Dec 28, 2009

ഏയ്യ് ഇല്ലാ അമ്മുക്കുട്ടി അതു പറയില്ലാ

“ഏയ്യ് ഇല്ലാ അമ്മുക്കുട്ടി അതു പറയില്ലാ............” അയാൾക്കുറപ്പായിരുന്നു.
“പിന്നെ ആരാവും......? “
“ഈശ്വരാ...... നീണ്ട പതിനഞ്ചുവർഷം എന്നെ അച്ഛാ എന്നു വിളിച്ച എന്റെ മകൾ ഇനി എന്നെ അംഗീകരിക്കുമോ.........!! എന്തു മുഖം വച്ച് ഇനി ഞാനെന്റെ മകളെ നോക്കും..... ഇത്രകാലം എന്റെ സ്വപ്നങ്ങളിൽ അമ്മുക്കുട്ടിയും മകളും മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. ശിഷ്ടകാലവും അവർക്കു വേണ്ടിയല്ലെ ഞാൻ.......“
ഒരിക്കൽ എല്ലാമുപേക്ഷിച്ച് അമ്മുക്കുട്ടിയുടെ കയ്യും‌പിടിച്ചിറങ്ങിയ ആ നാട്ടിലേക്ക് വീണ്ടും തിരിച്ചു പോകാൻ തോന്നിച്ച ആ നിമിഷത്തെ അയാൾ മനസ്സാ ശപിച്ചു. മനസ്സിൽ നൂറു നൂറൂ തെയ്യക്കോലങ്ങൾ അലറി വിളിച്ചു തുള്ളി. ചിന്തകൾ കാടുകയറിയ ആ സന്ധ്യയിൽ വരാന്തയിലെ തിരിവിളക്കിന്റെ വെളിച്ചത്തിലും അയാളുടെ കണ്ണിലെ ഇരുട്ട് കടുത്ത് കിടന്നു.

“ദേ അത്താഴം എടുത്ത് വച്ചു.... കഴിക്കുന്നില്ലേ.....?”
പതിഞ്ഞ ശബ്ദത്തിൽ അമ്മുക്കുട്ടിയുടെ ചോദ്യം........ രാഘവൻ ചിന്തകളുടെ ലോകത്ത് നിന്ന് തിരികെയിറങ്ങിയെങ്കിലും ദയനീയമായ ഒരു നോട്ടം മാത്രമായിരുന്നു അയാളുടെ മറുപടി.
“ഇങ്ങനെ വിഷമിച്ചിട്ടെന്താ........എനിക്കറിയില്ലെ എന്റെ രാഘവേട്ടനെ...... അവൾക്കും അവളുടെ ഈ അച്ഛനെ മനസ്സിലാവും............”
അവർ അടുത്തിരുന്ന് അയാളെ സമാധാനിപ്പിച്ചു. രാഘവന്റെ കണ്ണുകളിൽ ആശ്വാസത്തിന്റെ ഒരു നേരിയ മിന്നലാട്ടം.
“എന്നാലും........“ ഒരു ഗദ്ഗദത്തിന്റെ മുന്നോടിയായി അയാളെന്തോ പറഞ്ഞൊപ്പിക്കാൻ ശ്രമിച്ചു.
“ഒരു എന്നാലും ഇല്ല......... ഈ അമ്മുക്കുട്ടിക്ക് എല്ലാം നഷ്ടപെട്ടിടത്തു നിന്ന് ഒരു പാട് പ്രതീക്ഷകളും സ്വപ്നങ്ങളും തന്നിങ്ങോട്ട് കൂട്ടിവന്നത് രാഘവേട്ടനല്ലേ...... അത് മറന്നിട്ട് ഞാൻ.......“
തുളുമ്പിത്തുടങ്ങിയ അവളുടെ കണ്ണുകൾ തുടച്ച് കൊണ്ട് രാഘവൻ ഒന്നേ പറഞ്ഞിട്ടുണ്ടാവൂ “നിന്നെയെനിക്ക് വിശ്വാസമാ‍ണ്.......”
അത്താഴത്തിനിരിക്കുമ്പോള്‍ രാഘവന്റെ കണ്ണുകൾ, എന്നും സ്നേഹത്തിന്റെ ഒരു പിടി നീട്ടാറുള്ള തന്റെ മകളുടെ മുഖത്തേക്ക് പോകാതിരിക്കാൻ ആയാസപ്പെടുന്നുണ്ടായിരുന്നു. ഒരു വിധത്തില്‍, കഴിച്ചെഴുന്നേറ്റ് കിടക്കയിലേക്ക് ചായുമ്പോൾ അടുത്തമുറിയിൽ അമ്മയും മകളും എന്തോ പിറുപിറുക്കുന്നത് കേൾക്കാമായിരുന്നു.
“എഴുന്നേറ്റ് ഒന്നങ്ങോട്ട് ചെന്നാലോ.......”
താൻ ചെയ്തതൊക്കെയും മകൾക്കു മുന്നിൽ ഒന്നു ന്യായീകരിക്കണമെന്നയാൾക്ക് തോന്നി. പക്ഷെ ഒന്നെഴുന്നേൽക്കാൻ പോലും ആവാത്തവിധം വല്ലാത്തൊരു തളർച്ച...
അവരുടെ സംഭാഷണത്തിലെ അവ്യക്തത രാഘവന്റെ കണ്ണുകളിൽ വീണ്ടും ഇരുട്ടിനെ കുത്തിത്തിരുകി. ആ ഒരങ്കലാപ്പിൽ നിന്നു പിന്നെ പതിയെ തന്റെ കരിമ്പടത്തിനുള്ളിലേക്കയാൾ ഒളിച്ചു.
രാത്രിയിലെപ്പൊഴോ ഒരു വിങ്ങലോടെ തന്റെ നെഞ്ചിലേക്കു പതിയെ കയറി വന്ന കൈപ്പടം അമ്മുക്കുട്ടിയുടേതാണെന്ന സമാധാനത്തിൽ അയാൾ കിടന്നു.
“ഇല്ലാ ഇതെന്റെ.......!!”
പുതപ്പൊന്നു മാറ്റി നോക്കിയാലോ........
“വേണ്ടാ......!!” ഒരു ഉൾവിളി.........
പക്ഷെ ആ കൈകൾ തന്നെ ഗാഢം പുണരുമ്പോൾ അയാളറിയാതെ ഉയർന്ന് നോക്കിപ്പോയി.............
“അച്ഛാ.........!!” ആ ഇരുട്ടിലും കണ്ണീരിൽ കുതിർന്ന് തിളങ്ങുന്ന കണ്ണുകളുമായി തന്റെ മകളുടെ പതിഞ്ഞ ശബ്ദം.
ഒന്നു തലോടികൊണ്ട് അയാൾ അവളേ മാറോട് ചേർത്തൂ
“മോളേ........എന്നോട് ക്ഷമിക്കടീ.........”, “നിന്റമ്മയില്ലാതെ എനിക്കൊരു ജീവിതം ഇല്ലായിരുന്നൂ അതാ ഞാൻ.............” വർഷങ്ങൾക്ക് മുമ്പ് താൻ ചെയ്യ്‌ത തെറ്റിന് അന്നയാൾ അവളോട് മാപ്പിരന്നൂ
“വേണ്ട അച്ഛാ......അങ്ങനെയൊന്നും പറയണ്ടാ..........എനിക്കീയച്ഛനെ മാത്രം മതി.........“
അവൾ അയാളെ തടഞ്ഞൂ........
അത്രനേരം അവിടെമാകെ തിങ്ങി നിന്നൊരു വീർപ്പുമുട്ടൽ ഒരു മഞ്ഞുതുള്ളി കണക്കെ ഉരുകിയില്ലാതാവുന്നത് കണ്ട് അമ്മുകുട്ടിയും അവരോട് ചേർന്നിരുന്നൂ.......

