Nov 29, 2010

അമ്മയറിയാതെ അച്ഛനൊരു കത്ത്

പാലക്കാട്ടെ ഒരു ഉൾനാടൻ ഗ്രാമം, പഴങ്കഥകൾക്കും നാട്ടാചാരങ്ങൾക്കുമപരി സത്യമുണ്ടാ‍യിരുന്ന ഗ്രാമം അവിടെ പനകൾ ചെത്തുകാരന് മുന്നിൽ തലകുനിച്ചു കൊടുക്കുമായിരുന്നത്രേ. അവന്റെ പെണ്ണ് പിഴച്ചതിൽ പിന്നെ പനകൾ തലകുനിക്കാതെയായി, അത് പഴങ്കഥ. ഗ്രാമത്തിന്റെ നിഷ്കളങ്കതകൾക്ക് മുകളിൽ നാഗരികതയുടെ കപടതകൾ ആധിപത്യം സ്ഥാപിച്ചപ്പോൾ ആ ഗ്രാമം അതിന്റെ സത്യത്തെ എവിടെയൊ വച്ചു മറന്നതാവണം. വിപ്ളവകാരികൾ പലരും നാടുവിട്ടു. ചിലർ നാഗരികതയുടെ ഭ്രമിപ്പിക്കലുകൾക്കടിമകളായി. മറ്റു ചിലർ വിഫലമാവുന്ന പ്രതികരണങ്ങളുമായി ഇപ്പഴും അവിടവിടെ. മനസ്സിലപ്പോഴും നന്മ ബാക്കിയുണ്ടായിരുന്നത് ആ ഗ്രാമത്തിലെ കുട്ടികളിൽ മാത്രം. ഒരിറ്റു സ്നേഹത്തിന്റെ സത്യത്തെ അവർ നാട്ടുവഴികളിൽ തേടി നടന്നു. അതിലൊരുവനായിരുന്നു ദാസപ്പനും.

നിസ്സാര പ്രശ്നങ്ങളുടെയും വാശിയുടേയുമൊക്കെ പേരിൽ വലിയവർ തമ്മിലകലുമ്പോൾ കുട്ടികളുടെ ദുഃഖം അവരുടെ മനസ്സ് ആതാരും കണ്ടെന്നു നടിക്കാറില്ലല്ലോ. അത്തരമൊരു മാനസികാവസ്ഥയിലായിരുന്നു ദാസപ്പനും. എങ്കിലും അമ്മയറിയാതെ അവനച്ഛനെ സ്നേഹിച്ചു. ഒരു പനയോളം സ്നേഹം നിറച്ച കത്തുകളിലൂടെ ഓർമ്മയടയാളങ്ങൾ വീണു തുടങ്ങും മുമ്പേ തനിക്കു നഷ്ടമായ അച്ഛനെ തിരികെകിട്ടാൻ ആ സാന്നിദ്യം യാഥാർത്ഥ്യമാക്കാൻ ദാസപ്പൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ആ കത്തുകളിലെ ദാസന്റെ മനസ്സിനേയും അത് പിന്നീട് അവന്റെ ജീവിതത്തിലുണ്ടാക്കിയ അപ്രതീക്ഷിത പരിണാമങ്ങളുടെയും കഥ പറയുകയാണ് T D ദാസൻ Std VI B എന്ന തന്റെ കന്നി ചിത്രത്തിലൂടെ സംവിധായകൻ മോഹൻ രാഘവൻ.

