Feb 27, 2010

ഒരു അഹങ്കാരിയുടെ കഥ



“സുകു നിനക്കറിയാമോ എന്റെ അടുത്ത കഥ നിന്നെക്കുറിച്ചാണ്.“
അവന്റെ മടിയിൽ തലവെച്ചുകിടന്നുകൊണ്ട് നീലിമഅതുപറയുമ്പോൾ സുകുവിന്റെ കണ്ണുകളിൽ അത്ഭുതമായിരുന്നു. അവളുടെ മുടിയിഴകളിൽ നിന്ന് പെട്ടന്ന് കൈവലിച്ച്തെല്ലൊരാകാംക്ഷയോടെ അവൻ ചോദിച്ചു:

“എന്നെക്കുറിച്ചോ?

“അതെ സുകൂ, നിന്നെക്കുറിച്ചു തന്നെ. ജീവിതസന്ധികളിലെവിരഹത്തിന്റെ കയ്പും ഏകാന്തതയുടെ നഷ്ടങ്ങളും മരണത്തിന്റെശൂന്യതയും ഒക്കെ ഒരുപാടെഴുതി മടുത്തിരിക്കുന്നു.! ഇനിപുതിയതെന്തെങ്കിലും വേണം. ഇതിലൂടെ നീലിമയെന്നഎഴുത്തുകാരിയുടെ ഒരു പുതിയ മുഖം പുറംലോകം കാണട്ടെ. സമൂഹം എന്റെ മേൽ ഒട്ടിച്ചുവെച്ച സദാചാരത്തിന്റെ മുഖംമൂടിഅഴിഞ്ഞുവീഴട്ടെ.“

“കുറെ വിവാദങ്ങൾ ഉണ്ടാക്കാം എന്നല്ലാതെ നിങ്ങൾക്കിതുകൊണ്ട് പ്രത്യേകിച്ചെന്തുനേട്ടമുണ്ടാകാനാണ്?” “അല്ലെങ്കിൽത്തന്നെ ഒരു കഥയുമില്ലാത്ത എന്നെക്കുറിച്ച് എന്തെഴുതാൻ.“
“ഇല്ല സുകു.. കഥയില്ലായ്മകളുടെ ഈ ലോകത്ത് നിന്റെ കഥയ്ക്ക് പ്രസക്തിയേറെയാണ്.“
“ഹും ഒരു പൈങ്കിളിക്കഥക്കപ്പുറമൊന്നും അതിനു പ്രസക്തിയുണ്ടാവുമെന്ന് എനിക്കു തോന്നുന്നില്ല.”
“തീർച്ചയായും ഉണ്ട് സുകു. സ്നേഹിക്കാൻ കൊള്ളരുതാത്തവളെന്ന് മുദ്രകുത്തി, എന്നെയീ നഗരത്തിന്റെതിരക്കുകളിൽ തനിച്ചാക്കി, പറിച്ചെടുത്ത താലിയുമായി അയാൾ നടന്ന കന്നപ്പോൾ, ശൂന്യമായ എന്റെലോകത്തേക്ക് ആശ്വാസത്തിന്റെ പുതിയ കഥകൾ കൊണ്ടുവന്നത് നീയാണ്.“ “ഇന്ന് നമുക്കിടയിൽപിരിയാനാവാത്ത വിധം ഒരടുപ്പം രൂപപ്പെട്ടതായി എനിക്ക് തോന്നുന്നു.”

വാചാലയായ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്ന അവന്റെ കവിളിൽ തലോടികൊണ്ട്അവൾ പറഞ്ഞുകൊണ്ടേയിരുന്നു. പിന്നെയും പല ചോദ്യങ്ങളും ഉത്തരങ്ങളും.

