Jul 23, 2010

“ഔട്ട്‌ .. ഹൌസ്"


സീൻ 1
രാത്രി സമയം. ഇരുട്ടത്ത് കണ്ണ് തെളിഞ്ഞു വരുന്നത് പോലെ കാഴ്ചകൾ വ്യക്തമായി വരുന്നു. ചിത്രത്തിന്റെ പശ്ചാത്തലസംഗീതമായി വയലിനും കീബോർഡും ചേർന്നൊരുക്കുന്ന മൃദു സംഗീംതം. ദൃശ്യ ഭാവങ്ങളെ സംവേദനം ചെയ്യിപ്പിക്കത്തക്കവിധത്തിൽ അതിന്റെ ഏറ്റക്കുറച്ചിലുകൾ ചിത്രത്തിലുടനീളം.

തടിയും ഷീറ്റും കൊണ്ടുണ്ടാക്കിയ ഒരു ചെറിയ വീടിന്റെ ഉൾവശമാണ് തെളിഞ്ഞു വരുന്നത്. ഒറ്റ ബൾബിന്റെ വോൾട്ടേജ് കുറഞ്ഞ വെട്ടം. അവിടെ തറയിൽ വിരിച്ച തഴപ്പായിൽ ഒരു കീറിയ കരിമ്പടത്തിനുള്ളിൽ കൂനിപ്പിടിച്ചിരിക്കുന്ന വൃദ്ധ. പുറത്ത് നല്ല കാറ്റും മഴയും കൊണ്ട് പ്രക്ഷുബ്ദ്ധമായ അന്തരീക്ഷം. ഏന്താണ്ട് ഇരുണ്ടതായ മുറിയിൽ മിന്നൽ പിണറുകളുണ്ടാക്കുന്ന വെളിച്ചത്തിൽ ആ വൃദ്ധയെ അവ്യക്തമായികാണാം.
ക്യാമറ വൈഡ് ആകുമ്പോൾ അവിടെ ഇരുന്നു കൊണ്ട് തന്നെ ആ മുറിയുടെ കുഞ്ഞു ജനാലയിലൂടെ അവർ ആയാസപ്പെട്ട് പുറത്തേക്ക് നോക്കുന്നത് കാണാം. മഴത്തുള്ളികൾ ആ വൃദ്ധയുടെ മുഖത്തേക്ക് തെറിച്ചു വീഴുന്നതും മുഖത്തേക്ക് അടിക്കുന്ന മിന്നലും അവരെ കുറച്ച് അസ്വസ്ഥയാക്കുന്നുണ്ട്. മുഖം തിരിച്ച് അതിൽ നിന്ന് രക്ഷപെടാനുള്ള വൃദ്ധയുടെ വിഫല ശ്രമം. എങ്കിലും അവർ ആകാംഷയോടെയുള്ള നോട്ടം പിൻ‌വലിക്കാൻ തയ്യാറല്ല. അരികിൽ വക്ക് പൊട്ടിയ ഒരു പളുപളുത്ത വിലകൂടിയ പാത്രത്തിൽ കുറച്ച് ചോറും എന്തോകറിയും, പിടി ഒടിഞ്ഞു പോയ ഒരു ജഗ്ഗിൽ വെള്ളം.

ഒരു ഇടിമിന്നൽ കൂടി പെട്ടന്ന് കടന്നു വന്ന് ആ മുറിയെ തെല്ലുനേരത്തേക്ക് പ്രകാശമാനമാക്കുന്നു. മെലിഞ്ഞുണങ്ങിയ എന്നാൽ മുന്തിയ ഇനത്തിൽപ്പെട്ട ഒരു നായ് ആ മുറിയുടെ ഒരു മൂലയിൽ നിന്ന് ഞെട്ടി എഴുന്നേറ്റ് അവർക്കരികിലേക്ക് വരുന്നു (ആ മുറിയെ കുടുതൽ ഡീറ്റെയിൽ ആക്കുന്ന ഒരു മീഡിയം വൈഡ് ഷോട്ട്.). ആ വൃദ്ധ അതിനെക്കൂടി തന്റെ പുതപ്പിനുള്ളിലേക്ക് ചേർത്തു വയ്ക്കുന്നു. ഇടയ്ക്കിടയ്ക്കുണ്ടാകുന്ന മിന്നലിന്റെ പ്രകാശത്തിൽ ആ മുറി ഒരു സ്റ്റോർ റൂം പോലെ തോന്നിക്കുന്നു. എന്തൊക്കെയൊ പഴയ സാധനങ്ങൾ അവിടവിടെ വാരിവലിച്ചിട്ടിരിക്കുന്നു. ഒപ്പം ഒരു കട്ടിലും. വൃദ്ധ വീണ്ടും ജനാലയിലൂടെയുള്ള നോട്ടം തുടരുകയാണ്.
ക്യാമറ ആ ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ അത്ര ദൂരത്തല്ലാതെ ഒരു ഇരുനില വീടിന്റെ മുകളിലെ നിലയിലെ വെളിച്ചം കാണാം. പെട്ടന്ന് ആ ലൈറ്റുകൾ ഒന്നൊന്നായി അണയുന്നു. അത് വൃദ്ധയുടെ മുഖത്ത് നിരാശ പടർത്തുന്നു. അവർ നിരാശയോടെ തലകുമ്പിടുന്നു. പതിയെ നിവർന്ന് അവർ അവിടെ ചുവരിൽ തൂക്കിയ ഒരു ഫോട്ടോയിലേക്ക് ദയനീയമായി ഒന്ന് നോക്കുന്നു (അധികം പഴയതല്ലാത്ത തന്റെ മകനോടൊപ്പമുള്ള അവരുടെ ഫോട്ടോ ) വൃദ്ധയുടെ മുഖഭാവത്തിൽ ദുഃഖവും നിരാശയും കലർന്ന് കിടക്കുന്നു. എന്തോ ആലോചിച്ച് ഒരു ദീർഘനിശ്വാ‍സത്തോടെ അവർ നായയെ തലോടുമ്പോൾ നായ തലയുയർത്തി അവരെ നോക്കുന്നു.