യഥാർത്ഥ മേൽവിലാസക്കാരന്റെ പക്കലെത്താതെ പോകുന്ന ആ കത്തുകളിലാദ്യത്തേത് പരസ്യചിത്ര സംവിധായകനായ നന്ദകുമാറിന്റെയും മകൾ അമ്മുവിന്റെയും കൈകളിലേക്കാണ് വന്നുചേരുന്നത്. നന്ദൻ ആ സംഭവത്തെ / കത്തിനെ നല്ലൊരു ത്രെഡായിക്കണ്ട് അതിന്റെ കച്ചവട സാധ്യതകളെ മുൻ‌നിർത്തി ഒരു സിനിമ നിർമ്മിക്കാനൊരുങ്ങുമ്പോൾ അമ്മു ചിന്തിക്കുന്നത് തികച്ചും വ്യത്യസ്ഥമായാണ്. അവന്റെ മാനസികാവസ്ഥ ചിലപ്പോഴെങ്കിലും തന്റേതാണെന്നുള്ള തിരിച്ചറിവ് വരികളിലൂടെ ദാസൻ അവന്റെ അച്ഛനിൽ നിന്ന് കൊതിച്ച സ്നേഹത്തിന്റെ വാത്സല്യത്തിന്റെ സാന്നിധ്യമാകാൻ അവളെ പ്രേരിപ്പിക്കുന്നു. അവളുടെ കത്തുകളും സമ്മാനങ്ങളും ദാസന്റെ ജീവിതത്തിന് പുതുവെളിച്ചമാകുന്നു. ആ പിഞ്ചുമനസ്സിൽ അവ സമ്മാനിക്കുന്ന പ്രതീക്ഷകൾ വാനോളമാകുമ്പോൾ സ്വാഭാവികമായും പ്രതിസന്ധികളും വളരുന്നു.

വർത്തമാനകാല ജീവിതങ്ങളിൽ വിശ്വാസങ്ങൾ വെറും ജാഡയാവുകയും മനുഷ്യത്വം പടിയടക്കപ്പെടുകയും ചെയ്യുമ്പോൾ പിഞ്ചുമനസ്സുകൾ അതിനെയൊക്കെ ആവുന്ന രീതിയിൽ വെല്ലുവിളിക്കുന്നത് ചിത്രത്തിൽ അവിടവിടെ കാണാം. കഥാഗതിയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ലെങ്കിലും മെട്രോ നഗരത്തിന്റെ കോലാഹലങ്ങൾക്കു നേരെ ഗോഷ്ടികാട്ടി ഒരു ഭ്രാന്തൻ ചിത്രത്തിൽ വന്നുപോകുന്നത് ചില ഓർമ്മപ്പെടുത്തലുകൾ സമ്മാനിച്ചുകൊണ്ടാണ്.

“അയാളെ നിങ്ങൾക്കറിയില്ല, ഇനിയും അയാളുടെ മുന്നിൽ തോൽക്കാൻ എനിക്കാവില്ല” എന്ന ഭാര്യയുടെ പ്രതികരണത്തിൽ മാത്രം സംവിധായകൻ എല്ലാമൊതുക്കി വയ്ക്കുമ്പോൾ ദാസപ്പന്റെ അച്ഛനും ഗ്രാമത്തിലെ പഴയ വിപ്ളവകാരിയുമായ രാഘവൻ വീടും നാടുമുപേക്ഷിച്ച് പലായനം ചെയ്യ്തത് എന്തുകൊണ്ട് എന്നത് ഒരു സമസ്യയാവുന്നു. ഒരു പക്ഷെ കാ‍ലഹരണപ്പെട്ട വിപ്ളവ സമവാക്യങ്ങളും ആ തിരോധാനത്തിനു പിന്നിലുണ്ടാവാം. മടയിലൊതുങ്ങിയ ഒരു പഴയ നരിയായി രാഘവന്റെ സുഹൃത്ത് രാമൻ‌കുട്ടി ഈ സാധ്യതകളെ സാധൂകരിക്കുന്നു. ഒരു വൈരുദ്ധ്യമെന്നോണം ചന്ദ്രിക ഭർത്താവിന്റെ സമരവീര്യത്തോടെ ഗ്രാമത്തിൽ പോരാട്ടത്തിന്റെ ചങ്ങലകൾ തീർക്കുന്നുമുണ്ട്.

സംവിധായകന്റെ ടച്ചസ്സ് കാര്യമായി കാണാൻ കഴിഞ്ഞില്ലെങ്കിലും നല്ലൊരു കഥ അതിനോട് നീതിപുലർത്തിയ തിരക്കഥയും സംഭാഷണ ശകലങ്ങളും എല്ലാം ചേർന്ന് ചിത്രം അതിന്റെ പൂർണ്ണതയിലേക്ക് വരുമ്പോൾ ഒരു നല്ല ടീം വർക്കിന്റെ സുഖം. ഗൃഹാതുരത്വമുണർത്തുന്ന പാലക്കാടൻ ഗ്രാമ പശ്ചാത്തലം ചില നഷ്ട സ്വപ്നങ്ങളുടെ കണക്കെടുക്കൽ കൂടിയായി. കച്ചവട സിനിമകയുടെ ഫ്ളേവറുകൾ കുത്തിക്കയറ്റാൻ മടികാണിച്ചതിനാലാവണം ബോക്സോഫീസിൽ ചലനമുണ്ടാക്കാൻ ചിത്രത്തിനു കഴിയാതെ പോയത്. എങ്കിലും നല്ല സിനിമയെ സ്നേഹിക്കുന്നവരുടെ മനസ്സിൽ കുറച്ചധികം കാലം ഈ ചിത്രവും ഇതിലെ കഥാപാത്രങ്ങളും ഉണ്ടാവും.