“എന്തായിരുന്നു സുകൂ, ശരിക്കും നമുക്കിടയിലുണ്ടായിരുന്നത്..? പ്രണയമാണോ….അതോമറ്റെന്തെങ്കിലുമോ.?“
“അതെ. ഒരു തരത്തിൽ പ്രണയം തന്നെ അല്ലേ.? മനസ്സിന്റെ ഉള്ളിലേക്കിറങ്ങിച്ചെന്ന് ബാധ്യതകൾസ്യഷ്ടിക്കാത്ത പ്രണയം!!“
“നമ്മൾ ആദ്യമായി കണ്ടതെന്നാണെന്ന് നിനക്കോർമ്മയുണ്ടോ.? അല്ലെങ്കിലും അതിനെന്തു പ്രസക്തിഅല്ലെ.?” “നീ ചോദിക്കാറുള്ളതു പോലെ, അടുത്ത ഫോൺകോൾ എപ്പോഴാവണം…അതുമാത്രമേഞാനും ചിന്തിക്കാറുള്ളു.“
തന്റെ മാറിലെ രോമക്കൂട്ടങ്ങൾക്കിടയിൽ അവളുടെ കൈകൾ എന്തിനോവേണ്ടി പരതുമ്പോഴും ഒരുവിസ്മയം മാത്രം ബാക്കി വച്ച മുഖവുമായി അവൻ അവളെ കേൾക്കുക
മാത്രം ചെയ്തു..

“നിന്നോടൊത്തിരിക്കുമ്പോൾ കിട്ടുന്ന ലഹരി. വേറൊരു പെണ്ണിനും കിട്ടിപ്പോകരുത് എന്ന് ഞാൻ ശഠിച്ചുപോകുന്ന ലഹരി. എന്തൊക്കെയോ വെട്ടിപ്പിടിച്ചെന്ന് സ്വയം അഹങ്കരിക്കാൻ എന്നെ പ്രേരിപ്പിക്കുന്നലഹരി. ഞാനാഗ്രഹിച്ചതും നീ എനിക്ക് ആവോളം തന്നതും അതു മാത്രമായിരുന്നല്ലോ. പകരമായി എന്തുവേണം എന്ന് ചോദിച്ച പ്പോഴൊക്കെ എന്റെ വാനിറ്റിബാഗിൽ നിന്ന് നോട്ടമെടുക്കാതിരുന്ന നിന്നോട്എനി ക്കൊട്ടും വെറുപ്പ് തോന്നിയിരുന്നില്ല.“
കണ്ണീരുപോലെ വെളുത്തും ചുവന്നും നീലിച്ചും നേർത്ത ചില പാടകൾ മാത്രമേ നമുക്കിടയിൽഎന്നുമൊരു തടസ്സമായുണ്ടായിരുന്നുള്ളൂ. ഒരുപക്ഷേ, അവ അകറ്റി നിർത്തി യത് രണ്ടുമനസ്സുകളെയായിരുന്നോ.? ഞാൻ പറഞ്ഞ വഴികളിലൂടെ എന്റെ നീലിമകൾ തേടിയുള്ള നിന്റെയാത്രകൾ…വികാരങ്ങളുടെ ആ വേലിയേറ്റങ്ങൾക്കൊടുവിൽ ഓരോ സുഖാലസ്യത്തിലേക്കും എന്നെ നീഎടുത്തുയർത്തുമ്പോൾ വിശ്വം ജയിച്ച പുരുഷനെ, സ്വയം വരഞ്ഞിട്ട വരയിലൂടെ നടത്തിയഭാവമായിരുന്നോ എനിക്ക്.?“

