്ടന്റെ അച്ഛനെപ്പോലെ അന്നത്തെ കുടുംബമൂപ്പനായിരുന്നു ഈ വെട്ടങ്കണ്ടനാശാൻ. മഹാദാനശീലനും ദയാലുവും ദേശക്കാർക്കൊക്കെ പ്രിയനുമായിരുന്നു മൂപ്പൻ..” അവർ കഥ പറഞ്ഞു തുടങ്ങി.


ഉണ്ണിക്കുട്ടൻ ചന്ദനക്കാലും പൂട്ടിവച്ച് ഗമയിൽ ചുറ്റുപാടുമൊന്നു നോക്കി താടിക്ക് കൈകൊടുത്ത് ഇരുന്നു. അച്ഛമ്മ കഥ തുടർന്നു.


“അന്ന് നമ്മുടെ കാവും കളരിയുമൊക്കെ ഇതുപോലെ ആയിരുന്നില്ല. വടക്കനും തെക്കനും തുളുനാടനുമൊക്കെ പഠിച്ചറിഞ്ഞ തികഞ്ഞ അഭ്യാസിയായിരുന്ന മൂപ്പന്റെ നേതൃത്വത്തിൽ കളരി സജീവമായിരുന്നു. നിറയെ ശിഷ്യന്മാരും വാൾക്കാരും ഒക്കെ എന്തിനും തയ്യാറായി എപ്പഴും ഉണ്ടായിരുന്നു.


അത് രാജഭരണകാലമായിരുന്നു. ഒരിക്കൽ മൂപ്പന് തന്റെ അഭ്യാസമുറകളൊക്കെ രാജാവിന്റെ മുന്നിൽ പ്രദർശിപ്പിക്കാൻ ഒരു അവസരം കിട്ടി. ആ അഭ്യാസ പ്രകടനങ്ങളൊക്കെക്കണ്ട് സന്തുഷ്ട്നായ രാജാവ് “മൂപ്പാ നീ കളരിപ്പയറ്റിൽ ഒരു ആശാൻ തന്നെ“, “ഇന്നുമുതൽ നീയും നിന്റെ തലമുറക്കാരും ‘ആശാന്മാർ‘ എന്നറിയപ്പെടട്ടെ“ എന്നാശിർവദിച്ച് കൈനിറയെ സമ്മാനങ്ങളും കൊടുത്ത് സന്തോഷത്തോടെ മടക്കി. അങ്ങനെ ആ മൂപ്പനാശാനും പിന്തലമുറക്കാരുമൊക്കെ ആ‍ശാന്മാരായി അറിയപ്പെടാൻ തുടങ്ങി. കുടുംബത്തിലെ സ്ത്രീകളൊക്കെ ആശാട്ടിമാരുമായി.


“അപ്പോ ഈ ഉണ്ണിക്കുട്ടനും ആശാനാണോ അമ്മുമ്മേ...!!? മായയ്ക്ക് സംശയം.


“അല്ല മോളെ, ആശാട്ടിമാരുടെ മക്കൾ മാത്രെ ആശാന്മാരാവൂ അതാ നടപ്പ്.” “മരുമക്കത്തായ കുട്ടി.”


“അമ്മുമ്മെ ബാക്കികൂടി പറ...” ഉണ്ണിക്കുട്ടൻ ആവേശത്തിലാണ്.


“മുപ്പനാശാൻ ദേശത്തെ പ്രമാണിയായി അങ്ങനെ കഴിയവേ ഒരു ദിവസം ആശാൻ നമ്മുടെ കൊല്ലം കമ്പോളത്തിലൂടെ നടക്കുമ്പോൾ വടക്കൂന്ന് കച്ചോടത്തിനു വന്ന ഒരു മാപ്പിള മറ്റ് കച്ചോടക്കാരെയൊക്കെ ഉപദ്രവിക്കുന്നൂന്നൊരു വാർത്തകേട്ടു. കലികൊണ്ട ആശാൻ അങ്ങോട്ട് ചെന്നപ്പോൾ കാണുന്ന കാഴ്ചയെന്താ..!? ആ വടക്കൻ ഒരു അരയത്തിപ്പെണ്ണിന്റെ ഉടുമുണ്ടിൽ കയറിപ്പിടിക്കുന്നു. പിടഞ്ഞോടിയ അരയത്തി ആശാന്റെ കാൽക്കൽ വീണ് രക്ഷിക്കണേ എന്നപേക്ഷിച്ചു.”