Nov 20, 2010

അന്തിക്കാട്ടെ കഥകള്‍ തുടരുന്നു...

ഏറെ പ്രതീക്ഷയോടെ എന്നാല്‍ ഏറെ വൈകി കണ്ട ഒരു ചിത്രം..."കഥ തുടരുന്നു", കണ്ടപ്പോള്‍ ഒന്ന് നിരൂപിചാലോ എന്ന് തോന്നിപോയി.


അമ്പതു ചിത്രങ്ങള്‍ അല്ല അമ്പതു ചലച്ചിത്രാനുഭവങ്ങള്‍ മലയാളത്തിനു സമ്മാനിച്ച സത്യന്‍ അന്തിക്കാട്...! ആ പേര് വെള്ളിത്തിരയില്‍ തെളിയുമ്പോഴൊക്കെയും ഓരോ സിനിമാപ്രേമിയുടെയും മനസ്സില്‍ പ്രതീക്ഷയുടെ ഒരു വേലിയേറ്റം തന്നെയാവും ഉണ്ടാവുക. അത് ഇക്കഴിഞ്ഞ രണ്ട് ദശാംബ്ദകാലം കൊണ്ട് ആ സിനിമാ പ്രതിഭ സ്വന്തമാക്കിയ ഒരു വലിയ അവാർഡ് തന്നെയാണ്. അദ്ദേഹത്തിന്റെ അന്‍പതാമതു ചിത്രമായ "കഥതുടരുന്നു" കാണാനിരുന്നപ്പോള്‍ എന്റെ മനസ്സിലും പ്രതീക്ഷകള്‍ ചിറകു മുളച്ചു തുടങ്ങിയിരുന്നു. അച്ഛുവിന്റെ അമ്മയ്ക്ക് ശേഷം സ്ത്രീകഥാപാത്രത്തിനു പ്രാധാന്യം നൽകിക്കൊണ്ട് ഒരു ചിത്രമൊരുങ്ങുമ്പോള്‍ പ്രത്യേകിച്ചും. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് കോടതി വിധിയുടെ പിന്തുണയോടെ മുസ്ലീമായ കാമുകനൊപ്പം ഇറങ്ങിത്തിരിക്കുന്ന വിദ്യാലക്ഷ്മിയുടെ ജീവിത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാവുന്ന സംഭവവികാസങ്ങളാണ് സത്യന്‍ അന്തിക്കാട് തന്നെ രചനയും സംവിധാനവും നിര്‍‌വ്വഹിച്ച ഈ ചിത്രം പറഞ്ഞു വയ്ക്കുന്നത്.

