മെയ്യ് 5, 2011
ഇന്ന് മെയ്യ് 5, ബഹറിനിലെ എന്റെ പ്രവാസി ജീവിതം സംഭവ ബഹുലമായ അഞ്ചു വർഷങ്ങൾ പൂർത്തിയാക്കുന്നു. പുറമെ നിന്നു നോക്കുന്നവർക്ക് ചിലപ്പോൾ ഇതിലധികം പുതുമ തോന്നില്ല; വെറും അഞ്ചുവര്‍ഷം!! ഹ്മ്മ്.. പക്ഷെ എനിക്കങ്ങനെയല്ല…..!! മറ്റേതൊരു പ്രവാസിയേയും പോലെ പണം എന്ന ആകർഷണം തന്നെയായിരുന്നു എന്നെയും ഈ മണ്ണിലേക്ക് ആകർഷിച്ചത്. സമ്പാദ്യപ്പെട്ടി ശൂന്യമായി ഇന്നും തീണ്ടാപാടകലെ നിൽക്കുന്നൂവെങ്കിലും ഒരിക്കലും മറന്നുകൂടാത്ത പല നല്ല ഓർമ്മകളും കൊണ്ട് ധന്യമായ വർഷങ്ങളാണ് കടന്നു പോയത്. അതുകൊണ്ട് തന്നെയാണ് ജീവിതത്തെയൊട്ടാകെ ഉലച്ച പല ദുർനിമിഷങ്ങളും എനിക്ക് മറക്കാനായതും. സ്വപ്നങ്ങൾ, കാണാനും കണ്ട് നഷ്ടപ്പെടുത്താനും മാത്രമല്ല ചിലതെങ്കിലും യാഥാർത്ഥ്യമാകാൻ കൂടിയുള്ളതാണെന്ന് എനിക്ക് കാട്ടിത്തന്നതും ഈ മണ്ണാണ്. അഞ്ചുവർഷങ്ങൾക്കു മുൻപ് ഇവിടെ വിമാനമിറങ്ങുമ്പോൾ പരിചിതമായ മുഖങ്ങൾ ഒന്നോ രണ്ടോ മാത്രമായിരുന്നു. സ്കൂളിൽ പഠിച്ചുമറന്ന ഹിന്ദിയും അത്യാവശ്യത്തിനു പ്രയോഗിക്കേണ്ടി വന്നാൽപോലും നെഞ്ചിടിപ്പിക്കുന്ന ഇംഗ്ലീഷും കൈവിടാതെ പൊതിഞ്ഞുപിടിച്ച കുറച്ചാത്മവിശ്വാസവുമായിരുന്നു കൂട്ട്. അപരിചിത്വത്തിന്റെ പൊരുത്തക്കേടുകൾ വിട്ടുമാറിയപ്പോൾ ഈ നാട് ഒരു പോറ്റമ്മയുടെ വാത്സല്യത്തോടെ എന്നെ ഊട്ടുന്നത് ഞാൻ തൊട്ടറിഞ്ഞു. ഇന്ന് കാരണങ്ങൾ പലതുണ്ടെങ്കിലും ഈ മണ്ണ് വിട്ടുപോകാൻ മനസ്സുവരാത്തത് ഒരിക്കലും വന്നുകയറിയവനെന്ന രണ്ടാം നിരയിലേക്ക് എന്നെ മാറ്റി നിർത്താതിരുന്ന ഈ നാടിന്റെ പ്രത്യേകതകൊണ്ട് തന്നെയാണ്. എന്നിലുറങ്ങികിടന്ന കഴിവുകളെ എനിക്കു മുന്നേ കണ്ടെത്തി പ്രോത്സാഹിപ്പിച്ച എന്റെ പ്രീയസുഹൃത്തുക്കൾ, സഹപ്രവർത്തകർ പ്രത്യേകിച്ചും എന്റെ ബോസ്. ‘രഞ്ജു’ എന്ന് ഒരു സഹോദരനോടെന്നപോലെ മകനോടെന്നപോലെ സ്നേഹത്തോടെ വാത്സല്യത്തോടെ വിളിക്കുന്ന എത്രയോ പ്രിയപ്പെട്ട വ്യക്തികൾ. ഒരിക്കൽപ്പോലും നേരിൽ കണ്ടിട്ടില്ലാത്ത എന്നാൽ എന്റെ ആത്മാവിന്റെ ഭാഗമായി മാറിക്കഴിഞ്ഞ മറ്റുപലർ വേറെയും. ജീവിതം വെറുമൊരു അസംബദ്ധമായി തോന്നിയ നിമിഷങ്ങളിൽ പോലും എനിക്ക് നിരുപാദിക പിന്തുണ പ്രഖ്യാപിച്ചവർ. എല്ലാം നിങ്ങൾക്കിടയിലിരുന്നുകൊണ്ട് തന്നെ ഞാൻ ഇപ്പോൾ ഓർത്തെടുക്കുകയാണ്. സ്നേഹം ഇങ്ങനെ കടലായി ഒഴുകുന്നത് കണ്ടുനിൽക്കാൻ തന്നെ ഒരു സുഖം…..! പ്രവാസിക്ക് അലച്ചിലിന്റെ ഭാണ്ഡം അപരിചിതമല്ലല്ലോ. അതുകൊണ്ട് തന്നെ ഇനിയെത്രകാലം ഇവിടെയിങ്ങനെയൊക്കെ എന്നറിയില്ല എങ്കിലും ഇപ്പോൾ വല്ലാത്ത സന്തോഷം. മനസ്സിലതങ്ങനെ തിരതല്ലുമ്പോൾ ചിലത് വരികളായി പുറത്തേക്ക് തുളുമ്പി. വെറുതെ എഴുതി വച്ചു!!! സ്വന്തം, രഞ്ജു.