“എന്റെ കഥാകാരീ, ഇന്ന് നീ നല്ല മൂഡിലാണല്ലോ.?” അവളുടെ വെളുത്തു ചുവന്ന കവിളിനെ ഒരുകുഞ്ഞുനുള്ളുകൊണ്ട് ഒന്നുകൂടി തുടുപ്പിക്കുന്നതിനിടയിൽ ഒരു തമാശ പോലെ അവൻ ചോദിച്ചു.
“എന്താ സുകൂ, നിനക്ക് ബോറടിക്കുന്നുണ്ടോ?”
“ഏയ്, തീരെയില്ല. ഞാനൊരു നല്ല കേൾവിക്കാരൻ കൂടിയാണ്.”
“ഒരുപാടുതവണ ചോദിക്കാനോർത്ത് ഒഴിവാക്കിയ ഒരു ചോദ്യം ഞാനിപ്പോൾ ചോദിക്കട്ടെ സുകൂ.?“
“ഉം .?”
“നീ എപ്പോഴെങ്കിലും എന്നെ സ്നേഹിച്ചിട്ടുണ്ടോ?”
“നിങ്ങളോട് മാത്രമല്ല എനിക്കെല്ലാവരോടും സ്നേഹമാണ്.! പക്ഷേ, ഒന്നു ഞാൻ പറയാംപകൽവെളിച്ചത്തിൽ എന്റെ നേരെ തിരിയ്ക്കാനറയ്ക്കാത്ത ഈ മുഖത്തോട് മാത്രം എനിക്കൊരു പ്രത്യേകമമത തോന്നിയിട്ടുണ്ട്. അത്രമാത്രം. അതിനപ്പുറമൊന്ന്...... ഇല്ല അതു ഞാൻ ആഗ്രഹിക്കാൻ പാടില്ലഎന്ന് തോന്നുന്നു.”
ഇതിൽ നിന്നൊക്കെ ഒരു മാറ്റം നീ ആഗ്രഹിക്കുന്നില്ലേ സുകൂ?
“ഇതു ഞാൻ തിരഞ്ഞെടുത്ത എന്റെ ജീവിതമാർഗ്ഗമാണ്. ഒരു തിരിച്ചു പോക്ക് കാര്യങ്ങൾ ദുഷ്കരമാക്കുംഅതുമല്ല, നിങ്ങളടക്കം പലരും അത് ആഗ്രഹിക്കുന്നുമുണ്ടാവില്ല.”
“നീ ഈ ചെയ്യുന്നതൊക്കെ ശരിയാണെന്നാണോ പറഞ്ഞു വരുന്നത്?”
“ഞാൻ ശരിതെറ്റുകളെ തേടിപ്പോകാറില്ല. എന്നെ തേടിവരുന്നതിനെ നിരാശപ്പെടു ത്താറുമില്ല. നിങ്ങളുടെ സുഖം, ആനന്ദം അതാണെന്റെ നിലനിൽ‌പ്പ്…അത്രമാത്രം.”
“അപ്പോൾ എന്റെ മുന്നിൽ നീ അഭിനയിക്കുകയായിരുന്നു എന്നാണോ?”
“ഉം...നല്ല അഭിനേതാവിനേ, ഈ മേഖലയിൽ മാർക്കറ്റുള്ളൂ.” ചുണ്ടിലൊരു ചെറുചിരി ബാക്കി വച്ച്അവനതു പറയുമ്പോൾ അവൾക്കും വല്ലാത്ത ചിരി വന്നു. അവൾ സ്വയം പിറുപിറുത്തു : “മണ്ടി..! മരമണ്ടി..!! അപ്പോൾ ഇത്രയും കാലം...ഓരോ തവണ ‘ഇനി വേണ്ടാ‘ എന്നു മനസ്സുപറയുമ്പോഴുംഒരിക്കൽ കൂടി‘ എന്നു തോന്നിപ്പിക്കുന്ന അവന്റെ സാമീപ്യം…അതു നൽകുന്നസംത്യപ്തി…അപ്പോഴൊക്കെ ശരിക്കും അവൻ ജയിച്ചു കൊണ്ടേയിരിക്കുകയായിരുന്നു.”
“വീണ്ടും ഒരു പുരുഷനു മുന്നിൽക്കൂടി ഞാൻ......”
“എങ്കിലും നിന്നെ ഞാൻ സ്നേഹിച്ചു പോകുന്നു സുകൂ.”