ഒരു ക്വൊട്ടേഷന്‍ സംഘത്തിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഭര്‍ത്താവായ ഷാനവാസ് കൊല്ലപ്പെടുന്നതോടെ വിദ്യാലക്ഷ്മിയുടെയും മകള്‍ ലയയുടെയും സ്നേഹ സമ്പന്നമായ ജീവിതത്തിലേക്ക് പ്രതിസന്ധികള്‍ ഒന്നൊന്നായി കടന്നു വരുന്നു. സ്വന്തം കിടപ്പാടം കൂടി നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങുന്ന അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഓട്ടോ ഡ്രൈവര്‍ പ്രേമന്റെ സാന്നിദ്ദ്യം കഥയ്ക്ക് പുതിയ വഴിത്തിരുവ് നല്‍കുന്നു. അനാഥനായ പ്രേമന്റെ ലോകമായ ചേരിയിലേക്ക് നായികയും മകളും എത്തുമ്പോള്‍ അവരെയും ഒപ്പം പ്രേക്ഷകനെയും കാത്തിരിക്കുന്നത് നിരവധി വ്യത്യസ്ഥ കഥാപാത്രങ്ങളാണ്. ലാസറും ഓമന കുഞ്ഞമ്മയും ജാഥകള്‍ക്കും സമരങ്ങള്‍ക്കും ആളെ സപ്ളേ ചെയ്യുന്ന മാമൂക്കോയയുടെ കഥാപാത്രവും റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുടെ പങ്കപ്പാടുകളും. എക്സ് കള്ളനായ മാമച്ചനും ഉപകഥയിലെ പ്രണയജോടികളായ മല്ലികയും സതീഷും എല്ലാം ഇതിനുദാഹരണങ്ങളാണ്. പ്രണയകോലാഹലങ്ങൾക്കിടയിൽ ഉപേക്ഷിക്കേണ്ടി വന്ന മെഡിസിൻ പഠനം പൂർത്തിയാക്കാൻ നായികയ്ക്ക് തങ്ങളുടെ തുച്ഛമായ സമ്പാദ്യത്തിലൊരു ഭാഗം മാറ്റിവയ്ക്കുന്ന ചേരി നിവാസികൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹിക മൂല്യങ്ങൾക്ക് ഒരു അപവാദമാകുന്നു. സത്യൻ സിനിമകളുടെ പതിവ് കെട്ടുവട്ടങ്ങളിൽ നിന്നാണെങ്കിലും സമർദ്ധമായി രൂപപ്പെട്ട കഥാപാത്രങ്ങൾ. ഇവർ ഉൾപ്പെടുന്ന രംഗങ്ങളിൽ ആക്ഷേപ ഹാസ്യത്തിന്റെ സാധ്യതകൾ ഭംഗിയായി ഉപയോഗപ്പെടുത്താനും സംവിധായകനു കഴിഞ്ഞു.

മാറ്റങ്ങൾ എല്ലാ മേഖലയേയും കീഴടക്കുമ്പോഴും മതത്തെ കൂട്ടുപിടിച്ച് അനാവശ്യമായ ന്യായങ്ങൾ നിരത്തി ഏതൊരു നിസ്സഹായന്റെയും ദൌർബല്യങ്ങളെ മുതലെടുക്കാൻ തക്കം പാർത്തിരിക്കുന്ന നമ്മുടെ സാക്ഷര സമൂഹത്തെ ഒട്ടനവധി കാര്യങ്ങൾ ഓർമ്മപ്പെടുത്താൻ കഴിയുമായിരുന്ന ഒരു കഥാ തന്തുവായിരുന്നു “കഥ തുടരുന്നു” എന്ന ചിത്രത്തിന്റേത്. പക്ഷെ “സന്ദേശം” പോലുള്ള ധീരമായ ചലച്ചിത്രങ്ങളൊരുക്കിയ ഒരു സംവിധായകന് ഇത്തവണ എന്തു സംഭവിച്ചു എന്ന് മനസ്സിലാകുന്നില്ല. ഒരു പക്ഷെ ശ്രീനിവാസൻ എന്ന കൌശലക്കാരന്റെ അഭാവമാകുമൊ!!? ഒരു “സെയിഫ് ലാന്റിംഗ്” അങ്ങനയെ ഈ ചിത്രത്തിന്റെ പര്യവസാനത്തെ വിശേഷിപ്പിക്കാനാവൂ. ഒരു ഹിന്ദു മുസ്ലിം ലഹളയൊ അതു വരുത്തിവയ്ക്കുന്ന ദുരന്തങ്ങളോ ഉൾപ്പെടുത്തണമായിരുന്നു എന്നല്ല ഉദ്ദേശിച്ചത്. സമൂഹത്തിന് എന്തെങ്കിലും ഒരു സന്ദേശം നൽകാൻ കഴിയുന്ന, സ്വാധീനം ചെലുത്തുന്ന ഒരു തലത്തിലേക്ക് ചിത്രം ഉയർന്നില്ല എന്ന നിരാശയാണ് പങ്ക് വെയ്ക്കുന്നത്.