സീൻ 2
ഒരു വലിയ വീടിന്റെ ബെഡ് റൂം. ബഡ് ലാമ്പിന്റെ വെളിച്ചത്തിൽ ദൃശ്യങ്ങൾ വ്യക്തം. മിന്നൽ പിണറുകൾ കാഴ്ചയ്ക്ക് സുതാര്യത നൽകുന്നു. ഒരു 35നു മുകളിൽ പ്രായം വരുന്ന ഒരാൾ (നേരുത്തെ വൃദ്ധയുമൊത്തുള്ള ഫോട്ടോയിൽ കണ്ട അതേ വ്യക്തി, കാലത്തിന്റേതായ ചെറിയ മാറ്റങ്ങൾ ദൃശ്യം) അയാളുടെ ഭാര്യയും നടുക്കായി 4-5 വയസ്സ് പ്രായം വരുന്ന അവരുടെ മകനും അവിടെ കട്ടിലിൽ സുഖമായുറങ്ങുന്നു. അല്പ സമയം കഴിയുമ്പോൾ അയാൾ പതിയെ എഴുന്നേൽക്കുന്നു. മകൻ ഉറക്കമായി എന്നുറപ്പ് വരുത്തി അയാൾ അവർക്കിരുവർക്കും മുകളിലൂടെ കടന്ന് ഭാര്യയുടെ പിന്നിൽ ചേർന്ന് കിടക്കുന്നു. അവളെ പുണർന്നുകൊണ്ട് പിൻകഴുത്തിൽ ചുമ്പിക്കുമ്പോൾ ഉറക്കം നടിച്ചു കിടന്ന അവർ പതിയെ കണ്ണൂ തുറന്ന് അയാളുടെ മുഖത്തേക്ക് ഒരു ചെറുചിരിയോടെ നോക്കുന്നു. തെല്ലൊന്നു തിരിഞ്ഞ് അയാളുടെ കവിളിൽ തലോടി ആ രംഗം കൂടുതൽ റൊമാന്റിക്ക് ആക്കാൻ തുടങ്ങുമ്പോൾ പെട്ടന്ന് മകൻ ചാടിയെഴുന്നേറ്റിരുന്ന് കരയുന്നു.!
അയാൾ ദേഷ്യത്തോടെ മകനെയൊന്നു നോക്കി അസ്വസ്ഥനായി കട്ടിലിൽ നിന്നെഴുന്നേറ്റ് പോകുന്നു. ഭാര്യയുടെ മുഖത്ത് ഒരു കള്ളച്ചിരി. അവർ മകനെ സമാധാനിപ്പിച്ച് ഉറക്കാൻ ശ്രമിക്കുന്നതിനിടയിൽ ഭർത്താവ് ഒരു സിഗററ്റ് കത്തിക്കാൻ ശ്രമിച്ചുകൊണ്ട് വാതിക്കലേക്ക് നടക്കുന്നു.
സിറ്റൌട്ടിലേക്ക് കടക്കാനുള്ള വാതിൽ തുറക്കുമ്പോൾ അയാൾ ഭാര്യയേയും മകനേയും തെല്ല് നീരസത്തോടെ ഒന്നുകൂടി നോക്കുന്നു. ഭാര്യയുടെ മുഖത്ത് അർത്ഥം വച്ചുള്ള ഒരു ചിരി. അയാൾ മുഖം തിരിച്ചു കളയുന്നു.
സീൻ 2A
പുറത്ത് കടന്ന് സിറ്റൌട്ടിൽ നിൽക്കുമ്പോൾ മഴ നിർബാധം തുടരുകയാണ്. വീശിയടിക്കുന്ന കാറ്റിൽ മഴത്തുള്ളികൾ അയാളുടെ മുഖത്തേക്ക് പതിക്കുന്നത് അയാൾ കാര്യമാക്കുന്നതേയില്ല. സിഗററ്റിന്റെ പുക മൃദുവായി ഊതി വിട്ട് എന്തോ ആലോചിച്ച് കൊണ്ടുള്ള അയാളുടെ ചലിച്ചുകൊണ്ടേയിരിക്കുന്ന കണ്ണുകൾ. നോട്ടം പെട്ടന്ന് എന്തിലോ ഉടക്കി നിൽക്കുന്നു. ദൂരെകാണുന്ന ആ ചെറിയ ഷീറ്റ് മേഞ്ഞ വീടിന്റെ ജനലിലൂടെ വരുന്ന ഇത്തിരി പോന്ന വെളിച്ചത്തിലാണതെന്ന് അടുത്ത ഷോട്ട് വ്യക്തമാക്കുന്നു. മിന്നലിന്റെ പ്രകാശത്തിൽ ആ ഔട്ട് ഹൌസ്സ് അവ്യക്തമായി കാണാം.
അയാളുടെ കണ്ണുകളുടെ ക്ലോസ്സപ്പ്. അതിൽ നിന്ന് ദൃശ്യം സൂം ബാക്ക് ആകുന്നു. എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ അയാൾ സിഗററ്റ് നിലത്തിട്ട് ചവിട്ടി അരയ്ക്കുന്നു.
ചവിട്ടി അരയ്ക്കലിൽ വികൃതമായ എന്നാൽ പകുതിപോലും കത്തി തീരാത്ത ആ സിഗററ്റിൽ നിന്ന് വളരെ നേർത്ത പുക പൊന്തിവന്ന് അതും ഇല്ലാതാ‍കുന്നതിന്റെ ക്ലോസ്സ് ഷോർട്ട്. പശ്ചാത്തലത്തിൽ മുറിക്കുള്ളിലേക്ക് തിരികെ നടക്കുന്ന അയാളുടെ കാലുകൾ.
വാതിൽ വലിച്ചടയ്ക്കുന്നു.