പുറത്ത് വെളിച്ചം വീണുതുടങ്ങിയിരിക്കുന്നു. ബെഡ്‌റൂമിലെ മേശമേൽ മിഴി തുറന്നിരി ക്കുന്നടേബിൾലാമ്പ് കമ്പ്യൂട്ടർ മോണിറ്ററിലെ സ്ക്രീൻ-സേവർ മീനുകൾ നിർബാധം നീന്തിത്തുടിക്കുകയാണ്. ആഴ്ന്നിറങ്ങാൻ കൊതിക്കുന്ന പ്രകാശരശ്മികളെ, തടുത്തു നിർത്താൻ കെല്പില്ലാത്ത ഒരു നൈറ്റ്ഗൌണിൽ പൊതിഞ്ഞ നീലിമയുടെ രൂപം. മേശമേൽ കൈവച്ചുള്ള അവളുടെ ഉറക്കം. ഡ്രസ്സ്ചെയിഞ്ച് ചെയ്‌ത് പുറപ്പെടാനൊരുങ്ങുമ്പോൾ സുകു ഒരു നിസ്സംഗ മന്ദഹാസത്തോടെ അതൊക്കെനോക്കിക്കാണുകയായിരുന്നു. റെഡിയായി കഴിഞ്ഞപ്പോഴേക്കും അവൻ അവളെ പതിയെ ഒന്നു കുലുക്കിവിളിച്ചു.

“നീലീ, ഞാൻ പോകുന്നു. വീണ്ടും കാണാം.” തിരിഞ്ഞു നടക്കാനായുമ്പോൾ അവന്റെ കൈകളിൽ അവൾബലമായൊന്നു പിടിച്ചു. “നിനക്ക് ഇന്നുകൂടി എന്നോടൊപ്പം നിൽക്കരുതോ?”
അവനതത്ര കാര്യമാക്കിയില്ല എന്നു തോന്നുന്നു. മേശപ്പുറത്തെ അവളുടെ വാനിറ്റി ബാഗിൽ നിന്ന്അവനു പ്രിയപ്പെട്ട നൂറിന്റെ നോട്ടുകൾ എണ്ണം തെറ്റാതെ കൈപ്പറ്റി മുറിക്കു പുറത്തേക്കിറങ്ങുമ്പോൾഅവനൊന്നെ പറഞ്ഞുള്ളു :

“നീലിമമാർ പലതുള്ള ഈ നഗരത്തിൽ ഇന്നെനിക്കല്പം തിരക്കുണ്ട്. പക്ഷെ ഞാൻ വരും..എന്റെ കഥനീ പൂർത്തിയാക്കുന്നതിനു മുമ്പ്, ചിലപ്പോൾ അനിവാര്യമായ ചില നിർദ്ദേശങ്ങളുമായി.“
മുറിക്കു പുറത്ത് തന്റെ ഫ്ലാറ്റിന്റെ ഡോർ അടയുന്ന മ്യദുശബ്ദം കേൾക്കവേ, അവൾ കീ ബോർഡിൽവിരലമർത്തി പകുതി പോലുമെത്താത്ത, ഇനിയുമൊരുപാടു തിരുത്തുകൾ അവകാശപ്പെട്ടേക്കാവുന്നതന്റെ പുതിയ കഥയ്ക്ക് പേരിട്ടു.
“ഒരു അഹങ്കാരിയുടെ കഥ”. ‘

2 comments:

  1. മനസ്സിന്റെ ഉള്ളിലേക്കിറങ്ങിച്ചെന്ന് ബാധ്യതകൾ സ്യഷ്ടിക്കാത്ത പ്രണയം!!

    ഇന്നു പലതും ബാധ്യതകളാകുമ്പോള്‍ .....
    നല്ല കഥ ..

    ReplyDelete
  2. സുഹൃത്തേ,

    ഈ കഥ ഋതുവിൽ വായച്ചതാണ്. എന്തോ ആ സമയം കമന്റ് ചെയ്യാൻ പറ്റിയില്ല.. പിന്നെ അതിനു വേണ്ടി തിരികെ വന്നപ്പോളേക്കും അടുത്ത കഥ അവിടെ പോസ്റ്റ് ചെയ്തിരുന്നു.. എന്തായാലും ആൺ വേശ്യയുടെ കഥ കൊള്ളാം.. പറഞ്ഞ രീതിയും.. എഴുത്തിൽ പുതുമ കാണാൻ കഴിഞ്ഞു. നല്ലത്.. ഇനിയും പരീക്ഷണങ്ങൾ തുടരുക..

    ReplyDelete