“അപ്പോ ആശാൻ എന്തു ചെയ്യ്‌തമ്മുമ്മേ...!!‘ ചിന്നൂന്ന് ഉത്കണ്ഠ് അടക്കാനായില്ല.


“എന്തു ചെയ്യ്‌തെന്നോ!“ മുത്തശ്ശിയുടെ കണ്ണുകളിൽ ആവേശത്തിന്റെ തിരയിളക്കം.


‘ആശാൻ വാളുമെടുത്ത് ഒറ്റച്ചാട്ടം മാപ്പിളയുടെ നേർക്ക്. ശിം...ശും..!! എന്ന് തലങ്ങും വിലങ്ങും രണ്ട് വെട്ട്, ദേ കിടക്കുന്ന മാപ്പിള മൂന്ന് കണ്ടമായി.“


“അയ്യോ ആളുകളെ കൊന്നാ ആശാനേ പോലിസ്സ് പിടിക്കില്ലേ അമ്മുമ്മേ..??“ സംശയം മുരളിയുടേതാണ്.


“അന്ന് എവിടാമോനേ പോലീസ്” അമ്മുമ്മ തിരുത്തി. രാജാവല്ലേ എല്ലാം. അന്ന് കൊലപാതകം ചെയ്യ്‌താ കടുത്ത ശിക്ഷയാ. ചിലപ്പോ തലവെട്ടിക്കളയും അല്ലെങ്കിൽ 7 ദിവസം കടലിൽ പോയി കിടക്കണം അതാ രാജശാസന...!! ആശാൻ നേരെ പടിഞ്ഞാട്ടോടി കടലിലേക്കെടുത്തൊരു ചാട്ടം ചാടീന്നാ പറയുന്നേ. പിന്നെ 7 ദിവസം കഴിഞ്ഞു തിരിച്ചൊരു വരവു വന്നൂ. അതീപ്പിന്നെ മൂപ്പൻ ആശാനേ എല്ലാവരും “വെട്ടങ്കണ്ടനാശാൻ” എന്ന് വിളിക്കാൻ തുടങ്ങീന്നാ കഥ.


“അമ്മുമ്മേ..എനിക്കും പഠിക്കണം കളരി!!“ മുരളിക്ക് ആവേശം.


“എനിക്കും പഠിക്കണം” ഉണ്ണിയും ഉണ്ട് പിറകേ.


“നീ അതിന് ആശാനല്ലല്ലോ...പിന്നെങ്ങനാ പഠിക്ക്യാ..” മുരളി വിട്ടുകൊടുത്തില്ല. അവൻ ഉണ്ണിയെ ചക്കകാട്ടി.


“ആ ഇനി അതും പറഞ്ഞ് തുടങ്ങിക്കോ രണ്ടും കൂടീ.” മുരളിയുടെ അമ്മ സരള അങ്ങോട്ട് വന്നു. “എല്ലാരും അപ്പുറത്തുപോയി കളിച്ചേ. ഇനി അമ്മുമ്മ ഇത്തിരി വിശ്രമിക്കട്ടെ. മ്മ്.. ചെല്ല് ചെല്ല്...!


ഉണ്ണി വേഗം ഓടി പുറത്തേക്ക്. ഉണക്കാനിട്ടിരുന്ന മടപ്പൊളി കൈയ്യിലെടുത്ത് ആവുന്ന ശബ്ദത്തിലവൻ ആർത്തു. “ഹ ഹ ഹ... വെട്ടങ്കണ്ടാശാനെ തൊടാൻ ആരുണ്ടടാ..!“


“ഞാനുണ്ടടാ...“ മുരളിയും കൂടെ ചാടി പുറത്തേക്ക്. പിന്നാലെ മായയും ചിന്നുവും.