സീൻ 3
മറ്റൊരു രാത്രി, അന്തരീക്ഷം ശാന്തം. നിശ്ചലമായി ഉറങ്ങുന്ന ആ കുട്ടിയുടെ മുഖം ദൃശ്യത്തിൽ, ക്യാമറ പതിയെ വൈഡാകുമ്പോൾ ആദ്യ സീനിലെ ചെറിയ വീടിനുള്ളിൽ നിലത്ത് തഴപ്പായിൽ ആ വൃദ്ധയോടൊട്ടി കിടന്നുറങ്ങുന്ന കുട്ടിയും സമീപത്ത് ഇരുവർക്കും അഭിമുഖമായി പാതിമയക്കത്തിൽ ആ നായും. പശ്ചാത്തലത്തിൽ ഇരുട്ടിലേക്ക് പാതി തുറന്നിരിക്കുന്ന, ആ വീടിന്റെ വാതിൽ.

സീൻ 4
ബെഡ്‌റൂമിലെ ടേബിൾ ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ ഭർത്താവിന്റെ പിൻഭാഗം കാണാം. ഒരു ഗാഡാലിംഗനത്തിൽ നിന്ന് വേർപെട്ട് അയാൾ കട്ടിലിൽ മലർന്നു കിടക്കുന്നു. അഴിഞ്ഞുലഞ്ഞ മുടിയും വിയർപ്പു പൊടിയുന്ന മുഖവുമായി ഭാര്യ അയാളിലേക്ക് ഒന്നുകൂടീ ചേർന്ന് കിടക്കുന്നു. ബെഡ്‌ലാമ്പിന്റെ വെളിച്ചത്തിൽ അയാളുടെ മുഖത്ത് നിറഞ്ഞ സംതൃപ്തി. ക്യാമറ പതിയെ മേശപ്പുറത്ത് അലക്ഷ്യമായി കിടക്കുന്ന മുൻ‌ചക്രങ്ങളിലൊന്ന് നഷ്ടപ്പെട്ട ഒരു ടോയ്യ് കാറിലേക്ക് പതിയെ ഫോക്കസ്ഡ് ആകുന്നു.

ദൃശ്യം പതിയെ ഔട്ട് ഓഫ് ഫോക്കസ്സ് ആകുമ്പോൾ സ്ക്രീനിന്റെ ഇടത്ത് മുകളിലായി തെളിയുന്നു....
‘The ENDless’

1 comment:

  1. ഒന്നാം ഭാഗം കൂടുതല്‍ നന്നായി.
    ബാക്കിയുള്ളവ പലപ്പോഴും കണ്ടിട്ടുണ്ടല്ലോ
    :-)

    ReplyDelete