ജീവിത പാതകള്‍ താണ്ടുമ്പോള്‍ ചില മറക്കാനാകാത്ത ഏടുകള്‍ എലുകള്
ReplyDeleteതാണ്ടി മുന്നേറുമ്പോള്‍ പിന്നിട്ട വഴികള്‍ ഒന്ന് തിരിഞ്ഞു നോക്കുന്നത്
നല്ലതു തന്നെ ,ഏറെ ശ്രദ്ധേയമായിരിക്കുന്നു രഞ്ജു ഇത് വായിച്ചപ്പോള്‍ എന്റെ ഇരുപത്തി നാല് വഷത്തെ ഔദ്യോഗിക ജീവിത ത്തിനെ കുറിച്ച് എഴുതിയാലോ എന്ന് ആലോചിച്ചു പോകുന്നു ,എന്തായാലും നല്ല പോസ്റ്റ് ഇഷ്ടമായി ഇനിയും തുടരട്ടെ ഈ ജിവിത സപര്യ,ആശംസകള്‍ .
<< പ്രവാസിക്ക് അലച്ചിലിന്റെ ഭാണ്ഡം അപരിചിതമല്ലല്ലോ. അതുകൊണ്ട് തന്നെ ഇനിയെത്രകാലം ഇവിടെയിങ്ങനെയൊക്കെ എന്നറിയില്ല >>
ReplyDeleteഓരോ പ്രവാസിയും മനസ്സ് കൊണ്ടെങ്കിലും പറയുന്ന വാക്കുകള്‍.
പ്രവാസം..!അതവസാനിക്കുന്നില്ല.
സ്വയം തീര്‍ക്കുന്ന ഒരൂരാകുടുക്കാണ് പ്രവാസം !!
അഴിച്ചെറിയണമെന്നു ആത്മാര്‍ത്ഥമായി ആഗ്രഹിക്കുമ്പോഴും മുറുകിക്കൊണ്ടിരിക്കുന്ന ഊരാക്കുടുക്ക് !!?
"സ്വപ്നങ്ങൾ, കാണാനും കണ്ട് നഷ്ടപ്പെടുത്താനും മാത്രമല്ല ചിലതെങ്കിലും യാഥാർത്ഥ്യമാകാൻ കൂടിയുള്ളതാണെന്ന് എനിക്ക് കാട്ടിത്തന്നതും ഈ മണ്ണാണ്."
ReplyDeleteപലരുടെയും സ്വപ്നങ്ങള്‍ അവര്‍ പോലും ആഗ്രഹിച്ചത്തിനു മുകളില്‍ സാധ്യമാക്കാന്‍ കഴിഞ്ഞ മണ്ണാണ് അതെന്നു കേട്ടിട്ടുണ്ട്.. സമ്പാദ്യപ്പെട്ടി നിറഞ്ഞു കവിയട്ടെ..ഇനിയും ഉയരങ്ങള്‍ താണ്ടാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.. നല്ല എഴുത്ത്..
ഹമ്പടാ.......അങ്ങനെ ഒരു സംഭവം ഉണ്ടായോ.....എന്നാ അതിന്റെ ചെലവ്....
ReplyDeleteഎനിക്ക് ഇഷ്ട്ടപ്പെട്ടു....