3 comments:

  1. കാര്യമൊന്നും എനിക്ക് പിടികിട്ടിയില്ല....
    പുതുവല്സരാസംസകള്‍.

    ReplyDelete
  2. റെഞ്ജീഷ്‌,

    കഥയിൽ ഒത്തിരി ചോദ്യങ്ങൾ അവശേഷിപ്പിച്ചു. വായനക്കാരനു തന്റേതായ രിതിയിൽ കഥ മുഴുമുപ്പിക്കാം ശരിതന്നെ.. പക്ഷെ, താങ്ങൾ ഉദ്ദേശിച്ചതെന്താണെന്ന് പോലും മനസ്സിലാക്കാൻ കഴിയുന്നില്ല.. ഒരു പക്ഷെ, ആ കുട്ടി അയാളുടേതാവില്ലായിരിക്കാം.. അതുമല്ലെങ്കിൽ മറ്റൊരാളൂടെ ഭാര്യയെ ആകാം അയാൾ കൂടെ താമസിപ്പിക്കുന്നത്‌. എന്തായാലും എതൊരു വിമർശനമായി എടുക്കരുത്‌.. എനിക്ക്‌ തോന്നിയത്‌ പറഞ്ഞു എന്നേ ഉള്ളൂ.. അതു പോലെ , കുത്തുകളുടെ ആധിക്യം വളരെയുണ്ട്‌.. ഇനിയും എഴുതുക.. പുതുവത്സരാശംസകൾ.....

    ReplyDelete
  3. മനോരാജ് അഭിപ്രായ പ്രകടനത്തിന് നന്ദി.
    “കഥയിൽ ഒത്തിരി ചോദ്യങ്ങൾ അവശേഷിപ്പിച്ചു. വായനക്കാരനു തന്റേതായ രിതിയിൽ കഥ മുഴുമുപ്പിക്കാം ശരിതന്നെ...” സത്യത്തിൽ ഇതൊരു പരീക്ഷണം ആയിരുന്നൂ. പലരും പരീക്ഷിച്ച് വിജയിക്കുകയോ പരാജയപെടുകയോ ചെയ്യ്‌ത പരീക്ഷണം.
    പക്ഷെ ഇത്തിരി ക്ഷമയോടെ വായിച്ചാൽ ഈ കഥയിൽ ഞാൻ ഉദ്ദേശിച്ചത് പിടികിട്ടാവുന്നതേയുള്ളൂ അതിനുള്ള തെളിവുകൾ ഞാൻ അവിടവിടെ നിക്ഷേപിച്ചിട്ടുണ്ട്.
    പിന്നെ കുത്തുകളുടെ ആധിക്യം, അത് എങ്ങും എവിടെയും ഒരു ഫുൾസ്റ്റോപ്പിടാൻ ആഗ്രഹമില്ലാത്ത എന്റെ സ്വഭാവത്തിന്റെ ഒരു പ്രത്യേകതയായി കൂട്ടിയാമതി…..

    ReplyDelete