തുടക്കത്തിൽ കണ്ട ഒരു ആവേശം കഥയുടെ പുരോഗതിയിൽ കാണാഞ്ഞതും ഈ സെയിഫ് ലാന്റിംഗിനായുള്ള പരിശ്രമത്തിനിടയിൽ നഷ്ടമായതാവാം. അപ്രതീക്ഷിതമായുള്ള ബാഗ് മോഷ്ടാവിന്റെ രംഗപ്രവേശം നായകനെ കണ്ടെത്താനുള്ള വഴിയായി ന്യായികരിക്കാമെങ്കിലും തെരുവിലേക്കിറങ്ങുന്ന വിദ്യാസമ്പന്നയായ ഒരു ചെറുപ്പക്കാരിയുടെ പാർക്കിലേയും റെയിൽ‌വേസ്റ്റേഷനിലേയും ചുറ്റിക്കറങ്ങലും അന്തിയുറക്കവും അല്പം കുടിപ്പോയില്ലേ എന്നൊരു സംശയം അതുപോലെ തന്നെ നായികയുടെ പഠനച്ചിലവിനായി പണം സ്വരൂപിക്കുന്ന ചേരി നിവാസികളുടെ രംഗങ്ങളും തുടർന്നുള്ളവയും പല തമിഴ് സിനിമകളിലും കണ്ടു കളഞ്ഞ പതിവ് സെന്റിമെൻസ്സ് സെറ്റപ്പുകളായി തോന്നി. ഒടുവിൽ തനിക്ക് മകൾ കൂടി നഷ്ടെപെടുമെന്ന സാഹചര്യത്തിൽ നായിക കാര്യങ്ങളെ ഇനിയെങ്ങനെ നേരിടും എന്ന ആകാംഷയിലിരിക്കുന്ന കാണിയുടെ മുന്നിലേക്ക് സുഹൃത്തായ ലേഡിഡോക്ടറുടെ വുഡ്ബിയെ ഒരു രക്ഷകന്റെ രൂപത്തിലിറക്കി സംഗതി ശുഭമാക്കിയപ്പോൾ നായിക യാത്രയാവുന്ന വിമാനത്തോടൊപ്പം പ്രേക്ഷകന്റെ പ്രതീക്ഷയും കടലുകടന്നു.

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും മമ്ത മോഹൻ‌ദാസിന് ചില നല്ല അഭിനയ മുഹൂർത്തങ്ങൾ ചിത്രം നൽകുന്നു. ഇളയരാജ ഈണമിട്ട ചിത്രത്തിലെ ഒരു ഗാനം പോലും മോശമായില്ല എന്നതും ചിത്രത്തിന്റെ ചേരുവകളിൽ ഒരു പ്ളസ് പോയിന്റാണ്. എന്തിനും ഏതിനും ജാതകം നോക്കുന്ന പ്രേംനസീർ എന്ന പ്രേമൻ ജയറാമിന്റെ കയ്യിൽ അനായാസമായി. ആസിഫ് അലി അവതരിപ്പിച്ച ഷാനവാസ് എന്ന കഥാപാത്രം മോശമല്ലാത്ത പ്രകടനത്തോടെ തന്റെ ഭാഗം ഭംഗിയാക്കി. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സഹസംവിധായകന്റെ കുപ്പായമണിഞ്ഞു എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. ഭാവിയിൽ അച്ഛനെ വെല്ലുന്ന ഒരു മകനായി അഖിലും മലയാളിക്കു മുന്നിലെത്തുമെന്ന് പ്രതീക്ഷിക്കാം.

ഇത്തിരി നിരാശ സമ്മാനിച്ച് ഈ ചിത്രം അവസാനിക്കുമ്പോൾ എന്റെ മനസ്സിലേക്ക് ഓടി വന്നത് പലവുരു ടിവിയിലും മറ്റുമായി കണ്ട അന്തിക്കാട്ടെ വയലോരങ്ങളും ഇടവഴികളും താണ്ടി വരുന്ന ഒരു സൈക്കിളാണ്. അതും ചവിട്ടി പുതിയ കഥാബീജങ്ങൾ തേടിയാത്രയാവുന്ന സത്യൻ അന്തിക്കാട് എന്ന തനി നാടൻ സിനിമാക്കാരനേയും. ഒപ്പം കഴിഞ്ഞ കുറേക്കാലമായി തകരാതെ സൂക്ഷിച്ച സത്യൻ സിനിമകളെക്കുറിച്ചുള്ള പ്രതീക്ഷകളും.