ഉണ്ണിയുടെ ശബ്ദം പുറത്തുകേട്ടപ്പഴേ അവന്റെ അമ്മ കയർത്തു. “ടാ ഉണ്ണീ.....കണ്ണു തെറ്റിയാ വെയിലത്തിറങ്ങിക്കോണം വിയർപ്പുതാന്ന് പനിയായിട്ടിങ്ങ് വാ ശരിയാക്കും നിന്നെ ഞാൻ.”


“ഓ പോട്ടെ നാത്തുനേ... പിള്ളാരല്ലെ അവരിത്തിരി കളിച്ചോട്ടെ. തിരിച്ചാ ഫ്ലാറ്റ് ലൈഫിലോട്ട് ചെന്നാപ്പിന്നെ അവർക്കിതുവല്ലോം പറ്റുവോ” സരളയുടെ സപ്പോർട്ട് കുട്ട്യോൾക്ക്.


“നാത്തൂൻ വാ നമുക്കപ്പുറത്തോട്ടിരിക്കാം. വല്യക്ക അവിടെന്തെക്കെയോ ഒരുക്കുന്നുണ്ട് വയ്യിട്ടത്തേക്ക്.” അതും പറഞ്ഞ് അവർ വടക്കേ മുറിയിലേക്ക് പോയി.


പുറത്ത് കുട്ടികളുടെ കലപില മുറുകുമ്പോൾ മുത്തശ്ശി മഞ്ഞക്കട്ടിലിലെ കരിമ്പടത്തിനുള്ളിലേക്ക് പതിയെ ഒതുങ്ങി... “ന്റെ ദേവീ....!”


6 comments:

  1. രെജ്ഞിഷ്. കഥയിലെ പ്രമേയത്തിന് ഒരു ആവേശമില്ല. അത് അതിന്റെ ത്രെഡിന്റെ പ്രശ്നം തന്നെ. പിന്നെ കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കുമ്പോൾ കുട്ടികളുടെ ഭാഷ വരണം. അച്ഛമ്മയുടെ ഭാഷ അല്പം മുതിർന്നവരുടേതായി. എങ്കിലും ഈ മേഖലയിൽ തീർച്ചയായും കൈവയ്ക്കാം. നല്ല നല്ല പ്രമേയങ്ങൾ കണ്ടെത്തിയാൽ മതി.

    ReplyDelete
  2. ബ്ലോഗിന്റെ ഘടന ഒന്നു മാറ്റുന്നത് നല്ലതാ.

    ReplyDelete
  3. സുരേഷ്ജി നന്ദി...
    ഇത് "ഒരു ദേശത്തിന്റെ കഥ" എന്ന വിഷയത്തില്‍ ഒരു ചെറുകഥ എഴുതാന്‍ " വാക്കില്‍ " ഒരു അവസരം വന്നപ്പോള്‍ എഴുതിയതാണ്. ഭാഷയുടെ പ്രശ്നങ്ങള്‍ ചില സമയത്ത് ഉണ്ടാകാറുണ്ട് പക്ഷെ ഇവിടെ അത്ര മോശമായില്ലാ എന്നാണ് ഞാന്‍ കരുതിയത്‌... അടുത്ത തവണ കൂടുതല്‍ ശ്രമിക്കാം

    ReplyDelete
  4. നന്നായി. ഇനിയും എഴുതു.

    ReplyDelete
  5. കൊള്ളാം രഞ്ചൂ..
    വാക്കില്‍ വായിച്ചതാണ്‌ ..

    ReplyDelete
  6. കഥ കുഴപ്പമില്ല ... സുരേഷേട്ടന്‍ പറഞ്ഞത് ഒന്ന് ശ്രദ്ധിക്കു

    ReplyDelete